കുമാമോട്ടോ: കുമാമോട്ടോ മാസ്‌റ്റേഴ്‌സ് (ജപ്പാൻ മാസ്റ്റേഴ്‌സ്) സൂപ്പർ 500 പുരുഷ സിംഗിൾസ് ഫൈനലിൽ പിന്നിൽ നിന്ന് പൊരുതിക്കയറി ചാമ്പ്യനായി ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ലക്ഷ്യ സെൻ.
ഇന്നലെ നടന്ന ഫൈനലിൽ ജപ്പാന്റെ കോക്കി വതനാബെയ്‌ക്കെതിരെ 13-21ന് ആദ്യ ഗെയിം നഷ്ടമാക്കിയ ലക്ഷ്യ അടുത്ത രണ്ട് ഗെയിമുകളും യഥാക്രമം 21-18, 21-14ന് സ്വന്തമാക്കിയാണ് കിരീടം നേടിയത്. കുമാമോട്ടോ മാസ്‌റ്റേഴ്‌സ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ലക്ഷ്യ.
സെമിയിൽ ആറാം സീഡ് ഇന്തോനേഷ്യയുടെ അൽവി ഫർഹാനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ പരാജയപ്പെടുത്തിയാണ് ലക്ഷ്യ ഫൈനലിലെത്തിയത്.
കഴിഞ്ഞയിടെ ജർമനിയിൽ നടന്ന ഹൈലോ ഓപ്പൺ ഫൈനലിൽ ഇന്തോനേഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിയെ (21-17, 21-10) തോൽപ്പിച്ച് ലക്ഷ്യ കിരീടം സ്വന്തമാക്കിയിരുന്നു. ഇതോടെ തുടർച്ചയായ രണ്ട് ബി.ഡബ്ല്യു.എഫ് സൂപ്പർ 500 കിരീടങ്ങൾ സ്വന്തമാക്കാൻ താരത്തിനായി. മാർച്ചിൽ നടന്ന ഓൾ ഇംഗ്ലണ്ട് ഓപ്പണിൽ റണ്ണറപ്പായതിന് ശേഷം ലക്ഷ്യ കളിക്കുന്ന മൂന്നാമത്തെ ബി.ഡബ്ല്യു.എഫ് ടൂർ ഫൈനലാണിത്.
'ഇവിടെ കിരീടം നേടാനായതിൽ വലിയ സന്തോഷമുണ്ട്. കഴിഞ്ഞ വർഷം ഞാൻ സെമിഫൈനലിൽ എത്തി, ആ ഫലം മെച്ചപ്പെടുത്താൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. ഇത് എന്റെ തുടർച്ചയായ രണ്ടാമത്തെ കിരീടമാണ്, ഈ ഫോം തുടരാൻ ആഗ്രഹിക്കുന്നു.' ലക്ഷ്യ സെൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
