പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രന്റെ ആഗമനം. അതുകൊണ്ട് സദാ ജാഗരൂകരായിക്കുവിൻ എന്നാണ് സുവിശേഷം പറയുന്നത്. വാർത്തയ്ക്കാധാരമാകുന്ന സംഭവം എപ്പോഴുണ്ടാകുമെന്ന് പറയാൻ കഴിയില്ല. അതുകൊണ്ട് സുവിശേഷത്തിലെ ജാഗ്രതാനിർദേശം മണവാളനെ കാത്തിരിക്കുന്ന കന്യകമാർക്കെന്നപോലെ മാധ്യമപ്രവർത്തകർക്കും ബാധകമാണ്. ഡൽഹിയിലെ മാധ്യമപ്രവർത്തകർ സായാഹ്നസദസുകൾക്ക് തിരികൊളുത്തുന്ന നേരത്താണ് ചെങ്കോട്ടയിൽ സ്‌ഫോടനമുണ്ടായത്.
പോലീസിന്റെ നിയന്ത്രണരേഖകളും നിരോധനമേഖലകളും കടന്ന് നമ്മുടെ കുട്ടികൾ (എന്നുതന്നെ അവരെ വിളിക്കട്ടെ) ക്യാമറയും മൈക്കും മൊബൈൽ ഫോണുകളുമായി കളം നിറഞ്ഞു. പിന്നെ നിലയ്ക്കാത്ത നാവുകളുടെ അത്ഭുതകരമായ വചനോത്സവമായിരുന്നു. തെരുവോരത്തെ വാചകമേള. ആഭ്യന്തരമന്ത്രി അറിയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ തൊണ്ട നനയ്ക്കാതെ അവർ നമ്മെ അറിയിക്കുന്നുണ്ടായിരുന്നു. സംഭവസ്ഥലത്ത് കുതിച്ചെത്തിയ പോലീസ് കമ്മീഷണറുടെ നേരേ മൈക്ക് നീട്ടിയതിൽ മാത്രമാണ് അനൗചിത്യം കണ്ടത്.
ചിതറിക്കിടക്കുന്ന ശരീരഭാഗങ്ങളുടെയും ചിതറിത്തെറിച്ച മാംസക്കഷണങ്ങളുടെയും മധ്യേ നിന്നായിരുന്നു ബാഗ്ദാദിലെ നിശാബോംബിങ്ങിന്റെ പൊലിമയിൽ സിഎൻഎന്നിനുവേണ്ടി ലൈവ് റിപ്പോർട്ടിങ് നടത്തിയ പീറ്റർ ആർണെറ്റിനെ അനുസ്മരിപ്പിക്കുംവിധം അവർ റിപ്പോർട്ടിങ് നടത്തിയത്. ആ റിപ്പോർട്ടർമാരുടെയും ക്യാമറാമാൻമാരുടെയും അത്താഴം മുടക്കുകയും ഉറക്കം കെടുത്തുകയും ചെയ്ത രാത്രിയായിരുന്നു അത്.
അരുതാത്തതൊന്നും ക്യാമറക്കണ്ണിൽ പെടാതിരിക്കാൻ എല്ലാവരും ശ്രദ്ധിച്ചു. ജുഗുപ്‌സാവഹമായ കാഴ്ചകൾ ഒഴിവാക്കുകയെന്നത് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്ന മാധ്യമതത്ത്വമാണ്. ഭക്ഷണം കഴിച്ചുകൊണ്ട് ടിവി കാണുകയോ പത്രം വായിക്കുകയോ ചെയ്യുകയെന്നത് പൊതുശീലമാണ്. ബീഭത്സത ഉളവാക്കുന്ന ചിത്രങ്ങൾ തന്റെ പത്രത്തിന്റെ ഒന്നാം പേജിൽ നൽകില്ലെന്ന നയപ്രഖ്യാനം ലണ്ടനിലെ ഡെയ്‌ലി മിറർ എഡിറ്റർ ഒരിക്കൽ നടത്തുകയുണ്ടായി. കഴുകുന്നത് ഷാറൂഖ് ഖാനാണെങ്കിലും ക്‌ളോസെറ്റ് വൃത്തിയാക്കുന്നത് കണ്ടുകൊണ്ട് ഭക്ഷണം കഴിക്കാനാവില്ല.
കുമരകത്തെ ബോട്ടപകടത്തിൽ മൃതയായ കുഞ്ഞിന്റെ രണ്ടായി മുറിഞ്ഞ ശരീരവുമായി വെള്ളത്തിൽനിന്ന് കയറിവരുന്ന ഓഫീസറുടെ ചിത്രം കണ്ടപ്പോൾ ഡെയ്‌ലി മിറർ എഡിറ്റവുടെ നിലപാട് എന്റെ മാധ്യമവിചാരം എന്ന ടെലിവിഷൻ പരിപാടിയിലൂടെ ബന്ധപ്പെട്ടവരെ അനുസ്മരിപ്പിച്ചു. അതിനോട് പൂർണമായി യോജിച്ചുകൊണ്ട് ഏഷ്യാനെറ്റിൽനിന്ന് പ്രതികരണമുണ്ടായി. സ്വകാര്യതയെക്കൂടി ബാധിക്കുന്ന ഈ തത്ത്വത്തിന് ഇപ്പോൾ ആരും പറയാതെതന്നെ വ്യാപകമായി സ്വീകാര്യത ഉണ്ടായിക്കാണുന്നതിൽ ചാരിതാർത്ഥ്യമുണ്ട്.
ചിലപ്പോൾ ചില തത്ത്വങ്ങൾ ലംഘിക്കേണ്ടിവരും. ഷേക്‌സ്പിയർ ബോധപൂർവം ഇഫക്ടിനുവേണ്ടി വരുത്തിയിട്ടുള്ള വ്യാകരണത്തെറ്റുകൾ പ്രസിദ്ധമാണ്.
ജൂലിയസ് സീസറിൽ മാർക് ആന്റണി the most unkindest cut of all എന്ന് വ്യാകരണം തെറ്റിച്ച് പറഞ്ഞത് ബ്രൂട്ടസിന്റെ ചതിയുടെ ആഴം അളക്കുന്നതിനുവേണ്ടിയായിരുന്നു. നഗ്‌നതയെ സംബന്ധിക്കുന്ന സ്വന്തം സ്‌റ്റൈൽ ബുക് നിർദേശം ലംഘിച്ചുകൊണ്ടാണ് സെയ്‌ഗോൺ ബാലികമാരുടെ വിഖ്യാതമായിത്തീർന്ന ചിത്രം അസോഷ്യേറ്റഡ് പ്രസ് പ്രസിദ്ധപ്പെടുത്തിയത്. ശ്രീപെരുംപത്തൂരിലെ സ്‌ഫോടനത്തിൽ ചിന്നിച്ചിതറിയ രാജീവ് ഗാന്ധിയുടെ ശരീരത്തിന്റെ ചിത്രങ്ങൾ ഫ്രണ്ട് ലൈൻ പ്രസിദ്ധപ്പെടുത്തിയത് തത്സംബന്ധമായി ദ് ഹിന്ദു നിഷ്‌കർഷിച്ചിരുന്ന പല നിബന്ധനകളും ലംഘിച്ചുകൊണ്ടായിരുന്നു.
ചട്ടങ്ങൾ മാറ്റാനും ചിലപ്പോൾ മറക്കാനുമുള്ളതാണ്. ചിത്രങ്ങളെ സംബന്ധിച്ചു മാത്രമല്ല വാർത്തയെ സംബന്ധിച്ചും ഈ പ്രസ്താവം ശരിയാണ്. ചില കാര്യങ്ങൾ മറച്ചുവയ്ക്കുന്നതിനേക്കാൾ നല്ലത് പരസ്യപ്പെടുത്തുന്നതാണ്. വാർത്താസമ്മേളനത്തിലെ ചോദ്യം മാപ്പർഹിക്കാത്ത ദേഹനിന്ദയാണെന്ന് നടിക്ക് ആക്ഷേപമുണ്ടെങ്കിൽ ചോദ്യം എന്തായിരുന്നുവെന്ന് വായനക്കാരെ അറിയിക്കുന്നത് നല്ലതാണ്. സമൂഹത്തിന്റെ അധിക്ഷേപം അപഭ്രംശകനുള്ള ശിക്ഷയായി മാറും. സിനിമയുടെ സംശുദ്ധിക്ക് സെൻസറുടെ കത്രികയേക്കാൾ നല്ലത് ക്‌ളാസിഫയറുടെ തരംതിരിവാണ്. സെക്‌സും വയലൻസും ഉൾപ്പെടെ അനഭിലഷണീയമെന്ന് യാഥാസ്ഥിതികർ കരുതുന്നതെന്തും ഒരു എ സർട്ടിഫിക്കറ്റ് കൊണ്ടോ എ പ്‌ളസ് സർട്ടിഫിക്കറ്റ് കൊണ്ടോ സാനിറ്റൈസ് ചെയ്യാവുന്നതേയുള്ളു.
മരണത്തിന്റെ അനിശ്ചിതത്വം ദ്യോതിപ്പിക്കുന്നതിനുവേണ്ടിയാണ് കള്ളന്റെ വരവുമായുള്ള താരതമ്യം. വാർത്തയുടെ കാര്യവും അങ്ങനെയാണ്. അറിയിച്ചു വരുന്ന വാർത്തകളും അറിയിക്കാതെ വരുന്ന വാർത്തകളുമുണ്ട്. സ്‌ഫോടനം അങ്ങനെ വരുന്നതല്ല. ബാബറി മസ്ജിദിന്റെ തകർച്ച അറിയിപ്പോടെയായിരുന്നു. വേൾഡ് ട്രേഡ് സെന്റർ കത്തിയമർന്ന വ്യോമാക്രമണം അറിയിപ്പോടെയായിരുന്നില്ല. ചെങ്കോട്ടയിലേക്ക് ഡോ. ഉമർ നബിയുടെ നേതൃത്വത്തിൽ ഭീകരസംഘം പുറപ്പെട്ടിട്ടുണ്ടെന്ന് ജയ്‌ഷെ മുഹമ്മദ് വേണ്ടപ്പെട്ട ഒരു റിപ്പോർട്ടറെ അറിയിച്ചിരുന്നു എന്നിരിക്കട്ടെ.
എന്നാലും ചുണ്ടോട് അടുക്കുംമുമ്പേ പൈഥഗോറസിന്റെ ചഷകംപോലെ സംഭരണി ചോർന്നുപോകാം. മുന്നറിവുകൾ ചില ഘട്ടങ്ങളിൽ അധികാരികളെ അറിയിക്കുന്നതിനുള്ള നിയമപരമായ ബാധ്യത മാധ്യമപ്രവർത്തകർക്കുണ്ട്. അറിഞ്ഞത് സംഭവിക്കണമെന്നില്ല. സംഭവിക്കാൻപോകുന്നത് അറിയണമെന്നുമില്ല. കാത്തിരുന്നാലും കരുതുന്ന നേരത്ത് യുദ്ധം ഉണ്ടാകണമെന്നില്ല. ഒന്നാം ലോകമഹായുദ്ധത്തിൽ അടിയറവ് പറഞ്ഞ് നിരായുധീകരിക്കപ്പെട്ട ജർമനി ഹിറ്റ്‌ലറുടെ കീഴിൽ അതീവരഹസ്യമായാണ് പടയൊരുക്കം നടത്തിയത്. കരാർ ലംഘിക്കുന്നതിനുള്ള പ്രാപ്തി ജർമനിക്കില്ലെന്ന ധാരണയിൽ ഹിറ്റ്‌ലറെ വിലകുറച്ചു കണ്ട യൂറോപ്യൻ രാജ്യങ്ങൾ ലഭിച്ച സൂചനകൾ കാര്യമായെടുത്തില്ല.
ഒടുവിൽ ആയിരം നാത്‌സി ടാങ്കുകൾ ഒച്ചയും അനക്കവും പൊടിപടലവുമില്ലാതെ പോളണ്ടിലേക്ക് കുതിച്ചപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച മിലിട്ടറി ഇന്റലിജൻസിനും അത് രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കമാണെന്ന് നിർദ്ധാരണം ചെയ്യാനായില്ല. പത്രപ്രവർത്തനത്തിൽ കേവലം ഒരാഴ്ച മാത്രം പിന്നിട്ട ഒരു പെൺകുട്ടിയുടെ കൗതുകക്കണ്ണുകളിൽ യാദൃച്ഛികമായി ആ ദൃശ്യം പതിഞ്ഞപ്പോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഡെയ്‌ലി ടെലഗ്രാഫിന്റെ ഒന്നാം പേജിൽ യുദ്ധം തുടങ്ങി എന്ന ബാനർ ഹെഡ് ലൈനുണ്ടായി. ആ പെൺകുട്ടിയുടെ പേരാണ് ക്‌ളെയർ ഹോളിങ് വർത്ത്.
പത്രപ്രവർത്തനത്തിൽ ഒരാഴ്ച പിന്നിട്ടതിന്റെ ആഹ്‌ളാദം സുഹൃത്തുക്കളൊത്ത് പങ്ക് വയ്ക്കുന്നതിന് ഷോപ്പിങ്ങിനിറങ്ങിയതായിരുന്നു ക്‌ളെയർ. കിലോമീറ്ററുകളോളം വഴിയോരം കെട്ടിമറച്ചിരിക്കുന്നത് കൗതുകത്തോടെ നോക്കിക്കൊണ്ടായിരുന്നു ക്‌ളെയർ കാറോടിച്ചത്. ഇടയ്ക്ക് വീശിയ കാറ്റിൽ മറയൊന്നു നീങ്ങിയപ്പോൾ നോക്കെത്താദൂരം ടാങ്കുകൾ യുദ്ധസജ്ജമായി നീങ്ങുന്ന വിസ്മയകരമായ കാഴ്ച ക്‌ളെയർ കണ്ടു. നല്ലവനായ ഒരു പത്രാധിപർ ക്‌ളെയർ ഹോളിങ് വർത്ത് എന്ന ബൈലൈനിൽ 1939 ഓഗസ്റ്റ് 28ന് ആ വാർത്ത പ്രസിദ്ധപ്പെടുത്തി. പോളണ്ടിലേക്ക് കയറുന്നതിനുള്ള ഉത്തരവ് ഹിറ്റ്‌ലർ ഓഗസ്റ്റ് 31ന് നൽകി.
1939 സെപ്തംബർ ഒന്നാം തിയതി, ഹോളിങ് വർത്തിന്റെ വാർത്തയുടെ അഞ്ചാം ദിവസം, രണ്ടാം ലോകമഹായുദ്ധം ഔപചാരികമായി ആരംഭിച്ചു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സ്‌കൂപ്പിന് അവകാശിയായിത്തീർന്ന ക്‌ളെയർ ഹോളിങ് വർത്ത് ഏറ്റവും പ്രസിദ്ധയായ യുദ്ധലേഖികയായി. ഹോങ് കോങ് ആസ്ഥാനമാക്കി പ്രവർത്തിച്ച ക്‌ളെയർ വിയറ്റ്‌നാം ഉൾപ്പെടെ ഒട്ടേറെ യുദ്ധങ്ങൾ റിപ്പോർട്ട് ചെയ്തു. എഴുപത് വർഷം നീണ്ടുനിന്ന റിപ്പോർട്ടിങ് കരിയറിൽ ഒട്ടേറെ ഖ്യാതി സമ്പാദിച്ചു. നൂറ്റിഅഞ്ചാമത്തെ വയസ്സിൽ 2017ൽ അന്തരിച്ചു.
ഇന്ന് സ്‌കൂപ്പിന് വലിയ സ്‌കോപ്പില്ല. ടെലിവിഷന്റെയും യൂട്യൂബിന്റെയും കാലത്ത് ആർക്കും ഏതാനും നിമിഷങ്ങൾക്കപ്പുറം ഒരു വാർത്തയും സ്വന്തമാക്കി വയ്ക്കാനാവില്ല.
ഡോ. സെബാസ്റ്റ്യൻ പോൾ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
