ഷെയ്ഖ് ഹസീനയെ യുഎഇ സ്വീകരിക്കുമോ

AUGUST 7, 2024, 5:11 AM

സംവരണം സംബന്ധിച്ച ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് രാജി വച്ച് രാജ്യം വിട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എങ്ങോട്ട് പോകുമെന്ന ചോദ്യം ബാക്കി. ഹെലികോപ്റ്ററില്‍ ഇന്ത്യയിലെത്തി കുറച്ച് നേരം തങ്ങാനാണ് അവര്‍ അനുമതി ആവശ്യപ്പെട്ടത്. മറ്റൊരു രാജ്യത്തേക്ക് കടക്കാന്‍ ഹസീനയും സഹോദരി രിഹാനയും ശ്രമിക്കുന്നുണ്ട്. രിഹാനയ്ക്ക് ബ്രിട്ടീഷ് പൗരത്വമുള്ളതിനാല്‍ ഇരുവരും ബ്രിട്ടനിലേക്ക് പോകുമെന്നായിരുന്നു വാര്‍ത്ത. പക്ഷേ, അത് നടന്നേക്കില്ല.

അതേസമയം ബ്രിട്ടനിലെ കുടിയേറ്റ നിയമത്തിലെ വ്യവസ്ഥകള്‍ ഹസീനയ്ക്ക് അഭയം നല്‍കുന്നതിന് തടസമാണ് എന്നാണ് വിവരം. ബ്രിട്ടനിലെത്തിയ ശേഷം പ്രതിസന്ധിയിലായവര്‍ക്കാണ് അഭയം നല്‍കാന്‍ സാധിക്കുക. എന്നാല്‍ അഭയമോ, താല്‍ക്കാലിക താമസ സൗകര്യമോ ചോദിക്കുന്നവര്‍ക്ക് യാത്രാ അനുമതി നല്‍കാന്‍ നിയമ പ്രകാരം തടസമുണ്ട്. ബ്രിട്ടനിലേക്ക് കടക്കാന്‍ സാധിച്ചില്ലെങ്കില്‍ ഹസീന യുഎഇയിലേക്ക് പോകുമോ എന്ന ചോദ്യവും ശക്തമാണ്.

യുഎഇ ഉള്‍പ്പെടെ ഹസീന അഭയം തേടാന്‍ സാധ്യതയുള്ള അഞ്ച് രാജ്യങ്ങളെ കുറിച്ച് ടൈംസ് നൗ റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടന്‍, യുഎഇ, യൂറോപ്പിലെ ഫിന്‍ലാന്റ്, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ക്ക് പുറമെ ഇന്ത്യയുടെ പേരും റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ ഇന്ത്യയിലാണുള്ളതെങ്കിലും കൂടുതല്‍ കാലം ഇവിടെ താമസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് താല്‍പ്പര്യമില്ല എന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

പ്രതിഷേധത്തെ തുടര്‍ന്ന് ധാക്കയില്‍ നിന്ന് രക്ഷപ്പെട്ട ഹസീന യുപിയിലെ ഗാസിയാബാദിലുള്ള ഹിന്ത വ്യോമതാവളത്തിലാണ് ഇറങ്ങിയത്. ബ്രിട്ടനില്‍ അഭയം ചോദിച്ചിട്ടുണ്ടെന്നും ഇടത്താവളമായി ഇന്ത്യയില്‍ തങ്ങുന്നു എന്നുമായിരുന്നു വിവരം. ബ്രിട്ടന്‍ നിയമ പ്രശ്നം ചൂണ്ടിക്കാണിച്ചതോടെ ഹസീന എങ്ങോട്ട് പോകുമെന്ന് ഇതുവരെ അവ്യക്തമാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വ്യോമതാവളത്തിലെത്തി ഹസീനയുമായി ചര്‍ച്ച നടത്തിയിരുന്നു.

അഷ്റഫ് ഗനിയുടെ പലായനം


2021 ആഗസ്റ്റില്‍ അഫ്ഗാനിസ്താന്റെ ഭരണം താലിബാന്‍ തിരിച്ചുപിടിച്ചപ്പോള്‍, അന്നത്തെ പ്രസിഡന്റ് അഷ്റഫ് ഗനി പലായനം ചെയ്തത് യുഎഇയിലേക്ക് ആയിരുന്നു. ഗനിയും അടുത്ത ഉദ്യോഗസ്ഥരും യുഎഇയില്‍ അഭയം തേടി എന്നായിരുന്നു വാര്‍ത്ത. സമാനമായ വഴി തന്നെ ഹസീനയും സ്വീകരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഗനിയില്‍ നിന്ന് വ്യത്യസ്തമായി, നിരവധി ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയാണ് ഹസീന എന്നതിനാല്‍ യുഎഇ എന്തു തീരുമാനിക്കുമെന്നതും നിര്‍ണായകമാണ്.

1975ല്‍ ഓഗസ്റ്റില്‍ മുജീബുര്‍ റഹ്മാനും കുടുംബവും കൊല്ലപ്പെട്ട വേളയില്‍ മകള്‍ ഷെയ്ഖ് ഹസീനയും സഹോദരിയും മാത്രമാണ് രക്ഷപ്പെട്ടത്. അന്ന് ഇന്ത്യയിലേക്ക് അഭയം ചോദിച്ചുവന്ന ഹസീനയെ ഇന്ത്യ സ്വീകരിച്ചിരുന്നു. പിന്നീട് രാഷ്ട്രീയ സാഹചര്യം അനുകൂലമായപ്പോഴാണ് ഹസീന ബംഗ്ലാദേശിലേക്ക് തിരിച്ചുപോയതും പ്രധാനമന്ത്രിയായതും. വിവിധ ഘട്ടങ്ങളിലായി 20 വര്‍ഷം ബംഗ്ലാദേശ് പ്രധാനമന്ത്രി പദം അലങ്കരിച്ച ഏക വ്യക്തി കൂടിയാണ് ഹസീന.

അതേസമയം, ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം തുടങ്ങി. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ സര്‍വകക്ഷി യോഗം വിളിച്ചു. മൂന്ന് സൈനിക വിഭാഗങ്ങളുടെ മേധാവികളും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും യോഗത്തില്‍ സംബന്ധിച്ചു. വിദ്യാര്‍ഥി സമരക്കാരുമായും ചര്‍ച്ച നടക്കും. നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസിനെ ഇടക്കാല സര്‍ക്കാരിന്റെ ഉപദേഷ്ടാവായി നിയമിക്കാന്‍ ധാരണയായിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കും വരെയാകും ഇടക്കാല സര്‍ക്കാരിന്റെ ഭരണം.

സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍


ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു. രാജിവയ്ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ പെട്ടെന്നാണ് അവര്‍ ഇന്ത്യയിലേക്ക് വരാന്‍ അനുമതി തേടിയതെന്നും വിമാനത്തിന് അതിര്‍ത്തി കടക്കാന്‍ ബംഗ്ലദേശ് അധികൃതരില്‍ നിന്നും അപേക്ഷ ലഭിച്ചുവെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ രാജ്യസഭയില്‍ വിശദീകരിച്ചിരുന്നു. ബംഗ്ലാദേശിലെ അക്രമ സംഭവങ്ങളില്‍ ആശങ്കയുണ്ടെന്നും മന്ത്രി പറഞ്ഞു.

'ഓഗസ്റ്റ് നാലിനാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നേരേയും പൊലീസിന് നേരേയുമുള്ള ആക്രമണം വര്‍ധിച്ചു. ഭരണകൂടവുമായും ന്യൂനപക്ഷങ്ങളുമായും ബന്ധപ്പെട്ട വ്യക്തികളുടെ സ്വത്തുക്കളാണ് അക്രമികള്‍ ലക്ഷ്യമിട്ടത്. അഞ്ചിനാണ് കര്‍ഫ്യൂ വകവയ്ക്കാതെ പ്രതിഷേധക്കാര്‍ ധാക്കയില്‍ ഒത്തുകൂടിയത്. സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഷെയ്ഖ് ഹസീന രാജിവെക്കാന്‍ തീരുമാനിച്ചതെന്നാണ് തങ്ങളുടെ ധാരണയെന്നും കയശങ്കര്‍ വ്യക്തമാക്കിയിരുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇന്ത്യയിലേക്ക് വരാന്‍ ഷെയ്ഖ് ഹസീന അനുമതി തേടുകയായിരുന്നു. ബംഗ്ലാദേശിലെ അധികാരികളില്‍ നിന്ന് ആ സമയത്ത് തന്നെ അതിര്‍ത്തി കടക്കാന്‍ അപേക്ഷയും ലഭിച്ചിരുന്നുവെന്ന് മന്ത്രി സഭയില്‍ അദ്ദേഹം വ്യക്തമാക്കുകുണ്ടായി.

അതേസമയം ബംഗ്ലാദേശിലെ സ്ഥിതി വഷളായാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ചൊവ്വാഴ്ച സര്‍വകക്ഷി യോഗത്തില്‍ അറിയിച്ചിരുന്നു. ബംഗ്ലാദേശുമായുള്ള അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചതായും ജാഗ്രത തുടരുകയാണെന്നും മന്ത്രി അറിയിച്ചു. ധാക്കയില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി യോഗത്തെ അറിയിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലാദേശ് സൈന്യവുമായി സര്‍ക്കാര്‍ ബന്ധപ്പെടുന്നുണ്ട്. ഇന്ത്യന്‍ സൈന്യത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി യോഗത്തെ അറിയിച്ചിരുന്നു.

ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നുണ്ടെന്നും ഇക്കാര്യം നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ബംഗ്ലാദേശിലെ ഇന്ത്യക്കാരുടെ കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. പ്രതിഷേധം ആരംഭിക്കുമ്പോള്‍ 8,000 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 19,000 ഇന്ത്യക്കാരാണ് ബംഗ്ലാദേശിലുണ്ടായിരുന്നത്. ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ഇന്ത്യയിലേക്ക് മടങ്ങി.

ഇന്ത്യയില്‍ എത്തിച്ചത് ഇങ്ങനെ

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയെ സുരക്ഷിതമായി രാജ്യത്തേക്ക് എത്തിച്ചത് ഇന്ത്യൻ സുരക്ഷ ഏജൻസികളുടെ കൃത്യമായ ഏകോപനത്തിലൂടെയാണ്. ഇന്ത്യൻ എയർഫോഴ്‌സിൻ്റെ (ഐഎഎഫ്) റഡാറുകളുടെ നിരീക്ഷണവും യുദ്ധവിമാനങ്ങളും വിന്യസിച്ചാണ് ഹസീനയുടെ യാത്രയ്‌ക്ക് ഇന്ത്യന്‍ ഏജന്‍സികള്‍ സുരക്ഷ ഒരുക്കിയത്.

vachakam
vachakam
vachakam

തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഇന്ത്യൻ വ്യോമസേനയുടെ റഡാറുകൾ ബംഗ്ലാദേശിൽ നിന്നും താഴ്ന്നു പറക്കുന്ന ഒരു എയര്‍ക്രാഫ്‌റ്റ് കണ്ടെത്തുകയുണ്ടായി. ഷെയ്ഖ് ഹസീന സഞ്ചരിക്കുന്ന എയര്‍ക്രാഫ്‌റ്റാണിതെന്ന് ഇന്ത്യയിലെ അധികൃതർ തിരിച്ചറിയുകയും പിന്നീട് ട്രാക്ക് ചെയ്യുകയുമായിരുന്നു. ഗുരുതരമായ സാഹചര്യമാണെന്നതിനാൽ വ്യോമസേന ഹസീനയുടെ എയര്‍ക്രാഫ്‌റ്റിന് ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് ഉടൻ തന്നെ പ്രവേശനം അനുവദിക്കുകയായിരുന്നു.

ഹസീനയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പശ്ചിമ ബംഗാളിലെ ഹഷിമാര എയർ ബേസിൽ 101 സ്ക്വാഡ്രനിൽ നിന്നുള്ള രണ്ട് റഫാൽ ജെറ്റുകൾ വിന്യസിച്ചിരുന്നു. ബിഹാറിനും ജാർഖണ്ഡിനും മുകളിലൂടെ പറന്നിരുന്ന ഈ റഫാൽ ജെറ്റുകള്‍ ഹസീനയുടെ എയര്‍ക്രാഫ്‌റ്റിനെ പിന്തുടര്‍ന്ന് നിരീക്ഷിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്‌തു. ഇന്ത്യന്‍ സൈന്യത്തിലെ ഉന്നത തലത്തിലുളളവരായിരുന്നു സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നത്.

എയർ ചീഫ് മാർഷൽ വി ആർ ചൗധരിയും ഇന്ത്യൻ വ്യോമസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുമായിരുന്നു നേതൃത്വം നൽകിയത്. വൈകുന്നേരം 5.45 ഓടെ ഹിന്ദാൻ എയർ ബേസിൽ ഹസീന സഞ്ചരിച്ച എയര്‍ക്രാഫ്റ്റ് സുരക്ഷിതമായി എത്തിച്ചേർന്നു. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് (എൻഎസ്എ) അജിത് ഡോവലാണ് ഷെയ്ഖ് ഹസീനയെ സ്വീകരിച്ചത്.പിന്നീട് ബംഗ്ലാദേശിലെ സാഹചര്യങ്ങളെക്കുറിച്ച് ഹസീനയുമായി ഒരു മണിക്കൂർ ചർച്ച നടത്തി. പ്രതിസന്ധി ഘട്ടങ്ങളിൽ അന്താരാഷ്‌ട്ര പ്രമുഖരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുളള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് ഉദാഹരണമാണ് ഈ ഓപ്പറേഷൻ.

vachakam
vachakam
vachakam


ഷെയ്ഖ് ഹസീനയുടെ പിന്‍വാങ്ങല്‍ ഇന്ത്യയ്ക്ക് നല്‍കുന്ന സൂചനയെന്ത്?

ഹസീന സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തിയവരില്‍ ഭൂരിഭാഗം പേരും വിദ്യാര്‍ത്ഥികളാണ്. എന്നാല്‍ പ്രക്ഷോഭത്തില്‍ രാഷ്ട്രീയ-മത തീവ്രവാദികള്‍ വലിയ രീതിയില്‍ പങ്കെടുത്തുവെന്നത് പരസ്യമായ രഹസ്യമാണ്. കടുത്ത ഇന്ത്യാ വിരുദ്ധ ശക്തികളായ ഇവരാണ് പ്രതിഷേധത്തിന് ചുക്കാന്‍ പിടിച്ചത്. ഇക്കാര്യം ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗവും സ്ഥിരീകരിച്ചിട്ടുണ്ട്.

തീവ്രപക്ഷ നേതാക്കളും ഇസ്ലാമിസ്റ്റുകളും ബംഗ്ലാദേശില്‍ അധികാരം ഉറപ്പിക്കുന്നുവെന്നതാണ് ഹസീനയുടെ രാജിയെക്കാള്‍ ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതെന്ന് ജെഎന്‍യുവിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ പ്രൊഫസര്‍ മനീഷ് ദബാഡെ പറഞ്ഞു.

സഹകരണം, സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യയുമായി സൗഹൃദ നിലപാടാണ് ഹസീന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ബംഗ്ലാദേശ് താവളമാക്കിയ തീവ്രവാദ-ക്രിമിനല്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യാനും ഈ ബന്ധം സഹായിച്ചു. ഈ നയങ്ങളിലൂടെ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയിലെ അക്രമങ്ങള്‍ കുറയുകയും അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റം ഏറെക്കുറെ ഇല്ലാതാകുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദത്തില്‍ നിന്ന് രാജിവെച്ചൊഴിഞ്ഞത്. ഇതിനിടെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ ബംഗ്ലാദേശിനെ നയിക്കാന്‍ മുന്നോട്ട് വന്നിരിക്കുകയാണ്. ഇന്ത്യയിലെ വിവിധ വിമത പ്രസ്ഥാനങ്ങള്‍ക്ക് മുമ്പ് ബംഗ്ലാദേശ് ആയുധം എത്തിച്ചു കൊടുത്തിരുന്നു. കൂടാതെ ഈ കലാപ പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ക്കും മറ്റും ബംഗ്ലാദേശ് അഭയവും കൊടുത്തിരുന്നു.

എന്നാല്‍ ഹസീന സര്‍ക്കാര്‍ ഇത്തരം രീതികള്‍ക്കെല്ലാം എതിരായിരുന്നു. ഹസീനയുടെ പിന്‍മാറ്റത്തോടെ അധികാരത്തിലെത്തുന്ന പാക് അനുകൂല സര്‍ക്കാര്‍ ഇത്തരം കലാപ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ കഴിഞ്ഞ ഒരുവര്‍ഷമായി കലാപം ആളിക്കത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബംഗ്ലാദേശിലെ രാഷ്ട്രീയ സ്ഥിതി കലാപത്തെ സ്വാധീനിക്കുമെന്ന കാര്യത്തിലും ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ അസ്ഥിരതയുണ്ടാക്കുമെന്ന കാര്യത്തിലും സംശയം വേണ്ട.

അതേസമയം ബംഗ്ലാദേശിലെ അരക്ഷിതാവസ്ഥയ്ക്ക് ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ അസ്ഥിരതയുണ്ടാക്കാന്‍ സാധിക്കുമെന്ന് മുന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ലയും പറഞ്ഞു. ചൈനയുടെയും പാകിസ്ഥാന്റെയും പിന്തുണയോടെ ഇന്ത്യാവിരുദ്ധ പ്രചരണവുമായി അധികാരത്തിലെത്തുന്ന പ്രതിപക്ഷ ശക്തികള്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം തങ്ങളുടെ നിലപാടില്‍ അയവ് വരുത്തുന്നത് ദക്ഷിണേഷ്യയിലെ സ്ഥിരം കാഴ്ചയാണ്.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam