ബെല്ലാ കൂള (കാനഡ): കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ അമ്മയുടെയും മകളുടെയും മരണത്തിനിടയാക്കിയ ക്രൂരമായ ആക്രമണത്തിന് പിന്നില്‍ നാല് ഗ്രിസ്ലി കരടികളാണെന്ന് ഡിഎന്‍എ ഫോറന്‍സിക് പരിശോധനയിലൂടെ തെളിഞ്ഞു. ബ്രിട്ടീഷ് കൊളംബിയ കണ്‍സര്‍വേഷന്‍ ഓഫീസര്‍ സര്‍വീസ് നടത്തിയ പരിശോധനയിലാണ് ഒരു തള്ളക്കരടിയും അതിന്റെ മൂന്ന് കുഞ്ഞുങ്ങളുമാണ് ഈ മരണത്തിന് പിന്നിലെന്ന് വ്യക്തമായത്. ഇതിനെത്തുടര്‍ന്ന് പൊതുജനസുരക്ഷ മുന്‍നിര്‍ത്തി ഈ നാല് കരടികളെയും വന്യജീവി സംഘം പിടികൂടി വെടിവെച്ചുകൊല്ലുകയായിരുന്നു.
കാനഡയിലെ ബെല്ലാ കൂളയ്ക്ക് സമീപമുള്ള സ്‌നൂക്ക വെസ്റ്റ് ട്രെയിയില്‍ വൈകുന്നേരം നടക്കാനിറങ്ങിയ 48 കാരിയായ ആര്‍ട്ട് തെറാപ്പിസ്റ്റ് ജെന്നിഫര്‍ ബാള്‍ക്കറാസ്, ഇവരുടെ 20 കാരിയായ മകള്‍ സെലാ റീഡ് എന്നിവരാണ് മരണപ്പെട്ടത്. നിശ്ചിത സമയത്തെ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ ജെന്നിഫര്‍ പങ്കടുക്കാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലില്‍ നവംബര്‍ 2-ന് ജെന്നിഫറിന്റെയും നവംബര്‍ 3-ന് സെലായുടെയും മൃതദേഹങ്ങള്‍ വനമേഖലയില്‍ നിന്ന് കണ്ടെത്തി.
കരടികളുടെ ഭാഗത്തുനിന്നുണ്ടായ അപൂര്‍വ്വമായ ഇരപിടിയന്‍ സ്വഭാവമാണ് ആക്രമണത്തിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. മുന്‍ വര്‍ഷം പ്രദേശത്ത് ഒരു സ്‌കൂള്‍ സംഘത്തിന് നേരെ നടന്ന കരടി ആക്രമണവുമായി ഈ നാല് കരടികള്‍ക്ക് ബന്ധമില്ലെന്നും ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പ്രദേശം ഉള്‍പ്പെടുന്ന ബെല്ലാ കൂള സമൂഹത്തിനും കുടുംബങ്ങള്‍ക്കും കനത്ത ആഘാതമുണ്ടാക്കിയ സംഭവത്തില്‍ കരടികളെ തിരിച്ചറിഞ്ഞത് ബന്ധുക്കള്‍ക്ക് ആശ്വാസമാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇത്തരം അപൂര്‍വ്വ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വനാതിര്‍ത്തികളില്‍ യാത്ര ചെയ്യുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും വളര്‍ത്തുമൃഗങ്ങളെ ശ്രദ്ധിക്കാനും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
