പുതിയ തൊഴില്‍ നിയമം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് സൗദി ഭരണകൂടം. രാജ്യത്തെ കുടിയേറ്റ ഗാര്‍ഹിക തൊഴിലാളികളുടെ സംരക്ഷണം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിയമം. സെപ്റ്റംബര്‍ മാസത്തോടെ നിയമം കൊണ്ട് വരാനാണ് ഇപ്പോഴത്തെ ആലോചന. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഗുണകരമാവുന്ന, പ്രത്യേകിച്ച് ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഗുണകരമായേക്കാവുന്ന ഒട്ടേറെ കാര്യങ്ങള്‍ ഈ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് സൂചന.
പ്രതിദിനം പരമാവധി 10 മണിക്കൂര്‍ ജോലി, പ്രതിവാര അവധി, ഒരു മാസത്തെ ശമ്പളത്തോടെയുള്ള വാര്‍ഷിക അവധി എന്നിവ ഇതിലെ പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. തിരിച്ചറിയല്‍ രേഖകള്‍ കണ്ടുകെട്ടുന്നത് ഉള്‍പ്പെടയുള്ള നടപടികള്‍ ഈ നിയമത്തിലൂടെ നിരോധിക്കും എന്നതാണ് മറ്റൊരു കാര്യം. കൂടാതെ തൊഴിലാളികളെ സ്വതന്ത്രമായി ആശയവിനിമയം നടത്താനും നിയമം അനുവദിക്കുന്നു.
അവകാശങ്ങള്‍ നഷ്ടപ്പെടാതെ തന്നെ ചില വ്യവസ്ഥകളിലൂടെ തൊഴില്‍ കരാര്‍ അവസാനിപ്പിക്കാന്‍ തൊഴിലാളികളെ അനുവദിക്കുന്നതാവും പുതിയ നിയമമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അന്യായമായ പിരിച്ചുവിടലിനുള്ള നഷ്ടപരിഹാരം കൂടി പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ തൊഴിലുടമകള്‍ തൊഴിലാളിയുടെ മടക്ക യാത്രയ്ക്കുള്ള വാര്‍ഷിക ടിക്കറ്റ് കൂടി നല്‍കേണ്ടി വരും.
തൊഴിലാളികളെയും തൊഴിലുടമകളെയും സംരക്ഷിക്കുന്നതിനായി റിക്രൂട്ട്മെന്റ് ഫീസില്‍ സംയോജിപ്പിച്ചിരിക്കുന്ന എല്ലാ പുതിയ തൊഴില്‍ കരാറുകളിലും നിര്‍ബന്ധിത ഇന്‍ഷുറന്‍സ് എന്നത് ശ്രദ്ധേയമായ ഒരു കൂട്ടിച്ചേര്‍ക്കലാണ്. ജൂലൈ മാസം മുതല്‍ തന്നെ സൗദി അറേബ്യ അവരുടെ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തില്‍ പുതിയ കുടിയേറ്റ ഗാര്‍ഹിക തൊഴിലാളികളെ കൂടി ഇതിനായി ഉള്‍പ്പെടുത്തി. 2025 അവസാനത്തോടെ എല്ലാവരെയും ഇതില്‍ ഉള്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
നിലവിലെ പ്രഖ്യാപനങ്ങള്‍ എല്ലാം തന്നെ കുടിയേറ്റ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വളരെയധികം ഗുണകരമാവും എന്നാണ് വിശ്വാസം. ജോലി സമയം പത്ത് മണിക്കൂറായി നിശ്ചയിച്ചതും അതിനൊപ്പം തന്നെ പ്രതിവാര അവധി നിര്‍ബന്ധമാക്കിയതും ഉള്‍പ്പെടെ വരാനിരിക്കുന്ന നിയമം തൊഴിലാളികളുട അവകാശത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് തന്നെയാണ് പ്രതീക്ഷ, അപ്പോഴും പ്രശ്നങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്.
ഏതാണ്ട് 3.9 ദശലക്ഷത്തിലധികം കുടിയേറ്റ ഗാര്‍ഹിക തൊഴിലാളികള്‍ ജോലി ചെയ്യുന്ന സൗദി അറേബ്യ പലപ്പോഴും ഇക്കാര്യത്തില്‍ വിമര്‍ശനം നേരിടേണ്ടി വന്നിരുന്ന ഒരു രാജ്യം കൂടിയാണ്. തൊഴിലിടങ്ങളില്‍ നിരന്തരം പീഡനത്തിന് ഇരയാവുന്ന സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ കൃത്യമായ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ ശ്രമിക്കുന്നിലെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന വിമര്‍ശനം.
പുതിയ നിയമം ഈ പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം, കാരണം കുടിയേറ്റ ഗാര്‍ഹിക തൊഴിലാളികളെ വിശാലമായ തൊഴില്‍ നിയമങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതും നിയന്ത്രിത കഫാല സമ്പ്രദായവും അവരുടെ അവകാശങ്ങളെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട് എന്ന സത്യം അപ്പോഴും അവശേഷിക്കുന്നു. മിനിമം വേതനം ഉറപ്പാക്കാത്തത്, ഓവര്‍ടൈം വേതനം കണക്കുകൂട്ടുന്നതിലെ കൃത്യത ഇല്ലായ്മ, ഇപ്പോഴും തൊഴിലുടമകള്‍ക്ക് അനുകൂലമായ സംവിധാനം നിലനില്‍ക്കുന്നു എന്നത് ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ തുടരുന്നുണ്ട്.
പരിമിതമായ കോണ്‍സുലാര്‍ പിന്തുണയും എമിഗ്രേറ്റ് സംവിധാനത്തിലൂടെയുള്ള സങ്കീര്‍ണ്ണമായ റിക്രൂട്ട്മെന്റ് പ്രക്രിയയും ഉള്ള ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹിക കുടിയേറ്റ തൊഴിലാളികള്‍ തന്നെയാണ് ഇത് കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1