ഉമ്മൻചാണ്ടിയും മറിയാമ്മയും വിവാഹിതരായിട്ട് ഏറെ ആയില്ല. ഒരുദിവസം രാവിലെ പത്രത്തിൽ ഒരു വാർത്ത. അത് കണ്ടപ്പോൾ മറിയാമ്മ ഞെട്ടി. അതിന്റെ തലക്കെട്ട് ഇങ്ങനെയാണ്. മന്ത്രിയുടെ കുശിനിക്കാരന് ലോക്കപ്പിൽ കഞ്ഞി. തുടർന്ന് വായിച്ചപ്പോഴല്ലേ ആൾ തങ്ങളുടെ തന്നെ കുശിനിക്കാരൻ ആണെന്ന് മനസ്സിലായത്. പത്രവുമായി മറിയാമ്മ ഉമ്മൻചാണ്ടിയുടെ മുന്നിലേക്ക് ഓടി. വാർത്ത കാണിച്ചു കൊടുത്തു. അത് വായിച്ചു കൊണ്ടിരിക്കുമ്പോഴേക്കും പോലീസ് സ്റ്റേഷനിൽ നിന്ന് വിളി വന്നു.
മന്ത്രിയായ ഉമ്മൻചാണ്ടിയുടെയും മറിയാമ്മയുടെയും വിവാഹത്തിനുശേഷം അവർ പുതുപ്പള്ളിയിലേക്കാണ് ആദ്യം പോയത്. അവിടെനിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുമ്പോൾ ഉമ്മൻചാണ്ടി അമ്മയെയും കൂട്ടി. ക്ലിപ്പ്ഹൗസ് കോമ്പൗണ്ടിലെ പ്രശാന്ത് ആണ് ഉമ്മൻചാണ്ടിയുടെ ഔദ്യോഗിക വസതി.
മറിയാമ്മയെ മറിയാമ്മയുടെ വീട്ടുകാർ വിളിക്കുന്നത് ബാവ എന്നായിരുന്നു. അതുതന്നെ ഉമ്മൻചാണ്ടിയും വിളിക്കാൻ തുടങ്ങി. മന്ത്രി മന്ദിരത്തിലെ മറിയാമ്മയുടെ ജീവിതം അത് അവർക്ക് തികച്ചും പുതിയൊരു അനുഭവമായിരുന്നു. ആദ്യ നാളുകളിൽ അമ്മായിയമ്മ ഉണ്ടായിരുന്നതുകൊണ്ട് കാര്യങ്ങൾ എളുപ്പമായി. കുടുംബ കാര്യങ്ങളിൽ അല്പം പോലും ശ്രദ്ധ കൊടുക്കാൻ ഉമ്മൻചാണ്ടിക്ക് കഴിഞ്ഞിരുന്നില്ല. അതിൽ ആദ്യമൊക്കെ മറിയാമ്മയ്ക്ക് തെല്ല് പരിഭവം ഉണ്ടായിരുന്നെങ്കിലും പിന്നീട് ആ ജീവിതവുമായി പൊരുത്തപ്പെട്ടു.
ഉമ്മൻചാണ്ടിക്ക് അദ്ദേഹത്തിന്റെ
ഓഫീസിലും വീട്ടിലും മിടുക്കരായ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ ഉണ്ടായിരുന്നു.
യൂത്ത് കോൺഗ്രസിൽ ഉമ്മൻചാണ്ടി പ്രവർത്തിച്ചുകൊണ്ടിരുന്ന കാലം മുതൽ
കൂടെയുണ്ടായിരുന്ന വ്യക്തിയാണ് എം.സി. മാത്യു എന്ന തിരുവാർപ്പ് മാത്യു.
എറണാകുളത്തുകാരൻ എ.കെ. സുകുമാരൻ, ആർക്കെ എന്ന് വിളിക്കുന്ന ബാലകൃഷ്ണൻ,
തൈക്കാട്ട് ശിവരാമൻ നായർ
ഇവരൊക്കെ ഏറെ ആത്മാർത്ഥതയോടു കൂടി തന്നെ പ്രവർത്തിച്ചിരുന്നു.
മന്ത്രിമന്ദിരത്തിലെ മുഖ്യ കുശിനിക്കാരൻ പുതുപ്പള്ളിക്കാരനായ സേപ്പ് ആയിരുന്നു. ഒരു ദിവസം മന്ത്രിമന്ദിരത്തിലെ പാചകക്കാരിൽ ഒരാളെ കാണുന്നില്ല. കോൺഗ്രസ് പാർട്ടിയോട് വളരെയേറെ കൂറുള്ള നല്ലൊരു മനുഷ്യൻ. പാചകത്തിലും വിദഗ്ധൻ. ഉമ്മൻചാണ്ടി എന്നു വച്ചാൽ ജീവനാണ്. രാത്രി ഏറെ വൈകിട്ടും ഈ കക്ഷിയെ കാണുന്നില്ല.
തക്കം കിട്ടിയാൽ നന്നായി മദ്യപിക്കുന്ന സ്വഭാവമുണ്ട്. എന്തിനു പറയുന്നു പിറ്റേദിവസം രാവിലെ പത്രത്തിലെ ഒരു വാർത്ത കണ്ടപ്പോൾ മറിയാമ്മ ഞെട്ടിപ്പോയി. അതിന്റെ തലക്കെട്ട് ഇങ്ങനെയാണ്. മന്ത്രിയുടെ കുശിനിക്കാരന് ലോക്കപ്പിൽ കഞ്ഞി. തുടർന്ന് വായിച്ചപ്പോഴല്ലേ ആൾ അവരുടെ തന്നെ കുശിനിക്കാരൻ ആണെന്ന് മനസ്സിലായത്. പത്രവുമായി മറിയാമ്മ ഉമ്മൻചാണ്ടിയുടെ മുന്നിലേക്ക് ഓടി. വാർത്ത കാണിച്ചു കൊടുത്തു. അത് വായിച്ചു കൊണ്ടിരിക്കുമ്പോഴേക്കും പോലീസ് സ്റ്റേഷനിൽ നിന്ന് വിളി വന്നു. പിന്നെ പോലീസുകാർ തന്നെ അയാളെ പ്രശാന്തിയിൽ എത്തിച്ചു.
സംഗതി എന്താണ് സംഭവിച്ചത് എന്ന് വെച്ചാൽ അന്ന് നഗരത്തിൽ കോൺഗ്രസ് പാർട്ടിയുടെ ഒരു പടുകൂറ്റൻ ജാഥയുണ്ടായിരുന്നു. അതിൽ അണിചേരാൻ പോയതാണ് ഈ വിദ്വാൻ. അത്യാവേശത്തോടെ മുദ്രാവാക്യം വിളിച്ച് മുന്നേറുമ്പോഴാണ് 'ബാർ' എന്ന ബോർഡ് ശ്രദ്ധയിൽപ്പെട്ടത്. പിന്നൊന്നും നോക്കിയില്ല. നേരെ ബാറിലേക്ക് കയറി.
അവിടെയിരുന്ന് തലയ്ക്ക് പെരിപ്പ് പിടിക്കുന്നത് വരെ മദ്യം കഴിച്ചു. പിന്നെ വേച്ചുവെച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും ജാഥ ബഹുദൂരം മുന്നോട്ടു പോയി കഴിഞ്ഞിരുന്നു. എന്നാൽ പുള്ളിക്കാരൻ കരുതിയത് താൻ ഇപ്പോഴും ജാഥയിൽ തന്നെയാണെന്നാണ്. മുഷ്ടിചുരുട്ടി ആകാവുന്നത്ര ശബ്ദത്തിൽ ഉമ്മൻചാണ്ടി സിന്ദാബാദ്... ഉമ്മൻചാണ്ടി സിന്ദാബാദ്... എന്നുവിളിച്ച് മുന്നോട്ട് വെച്ചടിവെച്ചെടി നീങ്ങിക്കൊണ്ടിരുന്നു. ഈ ഒറ്റയാൾ ജാഥ കണ്ട് ചിലരെല്ലാം കൂടെക്കൂടി പ്രോത്സാഹിപ്പിച്ചു. ആ ഒറ്റയാൾ ജാഥ
മാർഗതടസമുണ്ടാക്കുന്ന
തരത്തിലേക്ക് നീങ്ങിയതോടെ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. സംഗതി അത്ര പന്തി
അല്ലെന്ന് കണ്ട് അവർ പോലീസ് ജീപ്പിൽ കയറ്റി തിരുവനന്തപുരത്തെ മ്യൂസിയം
സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മദ്യത്തിന്റെ കെട്ട് ഇറങ്ങിയപ്പോൾ കക്ഷി
പറഞ്ഞു ഞാൻ ഉമ്മൻചാണ്ടി സാറിന്റെ വീട്ടിലെ കുശിനിക്കാരനാണെന്ന്.
അക്കാലത്ത് ഭവന നിർമ്മാണത്തിന്റ ചുമതല കൂടിയുള്ള മന്ത്രിയായിരുന്നു ഉമ്മൻചാണ്ടി.
തിരുവനന്തപുരം നഗര ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ഒരു കോളനി ഉണ്ട്. ചെങ്കൽചൂള കോളനി എന്നാണ് അതിന്റെ പേര്. ചെങ്കൽചൂളയ്ക്ക് സെക്രട്ടറിയേറ്റുമായി ഒരു ബന്ധമുണ്ട്. സെക്രട്ടറിയേറ്റിന്റെ നിർമ്മാണത്തിനായി ഇഷ്ടിക ചുട്ടെടുത്തത് ഈ ചെങ്കൽചൂളയിലെ മണ്ണു കൊണ്ടാണ്. തീർത്തും അവഗണിക്കപ്പെട്ടു കിടന്നിരുന്ന ഒരു പ്രദേശം. നഗര ഹൃദയഭാഗം ഇങ്ങനെ അലങ്കോലപ്പെട്ടു കിടക്കുന്നത് കണ്ടിട്ട് ഉമ്മൻചാണ്ടി ഇത് എങ്ങിനേയുമൊന്ന് നവീകരിച്ചെടുക്കണമെന്നു തോന്നി. നഗരത്തിൽ നടക്കുന്ന ഒട്ടുമിക്ക കുറ്റകൃത്യങ്ങളുടെയും പ്രഭവ കേന്ദ്രം ചെങ്കൽചൂളയാണ്.
പോക്കറ്റടി മുതൽ കൂട്ടിക്കൊടുപ്പ് വരെ അനുദിനം അരങ്ങേറി കൊണ്ടിരിക്കുന്ന മ്ലേച്ഛമായ പ്രദേശം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ലക്ഷം വീടിന്റെ വകയായ ഫണ്ടിൽ 85 ലക്ഷം രൂപ മിച്ചമുണ്ട്. അത് ഉപയോഗിച്ച് ചെങ്കൽചൂള നവീകരിക്കാൻ തന്നെ ഉമ്മൻചാണ്ടി തീരുമാനിച്ചു. ആ കോളനിയിൽ താമസിച്ചിരുന്നവർക്ക് എല്ലാം ഫ്‌ളാറ്റ് നിർമ്മിച്ചു കൊടുക്കാം എന്ന് ഒരു തീരുമാനത്തിലെത്തി. റോഡിനോട് ചേർന്ന ഭാഗം തിരിച്ചെടുത്ത് ഒരു ഷോപ്പിംഗ് കോംപ്ലക്‌സും ഉണ്ടാക്കാനും തീരുമാനമായി. അതിനായി സ്‌കെച്ചും പ്ലാനും തയ്യാറാക്കി. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി അതിനെ എതിർക്കുകയാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ അത് വേണ്ടെന്നുവച്ചു പകരം നിലവിലുള്ള വീടുകൾ നവീകരിക്കാൻ തീരുമാനിച്ചു. ആദ്യഘട്ടത്തിൽ 240 വീടുകളാണ് ഉൾപ്പെടുത്തിയിരുന്നത്. വീട് ലഭിക്കുന്നവർ ഓരോ മാസവും 10 രൂപ വാടക കൊടുക്കണം എന്ന് കൂടി നിയമത്തിൽ എഴുതി ചേർത്തു.
കോളനിയുടെ അറ്റകുറ്റപ്പണികൾക്കും ശുചീകരണത്തിനും മറ്റുമായി ഈ ഫണ്ട് ഉപയോഗിക്കാം എന്നാണ് ഉമ്മൻചാണ്ടി കരുതിയത്. ചെറുതാണെങ്കിലും ഒരു വാടക കൊടുക്കുമ്പോൾ അതിൽ താമസിക്കുന്നവർക്ക് കുറേക്കൂടി ഉത്തരവാദിത്വബോധം ഉണ്ടാകും എന്നും കരുതി. ആ വർഷം ഒക്ടോബറിൽ പണി തുടങ്ങി അടുത്ത ഒക്ടോബറിൽ പണി പൂർത്തിയാക്കാൻ നിശ്ചയിച്ചു. അങ്ങനെ ഒക്ടോബർ രണ്ടിന് തുടക്കം കുറിക്കാം എന്ന് തീരുമാനിച്ചു. കല്ലി ടീൽ കർമ്മത്തിൽ പങ്കെടുക്കാൻ ഉമ്മൻചാണ്ടി എത്തുമ്പോൾ അവിടെ ഒരു സമരത്തിന് വട്ടം കൂട്ടുകയാണ്.
കാര്യം തിരക്കിയപ്പോൾ വാടക കൊടുക്കുക എന്നുള്ളതൊന്നും നടപ്പുള്ള കാര്യമല്ല, അതിനെതിരെ ഞങ്ങൾ ഒരു ജാഥ നടത്താൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് സി.പി.എം നേതാക്കൾ അറിയിച്ചു. വാടക വേണ്ടെന്നു വയ്ക്കുന്നതായി ഔദ്യോഗികമായ ചടങ്ങിൽ വച്ച് തന്നെ ഉമ്മൻചാണ്ടി പ്രഖ്യാപിച്ചതോടെ ആ പ്രശ്‌നം കെട്ടടങ്ങി. ആദ്യഘട്ടം സമയബന്ധിതമായി തീർക്കാനുള്ള കഠിന ശ്രമത്തിൽ ആയിരുന്നു എല്ലാവരും. കൂടെക്കൂടെ അതിന്റെ നിർമ്മാണ പുരോഗതി വീക്ഷിക്കാൻ ഉമ്മൻചാണ്ടി അവിടം സന്ദർശിച്ചിരുന്നു
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1