വിൻഡ്‌സർ: അംബാസഡർ ബ്രിഡ്ജ് ഉടമകളും വിൻഡ്‌സർ നഗരസഭയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നതായി മേയർ ഡ്രൂ ഡിൽകെൻസ്. ഗോർഡി ഹൗ ഇന്റർനാഷണൽ ബ്രിഡ്ജിനെതിരെ (Gordie Howe International Bridge) അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയതിന് പിന്നിൽ അംബാസഡർ ബ്രിഡ്ജ് ഉടമകളുടെ സമ്മർദ്ദമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണിത്.
മൊറൂണുമായി വ്യക്തിപരമായി നല്ല ബന്ധമാണുള്ളതെങ്കിലും നഗരത്തിന്റെ വികസന കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ വലിയ പ്രതിസന്ധികൾ നേരിടുന്നുണ്ടെന്ന് ഡിൽകെൻസ് പറഞ്ഞു. "പലപ്പോഴും ഒരടി മുന്നോട്ട് വെക്കുമ്പോൾ രണ്ടടി പിന്നോട്ട് പോകുന്ന അവസ്ഥയാണ്. ചില കാര്യങ്ങളിൽ ധാരണയിലെത്തി എന്ന് കരുതുമ്പോഴേക്കും അത് തകരും. ഇത് ദശാബ്ദങ്ങളായുള്ള പ്രതിസന്ധിയാണ്," അദ്ദേഹം വ്യക്തമാക്കി.
അംബാസഡർ ബ്രിഡ്ജ് ഉടമ മാത്യു മൊറൂൺ യുഎസ് കൊമേഴ്‌സ് സെക്രട്ടറി ഹൊവാർഡ് ലുട്‌നിക്കുമായി ചർച്ച നടത്തിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ്, ഗോർഡി ഹൗ പാലത്തിന്റെ പകുതി ഉടമസ്ഥാവകാശം അമേരിക്കയ്ക്ക് ലഭിക്കാതെ പാലം തുറക്കാൻ അനുവദിക്കില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. മൊറൂണും ലുട്‌നിക്കും ശതകോടീശ്വരന്മാരായ സുഹൃത്തുക്കളാണെന്ന് വിശേഷിപ്പിച്ച മേയർ ഡിൽകെൻസ്, ഒരു അന്താരാഷ്ട്ര പാത സ്വകാര്യ വ്യക്തികളുടെ കയ്യിലിരിക്കുന്നത് ഇത്തരം സങ്കീർണ്ണമായ സാഹചര്യങ്ങൾ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി.
നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഗോർഡി ഹൗ ഇന്റർനാഷണൽ ബ്രിഡ്ജ് യാഥാർത്ഥ്യമായാൽ അംബാസഡർ പാലത്തിലെ ട്രാഫിക് ഗണ്യമായി കുറയുമെന്നതാണ് മൊറൂൺ കുടുംബത്തെ പ്രകോപിപ്പിക്കുന്നത്. വിൻഡ്‌സറിനും ഡെട്രോയിറ്റിനും ഇടയിൽ പ്രതിദിനം ഏകദേശം 400 മില്യൺ ഡോളറിന്റെ വ്യാപാരമാണ് അംബാസഡർ പാലം വഴി നടക്കുന്നത്.
വടക്കേ അമേരിക്കയിലെ തന്നെ ഏറ്റവും തിരക്കേറിയ അതിർത്തി കടപ്പാണിതെന്നാണ് കമ്പനിയുടെ അവകാശവാദം. വ്യാപാര മേഖലയിലെ ഈ കുത്തക നിലനിർത്താനായി ഗോർഡി ഹൗ പാലത്തിന്റെ നിർമ്മാണം തടയാൻ കമ്പനി കാലങ്ങളായി ശ്രമിച്ചുവരികയാണ്. കാനഡയെയും അമേരിക്കയെയും ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ നിർമ്മാണത്തെയും ഉദ്ഘാടനത്തെയും ട്രംപിന്റെ നിലപാട് എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് അധികൃതർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
