എല്ലാം കമലയ്ക്ക് അനുകൂലം; സഹതാപ തരംഗം ട്രംപിനെ തുണയ്ക്കുമോ

SEPTEMBER 18, 2024, 12:44 PM

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയിരിക്കുകയാണ്. പ്രധാന മത്സരാര്‍ത്ഥികളായ ഡൊണാള്‍ഡ് ട്രംപും കമല ഹാരിസും ശക്തമായ പ്രചാരണം നടത്തി കൊണ്ടിരിക്കെയാണ്, അടുത്തിടെ ഇരുനരും തമ്മില്‍ സംവാദം നടന്നത്. പരിപാടിയില്‍ കൃത്യമായ മുന്‍തൂക്കം നേടാന്‍ കമലയ്ക്ക് കഴിഞ്ഞു. ആദ്യ സര്‍വേകളില്‍ തന്നെ കമല ഹാരിസിന്റെ മുന്നേറ്റം പ്രകടമായിരുന്നു.

സംവാദം നടന്ന ആദ്യ ആഴ്ചയില്‍ എടുത്ത സര്‍വേ ഫലങ്ങളില്‍ കമല കൃത്യമായ മുന്നേറ്റം പ്രകടമാക്കി. ഇക്കാര്യം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ സംവാദത്തിന്റെ പൂര്‍ണ തോതിലുള്ള വിശകലനം വോട്ടര്‍മാരില്‍ നിന്ന് പുറത്ത് വരാന്‍ ഒരാഴ്ച കൂടി കാത്തിരിക്കണം എന്നാണ് വിദഗ്ധരുടെ നിലപാട്. അതേസമയം സംവാദ ശേഷം ഉണ്ടായ മറ്റൊരു സവിശേഷ സാഹചര്യമാണ് കമല ഹാരിസ് ക്യാമ്പിനെ ആശങ്കയില്‍ ആഴ്ത്തുന്നത്. കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപിന് നേരെയുണ്ടായ രണ്ടാമത്തെ വധശ്രമം തന്നെയാണ് അതിന് കാരണം. ഇത് ഒരിക്കല്‍ കൂടി ട്രംപിന് അനുകൂലമായ സഹതാപ തരംഗത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുമോ എന്നാണ് ഇനി കണ്ടറിയാനുള്ളത്.

സംവാദത്തില്‍ ഗുണമുണ്ടായത് കമലയ്ക്ക്


ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട സര്‍വേ പ്രകാരം നിലവില്‍ രാജ്യത്ത് ആകമാനമായി മൂന്ന് ശതമാനം പോയിന്റിന്റെ പിന്‍ബലത്തില്‍ ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ മുന്നിലാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസ്. മിഷിഗണ്‍, പെന്‍സില്‍വാനിയ, ജോര്‍ജിയ, നോര്‍ത്ത് കരോലിന, അരിസോണ എന്നീ അഞ്ച് സുപ്രധാന സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ശരാശരിയില്‍ കമല ഹാരിസ് നേരിയ മുന്‍തൂക്കം പ്രകടമാക്കുന്നുണ്ട്.

സംവാദത്തില്‍ താനാണ് ജയിച്ചതെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും അത് ശരിക്കും ഗുണമായത് കമല ഹാരിസിന് തന്നെയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ദേശീയ തലത്തില്‍ തന്നെ അവരുടെ ലീഡ് നില ഒരു പോയിന്റോളം ഉയര്‍ന്നു. കൂടുതല്‍ പേരും ഓണ്‍ലൈനിലൂടെ സംവാദ വിവരങ്ങള്‍ കൃത്യമായി അറിയുന്നുണ്ട് എന്നതിനാല്‍ തന്നെ ഇക്കാര്യത്തില്‍ മറ്റൊരു ചര്‍ച്ചയ്ക്ക് വകയില്ല. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ സജീവമായ വോട്ടര്‍മാരുടെ പിന്തുണ നേടിയെടുക്കാന്‍ ഇതിലൂടെ കമലയ്ക്ക് സാധിച്ചു എന്നതാണ് ഈ മുന്നേറ്റം തെളിയിക്കുന്നത്.

സഹതാപതരംഗം ട്രംപിനെ തുണയ്ക്കുമോ?

കഴിഞ്ഞ ബുധനാഴ്ച നടന്ന സംവാദത്തിന് ശേഷം ചില അപ്രതീക്ഷിത സംഭവ വികാസങ്ങളും ഉണ്ടായി എന്നത് ലീഡ് നിലയെ സ്വാധീനിച്ചേക്കാം. പ്രത്യേകിച്ച് ട്രംപിന് എതിരായ വധ ശ്രമം വലിയ രീതിയില്‍ വോട്ടര്‍മാരെ സ്വാധീനിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. അങ്ങനെയൊരു സാഹചര്യം ഉണ്ടായാല്‍ മുന്‍ പ്രസിഡന്റിന് അത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് ഉറപ്പാണ്. എങ്കിലും ഇക്കാര്യത്തില്‍ കൃത്യമായ ധാരണ കിട്ടണമെങ്കില്‍ അടുത്ത ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വരും.

ട്രംപിനെ കയ്യൊഴിഞ്ഞ് ശതകോടീശ്വരന്മാരും


യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഡോണള്‍ഡ് ട്രംപിനു മുന്‍തൂക്കം നല്‍കിയ അമെരിക്കന്‍ വ്യവസായ ലോകം ജോ ബൈഡന്‍ പിന്മാറിയതോടെ കമല ഹാരിസിനു പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ ജൂലൈയില്‍ മാത്രം പ്രചരണത്തിനു വേണ്ടി 204.5 മില്യണ്‍ ഡോളറാണ് കമലാ ഹാരിസും ഡെമോക്രാറ്റിക് പാര്‍ട്ടിയും കൂടി സമാഹരിച്ചത്. ട്രംപിനാകട്ടെ ഈ സമയത്ത് 47.5 മില്യണ്‍ ഡോളര്‍ മാത്രമേ സമാഹരിക്കാനായുള്ളു. മത്സരം ബൈഡനും ട്രംപും തമ്മിലായിരുന്നപ്പോള്‍ ട്രംപിനുണ്ടായിരുന്ന ജനപ്രീതിയും ഇപ്പോള്‍ പകുതിയിലധികം കുറഞ്ഞതായിട്ടാണ് ഈ ധനസമാഹരണ വ്യതിയാന സൂചിക വ്യക്തമാക്കുന്നത്.

ബൈഡനും ട്രംപും ജൂണ്‍ അവസാനത്തോടെ 284.1 മില്യണ്‍ ഡോളറും 217.2 മില്യണ്‍ ഡോളറും സമാഹരിച്ചിടത്തു നിന്ന് ജൂലൈ 21 ന് ബൈഡനു പകരം കമല ഹാരിസ് മത്സരത്തില്‍ പ്രവേശിച്ച് ആദ്യത്തെ ക്യാംപെയ്‌നിന്റെ ആദ്യ 24 മണിക്കൂറുകള്‍ ക്കുള്ളില്‍ തന്നെ 81 മില്യണ്‍ ഡോളറാണ് സംഭാവനയായി ലഭിച്ചത്. ട്രംപും അദ്ദേഹത്തിന്റെ ഗ്രൂപ്പുകളും ഓഗസ്റ്റില്‍ 295 മില്യണ്‍ ഡോളര്‍ സമാഹരിച്ചതായി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തല്‍സ്ഥാനത്ത് ഹാരിസും പാര്‍ട്ടിയും അനുബന്ധ ഗ്രൂപ്പുകളും 404 മില്യണ്‍ ഡോളര്‍ സമാഹരിച്ചതായാണ് റിപ്പോര്‍ട്ട്.മുന്‍പ് ഇത് 361 മില്യണ്‍ ഡോളര്‍ ആയിരുന്നു. ട്രംപ് പക്ഷത്തിനാകട്ടെ നേരത്തെ ലഭിച്ച 30 മില്യണ്‍ ഡോളറിനെ മറികടന്നിട്ടാണ് ഇപ്പോള്‍ 295 ഡോളര്‍ ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബര്‍ പത്തിന് നടന്ന സംവാദത്തിന് ശേഷം 24 മണിക്കൂറിനുള്ളില്‍ ഹാരിസും അണികളും സമാഹരിച്ച തുക 47 മില്യണ്‍ ഡോളറാണ്. ഇത് അവരുടെ ഒറ്റ ദിവസത്തെ ഏറ്റവും വലിയ നേട്ടമാണ്. അമേരിക്കയിലെ ശതകോടീശ്വരന്മാരില്‍ നല്ലൊരു വിഭാഗവും ഇപ്പോള്‍ കമലയ്‌ക്കൊപ്പമാണ് എന്നാണ് ഓഗസ്റ്റ് 21 വരെയുള്ള അമേരിക്കന്‍ എഫ്ഇസി ഫയലിങുകള്‍ കാണിക്കുന്നത്. ജൂലൈ ആദ്യം മുതല്‍ കമല ഹാരിസിനെ പിന്തുണയ്ക്കാന്‍ ഏകദേശം 64.5 മില്യണ്‍ ഡോളറാണ് മുന്‍നിര അമേരിക്കന്‍ കമ്പനികള്‍ ചെലവഴിച്ചിരിക്കുന്നത്. ട്രംപിനെ പിന്തുണയ്ക്കാന്‍ അമേരിക്കന്‍ മുന്‍ നിര കമ്പനികള്‍ ചെലവഴിച്ച തുക 38.9 മില്യണ്‍ ഡോളറാണ്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ആദ്യ സമയത്ത് ട്രംപിനെ പിന്തുണയ്ക്കുന്ന മികച്ച പത്ത് അമേരിക്കന്‍ ശതകോടീശ്വര കമ്പനികള്‍ ഏകദേശം 305.6 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. അന്ന് ഹാരിസിനെ പിന്തുണച്ച വന്‍കിട കമ്പനികളില്‍ നിന്ന് അവര്‍ക്ക് 199.2 മില്യണ്‍ മാത്രമേ സമാഹരിക്കാനായിരുന്നുള്ളു. ഈ വലിയ വിടവാണ് ഇപ്പോള്‍ ഹാരിസ് നികത്തി കൊണ്ടിരിക്കുന്നത്. ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനിടെ സമാഹരിച്ച 82 മില്യണ്‍ ഡോളര്‍ ഉള്‍പ്പെടെ, ബൈഡന്‍ തിരഞ്ഞെടുപ്പില്‍ നിന്നു പിന്മാറിയ ശേഷം ഏതാണ്ട് 615 മില്യണിലധികം ഡോളര്‍ സമാഹരിച്ചതായി ഹാരിസ് ക്യാംപെയ്ന്‍ വെളിപ്പെടുത്തുന്നു. ഇതില്‍ നിന്ന് ട്രംപിന്റെ വിജയ സാധ്യതയ്ക്കുള്ള അവസരം അതിവേഗം കുറയുന്നു എന്നു തന്നെ മനസിലാക്കണം .

കഴിഞ്ഞ മെയ് മാസത്തില്‍ മാന്‍ഹാട്ടനില്‍ 34 കുറ്റകൃത്യങ്ങള്‍ ചുമത്തി ശിക്ഷിക്കപ്പെട്ട ട്രംപിനെതിരെയുള്ള ജനവികാരം ഇതില്‍ മുഖ്യ പങ്കു വഹിക്കുന്നുണ്ട്. അന്ന് ശിക്ഷിക്കപ്പെട്ട് 24 മണിക്കൂറിനുള്ളില്‍ 52.8 മില്യണ്‍ ഡോളറാണ് ട്രംപ് അനുയായികള്‍ സമാഹരിച്ചത്. എന്നാല്‍ ഹാരിസിന്റെ രംഗ പ്രവേശത്തോടെ ആദ്യ 24 മണിക്കൂറിനുള്ളില്‍ നേടിയ 1 മില്യണ്‍ ഡോളര്‍ അതിനെ മറികടന്നത് ട്രംപിന്റെ വിജയ സാധ്യതയ്ക്ക് മങ്ങലേല്‍പിക്കുന്നു. മൈക്കല്‍ ബ്ലൂംബെര്‍ഗ്, ലിങ്ക്ഡ്ഇന്‍ സ്ഥാപകന്‍ റീഡ് ഹോഫ്മാന്‍, നെറ്റ്ഫ്‌ലിക്‌സിന്റെ സഹസ്ഥാപകനായ ഹോഫ്മാന്‍ ഉള്‍പ്പെടെ നിരവധി സമ്പന്നരുടെ പിന്തുണ ഹാരിസിന് ഇതിനകം ലഭിച്ചുതുടങ്ങി. നേരത്തെ ഇത് ട്രംപിന് ലഭിച്ചിരുന്ന പിന്തുണയാണ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam