ഉമ്മൻചാണ്ടിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി വൈസ് പ്രസിഡന്റ് 87ൽ എതിർ സ്ഥാനാർത്ഥി

MAY 8, 2024, 5:34 PM

ഉമ്മൻചാണ്ടിക്ക് വിചിത്രമായ മറ്റൊരു തെരഞ്ഞെടുപ്പ് അനുഭവം കൂടി ഉണ്ടായി. 1980ൽ സി.പി.എം കാരനായ വി.എൻ. വാസവൻ ആയിരുന്നു ഉമ്മൻചാണ്ടിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി വൈസ് പ്രസിഡന്റ്.  1987ൽ ഉമ്മൻചാണ്ടിയുടെ പഴയ തെരഞ്ഞെടുപ്പ് കമ്മറ്റി വൈസ് പ്രസിഡന്റ് ആയിരുന്ന വാസവൻ ഉമ്മൻചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ മത്സരിച്ചു.

കാലം 1986. ജൂലൈ 28ലെ പത്രങ്ങളുടെയെല്ലാം ആദ്യപേജിൽ ഒരു പ്രധാന വാർത്ത സ്ഥാനം പിടിച്ചു. അതിന്റെ തുടക്കം ഇങ്ങനെയായിരുന്നു. ഒരു വർഷക്കാലമായി നിലനിന്നിരുന്ന അന്തഛിദ്രത്തിന് വിരാമം കുറിച്ചുകൊണ്ട് മാർക്‌സിസ്റ്റ് പാർട്ടി രണ്ടായി.
തൃശ്ശൂർ ടൗൺ ഹാളിൽ വെച്ച് 1807 പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു എം.വി.രാഘവൻ അന്ന് കമ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടി (സി.എം.പി) സ്ഥാപിച്ചത്. അതിനും നാല് ദിവസം മുമ്പ് മലബാർ ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള നേതാവ് എം.വി. രാഘവനെ സി.പി.എം പുറത്താക്കിയിരുന്നു. ഏറിയേറി വരുന്ന ജനപിന്തുണയാണ് പാർട്ടിയ്ക്കുള്ളിലെ ഇ.എം.എസ് അടക്കം മുതിർന്ന നേതാക്കൾക്ക്‌പോലും രാഘവനോട് വിരോധം തോന്നാൻ കാരണം. ഭാവി മുഖ്യമന്ത്രി എന്നുകൂടി ചിലർ വിശേഷിപ്പിച്ചിരുന്നു.


vachakam
vachakam
vachakam

പാർലമെന്ററി അവസരവാദ കുറ്റം ചുമത്തി അഞ്ച് മാസത്തോളം പാർട്ടിയിൽ നിന്നും സസ്‌പെന്റു ചെയ്തശേഷമായിരുന്നു പുറത്താക്കൽ. ഒരു വർഷത്തിലേറെയായി മാർക്‌സിസ്റ്റ് പാർട്ടിക്കുള്ളിൽ പിരിമുറുക്കം സൃഷ്ടിച്ച ഗ്രൂപ്പ് തർക്കത്തിനൊടുവിലായിരുന്നു ഈ നടപടി.കേരളത്തിൽ മുസ്ലിംലീഗിനെയും കേരള കോൺഗ്രസിനെയും കൂട്ടുപിടിച്ച് കോൺഗ്രസിനെ തറ പറ്റിക്കാൻ ഇ.കെ. നായനാരുമായി ആലോചിച്ചു എം.വി. രാഘവൻ ഒരു പദ്ധതി തയ്യാറാക്കി അതാണ് ബദൽ രേഖ. അന്നുള്ള സി.പി.എമ്മിന്റെ ഔദ്യോഗിക നിലപാടിന് എതിരായിരുന്നു ഇത്. മുസ്ലിംലീഗുമായി 1965ൽ പാർട്ടി ചെറിയതോതിൽ ധാരണ ഉണ്ടാക്കിയതും 67 പൊതുപരിപാടിയുടെ അടിസ്ഥാനത്തിൽ ലീഗിനെ മുന്നണിയിൽ ചേർത്തതും 1974 ലീഗ് പുലർത്തി വന്ന അഖിലേന്ത്യ ലീഗിന് സഖ്യകക്ഷിയാക്കിയതും കേരള കോൺഗ്രസ് ഗ്രൂപ്പുകളുമായി ധാരണ ഉണ്ടാക്കിയതും ചൂണ്ടിക്കാട്ടിയായിരുന്നു ബദൽ രേഖ വാദം.

1977ലെ പൊതു തെരഞ്ഞെടുപ്പിൽ ജനസംഘം അടക്കമുള്ള പാർട്ടികളെ കൂട്ടി ഉണ്ടാക്കിയ തന്ത്രവുമൊക്കെ കാണിച്ചുകൊണ്ടാണ് ബദൽ രേഖയ്ക്ക് എം.വി. രാഘവൻ മറുപടി നൽകിയ നൽകിയത്.ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗുമായി അഖിലേന്ത്യാ ലീഗ് പുനരൈക്യം ഉണ്ടാക്കുകയും കേരള കോൺഗ്രസ് ഗ്രൂപ്പുകൾ ഒന്നായി യു.ഡി.എഫിൽ നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ എൽ.ഡി.എഫിന്റെ അടിത്തറ ദുർബലപ്പെട്ടു കൊണ്ടിരുന്നു. എന്നാൽ എറണാകുളത്ത് വച്ച് നടന്ന സി.പി.എം സംസ്ഥാന സമ്മേളനവും കൊൽക്കത്ത പാർട്ടി കോൺഗ്രസും ബദൽ രേഖയെ അപ്പാടെ തള്ളിക്കളയുകയായിരുന്നു. 1986 ജനുവരി 13ന് സി.പി.എം സംസ്ഥാന കമ്മിറ്റി എം.വി. രാഘവനെയും ഇടതുമുന്നണി കൺവീനർ പി.വി. കുഞ്ഞിക്കണ്ണയും സസ്‌പെൻഡ് ചെയ്തു.

എം.വി. രാഘവൻ സി.എം.പി എന്നൊരു പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി വിട്ടു വരുന്നവരെ സി.പി.എം എങ്ങനെയാണ് കൈകാര്യം ചെയ്തിരുന്നത് എന്നതിന് ഏറ്റവും മികച്ച ഉദാഹരണമായിരുന്നു എം.വി. രാഘവൻ. അദ്ദേഹത്തിന് ഭക്ഷണം നൽകിയിരുന്നവരെ പോലും അതിക്രൂരമായി ഉപദ്രവിച്ചു. നിയമസഭയിൽ ആകട്ടെ പഴയ സഖാക്കൾ രാഘവനെ അടിച്ചും ചവിട്ടിയും ഒതുക്കാൻ നോക്കി. പറശ്ശിനിക്കടവ് സ്‌നേക്ക് പാർക്കിൽ മിണ്ടാപ്രാണികളെ പോലും ചുട്ടുകരിച്ചു. തൊട്ടടുത്തുള്ള ആയുർവേദ ആശുപത്രി തകർത്ത് തരിപ്പണമാക്കി. ഈ കാലയളവിൽ എല്ലാം കോൺഗ്രസ്സാണ് എം.വി. രാഘവന് അഭയം നൽകിയത്.

vachakam
vachakam
vachakam

എം.വി. രാഘവനെ യു.ഡി.എഫ് മുന്നണിയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും രാഘവന്റെ പാർട്ടിയായ സി.എം.പിക്ക് രണ്ട് സീറ്റ് നൽകി. അഴീക്കോടും ബേപ്പൂരും തളിപ്പറമ്പും അവർ ചോദിച്ചെങ്കിലും രണ്ടു സീറ്റേ കൊടുക്കാൻ കഴിഞ്ഞുള്ളു.
1987 ലെ തെരഞ്ഞെടുപ്പിൽ രാഘവൻ പോയത് മാർക്‌സിസ്റ്റ് പാർട്ടിക്ക് ഒരു പ്രശ്‌നമല്ല എന്ന് വരുത്തി തീർക്കാൻ അവർ സർവ്വശക്തിയുമെടുത്ത് പ്രവർത്തിക്കാൻ തുടങ്ങി. പ്രചാരണത്തിന്റെ ചുക്കാൻ പിടിക്കാൻ സാക്ഷാൽ ഇ.എം.എസ് തന്നെ രംഗത്ത് വന്നു. കെ.ആർ. ഗൗരിയെ അടുത്ത മുഖ്യമന്ത്രിയാകും എന്ന തരത്തിലുള്ള പ്രചാരണമാണ് നാടെങ്ങും നടന്നത്. ഒരിക്കലും ഉമ്മൻചാണ്ടി ഡൽഹിയിൽ എ.ഐ.സി.സി സമ്മേളനത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് കെ.പി. ധനപാലനുമായി ഉമ്മൻചാണ്ടിക്ക്  കൂടുതൽ അടുപ്പം ഉണ്ടായത്.

ബെന്നി ബഹ്‌നാൻ, കെ. ബാബു, ഡൊമിനിക് പ്രസന്റേഷൻ എന്നിവരോടൊപ്പം ആയിരുന്നു ധനപാലൻ വന്നത്. ഇവരെല്ലാം ഉമ്മൻചാണ്ടിയോടൊപ്പം തീവണ്ടിയിൽ ആയിരുന്നു യാത്ര. ആ യാത്രയ്ക്കിടയിൽ ധനപാലൻ ഉമ്മൻചാണ്ടിയെ ഒരു കാര്യം ഓർമ്മപ്പെടുത്തി. 1972 ധനമന്ത്രിയായിരുന്ന പറവൂർകാരൻ കെ.ടി. ജോർജ് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കമ്പോൾ കുഴഞ്ഞുവീണു മരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹവുമായി വിലാപയാത്രയോടൊപ്പം ഉമ്മൻചാണ്ടി ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളും നോക്കി നടത്തിയത് ഉമ്മൻചാണ്ടി ആയിരുന്നു. പറവൂർ ആകമാനം കെ.ടി.ജോർജിനോടുള്ള ആദരസൂചകമായി കടകമ്പോളങ്ങൾ അടച്ച് ഹർത്താൽ ആചരിച്ചതിനാൽ ധനപാലന്റെ വീട്ടിലെത്തിയാണ് ഉമ്മൻചാണ്ടി ഭക്ഷണം കഴിച്ചത്.

ഇതെല്ലാം ഓർമ്മപ്പെടുത്തിയപ്പോൾ ഉമ്മൻചാണ്ടി തലയാട്ടി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. 1987ൽ സംസ്ഥാന യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റായിരുന്ന ധനപാലനെ കൊടുങ്ങല്ലൂരിൽ മത്സരിക്കാൻ അവസരം ഒരുക്കിയവരിൽ മുമ്പൻ ഉമ്മൻചാണ്ടി ആയിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം രാജീവ് ഗാന്ധി മൂന്ന് തവണ കേരളത്തിൽ എത്തിയിരുന്നു. രണ്ടുവട്ടം മക്കൾ തിലകം എം.ജി.ആറും കേരള മണ്ണിൽ പ്രചാരണം നടത്തി. അന്ന് ധനപാലിനു വേണ്ടി രാജീവ് ഗാന്ധിയെ കൊടുങ്ങല്ലൂരിൽ എത്തിക്കുന്നതിനും മുന്നിൽ നിന്നത് ഉമ്മൻചാണ്ടി തന്നെയായിരുന്നു. കൊടുങ്ങല്ലൂരിൽ ചേരമാൻ മസ്ജിദ് ഗ്രൗണ്ടിൽ രാജീവ് ഗാന്ധിയുടെ തകർപ്പൻ പ്രസംഗം ഉണ്ടായിരുന്നു.

vachakam
vachakam
vachakam

അദ്ദേഹത്തെ അനുഗമിച്ചിരുന്ന കെ. കരുണാകരനും എ.കെ. ആന്റണിയും രാജീവ് ഗാന്ധിയോടൊപ്പം വേദി വിട്ടപ്പോൾ ധനപാലനെ കാത്ത് ശ്രോതാക്കൾക്കൊപ്പം നിന്ന് ഉമ്മൻചാണ്ടി ധനപാലന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ആദ്യമായി 10000 രൂപ കൈമാറിയപ്പോൾ സന്തോഷത്താൽ അക്ഷരാർത്ഥത്തിൽ ധനപാലന്റെ കണ്ണ് നിറഞ്ഞൊഴുകി. വിഷമതയേറിയ പല ഘട്ടങ്ങളിലും ധനപാലനെ ആശ്വസിപ്പിക്കാനായി ദിവസങ്ങളോളം സംസാരിക്കുകയും ചെയ്തതെല്ലാം ധനപാലൻ ഏറെ നന്ദിയോടെയാണ് ഓർക്കുന്നത്.

ഉമ്മൻചാണ്ടിക്ക് വിചിത്രമായ മറ്റൊരു അനുഭവം കൂടി ഉണ്ടായി. 1980ൽ സി.പി.എമ്മകാരനായ വി.എൻ. വാസവൻ ആയിരുന്നു ഉമ്മൻചാണ്ടിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി വൈസ് പ്രസിഡന്റ്. ആന്റണി ഗ്രൂപ്പ് എൽ.ഡി.എഫിനോടൊപ്പം ആണ് അന്ന് നിന്നിരുന്നത്. 1981  ആന്റണിയോടൊപ്പം ഉമ്മൻചാണ്ടിയും കൂട്ടരും യു.ഡി.എഫിലേക്ക് തന്നെ തിരികെ പോയി. പിന്നെ വന്ന നിയമസഭാ തെരഞ്ഞെടുപ്പ് 1987ൽ ആയിരുന്നു. ഉമ്മൻചാണ്ടിയുടെ  പഴയ തെരഞ്ഞെടുപ്പ് കമ്മറ്റി വൈസ് പ്രസിഡന്റ് ആയിരുന്ന   വാസവൻ അത്തവണ ഉമ്മൻചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ മത്സരിച്ചു.

വാസവൻ ഡി.വൈ.എഫ്.ഐയിൽ പ്രവർത്തനം തുടങ്ങുന്ന സമയത്താണ് ഉമ്മൻചാണ്ടിയുമായി മത്സരിക്കുന്നത്. പാർട്ടി നിർദ്ദേശപ്രകാരം ഉമ്മൻചാണ്ടിയുടെ ജനകീയ അടിത്തറ ഇളക്കുകയായിരുന്നു ലക്ഷ്യം. എൽ.ഡി.എഫിന് 1982 ആകെ ലഭിച്ചത് 22000 വോട്ടുകൾ മാത്രമാണ്. ആഭ്യന്തരമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ വാസവനും കൂട്ടരും തടഞ്ഞപ്പോൾ പോലീസ് നന്നായി കൈകാര്യം ചെയ്തു.

ആ മർദ്ദനം അന്ന് ചർച്ച ആക്കി മാറ്റി. ആ വർഷം പുതുപ്പള്ളിയിൽ മത്സരം കടുത്തതായിരുന്നു. കാരണം ഉമ്മൻചാണ്ടിക്ക് ഏത് ഏത് സ്ഥലങ്ങളിൽ നിന്ന് വോട്ടുകൾ കിട്ടും എന്ന് കൃത്യമായി വാസവൻ അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഉമ്മൻചാണ്ടി മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രചരണം കൊഴിപ്പിച്ചു.

(തുടരും)

ജോഷി ജോർജ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam