ലണ്ടന്‍: അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റത്തില്‍ പ്രതിഷേധിച്ച് ഇസ്രയേലിനെതിരെ ശക്തമായ സാമ്പത്തിക ഉപരോധ നീക്കങ്ങളുമായി യുകെയും വിവിധ യൂറോപ്യന്‍ രാജ്യങ്ങളും രംഗത്ത്. വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ കുടിയേറ്റ മേഖലകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വ്യാപാരം നിരോധിക്കാനും, അധിനിവേശ പ്രദേശങ്ങളിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് സഹായം നല്‍കുന്ന കമ്പനികള്‍ക്കെതിരെ സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുമാണ് യുകെ ലക്ഷ്യമിടുന്നത്. ഉപരോധത്തിന്റെ സാമ്പത്തിക ആഘാതം പരിമിതമാണെങ്കിലും അന്താരാഷ്ട്ര തലത്തില്‍ ഇതിന്റെ രാഷ്ട്രീയ പ്രാധാന്യം വളരെ വലുതാണ്.
കിഴക്കന്‍ ജറുസലേമിലെ ഇ വണ്‍ (E1) പ്രദേശത്ത് 1,200 ഓളം കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കുന്നതിനായി ഇസ്രയേല്‍ അടുത്തിടെ ടെന്‍ഡറുകള്‍ ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേലിനെതിരെ ശക്തമായ നടപടികളുമായി യൂറോപ്യന്‍ രാജ്യങ്ങള്‍ മുന്നോട്ടുവന്നത്. യുകെയ്ക്ക് പുറമേ നിരവധി യൂറോപ്യന്‍ രാജ്യങ്ങളും സമാനമായ സാമ്പത്തിക ഉപരോധങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഡച്ച് സര്‍ക്കാരിന്റെ നിരോധനം സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും. കൂടാതെ അയര്‍ലന്‍ഡ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളും ഉപരോധ നീക്കങ്ങളുമായി മുന്നോട്ടു പോകുകയാണ്. കഴിഞ്ഞ വര്‍ഷം ഉപരോധം ഏര്‍പ്പെടുത്തിയ സ്‌പെയിന്‍, പിന്നീട് ഇസ്രയേലിന് മേല്‍ പൂര്‍ണ്ണമായ ആയുധ ഉപരോധം പ്രഖ്യാപിച്ച് നടപടികള്‍ കൂടുതല്‍ കടുപ്പിച്ചിരുന്നു.
ഇസ്രയേലിനെതിരെ കൂടുതല്‍ യോജിച്ചുള്ള കൂട്ടായ നടപടികള്‍ സ്വീകരിക്കണമെന്ന് ഫ്രാന്‍സും സ്വീഡനും യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ ഇതിനുള്ള പിന്തുണ വര്‍ദ്ധിച്ചു വരുന്നുണ്ടെങ്കിലും ജര്‍മനി, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങള്‍ നിലവില്‍ ഇസ്രയേലിനെതിരായ നീക്കങ്ങളെ എതിര്‍ക്കുകയാണ്. ഇസ്രയേലിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ യൂറോപ്യന്‍ യൂണിയന്റെ വ്യാപാര നയം രാജ്യത്തിന് വളരെ നിര്‍ണായകമാണ്.
ഇസ്രയേല്‍ കഴിഞ്ഞ വര്‍ഷം നടത്തിയ മൊത്തം ചരക്കു വ്യാപാരത്തിന്റെ 31.7 ശതമാനവും യൂറോപ്യന്‍ യൂണിയനുമായിട്ടായിരുന്നു എന്നതിനാല്‍ ഈ ഉപരോധ നീക്കങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
