പോളിങ് 62.37%: ആദ്യഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി

APRIL 20, 2024, 5:43 AM

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 62.37 ശതമാനം പോളിങ്. 102 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണപ്രദേശങ്ങളിലെയും മണ്ഡലങ്ങളാണ് വിധിയെഴുതിയത്. കൂടുതല്‍ പോളിങ് നടന്നത് ത്രിപുരയിലാണ്-80.17 ശതമാനം, കുറവ് ബിഹാറിലും-48.50 ശതമാനം.

കിഴക്കന്‍ നാഗാലാന്‍ഡിലെ ആറ് ജില്ലയില്‍ വോട്ടര്‍മാര്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. 738 പോളിങ് സ്റ്റേഷനിലെ നാലുലക്ഷത്തിലേറെ വോട്ടര്‍മാര്‍ വോട്ടുചെയ്യാന്‍ എത്തിയില്ല. ഈസ്റ്റേണ്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയുടെ ആഹ്വാനപ്രകാരമായിരുന്നു ബഹിഷ്‌കരണം. അതേസമയം ഛത്തീസ്ഗഢിലെ മാവോവാദി മേഖലയായ ബസ്തറിലുള്ള 56 ഗ്രാമങ്ങളും ഗ്രേറ്റ് നിക്കോബാറിലെ ഷോംപെന്‍ ഗോത്രവും ആദ്യമായി ഇക്കുറി വോട്ടെടുപ്പില്‍ പങ്കെടുത്തു.

16.63 കോടി വോട്ടര്‍മാരാണ് വെള്ളിയാഴ്ച വോട്ട് രേഖപ്പെടുത്തിയത്. രണ്ട് ലക്ഷത്തോളം പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിരുന്നു. തമിഴ്നാട്ടിലെ മുഴുവന്‍ മണ്ഡലവും (39) ആദ്യഘട്ടത്തില്‍ വിധിയെഴുതി. ഏഴുഘട്ടമായുള്ള തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് വെള്ളിയാഴ്ച നടന്നത്. അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും നടന്നു.

പശ്ചിമ ബംഗാളിലും മണിപ്പുരിലും പോളിങ്ങിനിടെ ഒറ്റപ്പെട്ട അക്രമ സംഭവങ്ങളുണ്ടായി. വടക്കന്‍ ബംഗാളിലെ കൂച്ച് ബിഹാറില്‍ തൃണമൂല്‍-ബി.ജെ.പി. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. മണിപ്പുരിലെ ബിഷ്ണുപുരില്‍ പോളിങ് സ്റ്റേഷനുസമീപം വെടിവെപ്പുണ്ടായി. ഇംഫാല്‍ ജില്ലയില്‍ പോളിങ് സ്റ്റേഷന്‍ അജ്ഞാതര്‍ ആക്രമിച്ചുതകര്‍ത്തു. ഛത്തീസ്ഗഢിലെ മാവോവാദി മേഖലയായ ബിജാപുരില്‍ തിരഞ്ഞെടുപ്പ് ജോലിക്കിടയില്‍ ഷെല്‍ പൊട്ടിത്തെറിച്ച് ഒരു സി.ആര്‍.പി.എഫ്. ജവാന് പരിക്കേറ്റു.

മോദി സര്‍ക്കാരിലെ ഒന്‍പത് മന്ത്രിമാര്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടി. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam