അഞ്ചാം തവണയും യുഎസ് ജനപ്രതിനിധി സഭയിലെത്തിയ ഇന്ത്യന്‍ വംശജന്‍

NOVEMBER 6, 2024, 9:06 PM

തുടര്‍ച്ചയായ അഞ്ചാം തവണയും യുഎസിലെ ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ വംശജനും ഡെമോക്രാറ്റിക് പാര്‍ട്ടി അംഗവുമായ രാജ കൃഷ്ണമൂര്‍ത്തി. ഇലിനോയ്സില്‍ നിന്നാണ് അദ്ദേഹം ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മാര്‍ക് റൈസിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ജനപ്രതിനിധി സഭയിലെ തന്റെ സീറ്റ് ഉറപ്പിച്ചത്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസിനായി പ്രചരണ രംഗത്ത് സജീവമായിരുന്നു രാജ കൃഷ്ണമൂര്‍ത്തി. കമലയ്ക്കായി വോട്ട് ചെയ്യണമെന്ന് ഇന്ത്യന്‍-അമേരിക്കന്‍ പൗരന്‍മാരോട് അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു. ഇന്ത്യന്‍ വംശജനായ രാജ കൃഷ്ണമൂര്‍ത്തി ന്യൂഡല്‍ഹിയിലാണ് ജനിച്ചത്.

ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ തമിഴ്നാട് സ്വദേശികളാണ്. 2016ലാണ് അദ്ദേഹം ആദ്യമായി ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിയോറിയ, ഇലിനോയ്സിലായിരുന്നു രാജ കൃഷ്ണമൂര്‍ത്തി തന്റെ കുട്ടിക്കാലം ചെലവഴിച്ചത്.

പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജീനിയറിംഗില്‍ നിന്ന് ബിരുദം നേടി. പിന്നീട് ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ നിന്ന് അദ്ദേഹം ഉപരിപഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. നിലവില്‍ ഇലിനോയ്സിലെ ഷാംബര്‍ഗിലാണ് ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പം അദ്ദേഹം താമസിക്കുന്നത്.

2023 ഫെബ്രുവരിയില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ മത്സരം വിലയിരുത്തുന്ന ഹൗസ് സെലക്ട് കമ്മിറ്റിയിലേക്ക് ഇദ്ദേഹത്തെ നിയമിച്ചിരുന്നു. ഇന്റലിജന്‍സുമായി ബന്ധപ്പെട്ട ഹൗസിന്റെ സ്ഥിരം സെലക്ട് കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം കൂടിയാണിദ്ദേഹം.

സെന്‍സര്‍ഷിപ്പ്, ആന്റി സോഷ്യല്‍ സിസിപി ആക്ട് എന്നി വിഷയങ്ങളില്‍ തന്റെതായ അഭിപ്രായം മുന്നോട്ടുവെച്ച ഡെമോക്രാറ്റിക് പാര്‍ട്ടി അംഗം കൂടിയാണിദ്ദേഹം. ചൈനയുടെയോ മറ്റ് ശത്രുരാജ്യങ്ങളുടെയോ നിയന്ത്രണത്തിലുള്ളതോ സ്വാധീനത്തിലുള്ളതോ ആയ സോഷ്യല്‍ മീഡിയ കമ്പനികളില്‍ നിന്നുള്ള ഇടപാടുകള്‍ തടയാനും അതിലൂടെ അമേരിക്കന്‍ പൗരന്‍മാരെ സംരക്ഷിക്കാനുമുള്ള നയമാണ് ആന്റി സോഷ്യല്‍ സിസിപി ആക്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ബംഗ്ലാദേശിലെ അക്രമസംഭവങ്ങളെ അപലപിച്ചും അദ്ദേഹം രംഗത്തെത്തിയിരുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam