ഒട്ടാവ: ആഗോള ഊർജ്ജ വിപണിയിൽ തങ്ങളുടെ സ്വാധീനം ശക്തമാക്കാനും സ്വന്തം സമ്പദ്‌വ്യവസ്ഥയെ കൂടുതൽ സ്വയംപര്യാപ്തമാക്കാനുമുള്ള വൻ നീക്കവുമായി കാനഡ. ജർമ്മൻ കമ്പനിയായ 'യൂണിപ്പർ SE' യുമായി കാനഡയിലെ 'ക്സി ലിസിംസ് എൽഎൻജി' ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
വർഷത്തിൽ 20 ലക്ഷം ടൺ ദ്രവീകൃത പ്രകൃതിവാതകം (LNG) 20 വർഷത്തേക്ക് നൽകുന്നതാണ് ഈ ചരിത്രപരമായ കരാർ. 2032 മുതൽ വിതരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാനഡ ഊർജ്ജ - പ്രകൃതിവിഭവ മന്ത്രി ടിം ഹോഡ്ജ്സണിന് വേണ്ടി വെറ്ററൻസ് അഫയേഴ്‌സ് മന്ത്രി ജിൽ മക്കിനൈറ്റ് ആണ് ഈ പ്രഖ്യാപനം നടത്തിയത്. ഈ വിതരണം ജർമ്മനി, യുകെ, സ്വീഡൻ, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനം ചെയ്യും.
പതിറ്റാണ്ടുകളായി തങ്ങളുടെ പ്രകൃതിവാതക കയറ്റുമതിക്കായി അമേരിക്കയെ മാത്രം ആശ്രയിച്ചിരുന്ന കാനഡയ്ക്ക്, യൂറോപ്യൻ രാജ്യങ്ങളുമായുള്ള ഈ ബന്ധം വലിയ സാമ്പത്തിക സുരക്ഷിതത്വവും തൊഴിലവസരങ്ങളും നൽകും.
നിസ്ഗ നാഷന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന 30 ബില്യൺ ഡോളറിന്റെ (ഏകദേശം 2.5 ലക്ഷം കോടി രൂപ) ഈ പദ്ധതി, കാനഡയിലെ രണ്ടാമത്തെ വലിയ എൽഎൻജി പ്ലാന്റാണ്. ആഗോള ശരാശരിയേക്കാൾ 94 ശതമാനം കുറഞ്ഞ കാർബൺ പുറന്തള്ളലോടെയായിരിക്കും ഈ പ്ലാന്റ് പ്രവർത്തിക്കുക.
പദ്ധതി പൂർത്തിയാകുന്നതോടെ ബ്രിട്ടീഷ് കൊളംബിയയിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും കാനഡയുടെ ജിഡിപിയിലേക്ക് ഏകദേശം 15 ബില്യൺ ഡോളറിന്റെ സംഭാവന ലഭിക്കുകയും ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
