മഴവെയിൽക്കാലം എന്ന് പറയുന്നപോലെ ഇത് കണ്ണീർച്ചിരിക്കാലം! ഇതാ ഈ കാലത്ത് കണ്ണീരോ ചിരിയോ യഥേഷ്ടം ആവാം. കരയുകയാണോ ചിരിക്കുകയാണോ എന്ന് കണ്ടുനിൽക്കുന്നവർ അറിയില്ല. പുഴയാണ് കരഞ്ഞുകൊണ്ട് ഈ ചിരി ചിരിക്കുന്നത് എങ്കിൽ കരയുന്നോ പുഴ ചിരിക്കുന്നോ എന്നൊരു ആശങ്ക എങ്കിലും കാഴ്ചക്കാരിൽ ഉണ്ടാകാം. (അല്ല, മനുഷ്യരാണെങ്കിൽ അത് ഇക്കാലത്തെ കവിയുടെ വിഷയമല്ല. കോപ്രായം വല്ലതും കാണിക്കുന്നെങ്കിലേ ആവൂ.)
വേണ്ട, ഇങ്ങനെ പറഞ്ഞു
പോയാൽ നാം എവിടെയും എത്തില്ല. പൊട്ടൻ ചന്തയ്ക്ക് പോയ പോലെ, പാറ്റ കപ്പലിൽ
പോയ പോലെ, പട്ടി പൂരം കാണാൻ പോയ പോലെ എന്നൊക്കെ പറഞ്ഞ കഥയാകും! അതായത്
വെറും കഥയില്ലായ്മ! അത് പറ്റില്ലല്ലോ!
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ
വെളിച്ചത്തിൽ കിട്ടുന്ന കാഴ്ചയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഫലമറിഞ്ഞപ്പോൾ
നേതാക്കന്മാരിൽ കാണുന്നത് കരച്ചിലോ ചിരിയോ എന്ന് തിട്ടമില്ല. അതിനാൽ
അതിനോടുള്ള പ്രതികരണം കണ്ണീര് വേണോ അലമുറ വേണോ എന്നു തീർച്ചയില്ല.
ഓർക്കാപ്പുറത്ത് കുറെ സീറ്റ് കിട്ടിയവർക്ക് ആ കിട്ടിയതിന്റെ ചിരി. അതോടൊപ്പം, കുറച്ചുകൂടി കിട്ടാഞ്ഞിട്ട് അകമേ അലമുറ കരച്ചിൽ. എല്ലാം തങ്ങൾക്കു മാത്രം കിട്ടുമെന്ന് വിചാരിച്ചവർക്ക് അഷ്ടിക്കു മാത്രം കിട്ടിയതിന്റെ കരച്ചിൽ! അത്രയെങ്കിലും കിട്ടിയല്ലോ എന്ന ആശ്വാസത്തിന്റെ ചിരി. രണ്ടു കൂട്ടർക്കും ഒരേ കരച്ചിൽചിരി!
ഞാനൊരു
രാഷ്ട്രീയ നിരീക്ഷകനോ സാംസ്‌കാരിക നായകനോ നേതാവോ അനുയായിയോ ഒന്നുമല്ല,
അഞ്ചാണ്ട് കൂടുമ്പോൾ വോട്ട് ചെയ്യാൻ അവകാശമുള്ള ഒരു വെറും രാധാകൃഷ്ണൻ. ആള്
മാറാതിരിക്കാൻ അച്ഛന്റെ പേര് ബ്രാക്കറ്റിൽ ഉണ്ട്. (എന്നിട്ടും പക്ഷേ,
ഇതിനിടെ ഒരു തിരഞ്ഞെടുപ്പിൽ എന്റെ വോട്ട് എനിക്കുവേണ്ടി ചെയ്ത് ആരോ എന്നെ
സഹായിച്ചു! നമ്മുടെ നാട്ടിൽ പരോപകാരികൾ ഇല്ല എന്ന് ആരാണ് പറഞ്ഞത്!)
അടുത്ത
കളി ഈർക്കിൽ പ്രയോഗമാണ്. കുന്തംകൊണ്ടും കോപ്പു കൊണ്ടും ഒന്നും ചെയ്യാൻ
കഴിയില്ല. ഈർക്കിൽ തുണയ്ക്കണം. ചൂലിലെ ഭൂരിപക്ഷം തികയാൻ രണ്ട് ഈർക്കിൽ കൂടി
വേണമെങ്കിൽ അതാണല്ലോ പരമപ്രധാനം. അതിനുള്ള പ്രതിഫലം എത്ര കോടി(യാ)യാൽ
മതിയാവും എന്ന് ആ ഈർക്കിലുകൾ നിശ്ചയിക്കും! അതായത് കൂനൻ മദിച്ചാലും ഗോപുരം
കുത്തും!
ജാതി സെൻസസ് ഉടനെ ഏർപ്പെടുത്തണമെന്നാണ് ഈ ഈർക്കിലുകളുടെ ഒരു നിബന്ധന പോലും. ജാതിമതങ്ങളുടെ കൃത്യമായ കണക്ക് കിട്ടിയിട്ട് ഇവിടെ പലർക്കും ആവശ്യമുണ്ട്. അതു വെച്ച് ആണല്ലോ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെയും സമീപനത്തെയും നിശ്ചയിക്കുന്നത്. അല്ലാതെ, മഹാത്മാഗാന്ധി തന്നെ വന്നു മത്സരിച്ചാലും കെട്ടിവെച്ച കാശ് പോയത് തന്നെ! (അല്ലെങ്കിൽ, ഹേ, റാം!!)
ആചന്ദ്രതാരം ജാതിയും മതവും നോക്കിയേ ഇനി നമുക്ക് ഇവിടെ കൃഷിയുള്ളൂ. കൃത്യമായി അകലം പാലിക്കണം. തിരുവിതാംകൂർ മഹാരാജാവിന് രണ്ടടിയാണ് അയിത്ത്പ്പാട്. പിന്നെ പടിപടിയായി കേൾവിപ്പാടകലെയും കാണാപ്പാടകലെയും വരെ ഉണ്ട്. ഓരോ ജാതിയും മുകളിലെ ജാതികളെ വെറുക്കും, കീഴിലുള്ള ജാതികളെ മൃഗങ്ങളായി കണക്കാക്കും. പക്ഷേ, മൃഗങ്ങളെയും പേടിക്കണം. അതായത് ഓരോ ജാതിക്കും പേടിക്കാനും വെറുക്കാനും മാത്രമേ സമൂഹത്തിൽ ആളുള്ളൂ. ഈ സമൂഹത്തിൽ അധ :കൃതർക്കൊക്കെ സംവരണമുണ്ട്. സംവരണമുള്ള അധ :കൃതർ അതിന്റെ വിശേഷ ആനുകൂല്യം ഒരിക്കൽ കിട്ടിയാൽ നഷ്ടപ്പെടാതിരിക്കാനും സ്വജാതിയിൽ മറ്റുള്ളവർക്ക് കിട്ടാതിരിക്കാനും എപ്പോഴും ജാഗരൂകരായിരിക്കും. ഏറ്റവും മുകളിലെ ഒരു ജാതിക്ക് ഒഴികെ ബാക്കി എല്ലാവർക്കും തങ്ങൾ അധ:കൃതരാണ് എന്ന ആത്മനിന്ദ ആജീവനാന്തം ഉണ്ടാവും. തിരഞ്ഞെടുപ്പ് വരുമ്പോൾ ആനുകൂല്യ കളിയിൽ ഒരു ചെറിയ അലയിളക്കം ഉണ്ടാക്കിയാൽ അത്തവണ ജയിക്കാനുള്ള വഴിയായി!
ഇത്തവണ ഇന്ത്യ എന്ന രാജ്യത്തുള്ള എല്ലാവരും ഇവിടെ ഭരിക്കുന്ന കക്ഷിക്ക് വോട്ട് ചെയ്യും എന്നാണ് കണക്കുകൾ കൂട്ടാൻ അറിയാവുന്ന ഏവരും വിചാരിച്ചത്. ഒരു മതത്തിന് തന്നെ മൂന്നിൽ രണ്ടിലേറെ ഭൂരിപക്ഷമുണ്ടല്ലോ, പിന്നെന്താ സംശയം! ആ മതത്തിന് ശത്രുക്കൾ ഉണ്ട് എന്ന് വരുത്തുകയും ആ ശത്രുക്കളോട് യുദ്ധം ചെയ്യാൻ തങ്ങളെ ആവശ്യമുണ്ടെന്ന് ഉൽബോധിപ്പിക്കുകയും ചെയ്താൽ കാര്യം വളരെ എളുപ്പമെന്ന് തന്നെയാണ് ബന്ധുക്കളും ശത്രുക്കളും ഒക്കെ ഒരുപോലെ കരുതിയത്.
പക്ഷേ, മൊത്തം വോട്ടർമാരിൽ മൂന്നിൽ രണ്ടു ഭാഗമേ വോട്ട് ചെയ്തുള്ളൂ. തങ്ങൾക്ക് ആരും ശത്രുക്കളായി ഇല്ല എന്ന് കരുതിക്കാണും ബാക്കിയുള്ളവർ.വോട്ട് ചെയ്തവരോ? അണുബോംബ് ആവശ്യപ്പെട്ടിട്ട് ഏച്ചുകെട്ടിയ ഒരു ചൂരൽ മാത്രമാണ് കൊടുത്തത്. അതുകൊണ്ട് നടപ്പിലാക്കാവുന്ന അച്ചടക്കം ഒക്കെ മതി എന്നാണ് ആളുകളുടെ തീരുമാനം. കരച്ചിലും ചിരിയും ഒപ്പം വരുമ്പോൾ എന്തു ചെയ്യണം എന്ന് അവർക്ക് നന്നായി അറിയാം! അന്നേരത്ത് അവരിൽ തെളിയുന്നതാണ് നിറകൺചിരി. അത് വിരിയുമ്പോൾ തെളിയുന്ന സാമാന്യബുദ്ധിയാണ് ഈ ജനസഞ്ചയത്തെ ഇന്നേവരെ കാത്തത്. (കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരു നോവലിന് തലക്കെട്ട് കൊടുക്കാൻ ഇങ്ങനെ ഒരു വാക്ക് കണ്ടെത്തിയപ്പോൾ ഇതിന് ഇത്ര നല്ല ഉപയോഗം വേറൊരു ഇടത്തുണ്ടാകും എന്ന് കരുതിയില്ല!)
ശ്രീനിവാസ രാമാനുജനേക്കാൾ നന്നായി കണക്കുകൾ ഉപയോഗിച്ച് ചെപ്പും പന്തും കളിച്ച് അത്ഭുതങ്ങൾ കാണിക്കുന്ന നമ്മുടെ തിരഞ്ഞെടുപ്പ് പണ്ഡിതന്മാർ എത്രയായാലും സമൂഹ മനസ്സാക്ഷിക്കൊപ്പം എത്തില്ല എന്നാണ് ചുവരെഴുത്ത്. പട്ടിണിപ്പാവങ്ങളും നിരക്ഷരരും ആണെങ്കിലും ആത്മരക്ഷയ്ക്ക് എന്താണ് നല്ലത് എന്ന് ഈ മഹാരാജ്യത്തിലെ ജനങ്ങൾക്ക് നല്ല നിശ്ചയമുണ്ട് എന്ന് അവർ വീണ്ടും വീണ്ടും തെളിയിക്കുന്നു. വെള്ളക്കാരെ പറഞ്ഞയച്ചു, പല പരീക്ഷണങ്ങളും നടത്തി, ഇന്ദിരാഗാന്ധി എന്ന ഉഗ്രമൂർത്തിയെ പോലും കറിവേപ്പില പോലെ താഴെ ഇറക്കി, പുറകെ വന്നവരേക്കാൾ ഭേദം ഈ കറിവേപ്പില തന്നെയാണ് എന്ന് കണ്ടതോടെ അതിനെ വീണ്ടും പൊക്കി സിംഹാസനത്തിൽ വച്ചു. ഇപ്പോൾ ഇതാ വീണ്ടും ഒരു മഹാബാധയെ രായ്ക്ക് രാമാനം കൊടിയൊഴുപ്പിച്ചിരിക്കുന്നു!
ഈ ആളുകൾ ദരിദ്രരാണ്. കിടപ്പാടം ഇല്ലാത്തവരും ഉടുതുണി പോലും വേണ്ടത്ര തികയാത്തവരും ആണ്. മിക്കവാറും നിരക്ഷരരും ആകുന്നു. എന്നാലും അവർ ഒരു വലിയ മനസ്സായി പ്രവർത്തിക്കുന്നു. ഇല്ലായ്മയുടെയും വല്ലായ്മയുടെയും കരച്ചിലിനിടെ ആഴത്തിൽ ഒരു ചിരി അവർ സൂക്ഷിക്കുന്നു. വിവേകത്തിന്റെ മന്ദഹാസം. ആ ചിരിയിൽ ചിരകാല കണ്ണീരിന്റെ തിളക്കമുണ്ട്.
വരൂ നമുക്ക് അവരോടൊപ്പം ചിരിക്കാം. നിസ്വനായ പൂന്താനം നമ്പൂതിരി പണ്ട് ഈ ചിരിയിൽ പങ്കുകൊണ്ടിട്ടുണ്ട്. കണ്ടാൽ അറിയാമായിരുന്നു അദ്ദേഹത്തിന്, നമുക്കു കൊണ്ടാലും തിരിയാ എന്നാണ് വന്നുകൂടുന്നത്. നോക്കണേ, അഭ്യസ്തവിദ്യരായ നമ്മുടെ ഒരു കഥയില്ലായ്മ!! പക്ഷേ, ദീപസ്തംഭം മഹാശ്ചര്യം എന്നു പാടുമ്പോഴും ചിരിക്കാതിരിക്കാൻ നമുക്ക് കഴിയും, അപ്പോൾ ചിരിക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് പിന്നീട് നാം നിറകഞ്ചേരിയിലേക്ക് പോകുമെങ്കിലും!!!
സി. രാധാകൃഷ്ണൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1