കിംഗ് ബൗഡോയിൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇറ്റലിയെ 4-1 എന്ന സ്‌കോറിന് പരാജയപ്പെടുത്തി ബെൽജിയം 2026-27 യുവേഫ നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഇടംപിടിച്ചു.
മത്സരത്തിന്റെ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇറ്റലി, 11-ാം മിനിറ്റിൽ ഫ്രാൻസെസ്‌കോ പിയോ എസ്‌പോസിറ്റോയിലൂടെ ലീഡ് നേടി. മൈക്കൽ കയോഡെ നൽകിയ ക്രോസ് സ്വീകരിച്ചായിരുന്നു എസ്‌പോസിറ്റോയുടെ ഗോൾ. എന്നാൽ, ബെൽജിയം 15-ാം മിനിറ്റിൽ മാക്‌സിം ഡി കുയിപ്പർ സമനില ഗോൾ നേടി, തുടർന്ന് 22-ാം മിനിറ്റിൽ നഥാൻ എൻഗോയ് ബെൽജിയത്തിനായി ഗോൾ കണ്ടെത്തി. 26-ാം മിനിറ്റിൽ ജെറമി ഡോകു നടത്തിയ മികച്ച സോളോ നീക്കം ബെൽജിയത്തിന് 3-1 എന്ന ലീഡ് സമ്മാനിച്ചു.
മികച്ച രീതിയിൽ അക്രമിച്ചു കളിച്ച ബെൽജിയം മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു. മത്സരത്തിലേക്ക് തിരിച്ചുവരുവാൻ ഇറ്റലി ശ്രമിച്ചെങ്കിലും ബെൽജിയം പ്രതിരോധം മികച്ചതായിരുന്നു. മധ്യനിരയെ നിയന്ത്രിക്കുന്നതിലും ഗോൾ നേടാനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിലും കെവിൻ ഡി ബ്രൂയിൻ നിർണായക പങ്ക് വഹിച്ചു.
80-ാം മിനിറ്റിൽ ഡിയേഗോ മൊറേരയിലൂടെ ബെൽജിയം വിജയം ഉറപ്പിച്ചു. ജെറമി ഡോകു തുടക്കമിട്ട വേഗമേറിയ പ്രത്യാക്രമണത്തിനൊടുവിൽ, കെവിൻ ഡി ബ്രൂയിൻ നൽകിയ പാസ് സ്വീകരിച്ചാണ് മൊറേര തന്റെ ആദ്യ സീനിയർ അന്താരാഷ്ട്ര ഗോൾ നേടിയത്.
മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ഇറ്റലിക്ക് പെനാൽറ്റി ലഭിച്ചെങ്കിലും, എസ്‌പോസിറ്റോയുടെ കിക്ക് ബെൽജിയൻ ഗോൾകീപ്പർ സെൻ ലാമൻസ് തടഞ്ഞിട്ടു. ഈ വിജയത്തോടെ, 13 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതെത്തിയ ഫ്രാൻസിന് പിന്നിൽ, 12 പോയിന്റുമായി ബെൽജിയം ഗ്രൂപ്പ് A1-ൽ രണ്ടാം സ്ഥാനത്തെത്തി. 10 പോയിന്റുമായി മൂന്നാം സ്ഥാനത്തായ ഇറ്റലിക്ക് ക്വാർട്ടർ ഫൈനലിൽ ഇടം നേടാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
