ലോകത്തിലെ പരമോന്നത പുരസ്‌കാരങ്ങളിലൊന്നാണ് നോബേല്‍ പുരസ്‌കാരം. ശാസ്ത്രം, സമാധാനം ഉള്‍പ്പെടെയുള്ള ഓരോ മേഖലയിലും തനതായ സംഭാവനകള്‍ നല്‍കിയവര്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണിത്. ഒളിംപിക് മെഡല്‍ എന്നാല്‍ കായികരംഗത്തെ ഏറ്റവും വിശേഷപ്പെട്ട മെഡലായാണ് കണക്കാക്കുന്നത്. വളരെ മൂല്യമേറിയ പുരസ്‌കാരങ്ങളായാണ് ഇവ രണ്ടും കരുതപ്പെടുന്നത്. ഈ രണ്ട് പുരസ്‌കാരങ്ങളും നേടിയ ഒരു അപൂര്‍വ വ്യക്തിത്വത്തിന് ഉടമയുണ്ട്. ഫിലിപ് നോയെല്‍ ബേക്കര്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്.
1982 ഒക്ടോബര്‍ എട്ടിനാണ് അദ്ദേഹം അന്തരിച്ചത്. 1920 ല്‍ ഒളിംപിക് മെഡലും 1959ല്‍ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരവും അദ്ദേഹം നേടിയിട്ടുണ്ട്. ഇന്നുവരെ ലോകത്തില്‍ ഈ രണ്ട് പുരസ്‌കാരങ്ങളും നേടിയുള്ള ഒരേയൊരു വ്യക്തിയാണ് അദ്ദേഹമെന്ന പ്രത്യേകതയുമുണ്ട്.
ലണ്ടനില്‍ ജനിച്ച അദ്ദേഹത്തിന്റെ ആദ്യത്തെ പേര് ഫിലിപ് ബേക്കര്‍ എന്നായിരുന്നു. വിവാഹത്തിന് ശേഷമാണ് അദ്ദേഹം ഫിലിപ് നോയെല്‍ ബേക്കര്‍ എന്ന പേര് സ്വീകരിച്ചത്. കേംബ്രിജ് യൂണിവേഴ്സിറ്റിയില്‍ ചരിത്രവും സാമ്പത്തിക ശാസ്ത്രവും പഠിക്കുന്ന സമയത്തു തന്നെ അദ്ദേഹം താനൊരു മികച്ച പണ്ഡിതനാണെന്ന് തെളിയിച്ചിരുന്നു. എന്നാല്‍, അധികം വൈകാതെ തന്നെ അദ്ദേഹം മികച്ചൊരു കായികതാരമായി മാറുകയും യൂണിവേഴ്സിറ്റി അത്ലറ്റിക് ക്ലബ്ബിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
മധ്യ ദൂര മത്സരങ്ങളില്‍ ശ്രദ്ധ ഊന്നിയ അദ്ദേഹം ട്രാക്കിലും ഫീല്‍ഡിലും ഒട്ടേറെ ബ്രിട്ടീഷ് റെക്കോഡുകള്‍ തകര്‍ത്തു. 1912 ലെ ഒളിംപിക്സില്‍ ബ്രിട്ടനെ പ്രതിനിധീകരിച്ച് മത്സരിക്കാന്‍ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ആ വര്‍ഷം ബ്രിട്ടന്റെ പതാകയേന്തിയതും അദ്ദേഹമായിരുന്നു. എന്നാല്‍ , പരിക്കിനെ തുടര്‍ന്ന് ഏഴാം സ്ഥാനത്താണ് അദ്ദേഹത്തിന് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. കേംബ്രിജിലെ സഹപാഠിയായിരുന്ന അര്‍ഡോള്‍ഡ് ജാക്സണ്‍ ആയിരുന്നു മത്സരത്തില്‍ സ്വര്‍ണ മെഡല്‍ നേടിയത്.
1914 ല്‍ ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. തുടര്‍ന്ന് എല്ലാ കായിക മത്സരങ്ങളും നിറുത്തിവയ്ക്കപ്പെട്ടു. യുദ്ധം അവസാനിച്ചശേഷം 1920 ല്‍ നടന്ന ഒളിംപിക്സിലേക്ക് ബേക്കര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1500 മീറ്റര്‍ ഓട്ടമത്സരത്തില്‍ അദ്ദേഹം ഫൈനലിലെത്തി. മറ്റൊരു ബ്രിട്ടീഷ് കായികതാരമായ ആല്‍ബര്‍ട്ട് ഹില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന എതിരാളി. കടുത്തമത്സരമായിരുന്നു ബേക്കര്‍ ട്രാക്കില്‍ നേരിട്ടത്. ഒരൊറ്റ സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ ഹില്‍ സ്വര്‍ണം നേടി. ഗെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായാണ് ഇത് കരുതപ്പെടുന്നത്. ഫിലിപ് ബേക്കറിന് വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
കായികമേഖലയില്‍ നിന്ന് വിരമിച്ചശേഷം സമാധാനത്തിലുള്ള പരിഹാരത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ അദ്ദേഹം സ്ഥാപിച്ചു. സൗഹൃദങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള വഴിയായി അദ്ദേഹം കായികമേഖലയെ ഉപയോഗിച്ചു. വൈകാതെ രാഷ്ട്രീയ മേഖലയിലേക്കും അദ്ദേഹം പ്രവേശിച്ചു. 36 വര്‍ഷത്തോളം അദ്ദേഹം യുകെയില്‍ പാര്‍ലമെന്റ് അംഗമായി. മന്ത്രി ഉള്‍പ്പെടെയുള്ള നിരവധി സുപ്രധാന പദവികള്‍ വഹിച്ചു. 1920ല്‍ ലീഗ് ഓഫ് നേഷന്‍സിന്റെ ആദ്യ സെക്രട്ടറി ജനറലായ സര്‍ എറിക് ഡ്രമ്മണ്ടിനൊപ്പം ചേര്‍ന്നും അദ്ദേഹം പ്രവര്‍ത്തിച്ചു.
1939ല്‍ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. യുദ്ധം അവസാനിച്ചശേഷം ഫിലിപ് ബേക്കര്‍ തന്റെ ശക്തിയും സ്വാധീനവും ഉപയോഗിച്ച് ആണവ നിരായുധീകരണത്തിനായി ശക്തമായ പ്രചാരണം നടത്തി. ലോകമെമ്പാടുമുള്ള വിവിധ സംഘര്‍ഷങ്ങളില്‍ സമാധാന ഉടമ്പടികള്‍ ഉണ്ടാക്കി. യുഎഒ രൂപീകരിച്ചപ്പോള്‍ യുനെസ്‌കോയില്‍ അദ്ദേഹത്തിന് ഒരു സുപ്രധാന പദവി ലഭിച്ചു.
യുദ്ധവും വിദ്വേഷവുമില്ലാതെ ജീവിക്കുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും ശ്രമങ്ങളും പല ലോകനേതാക്കളുടെയും ശ്രദ്ധ പിടിച്ചു പറ്റി. 1959ല്‍ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാര കമ്മിറ്റി അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം നല്‍കുകയും ചെയ്തു. എങ്കിലും വാര്‍ധക്യത്തിലും സ്പോര്‍ട്സിനോടുള്ള അദ്ദേഹത്തിന്റെ പ്രണയം തുടര്‍ന്നു. 80 വയസ്സുള്ളപ്പോള്‍ അദ്ദേഹം ടെന്നീസ് കളിച്ചു. 88-ാം വയസ്സില്‍ അദ്ദേഹത്തെ തേടി മറ്റൊരു നേട്ടം കൂടി എത്തി. പീരേജിലേക്ക് അദ്ദേഹം ഉയര്‍ത്തപ്പെട്ടു. ഇതിന് ശേഷം ലോര്‍ഡ് ഫിലിപ് നോയല്‍ ബേക്കര്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. സ്പോര്‍ട്സിനും സമാധാനത്തിനുമായി തന്റെ ജീവിതം സമര്‍പ്പിച്ച അദ്ദേഹം 93-ാം വയസ്സില്‍ ലോകത്തോട് വിട പറഞ്ഞു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1