പ്രണയപ്പകയിൽ കഴുത്തറുത്ത് കൊന്നു; വിഷ്ണുപ്രിയ വധത്തിൽ വിധി ഇന്ന് (മേയ് 8)

MAY 8, 2024, 10:35 AM

കണ്ണൂർ: പാനൂരിലെ വിഷ്ണുപ്രിയയെ യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന് മേയ് 8). തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക. പ്രണയപ്പകയെ തുടർന്നാണ് 22കാരിയായ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത്. സുഹൃത്ത് മാനന്തേരി സ്വദേശി ശ്യാംജിത്ത് വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു വെന്നാണ് കേസ്.

2022 ഒക്ടോബർ 22നായിരുന്നു പാനൂർ വള്ള്യായിലെ കണ്ണച്ചാകണ്ടി വീട്ടിൽ വിനോദിന്റെ മകൾ വിഷ്ണുപ്രിയയെ (23) പകൽ 12 മണിയോടെ വീട്ടിലെ കിടപ്പ് മുറിയിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. സംഭവത്തിൽ മണിക്കൂറുകൾക്കകം മാനന്തേരിയിലെ താഴെകളത്തിൽ എ ശ്യാംജിത്തിനെ (25) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രണയം നിരസിച്ചയിലുള്ള പകയാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.

വിഷ്ണുപ്രിയ തനിച്ച് വീട്ടിൽ നിന്ന് ആൺ സുഹൃത്തായ പൊന്നാനി പനമ്പാടിയിലെ വിപിൻ രാജുമായി വീഡിയോ കോൾ വഴി സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ശ്യാംജിത്ത് വീട്ടിൽ അതിക്രമിച്ച് കടന്ന് കൊലപ്പെടുത്തുകയായിരുന്നു. ശ്യാംജിത്ത് വീട്ടിലെത്തിയ കാര്യം വിഷ്ണു പ്രിയ വിപിൻ രാജിനോട് ഫോണിൽ പറഞ്ഞിരുന്നു. ഇത് കേസിൽ നിർണായകമായി. പാനൂരിൽ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്നു വിഷ്ണുപ്രിയ.

vachakam
vachakam
vachakam

പ്രതി വിഷ്ണുപ്രിയയുടെ വീട്ടിൽ കൃത്യം നടത്താനായി എത്തിയ ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്ത് തൊണ്ടിമുതലായി കണക്കാക്കി വിചാരണ കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു. ബന്ധു വീട്ടിലായിരുന്ന വിഷ്ണു പ്രിയ വസ്ത്രം മാറാനായി തനിച്ച് വീട്ടിലെത്തിയതായിരുന്നു. ആ സമയത്താണ് ദാരുണമായ കൊലപാതകം നടക്കുന്നത്. കുറെ സമയം കഴിഞ്ഞിട്ടും മകളെ കാണാത്തതിനാൽ അന്വേഷിച്ചു വന്ന അമ്മയാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന വിഷ്ണുപിയയെ ആദ്യം കണ്ടത്.

2023 സെപ്തംബർ 21നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കേസിൽ ആകെ 73 സാക്ഷികളാണുള്ളത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ, ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയാണ് പൊലീസ് അന്വേഷണം നടത്തിയത്. ബാഗിൽ മാരകായുധങ്ങളുമായി എത്തിയാണ് ശ്യാംജിത്ത് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത്. ചുറ്റിക കൊണ്ട് തലക്കടിച്ച് രണ്ടു കൈകൾക്കും പരിക്കേൽപ്പിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ ശ്യാംജിത്ത് അന്നു മുതൽ ജുഡിഷ്യൽ കസ്റ്റഡിയിലാണ്.

യാതൊരുവിധ കുറ്റബോധവുമില്ലാതെയാണ് പിടിയിലായപ്പോഴും ശ്യാംജിത്ത് പ്രതികരിച്ചതെന്ന് ശ്രദ്ധേയമായിരുന്നു. തനിക്ക് 25 വയസ്സേ ആയിട്ടുള്ളൂ. 14 വർഷത്തെ ശിക്ഷയല്ലെ. അത് ഗൂഗിളിൽ കണ്ടിട്ടുണ്ട്. 39 വയസ്സാകുമ്പോൾ ശിക്ഷ കഴിഞ്ഞിറങ്ങാം. തനിക്കൊന്നും നഷ്ടപ്പെടാനില്ല എന്നായിരുന്നു അന്ന് ശ്യാം ജിത്തിന്റെ പ്രതികരണം. ഇത് ഏറെ വിവാദമായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam