ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കാര്‍ഷികോല്‍പന്നങ്ങള്‍ക്കും പാലുത്പന്നങ്ങള്‍ക്കും ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ പ്രവേശനം നേടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടക്കുന്നത്. അതിനിടയില്‍ യുഎസില്‍ നിന്നുള്ള പാചകവാതകം കൂടുതലായി ഇറക്കുമതി ചെയ്യാനുള്ള നീക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് ഇന്ത്യ. യുഎസുമായുള്ള ഊര്‍ജ്ജ വ്യാപാരം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. പാചകവാതകത്തിനായി ഇന്ത്യ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. 2024 ല്‍ ഇന്ത്യ ഏകദേശം 20.5 ദശലക്ഷം മെട്രിക്ടണ്‍ പാചകവാതകമാണ് ഇറക്കുമതി ചെയ്തത്. ഇതില്‍ 90 ശതമാനത്തിലധികവും മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്. സൗദി അറേബ്യ,യുഎഇ , ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും പാചകവാതകം എത്തുന്നത്.
യുഎസില്‍ നിന്നുള്ള ഇറക്കുമതിക്ക് ചിലവ് കൂടുതല്‍
ചരക്ക് കടത്തിന് ഉയര്‍ന്ന ചിലവ് വരുന്നതിനാലാണ് മുന്‍പ് യുഎസിനെ ഇന്ത്യ പാചകവാതകത്തിനായി ആശ്രയിക്കാതിരുന്നത്. എന്നാല്‍ 2025 മെയ് മുതല്‍ ഇന്ത്യ ( ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം) യുഎസ് പാചകവാതകം കൂടുതലായി വാങ്ങി തുടങ്ങി. ചൈനയുടെ നീക്കമാണ് ഇന്ത്യക്ക് ഗുണകരമായത്. കാരണം വ്യാപാര യുദ്ധം കൊടുമ്പിരി കൊണ്ട ഘട്ടത്തില്‍ ചൈന യുഎസിന്റെ പ്രൊപ്പൈന്‍ ഇറക്കുമതിക്ക് ഉയര്‍ന്ന തീരുവ ചുമത്തിയിരുന്നു. ഇതോടെ ചൈനീസ് കമ്പനികള്‍ യുഎസില്‍ നിന്നും പ്രൊപൈന്‍ വാങ്ങുന്നത് കുറഞ്ഞു.
ഇത് എല്‍പിജി വില കുറയാന്‍ കാരണമായി. ഇതോടെ ഉയര്‍ന്ന ഷിപ്പിങ്ങ് ചെലവ് നല്‍കിയാലും യുഎസില്‍ നിന്നുള്ള പാചകവാതക ഇറക്കുമതി ഇന്ത്യയ്ക്ക് ലാഭകരമായി. എല്‍പിജി ഉല്‍പാദനത്തിനായി ഉപയോഗിക്കുന്ന യുഎസ് പ്രൊപ്പെയ്ന്‍, ബ്യൂട്ടെയ്ന്‍ എന്നിവയുടെ ഇറക്കുമതി നികുതി ഇല്ലാതാക്കാനും ഇന്ത്യ പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഊര്‍ജ കയറ്റുമതി വര്‍ധിപ്പിക്കും
ഇന്ത്യയിലേക്കുള്ള ഊര്‍ജ്ജ കയറ്റുമതി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഫെബ്രുവരിയില്‍ നടന്ന നരേന്ദ്ര മോദി-ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായിരുന്നു. യുഎസില്‍ നിന്നുളള ഇറക്കുമതി 15 ബില്യണ്‍ ഡോളറില്‍ 25 ബില്യണ്‍ ഡോളറായി വര്‍ധിപ്പിക്കാനുള്ള സാധ്യതയാണ് യുഎസ് പരിശോധിക്കുന്നത് .2030 ആകുമ്പോഴേക്കും 500 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇരുരാജ്യങ്ങളും ലക്ഷ്യം വെയ്ക്കുന്നത്.
യുഎസ് നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയും വര്‍ധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ വരെ 270 ശതമാനത്തിന്റെ വര്‍ധനവാണ് യുഎസ് ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ രേഖപ്പെടുത്തിയത്. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ 6.31 ദശലക്ഷം ക്രൂഡ് ഓയിലാണ് ഇന്ത്യ യുഎസില്‍ നിന്നും ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1.69 ദശലക്ഷം ടണ്‍ മാത്രമായിരുന്നു ഇറക്കുമതി. ഊര്‍ജ ഇറക്കുമതി വൈവിധ്യവരിക്കുന്നതിന്റെ ഭാഗമായി ക്രൂഡ് ഓയിലും പാചകവാതകത്തിനുമായി യുഎസിനെ കൂടുതലായി ആശ്രയിക്കാനാണ് ഇന്ത്യയുടെ നീക്കം എന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ റഷ്യയില്‍ നിന്നാണ് ഇന്ത്യ ഏറ്റവും അധികം ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്. ഉക്രെയ്ന്‍-റഷ്യ സംഘര്‍ഷം തുടര്‍ന്ന് റഷ്യയ്ക്ക് മേല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധവും ഇന്ത്യയ്ക്ക് എണ്ണ വില കുറച്ച് നല്‍കാന്‍ റഷ്യയെ നിര്‍ബന്ധിതരാക്കി. ഇതോടെയാണ് റഷ്യയില്‍ നിന്നും കൂടുതലായി ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്ത് തുടങ്ങിയത്. റഷ്യയെ കൂടാതെ സൗദി, കുവൈത്ത്, യുഎഇ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. അതേസമയം യുഎസ് ഉയര്‍ന്ന് വന്നാല്‍ നിലവില്‍ നാലാം സ്ഥാനത്തുള്ള യുഎഇയിക്കാകും ക്രൂഡ് ഓയിലിന്റെ കാര്യത്തില്‍ കൂടുതല്‍ തിരച്ചടിയാകുക.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1