ഒറ്റ റൺസിന് തോറ്റ് ബംഗ്ലൂർ

APRIL 22, 2024, 11:00 AM

കൊൽക്കത്ത: ഐ.പി.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഒറ്റ റൺസിന് തോറ്റ് റോയൽ ചലഞ്ചേഴ്‌സ് ബംഗ്‌ളുരു. ഈഡൻഗാർഡൻസിൽ കൊൽക്കത്ത ഉയർത്തിയ 222/6 എന്ന സ്‌കോർ ചേസ് ചെയ്യാനിറങ്ങിയ ആർ.സി.ബി അവസാന പന്തിൽ സമനിലയ്ക്ക് ആവശ്യമായ രണ്ടാം റൺസിനോടി ഫെർഗൂസൺ റൺഔട്ടായതോടെയാണ് തോൽവി രുചിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിലാണ് 222 റൺസെടുത്തത്. നായകൻ ശ്രേയസ് അയ്യരുടെ (50) അർദ്ധസെഞ്ച്വറിയും ഓപ്പണർ ഫിൽ സാൾട്ട് (48), വാലറ്റക്കാരായ റിങ്കു സിംഗ് (24), ആന്ദ്രേ റസൽ (27*), രമൺദീപ് സിംഗ് (24*) എന്നിവരുടെ ക്രിയാത്മക സംഭാവനകളുമാണ് കൊൽക്കത്തയെ 200കടത്തിയത്.

തുടക്കം മുതൽ തകർത്തടിച്ച ഫിൽ സാൾട്ടിന്റെ മികവിൽ നാലാം ഓവറിൽ തന്നെ കൊൽക്കത്ത 50 കടന്നിരുന്നു. 14 പന്തുകളിൽ ഏഴ് ഫോറും മൂന്ന് സിക്‌സുമടിച്ച സാൾട്ടിനെ അഞ്ചാം ഓവറിൽ സിറാജ് പുറത്താക്കി. ആറാം ഓവറിൽ യഷ് ദയാൽ സുനിൽ നരെയ്‌നെയും (10) ആൻക്രിഷ് രഘുവംശിയേയും (3) പുറത്താക്കിയതോടെ കൊൽക്കത്ത 75/3 എന്ന നിലയിലായി. തുടർന്ന് വെങ്കടേഷ് അയ്യരെ (16)കൂട്ടി ശ്രേയസ് പോരാട്ടം തുടങ്ങിയെങ്കിലും ടീം സ്‌കോർ 97ലെത്തിയപ്പോൾ അയ്യരെ കാമറൂൺ ഗ്രീൻ മടക്കി അയച്ചു.

vachakam
vachakam
vachakam

14-ാം ഓവറിൽ ഫെർഗൂസൺ റിങ്കുവിനെ പുറത്താക്കി. 18-ാം ഓവറിൽ അർദ്ധസെഞ്ച്വറി തികച്ചതിന് പിന്നാലെ ശ്രേയസും മടങ്ങി. 36 പന്തുകൾ നേരിട്ട കൊൽക്കത്ത ക്യാപ്ടൻ ഏഴ് ഫോറും ഒരു സിക്‌സും പറത്തി. മറുപടിക്കിറങ്ങിയ ആർ.സി.ബിക്ക് മൂന്നാം ഓവറിൽ വിവാദമായ തീരുമാനത്തിലൂടെ വിരാടിനെയും (18), നാലാം ഓവറിൽ നായകൻ ഡുപ്‌ളെസിയെയും (7) നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ 102 റൺസ് കൂട്ടിച്ചേർത്ത വിൽ ജാക്‌സും (55) രജത് പാട്ടീദാറും (52) പ്രതീക്ഷ പകർന്നു.

ഹർഷിത് റാണ എറിഞ്ഞ മൂന്നാം ഓവറിന്റെ ആദ്യ പന്ത് ഫുൾടോസായി ശരീരത്തിന് നേരേ ഉയർന്നുവന്നപ്പോൾ ഡിഫൻഡ് ചെയ്ത വിരാടിനെ ഹർഷിത് റിട്ടേൺ ക്യാച്ചെടുത്തു. വിരാട് ഇത് നോബാളാണെന്ന് അപ്പീൽ ചെയ്യുമ്പോഴേക്കും അമ്പയർ വിക്കറ്റ് വിളിച്ചിരുന്നു. തുടർന്ന് ഡി.ആർ.എസ് പരിശോധന നടത്തിയ മൂന്നാം അമ്പയർ നോബാളല്ലെന്നും വിക്കറ്റാണെന്നും വിധിച്ചു. ഇതിനിടയിൽ കുപിതനായ വിരാട് വിക്കറ്റ് നൽകിയതിന് ഫീൽഡ് അമ്പയറോട് കയർക്കുകയായിരുന്നു.

12-ാം ഓവറിൽ ഇരുവരെയും പുറത്താക്കി റസൽ കൊൽക്കത്തയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. അടുത്ത ഓവറിൽ സുനിൽ നരെയ്ൻ കാമറൂൺ ഗ്രീനിനെയും (6) മടക്കി അയച്ചതോടെ ആർ.സി.ബി 151/5 എന്ന നിലയിലായി. തുടർന്ന് സുയാഷ് പ്രഭു ദേശായ് (24), ദിനേഷ് കാർത്തിക് (25), കരൺ ശർമ്മ (20) എന്നിവർ പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല.

vachakam
vachakam
vachakam

20-ാം ഓവറിൽ 21 റൺസാണ് ആർ.സി.ബിക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. സ്റ്റാർക്കായിരുന്നു ബൗളർ. ആദ്യ പന്തിലും മൂന്നാം പന്തിലും നാലാം പന്തിലും സിക്‌സടിച്ച കരൺ അഞ്ചാം പന്തിൽ സ്റ്റാർക്കിന് തന്നെ ക്യാച്ച് നൽകിയതോടെ ഒരു പന്തിൽ മൂന്ന് റൺസ് എന്ന നിലയിലായി. അവസാന പന്തിൽ കവറിലേക്ക് തട്ടിവിട്ട് രണ്ടാം റണ്ണിനോടിയ ഫെർഗൂസൻ റൺഔട്ടാവുകയായിരുന്നു.

ആർ.സി.ബിയുടെ ഏഴാം തോൽവിയാണിത്. ഇതോടെ എട്ടുമത്സരങ്ങളിൽ രണ്ട് പോയിന്റ് മാത്രമായ ആർ.സി.ബി പോയിന്റ് പട്ടികയിൽ അവസാന (പത്താം) സ്ഥാനത്തായി.ഏഴ് കളികളിൽ അഞ്ചാം ജയം നേടിയ കൊൽക്കത്ത 10 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. 12 പോയിന്റുള്ള രാജസ്ഥാൻ റോയൽസാണ് ഒന്നാമത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam