കടക്കെണിയെങ്കിലും കലവറയിൽ കരുതലൊരുക്കം

MARCH 18, 2026, 8:27 AM

തോട്ടിൻകരയിൽ വിമാനമിറങ്ങാൻ താവളമുണ്ടാക്കാമെന്ന 'സ്ഥാനാർത്ഥി സാറാമ്മ 'യുടെ തെരഞ്ഞെടുപ്പു വാഗ്ദാനം മറികടന്ന് അതിവേഗ ട്രെയിൻ തലങ്ങും വിലങ്ങുമോടിക്കാമെന്ന് മോഹിപ്പിച്ചാലും വോട്ടർമാരെ പാട്ടിലാക്കാകാനാകില്ലെന്ന തിരിച്ചറിവോടെ പ്രകടന പത്രികയ്ക്ക് പകിട്ടേകാൻ രാഷ്ടീയകക്ഷികൾ കണ്ടെത്തുന്നത് ഭാവനാ പൂർണമായ കുറുക്കുവഴികൾ. പതിനാറാമത് കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും കഴിഞ്ഞാലുടനെ മുന്നണികൾ പുറത്തിറക്കുന്ന പ്രകടനപത്രികകളിൽ ഇക്കുറി നാടകീയത ജാസ്തിയാകുമെന്ന്, തിരുവനന്തപുരത്ത് നടത്തിയ പ്രഖ്യാപനങ്ങളിലൂടെ മുൻകൂട്ടി ഉറപ്പു വരുത്തി രാഹുൽ ഗാന്ധി. അതേ സമയം ബിഹാറിലെയും തമിഴ്‌നാട്ടിലെയും മാതൃകയിൽ വോട്ടർമാരെ മയക്കുന്ന വിസ്മയ ജനക തീരുമാനങ്ങൾക്ക് പിണറായി സർക്കാർ അവസാന മുഹൂർത്തങ്ങളിൽ മുതിരാത്തതിന്റെ ക്ഷീണം ഇടതു മുന്നണി ഏതു വിധം തീർക്കുമെന്നത് അറിയാനിരിക്കുന്നു.

കേരള ഭരണം തിരിച്ചു പിടിക്കാൻ കോൺഗ്രസ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന അഞ്ച് ഗ്യാരണ്ടികളുടെ പ്രഖ്യാപനമാണ് രാഹുൽ ഗാന്ധി നടത്തിയിരിക്കുന്നത്. അവയിൽ ഏറ്റവും ശ്രദ്ധേയം, സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്രയും സംസ്ഥാനത്തെ ഒരോ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെ പരിരക്ഷയുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും ആണ്. രണ്ടും രാജസ്ഥാനിലും കർണാടകത്തിലുമായി കോൺഗ്രസ് പരീക്ഷിച്ചത് തന്നെ.

രാജസ്ഥാനിലെ മുൻ കോൺഗ്രസ് സർക്കാർ (അശോക് ഗെലോട്ട് മന്ത്രിസഭ) 2021ൽ നടപ്പിലാക്കിയ വിപ്ലവകരമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് മുഖ്യമന്ത്രി ചിരഞ്ജീവി സ്വാസ്ഥ്യ ബീമാ യോജന. ഒരോ കുടുംബത്തിനും പ്രതിവർഷം 25 ലക്ഷം രൂപ വരെയുള്ള ചികിത്സാ സഹായം ഈ പദ്ധതിയിലൂടെ ഉറപ്പാക്കുന്നു. പാവപ്പെട്ട കുടുംബങ്ങൾ, ചെറുകിട കർഷകർ, കരാർ തൊഴിലാളികൾ എന്നിവർക്ക് പ്രീമിയം തുക പൂർണമായും സർക്കാർ അടയ്ക്കും.

vachakam
vachakam
vachakam

പദ്ധതിയിൽ ഉൾപ്പെടാത്ത മറ്റ് കുടുംബങ്ങൾക്ക് പ്രതിവർഷം വെറും 850 രൂപ പ്രീമിയം അടച്ച് ഈ ഇൻഷുറൻസ് പരിരക്ഷ സ്വന്തമാക്കാം. ഇതിന്റെ ബാക്കി 50 ശതമാനം തുക സർക്കാർ സബ്‌സിഡിയായി നൽകുന്നു. 1,700ലധികം ചികിത്സാ പക്കേജുകൾ ഇതിൽ ഉൾപ്പെടുന്നു. അവയവ മാറ്റിവെക്കൽ, ക്യാൻസർ ചികിത്സ തുടങ്ങിയ ചെലവേറിയ ചികിത്സകളും ഇതിന്റെ പരിധിയിൽ വരും. ഇതിനോടൊപ്പം 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ഗുണഭോക്താക്കൾക്ക് ലഭിക്കുന്നു.

രാജസ്ഥാനിൽ ഭരണം മാറിയതോടെ ഈ പദ്ധതി ഇപ്പോൾ 'മുഖ്യമന്ത്രി ആയുഷ്മാൻ ആരോഗ്യ യോജന' എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും കേന്ദ്ര പദ്ധതിയായ ആയുഷ്മാൻ ഭാരതുമായി സംയോജിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ നിലവിലുള്ള 'മെഡിസെപ്പ്' പദ്ധതിയിൽ അഞ്ച് ലക്ഷം രൂപയാണ് പരിരക്ഷ. എന്നാൽ 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് എന്നത് ചികിത്സാ ചെലവ് കുതിച്ചുയരുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് വലിയ ആശ്വാസമാകും. മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കാൻ ഈ പുതിയ മോഡലിന് കഴിഞ്ഞാൽ അത് വലിയ വിജയമാകുമെന്നാണ് പൊതുനിരീക്ഷണം.

സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ കടബാധ്യതയും സാമ്പത്തിക പ്രതിസന്ധിയും പരിഗണിക്കുമ്പോൾ 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഒരോ കുടുംബത്തിനും നൽകുക എന്നത് സ്വപ്‌നം മാത്രമല്ലേയെന്ന സംശയവുമുണരുന്നുണ്ട്. കോടിക്കണക്കിന് രൂപ പ്രീമിയം ഇനത്തിൽ സർക്കാർ ഇൻഷുറൻസ് കമ്പനികൾക്ക് നൽകേണ്ടി വരും. ചിരഞ്ജീവി മോഡൽ വിജയിക്കണമെങ്കിൽ പ്രമുഖ സ്വകാര്യ ആശുപത്രികൾ പദ്ധതിയുമായി സഹകരിക്കണം. മെഡിസെപ്പിൽ നിലവിൽ പല ആശുപത്രികളും ചികിത്സാ നിരക്ക് കുറവാണെന്ന കാരണത്താൽ വിട്ടുനിൽക്കുന്നുണ്ട്. സർക്കാർ നൽകുന്ന പക്കേജ് നിരക്കുകൾ ആശുപത്രികൾക്ക് മുതലാകുക മിക്കവാറും അസാധ്യം. മുൻപ് ഉമ്മൻ ചാണ്ടി സർക്കാർ നടപ്പിലാക്കിയ കാരുണ്യ ബെനവലന്റ് ഫണ്ട് ലോട്ടറി വരുമാനം ഉപയോഗിച്ചാണ് പ്രവർത്തിച്ചിരുന്നത്. സമാനമായ രീതിയിൽ പ്രത്യേക ഫണ്ട് സമാഹരിക്കാൻ കഴിഞ്ഞാൽ ഈ പുതിയ പദ്ധതിയും വിജയിപ്പിക്കാൻ സാധിക്കും. ഇൻഷുറൻസ് കമ്പനികളെ മാത്രം ആശ്രയിക്കാതെ സർക്കാർ നേരിട്ട് പണം നൽകുന്ന രീതി പരീക്ഷിക്കുന്നത് പ്രയോഗികമയേക്കാം.

vachakam
vachakam
vachakam

കർണാടകയിൽ കോൺഗ്രസിന്റെ സിദ്ധരാമയ്യ സർക്കാർ നടപ്പിലാക്കിയ 'ശക്തി' പദ്ധതി പ്രകാരം സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാനാകുന്നുണ്ട്. ഇതിനകം തന്നെ 500 കോടിയിലധികം ടിക്കറ്റുകൾ ഈ പദ്ധതിക്ക് കീഴിൽ വിതരണം ചെയ്യപ്പെട്ടു കഴിഞ്ഞു. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 23 ശതമാനം വർധിപ്പിക്കാൻ ഇത് സഹായിച്ചുവെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, മറുവശത്ത് ഗതാഗത കോർപ്പറേഷനുകൾ കടുത്ത പ്രതിസന്ധിയിലാണെന്നത് വേറെ കാര്യം.

ഗതാഗത കോർപ്പറേഷനുകൾക്ക് സർക്കാർ നൽകേണ്ട കുടിശ്ശിക ആയിരക്കണക്കിന് കോടി രൂപയായി വർധിച്ചിരിക്കുന്നു. 2025 ഡിസംബറിലെ കണക്കുകൾ പ്രകാരം, നാല് ഗതാഗത കോർപ്പറേഷനുകൾക്കായി ഏകദേശം 4,000 കോടി രൂപയാണ് സർക്കാർ നൽകാനുള്ളത്. ശമ്പളം നൽകാനും ബസുകളുടെ അറ്റകുറ്റപ്പണികൾക്കും പണമില്ലാതെ ഈ സ്ഥാപനങ്ങൾ വലയുന്നു. പലപ്പോഴും ബസ് ജീവനക്കാർ സ്ത്രീകൾക്ക് ടിക്കറ്റ് നൽകുന്നതിലോ ബസ് നിർത്തുന്നതിലോ വിമുഖത കാണിക്കുന്ന സാഹചര്യം വരെയുണ്ടായി. സമാന പദ്ധതി കേരളത്തിൽ നടപ്പിലാക്കുമ്പോൾ പെൻഷനും ശമ്പളവും പോലും കൃത്യമായി നൽകാൻ കഴിയാത്ത കെ.എസ്.ആർ.ടി.സിയെ കൂടുതൽ തളർത്തുമെന്ന ആശങ്ക മന്ത്രി തന്നെ പ്രകടിപ്പിച്ചു കഴിഞ്ഞു.

കോടതി വിരട്ടി തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികൾ പ്രഖ്യാപിക്കുന്ന സൗജന്യങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ സുപ്രീം കോടതി വിമർശനമുന്നയിച്ചിരുന്നു. തമിഴ്‌നാട് സർക്കാരിന്റെ സൗജന്യ വിതരണ നയത്തെ ചോദ്യം ചെയ്ത കോടതി, ഇത് രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെ ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പ് നൽകാനും മുതിർന്നു. 'സൗജന്യ ഭക്ഷണം, സൗജന്യ വൈദ്യുതി, സൗജന്യ സൈക്കിൾ...

vachakam
vachakam
vachakam

ഇങ്ങനെയുള്ള വിതരണത്തിലൂടെ എന്തുതരം സംസ്‌കാരമാണ് നിങ്ങൾ വളർത്തിയെടുക്കുന്നത്?' എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തമിഴ്‌നാട് സർക്കാരിനോട് ചോദിച്ചു. ക്ഷേമപദ്ധതികളുടെ ഭാഗമായി പാവപ്പെട്ടവർക്ക് സഹായം നൽകുന്നത് മനസിലാക്കാമെന്നും എന്നാൽ സാമ്പത്തിക ശേഷിയുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാതെ എല്ലാവർക്കും സൗജന്യങ്ങൾ നൽകുന്നത് വെറും പ്രീണന നയമാണെന്നും കോടതി നിരീക്ഷിച്ചു. 2024ലെ ഇലക്ട്രിസിറ്റി ഭേദഗതി ചട്ടങ്ങളിലെ 23ാം വകുപ്പിനെതിരെ തമിഴ്‌നാട് പവർ ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കവേ ആയിരുന്നു ചീഫ് ജസ്റ്റിസിന്റെ ഈ പരാമർശങ്ങൾ.

നികുതിദായകരുടെ പണം ഉപയോഗിച്ച് നടത്തുന്ന ഇത്തരം വിതരണങ്ങൾ വോട്ടർമാരെ സ്വാധീനിക്കാനുള്ള അടവാണെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. ഈ പ്രശ്‌നം തമിഴ്‌നാടിന്റേത് മാത്രമല്ലെന്നും ഇന്ത്യയിലുടനീളം പടരുന്ന ഈ പ്രവണത ഗൗരവകരമാണെന്നും ബെഞ്ച് വ്യക്തമാക്കി. വികസന പദ്ധതികൾക്കായി വിനിയോഗിക്കേണ്ട തുക ഇത്തരം സൗജന്യങ്ങൾക്കായി ഉപയോഗിക്കുന്നത് രാജ്യത്തിന്റെ പുരോഗതിയെ പിന്നോട്ടടിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനാപരമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന് രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ പ്രത്യയശാസ്ത്രങ്ങൾ പുനഃപരിശോധിക്കണം.

ഇത്തരം 'പോപ്പുലിസ്റ്റ്' നയങ്ങൾ എത്രകാലം തുടരുമെന്ന് കോടതി ചോദിച്ചു. ഇതിനിടെ, കോൺഗ്രസ് മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ വോട്ടർമാരെ എത്രത്തോളം സ്വാധീനിക്കും എന്ന അന്വേഷണവുമായി പ്രമുഖ വാർത്താ ചാനൽ നടത്തിയ സർവേയിലെ കണ്ടെത്തൽ പാർട്ടിക്ക് പ്രതീക്ഷ പകരുന്ന തരത്തിലുള്ളതാണ്. ഭൂരിപക്ഷം പേരും അത് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്നാണ് അഭിപ്രായപ്പെട്ടത് 57.9 ശതമാനം. 35.9 ശതമാനം പേർ ഈ വാഗ്ദാനങ്ങൾ വോട്ടിൽ വലിയ സ്വാധീനം ചെലുത്തില്ലെന്ന് വ്യക്തമാക്കി. 6.2 ശതമാനം പേർക്ക് ഇതുസംബന്ധിച്ച് വ്യക്തമായ അഭിപ്രായമില്ലെന്നും സർവേ വ്യക്തമാക്കുന്നു.

വിരമിച്ച ന്യായാധിപർ ഔദ്യോഗിക പദവികൾ സ്വീകരിക്കുന്നതിനെതിരേ രൂക്ഷവിമർശനമുയരാറുണ്ട് ഇന്ത്യയിലുടനീളം. തങ്ങളുടെ ന്യായാധിപ കരിയറിൽ പുറപ്പെടുവിച്ച വിധികളെ സംശയനിഴലിലാഴ്ത്തുംവിധം അഡ്ജസ്റ്റുമെന്റുകൾക്ക് ന്യായാധിപർ തയാറായിട്ടുണ്ടാകാമെന്ന തോന്നൽ പൊതുസമൂഹത്തിൽ സൃഷ്ടിക്കപ്പെടരുതെന്ന് കരുതിയാണ് അത്തരമൊരു ജാഗ്രത ഇന്ത്യൻ ജനാധിപത്യം പുലർത്തുന്നത്. സീസറുടെ ഭാര്യ സംശയാതീതയായിരിക്കണമെന്നത് നീതിന്യായവ്യവസ്ഥിതിയിലെ ലോകാംഗീകൃത തത്ത്വവുമാണ്.

തെരഞ്ഞെടുപ്പ് പടിവാതിലിലെത്തിനിൽക്കുമ്പോൾ പ്രഖ്യാപിക്കപ്പെടുന്ന 'സൗജന്യരാഷ്ട്രീയ'ത്തോടും ന്യായാധിപരുടെ കാര്യത്തിൽ പുലർത്തുന്ന ജാഗ്രതാപൂർണമായ സമീപനം സമ്മതിദായകർസ്വീകരിക്കേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം അധികാരത്തിലിരിക്കുന്നവരുടെ വെറുമൊരു നേരമ്പോക്കായി ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറയായ തെരഞ്ഞെടുപ്പുകൾ മാറാനിടയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ബാബു കദളിക്കാട്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam