1990
ഒക്ടോബർ 23. അയോധ്യയിലേക്ക് ബി.ജെ.പിയുടെ രഥയാത്ര നയിച്ച അദ്വാനിയെ പോലീസ്
സമഷ്ടിപ്പൂരിൽ വച്ച് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതേ തുടർന്ന്
ബി.ജെ.പി വി.പി. സിങ്ങിനു നൽകി വന്ന പിന്തുണ പിൻവലിച്ചു.കേവലം 11
മാസമായിരുന്നു ആ മന്ത്രിസഭയുടെ ആയുസ്സ്. കോൺഗ്രസിന് ബദൽ എന്ന നിലയ്ക്ക്
അധികാരത്തിലേറിയ ദേശീയ മുന്നണിയുടെ തകർച്ചയാണ് പിന്നെ നാം കാണുന്നത്.
അദ്വാനിയുടെ അറസ്റ്റ് നടന്ന ദിവസം ഡൽഹിക്ക് പുറത്ത് ഹരിയാനയിലെ ബോൺസി ഗ്രാമത്തിലെ സുഖവാസ കേന്ദ്രത്തിൽ താമസിക്കുന്ന ചന്ദ്രശേഖർ ഡൽഹിയിലേക്ക് പാഞ്ഞെത്തി. അദ്വാനിയുടെ അറസ്റ്റ് നിർഭാഗ്യകരം എന്ന് പറഞ്ഞാണ് ചന്ദ്രശേഖർ അവതരിക്കുന്നത്. സൗത്ത് അവന്യു ലൈൻ മൂന്നാം നമ്പർ വീട്ടിലേക്ക് ഉപജാപക സംഘങ്ങളുടെ ഒഴുക്കും അതോടെ ആരംഭിച്ചു. നാഗ്പൂരിൽ പര്യടനത്തിന് പോയിരുന്ന ദേവിലാലിനെ പ്രത്യേക വിമാനം അയച്ച് പ്രധാനമന്ത്രി തലസ്ഥാനത്തേക്ക് വിളിപ്പിച്ചു. വിമാനം ഇറങ്ങിയ താവൂ ദേവിലാൽ നേരെ വി.പി. സിങ്ങിനെ കണ്ടു.
ദേശീയ മുന്നണി സർക്കാരിന്റെ നേതൃത്വം മാറ്റേണ്ട ആവശ്യമില്ലെന്ന് പെട്ടെന്നുതന്നെ ഒരു പ്രസ്താവനയും കൊടുത്തു. അന്ന് തന്നെ ജാട്ട് നേതാവ് രാഷ്ട്രപതി ഭവനോട് ചേർന്ന് വെല്ലിങ്ടൺ ക്രസൻസിലുള്ള തന്റെ രണ്ടാം നമ്പർ വസതിയിലായിരുന്ന ചന്ദ്രശേഖരമൊത്ത് ഓപ്പറേഷൻ ആരംഭിച്ചു. ഇതിന് സമാന്തരമായി കോർപ്പറേറ്റ് മാഫിയകളുടെ നേതൃത്വത്തിൽ പലതരത്തിലുള്ള ഗൂഢാലോചനകളും ആരംഭിച്ചു കഴിഞ്ഞിരുന്നു.
ജപ്പാനിലെ സുമിത്ത് കമ്പനിയുമായുള്ള ദല്ലാൾ ഇടപാടിലൂടെ കുപ്രസിദ്ധനായ വ്യവസായി ലളിത് സുരിയുടെ കോണോട്ടു പ്ലേസിലുള്ള ഹോളിഡേളൻ എന്ന ഹോട്ടലിൽ ജനതാദളിലെ വിമത നേതാവായ ഹാർമോഹൻ ധവാൻ, കമൽ മൊറാക്ക എന്നിവരും നടൻ ശത്രുഘൻ സിൻഹയും, അമ്പാടിയുടെ വിശ്വസ്തൻ ബാലസുബ്രഹ്മണ്യവും ചേർന്ന് എംപിമാരെ ചാക്കിൽ കയറ്റാനുള്ള പദ്ധതിക്ക് രൂപം കൊടുത്തു തുടങ്ങി.
പഴയ ജനമോർച്ചക്കാരായ അരുൺ നെഹ്‌റു, ആരിഫ് ഖാൻ, വി.സി. ശുക്ല എന്നിവരും അരുൺ നെഹ്‌റുവിന്റെ അക്ബർ റോഡിലെ പതിനാലാം നമ്പർ വീട്ടിലിരുന്ന് തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി. ഒത്തുചേരലിന്റെ വെളിപാട് എന്ന മട്ടിൽ ആയിരുന്നു ദേശീയവാദികൾ ഒന്നിക്കണമെന്ന് പ്രസ്താവനയും ഇക്കൂട്ടർ ഇറക്കിയത്. പ്രതിസന്ധി വന്നാൽ മറുപക്ഷത്തേക്ക് കേറിക്കൂടാനുള്ള ഒരു മുഴം നീട്ടിയുള്ള ഒരു ഏറായിരുന്നു ഈ സുവിശേഷ പ്രഘോഷണം. തന്റേതായ വേലകൾ ഇറക്കി നാഷണൽ ഫ്രണ്ടിന്റെ പ്രൊസീഡിയം കൂടി വിപി. സിങ്ങിനുവേണ്ടി വിശ്വാസം അർപ്പിക്കുന്ന പ്രമേയം പാസാക്കുകയും പാർലമെന്റിനെ അഭിമുഖീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു.
അതേസമയം നമ്പർ 10 ജനപഥ് റോഡിലെ രാജീവ് ഗാന്ധിയുടെ വീട്ടിൽ രാപകൽ ചർച്ചയും കൂടിയാലോചനകളും ആയിരുന്നു. പാർലമെന്ററി ബോർഡ് പൊളിറ്റിക്കൽ അഫയേഴ്‌സ് കമ്മിറ്റി തുടങ്ങിയ സ്‌കെൽട്ടൻ കമ്മിറ്റികൾ പലവട്ടം മാറിമാറി കൂടിയെങ്കിലും എന്തുചെയ്യണമെന്നറിയാതെ നട്ടം തിരിയുകയായിരുന്നു. ഈ പ്രതിസന്ധി ഉണ്ടാകുന്നതിന് ഒരാഴ്ച മുമ്പ് വരെ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കണമെന്ന് പിസിസികൾക്ക് നിർദ്ദേശം നൽകിയിരുന്ന രാജീവ് ഗാന്ധി ഇടക്കാല തെരഞ്ഞെടുപ്പ് ആവശ്യമില്ലെന്ന വാദവുമായി രംഗത്തുവന്നതോടെ ഗൂഢാലോചനകൾക്ക് ആക്കം കൂടി. രാജീവിന്റെ പ്രസ്താവന ചന്ദ്രശേഖരന്റെ മോഹസാക്ഷാത്കാരത്തിന് പിൻബലമായി. അമേരിക്കയിലുള്ള ചന്ദ്രസ്വാമി തന്റെ വിശ്വസ്ത ഏജന്റായ മാമാജി വഴി റിലയൻസ് അമ്പാനി വഴി ചന്ദ്രശേഖറിനെ പ്രധാനമന്ത്രി ആക്കാനുള്ള കളികൾക്ക് അംഗീകാരം നൽകിയതോടെ അംബാനി ഡൽഹിയിൽ എത്തി.
ധവാൻ, നരസിംഹറാവു തുടങ്ങിയവർ പവർ ബ്രോക്കേഴ്‌സിനെ സ്വാധീനിച്ച് രാജീവ് ഗാന്ധിക്കു മേൽ സമ്മർദ്ദം ചെലുത്താൻ ആരംഭിച്ചു. ചന്ദ്രശേഖരനെ പ്രധാനമന്ത്രിപദം എന്ന മോഹം കാണിച്ചു പ്രലോഭിപ്പിച്ചാൽ ജനത പാർട്ടിയെ പിളർക്കാം എന്ന ചാണക്യ സൂത്രം രാജീവന്റെ തലയിൽ ഓതിക്കൊടുത്തത് ഈ മൂവർ സംഘമാണ്. ഇതിനുവേണ്ടി കോടികൾ അംബാനി വാരിയെറിഞ്ഞിട്ടുണ്ട്. ജനതാദളിനെ പിളർക്കാം എന്ന ഈ സമവാക്യം കണ്ടെത്തുകയും കാര്യങ്ങൾ ഹൈ സ്പീഡിൽ ആക്കാൻ ജനതാദൾ വി.പി. സിങ്ങിന് പകരം മറ്റൊരാളെ നേതാവാക്കിയാൽ പിന്തുണയ്ക്കാമെന്ന അപ്പക്കഷണം എറിഞ്ഞുകൊണ്ട് പിളർക്കലിന്റെ ആക്‌സിലേറ്ററിൽ കോൺഗ്രസ് ആഞ്ഞു ചവിട്ടി.
ഇതു മനസ്സിലാക്കി ദേവിലാൽ പെട്ടെന്ന് നിറം മാറി. വി.പി. സിങ്ങിനെ ഇങ്ങനെ കുറ്റപ്പെടുത്തുന്ന പ്രസ്താവനകൾ ഇറക്കി. മകൻ രഞ്ജിത്ത് സിംഗ് ചന്ദ്രശേഖരന് വേണ്ടി അച്ഛന്റെ മുൻപിൽ കാര്യം അവതരിപ്പിച്ചു. നാലാം തിയതി ഉച്ചയോടെ വീട്ടിൽ ചന്ദ്രശേഖരനെ കാണാൻ പോയ ഡൽഹിയിലെ രണ്ടു പ്രമുഖ മലയാളി പത്രപ്രവർത്തകർ ആ വീടിന് മുന്നിൽ നിർത്തിയിരുന്ന ഒരു ജീപ്പിൽ നിന്ന് ഡ്രൈവർ രണ്ടു വലിയ പ്ലാസ്റ്റിക് സഞ്ചി തൂക്കി ഇറങ്ങുന്നതിനിടയിൽ കാൽവഴുതി വീണു. ആ അവസരത്തിൽ സഞ്ചിയിൽ നിന്ന് നോട്ടുകെട്ടുകൾ വീഴുന്നത് കണ്ടു. അതിനെക്കുറിച്ച് പത്രത്തിൽ വാർത്ത വന്നതോടെ പണത്തിന്റെ കളി സ്ഥിരീകരിക്കപ്പെട്ടു. അന്ന് രാത്രി തന്നെ നോർത്ത് അവന്യൂ സൗത്ത് അവന്യൂ എന്നിവിടങ്ങളിൽ താമസിക്കുന്ന ജനതാദൾ എംപിമാരെ തേടി കാറുകൾ പാഞ്ഞു തുടങ്ങി.
അന്ന് ആ രാത്രിയിലെ ഓപ്പറേഷന് ഒരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. കാരണം 140 എംപിമാർ ഉള്ള ജനതാദൾ എംപിമാരുടെ യോഗം പിറ്റേന്ന് കാലത്ത് പത്തുമണിക്ക് പാർലമെന്റ് അനക്‌സിൽ ചേരാൻ നിശ്ചയിച്ചിരുന്നു. ഇതിനിടെ ഒട്ടേറെ പണം കൈമാറ്റം നടന്നതായി ഡൽഹിയിൽ എങ്ങും പാട്ടായി. ഇതിൽ അംബാനിയുടെ മാത്രം 40 കോടി രൂപ ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്.
ഹർമോഹൻ ധവാൻ, യശ്വന്ത് സിംഹ, ചൗതാല, രഞ്ജിത് സിംഗ്, കമൽ മൊറാർക്ക, എസ്.പി മാളവിയ, ജയപ്രകാശ് എന്നീ ദേവിലാൽ ചന്ദ്രശേഖർ വിശ്വസ്ഥർ വിദഗ്ധമായ ഒരു കളിയിലൂടെ പ്രധാനമന്ത്രി വി.പി. സിങ്ങിന്റെ അടുത്ത ബന്ധവും രാജ്യസഭാംഗവുമായ സഞ്ചയ് സിങ്ങിനെ തങ്ങളുടെ ചേരിയിലാക്കി. കാരണം സയ്യിദ് മോദി വധക്കേസിലെ അപ്പീൽ സുപ്രീംകോടതിയിൽ ഫയൽ ചെയ്യാനുള്ളതുകൊണ്ട് തനിക്ക് അനുകൂലമായ ചുറ്റുപാട് ഉണ്ടാക്കാൻ ഈ കാലു മാറൽ അല്ലാതെ അദ്ദേഹത്തി ന് വേറെ വഴി ഉണ്ടായിരുന്നില്ല. പിറ്റേന്ന് കാലത്ത് പത്രലേഖകർ പാർലമെന്റ് അനക്‌സിൽ എത്തിയപ്പോൾ കേൾക്കുന്നത് ദേവിലാലും ചന്ദ്രശേഖറും കൂട്ടരും യോഗത്തിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുകയാണെന്നാണ്. ഒരു സംഘം പത്രലേഖകർ അങ്ങോട്ട് പാഞ്ഞു.
വെല്ലിങ്ടൺ ക്രസന്റിലെ വീടും പരിസരവും 200ൽ പരം കാറുകൾ കൊണ്ടു നിറഞ്ഞു. വീട്ടിന് പിന്നിലുള്ള മാവിൻചുവട്ടിൽ ലോക്‌സഭയിലെ 5 എംപിമാരും 14 രാജ്യസഭാംഗങ്ങളും ചേർന്ന് ചന്ദ്രശേഖറെ തങ്ങളുടെ നേതാവായി തിരഞ്ഞെടുത്തു. ഇതിനിടെ പാർലമെന്റ് അനക്‌സിലെ മീറ്റിങ്ങിൽ 80 ലോക്‌സഭ എംപിമാർ വി.പി. സിങ്ങിന്റെ നേതൃത്വത്തിൽ വിശ്വാസം അർപ്പിച്ചു കഴിഞ്ഞിരുന്നു. ചന്ദ്രശേഖരന്റെ പക്ഷത്തുള്ളവർ ഇനി കാലു മാറാതിരിക്കാൻ ചന്ദ്രശേഖറും ചൗതാലയും ചേർന്ന് ഒരു തന്ത്രം കണ്ടുപിടിച്ചു ഹരിയാനയിലെ സൂരജ് കുണ്ട് സുഖവാസ കേന്ദ്രത്തിൽ മുഴുവൻ എംപിമാരെയും പൂട്ടിയിടാൻ തീരുമാനിച്ചു.
ഉച്ചയ്ക്ക് ദേവിലാൽ നൽകിയ വിരുന്നു കഴിച്ച് ചൗതാല ഒമ്പത് എംപിമാരെ ഏഴു കാറുകളിലായി സൂരജ് കുണ്ടിലേക്ക് കൊണ്ടപോയി. ഇവരിൽ രാജിവച്ച ആഭ്യന്തര സഹമന്ത്രി സബോധ്കാന്ത് സഹായി, ജ്ഞാനേശ്വർ മിശ്ര എന്നിവരും ഉണ്ടായിരുന്നു. ചന്ദ്രശേഖരനെ നേതാവായി തെരഞ്ഞെടുത്ത തീരുമാനത്തെ കോൺഗ്രസ് ഐ സ്വാഗതം ചെയ്തുകൊണ്ട് വൈകീട്ട് എം.ജെ. അക്ബറിന്റെ പത്രസമ്മേളനം നടന്നു. പിറ്റേന്ന് കാലത്ത് 9 മണിക്ക് തന്റെ വീട്ടിലേക്ക് ചന്ദ്രശേഖറുമൊത്ത് പ്രഭാത ഭക്ഷണം കഴിക്കാനും രാജീവ്ഗാന്ധി തീരുമാനിച്ചു.
പ്രഭാത ഭക്ഷണം കഴിഞ്ഞ ഉടൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും എന്ന പ്രസ്താവന രണ്ടുപേരും പത്രക്കാർക്ക് നൽകി. പട്ടേൽ നരസിംഹറാവു എന്നിവർക്ക് യോജിച്ച് പ്രവർത്തിക്കാനുള്ള ആറു മേഖലകളെ കുറിച്ച് ഡ്രാഫ്റ്റ് തയ്യാറാക്കാൻ ഉപയോഗിക്കപ്പെട്ടു. ചന്ദ്രശേഖരനെ പോലെയുള്ള ഒരു തന്ത്രശാലിയായ രാഷ്ട്രീയക്കാരനും ഒത്തു പ്രവർത്തിക്കുന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാണിച്ച് ദക്ഷിണേന്ത്യയിൽ നിന്നുള്ള 60 കോൺഗ്രസ് എംപിമാർ മുറുമുറുക്കാൻ തുടങ്ങിയിരുന്നു. ചന്ദ്രശേഖരന് പകരം രാജീവ് ്ഗാന്ധി പ്രധാനമന്ത്രിയാകണം എന്നാണ് അവർ ആവശ്യപ്പെട്ടത് എച്ച്.കെ.എൽ. ഭഗത്, എ.കെ. ആന്റണി, ഉമ്മൻചാണ്ടി തുടങ്ങിയ നേതാക്കൾ ഇവർക്ക് രഹസ്യമായി പിന്തുണയും നൽകി.
പക്ഷേ ഇക്കൂട്ടർക്ക് ഉദ്ദേശിച്ച് പിന്തുണ ലഭ്യമാകാതിരുന്നതിനാൽ രാജീവ് ഗാന്ധി മന്ത്രിസഭ രൂപീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ആറാം തീയതി രാത്രി രാജീവിന്റെ വസതിയിൽ വച്ച് എല്ലാ കോൺഗ്രസ് എംപിമാർക്കും വിരുന്നു നൽകി. ഈ വിരുന്നിൽ ചന്ദ്രശേഖർ, ചൗതാല, യശ്വന്ത് സിൻഹ എന്നിവർ പങ്കെടുത്തു. പിറ്റേന്ന് പാർലമെന്റിൽ ആവിഷ്‌കരിക്കേണ്ട തന്ത്രത്തിന് അന്തിമരൂപം നൽകി. തങ്ങൾക്ക് അനുവദിച്ചു കിട്ടിയ പ്രസംഗസമയത്തിൽ നിന്ന് ചന്ദ്രശേഖരനും ദേവിലാലിനും 15 മിനിറ്റ് വീതം നൽകാമെന്ന് ധാരണയായി. ഈ സമയം ലഭിച്ചില്ലായിരുന്നുവെങ്കിൽ ഇവർക്ക് രണ്ടുപേർക്കും വിശ്വാസ വോട്ടെടുപ്പിന്മേൽ സംസാരിക്കാൻ അവസരം ലഭിക്കുമായിരുന്നില്ല. കാരണം ജനതാദൾ സ്പീക്കർക്ക് നൽകിയ പ്രസംഗകരുടെ ലിസ്റ്റിൽ ഇവരെ ഉൾപ്പെടുത്തിയിരുന്നില്ല.
രാജീവിന്റെ വിരുന്ന് കഴിച്ചിട്ട് ്‌ദേവിലാൽ നേരെ പോയത് മുഫ്തി മുഹമ്മദിന്റെ വീട്ടിലേക്ക് ആയിരുന്നു. തന്നെ പ്രധാനമന്ത്രിയാക്കാമെങ്കിൽ പിളർപ്പ് ഒഴിവാക്കാമെന്ന് പുതിയൊരു ഫോർമുല വച്ചു. ഇതേക്കുറിച്ച് ഫെർണാണ്ടസ് അരുൺ നെഹ്‌റു എന്നിവരുമായി സംസാരിക്കുകയും ചെയ്തു.
പക്ഷേ ദേവിലാലിന്റെ ഈ കളിക്ക് അവർ പച്ചക്കൊടി കാട്ടിയില്ല. പിറ്റേന്ന് ചന്ദ്രശേഖർ രാജീവ് ഗാന്ധി എന്നിവരുടെ നിറം പാർലമെന്റിൽ പുറത്തായി. പാർലമെന്റിന്റെ ഇടനാഴികളിലും ഇന്ത്യയിലെ സകല മാഫിയ തലവന്മാരും അവരുടെ ശിങ്കിടികളും വന്നുചേർന്നു. അവസാനം നിമിഷം ഓപ്പറേഷന് സാക്ഷിയാവാൻ ആയിരുന്നു ഈ ഒത്തുചേരൽ. ജനതാദളിലെ വിമതർ വി.പി. സിംഗിന്റെ പ്രസംഗം അലങ്കോലപ്പെടുത്താൻ ശ്രമിച്ചുകൊണ്ടേയിരുന്നു.
ഇതിനിടെ ചന്ദ്രശേഖരന്റെ പ്രധാനമന്ത്രി മോഹത്തിന് തടസ്സമിടാൻ വി.പി.സിംഗ് മുൻകൈയെടുത്തു. അതിനു തന്ത്രപരമായ ഒരു ബുദ്ധി കെ.പി. ഉണ്ണികൃഷ്ണൻ പറഞ്ഞുകൊടുത്തു. അതായത് 58 വിമതന്മാരിൽ 25 പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ ശേഷം ബാക്കി 33 പേരെ ഉപദ്രവിക്കാതെ വിടാനുള്ള തന്ത്രം. ചന്ദ്രശേഖരനെ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിച്ചു കളഞ്ഞു. പാർട്ടി അനുസരിക്കാതെ മാറി വോട്ട് ചെയ്താൽ ഇവർക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അംഗത്വം നഷ്ടപ്പെടുത്തിയേക്കും എന്നുള്ള ധ്വനിയായിരുന്നു ഈ കളിയുടെ പിന്നിൽ. പാർട്ടി പുറത്തിറക്കിയ 25 എംപിമാരെ അൺ അറ്റാച്ച്ഡ് അംഗങ്ങളായി പ്രഖ്യാപിക്കാനുള്ള തന്ത്രം വി.പി സിങ്ങിനെ പറഞ്ഞു മനസ്സിലാക്കാൻ ഉണ്ണികൃഷ്ണന് നന്ദേ പാടുപെടേണ്ടി വന്നു.
പാർലമെന്റ് സമ്മേളനത്തിലെ വിഴുപ്പലക്കലിന് രാത്രി 10.20 ആയപ്പോൾ പരിസമാപ്തി കുറിച്ചു അന്ന് രാത്രി തന്നെ മന്ത്രിസഭയുടെ രാജി രാഷ്ട്രപതിക്ക് നൽകി. വിപ്പ് മറികടന്നു വോട്ട് ചെയ്ത 33 പേർക്കെതിരെ കൂറ് മാറ്റാൻ നിയമപ്രകാരം സഭയിൽ നിന്ന് പുറത്താക്കാൻ ആവശ്യപ്പെട്ട് ജനതാദൾ സ്പീക്കർക്ക് നോട്ടീസ് നൽകി. തങ്ങളുടെ ചിരകാല ഉദ്ദേശം സാധിച്ചിട്ടും കോൺഗ്രസ് തങ്ങളുടെ ഉരുണ്ട് കളി അവസാനിപ്പിച്ചില്ല. മന്ത്രിസഭയ്ക്ക് പിന്തുണ നൽകാമെന്ന് ചന്ദ്രശേഖരന് വാക്ക് കൊടുത്തെങ്കിലും പ്രധാനമായും നാല് ഡിമാൻഡുകൾ ചന്ദ്രശേഖരന് മുന്നിൽ അവർ വച്ചതായി അറിയുന്നു. ക്യാബിനറ്റ് സെക്രട്ടറി, ഹോം സെക്രട്ടറി എന്നിവർ കോൺഗ്രസ് നിർദ്ദേശിക്കുന്നവർ ആയിരിക്കും എന്നായിരുന്നു ഒരു കരാർ. വിശ്വാസ വോട്ടെടുപ്പ് ചടങ്ങുകളും ഒത്തുചേരലും ഒക്കെ കഴിഞ്ഞപ്പോൾ പിന്നീട് ശ്രദ്ധകേന്ദ്രം രാഷ്ട്രപതി ഭവനിലേക്ക് ആയി.
ചന്ദ്രശേഖരനെ പോലെയുള്ള ഒരാളെ മന്ത്രിസഭ ഉണ്ടാക്കാൻ വിളിക്കുന്നതിന്റെ സാധ്യതകളെയും അസാധ്യതകളെയും പറ്റി പലരും തല നാരിഴ കീറി വാദിച്ചു. ചന്ദ്രശേഖരനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ക്ഷണിക്കുന്നതിനെ ചൊല്ലി പല സന്ദേഹങ്ങളും ചൂണ്ടിക്കാട്ടിയെങ്കിലും കോൺഗ്രസ് പിന്തുണ നൽകാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ ഒന്നാം അംഗം അവസാനിക്കുകയായിരുന്നു. അവിശ്വാസ പ്രമേയത്തിൽ വി.പി. സിങ്ങ് പരാജയപ്പെട്ടു. രാഷ്ട്രീയ അടിത്തറ ഉറപ്പിക്കാൻ വി.പി. സിങ്ങ് പലതന്ത്രങ്ങളും ഇറക്കി എന്നത് നേരാണ്. എന്നാൽ രാമജന്മഭൂമി പ്രശ്‌നത്തിൽ വി.പി.സിങ്ങിന്റെ നിലപാടിനെ പിന്തുണയ്ക്കാനുള്ള ബാദ്ധ്യത
കോൺഗ്രസിനുണ്ടായിരുന്നു. ഈ യാഥാർത്ഥ്യത്തെ അവഗണിച്ച കോഗ്രസ് പിന്നീട് അതിന് വലിയ വില നൽകേണ്ടി വന്നത് ചരിത്രം..!
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1