ചോരക്കുഞ്ഞിനെ നിർദ്ദയം 'ഡിലീറ്റ്' ആക്കി 'സ്മാർട്ട്' പെറ്റമ്മ; കണ്ണീരടങ്ങാതെ കൊച്ചി

MAY 8, 2024, 8:44 PM

അമ്മ കുഞ്ഞിനെ മറക്കാനുള്ള അതിവിദൂര സാധ്യത ബൈബിളിൽ ചൂണ്ടിക്കാട്ടി പ്രവാചകനായ ഏശയ്യ (49:15). പക്ഷേ, ദൈവസ്‌നേഹത്തിന്റെ അനന്തതയും അനന്യതയും അരക്കിട്ടുറപ്പിക്കാൻ പ്രവാചകൻ പ്രയോഗിച്ച അത്യുക്തി അർത്ഥരഹിതമല്ലെന്ന് കേരളം വീണ്ടും തിരിച്ചറിഞ്ഞു. ചോരക്കുഞ്ഞിനെ കൊന്ന് മഹാനഗരത്തിലെ ഫ്‌ളാറ്റിൽ നിന്നു നിരത്തിലേക്കെറിഞ്ഞ യുവതിയിലൂടെ കൊച്ചി മെട്രോ നഗരത്തിലെ പ്രശസ്ത മേഖലയാണ് പനമ്പള്ളി നഗർ.

അറിയപ്പെടുന്ന ഒട്ടേറെ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ഇടം. ആ പ്രദേശത്തെ ഫ്‌ളാറ്റിലെ അഞ്ചാം നിലയിൽ നിന്നാണ് ചോരക്കുഞ്ഞിന്റെ മൃതദേഹം നിരത്തിലേക്കു വലിച്ചെറിയപ്പെട്ടത്. കുഞ്ഞുങ്ങളെ ജീവനേക്കാളും സ്‌നേഹിക്കുന്നവരുടെ നെഞ്ചിലേക്ക് ആ കുഞ്ഞിനെ പൊതിഞ്ഞ് എറിഞ്ഞത് അമ്മ തന്നെ. രണ്ടു വർഷം മുമ്പ് പത്തനംതിട്ട ഇലന്തൂരിൽ നടന്ന നരബലിക്കു ശേഷം കേരള സമൂഹത്തെ ഏറ്റവുമധികം ഞെട്ടിച്ച ക്രൂരതയാണിത്.

മനശ്ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്ന തരത്തിലുള്ള സാധാരണ മനോവൈകല്യങ്ങളുടെ പട്ടികയിൽ പെടാതെ തികഞ്ഞ ബോധത്തോടെതന്നെ കൊടുംക്രൂരതകൾ ചെയ്തുകൂട്ടുന്നവർ കുറവല്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കുന്നു ഇത്തരം സംഭവങ്ങൾ. സ്വന്തം സുഖത്തിനും നേട്ടത്തിനും വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവർ, കേരളം അഭിമാനിക്കുന്ന സാംസ്‌ക്കാരിക നിലവാരത്തിനു കളങ്കമായി മാറുന്നു. സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നവരുടെ ഉറക്കം ഇതു മൂലം നഷ്ടമാകുന്നു.

vachakam
vachakam
vachakam

മിനിറ്റുകളോ മണിക്കൂറുകളോ മാത്രം ജീവിതം അനുഭവിച്ചെന്ന് അനുമാനിക്കപ്പെടുന്ന കുഞ്ഞിന്റെ മൃതദേഹം കൊച്ചി കോർപ്പറേഷനും പോലീസും ചേർന്നാണ് സംസ്‌ക്കരിച്ചത്. സംസ്‌ക്കാരത്തിനുള്ള സമ്മതപത്രം റിമാൻഡിലുള്ള അമ്മയിൽ നിന്ന് അധികൃതർ ഒപ്പിട്ടുവാങ്ങി, 'ഈ യുവതിയെ എങ്ങനെയാണ് അമ്മയെന്നു വിളിക്കാൻ കഴിയുകയെ'ന്ന് മനസിൽ ചോദിച്ചുകൊണ്ട്. യുവതിയുടെ അറസ്റ്റും അന്വേഷണവും പരിശോധനകളും പുരോഗമിക്കുന്നു. മാതാപിതാക്കളറിയാതെ ഗർഭിണിയാകുന്നതിലും ആ വിവരം ഒമ്പതു മാസത്തിലേറെ രഹസ്യമാക്കി വയ്ക്കുന്നതിലും വിരുതു കാണിച്ചെന്നു പറയുന്ന യുവതി ഇന്റർനെറ്റിലൂടെയാണ് പ്രസവമെടുക്കുന്നതും പഠിച്ചതത്രേ.

ഗർഭിണിയാണെന്ന് പുറത്ത് അറിയാതിരിക്കാൻ വലിയ വസ്ത്രങ്ങളാണ് യുവതി ഉപയോഗിച്ചിരുന്നതെന്നും പോലീസ് പറയുന്നു. മോശം സാഹചര്യത്തിൽ കഴിയേണ്ടിവരുന്ന വിദ്യാഭ്യാസമോ അറിവോ ഇല്ലാത്ത യുവതിയല്ല ഈ മാതാവ്. എല്ലാവിധ സൗകര്യങ്ങളുമുള്ള ഫ്‌ളാറ്റിൽനിന്നാണ് കുഞ്ഞിനെ തെരുവിലേക്ക് എറിഞ്ഞത്. മനുഷ്യരുടെ പ്രവൃത്തികളെ അളക്കാൻ സാമൂഹ്യ സാഹചര്യങ്ങൾ ഒരു തരത്തിലും സഹായകരമല്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കപ്പെട്ടു.

പുല്ലേപ്പടി പൊതുശ്മശാനത്തിലായിരുന്നു കുഞ്ഞിന്റെ സംസ്‌കാരം. മാസങ്ങൾക്കു മുമ്പ് കൊച്ചിയിൽ അമ്മയും രണ്ടാനച്ഛനും ചേർന്ന് കൊലപ്പെടുത്തിയ കുഞ്ഞിനെ അടക്കിയതിനു സമീപമാണ് ഈ കുരുന്നിനേയും സംസ്‌ക്കരിച്ചത്. മൃതദേഹത്തിനു മുകളിൽ പൂക്കളും കളിപ്പാട്ടവും സമർപ്പിച്ച് പോലീസുകാർ കുഞ്ഞിന് അന്ത്യോപചാരമേകി. മാതാപിതാക്കളുടേയും ബന്ധുക്കളുടേയും അസാന്നിധ്യത്തിലും സംസ്‌ക്കാരച്ചടങ്ങ് ഹൃദയഭേദകമായിരുന്നു.

vachakam
vachakam
vachakam

പ്രിയപ്പെട്ടവരാകേണ്ടവർ ഇല്ലാതാക്കിയ കുഞ്ഞിനെ മരണത്തിനുശേഷമെങ്കിലും ഹൃദയം കൊണ്ട് ചേർത്തുപിടിക്കാൻ നഗരം മനസു കൊണ്ട് ഒരുമിച്ചു. പെരുകുന്ന കൊടും ക്രൂരതകൾക്കിടയിലും ആ കുഞ്ഞിന്റെ മടക്കയാത്രയിൽ കളിപ്പാട്ടവും പൂക്കളും സമർപ്പിച്ച് വിതുമ്പിയ മനസുകളിലാണ് മലയളി സമൂഹത്തിന്റെ നിലനിൽപ്പ് എന്ന് നിരീക്ഷകർ വിലയിരുത്തി.

അന്ന് മുംബൈ കരഞ്ഞു

കഴിഞ്ഞ വർഷം മുംബൈ നഗരത്തെ കരയിച്ച ചോരക്കുഞ്ഞിന്റെ കൊലപാതകം പനമ്പിള്ളി നഗറിലെ യുവതി അറിയാതെ അനുകരിക്കുകയായിരുന്നു. 2023 ജനുവരി 16ന് നവി മുംബൈ ഉണർന്നത് ഞെട്ടിക്കുന്ന വാർത്ത കേട്ടായിരുന്നു: ഫ്‌ളാറ്റിലെ ടോയ്‌ലറ്റിൽ പ്രസവിച്ച 19 കാരി, ചോരക്കുഞ്ഞിനെ തഴേക്കെറിഞ്ഞു കൊന്നു. ബന്ധുവിൽ നിന്ന് ഗർഭിണിയായതിന്റെ മാനഹാനി മറയ്ക്കാനായിരുന്നു ആ ക്രൂരകൃത്യം.
കാമുകനൊപ്പം ജീവിക്കാനും മാനഹാനി ഒഴിവാക്കാനും അമ്മമാർ കൺമണികളുടെ ജീവനെടുക്കുന്നു. സാമ്പത്തിക പ്രശ്‌നവും പ്രസവാനന്തര വിഷാദവും ഇത്തരം സംഭവങ്ങൾക്കു കാരണമാകാറുണ്ടെന്നത് വേറെ കാര്യം.

vachakam
vachakam
vachakam

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാട്രി പ്രൊഫസർ ഡോ.അരുൺ ബി.നായർ പറയുന്നതിങ്ങനെ: 'പ്രസവശേഷം ചിലരിൽ ഉറക്കമില്ലായ്മ, സങ്കടം, കുഞ്ഞ് മരിക്കുമെന്ന ചിന്ത എന്നിവയോടെ തീവ്രമായ വിഷാദമുണ്ടാവും. കുഞ്ഞ് അപകടകാരിയാണെന്ന ചിത്തഭ്രമം കാരണവും കുഞ്ഞിനെ ഇല്ലായ്മ ചെയ്ത സംഭവങ്ങൾ പലതുണ്ട് ' തിരുവനന്തപുരത്ത് പോത്തൻകോട്ട് 36ദിവസം മാത്രമായ ശ്രീദേവിനെ പെറ്റമ്മ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതിനു കാരണം വളർത്താൻ സാമ്പത്തികമില്ലെന്നതായിരുന്നു.

തിരുവല്ലയിൽ അവിവാഹിതയായ നീതു(20), മാനഹാനി ഭയന്ന് കുഞ്ഞിന്റെ മുഖത്ത് തുടർച്ചയായി വെള്ളമൊഴിച്ച് കൊലപ്പെടുത്തിയ സംഭവവും നാടിനെ നടുക്കത്തിലാഴ്ത്തി. 9 വയസുള്ള മകളെയും മാതാപിതാക്കളെയും വിഷംനൽകി കൊന്ന ശേഷമാണ് പിണറായിയിലെ സൗമ്യ ജയിലിൽ ജീവനൊടുക്കിയത്. അഞ്ചുതെങ്ങിലെ ജൂലി കുഞ്ഞിനെ പ്രസവിച്ചയുടൻ വീടിനടുത്ത് കുഴിച്ചിട്ടു. കടപ്പുറത്ത് തെരുവുനായ്ക്കൾ കടിച്ചുവലിച്ച നിലയിലായിരുന്നു മൃതദേഹം. കൊച്ചി എളമക്കരയിൽ അമ്മയും സുഹൃത്തും ചേർന്ന് ഒന്നരമാസമായ കുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തി. ഒരുമിച്ചുള്ള സൈ്വര ജീവിതത്തിന് കുട്ടി തടസമായെന്നതായിരുന്നു കാരണം. കണ്ണൂരിലെ ശരണ്യ ഒന്നര വയസുള്ള മകനെ കടലിലെറിഞ്ഞാണ് കൊലപ്പെടുത്തിയത്. ഭർത്താവിന്റെ കൂട്ടുകാരനൊപ്പം ജീവിക്കുകയായിരുന്നു ലക്ഷ്യം.

ഭർത്താവിനോടുള്ള വൈരാഗ്യം മൂത്ത് കാസർകോട്ടെ അമ്മ നവജാതശിശുവിനെ കൊലപ്പെടുത്തിയത് കഴുത്തിൽ ഇയർഫോണിന്റെ വയർ കുരുക്കി. കുഞ്ഞ് തുടർച്ചയായി കരഞ്ഞതിൽ പ്രകോപിതയായാണ് ഹരിപ്പാട്ടെ ദീപ്തി 48 ദിവസമായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞത്.

തേഞ്ഞിപ്പാലത്ത് മൂന്നര മാസമായ കുഞ്ഞിനെ അമ്മ അനീസ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ബദിയടുക്കയിൽ ഒന്നര വയസുകാരനെ അമ്മ കിണറ്റിലെറിയാൻ കാരണം കുടുംബവഴക്കായിരുന്നു. കുണ്ടറയിൽ മൂന്നര മാസമായ കുഞ്ഞിനെ അമ്മ ബക്കറ്റിൽ മുക്കി കൊന്ന സംഭവമുണ്ടായത് നാട് മറക്കാറായിട്ടില്ല.

ബാബു കദളിക്കാട്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam