ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ രണ്ടാംവട്ടം അധികാരത്തിലേറിയപ്പോള്‍ മുതല്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്കും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവു കുറയ്ക്കാനായി പ്രവര്‍ത്തിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി വിഭാഗത്തിന്റെ തലവന്‍ എന്നതിനപ്പുറം മസ്‌ക് വൈറ്റ് ഹൗസിലെ നിര്‍ണായക സ്വാധീനമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്.
മസ്‌കിന്റെ പല നിലപാടുകളും തീരുമാനങ്ങളും അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്‍പ്പെടെ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. ട്രംപിനെ കണ്ണുമടച്ച് പിന്തുണയ്ക്കുന്ന മസ്‌ക് തന്റെ അധികാരപരിധി വിട്ട് പെരുമാറുന്നതില്‍ ഭരണകൂടത്തില്‍ നിന്നു തന്നെ പലപ്പോഴും വിമര്‍ശനം ഉയരുന്നിട്ടുണ്ട്.
ഇപ്പോഴിതാ, മസ്‌കിനെതിരേ കാനഡയിലും വലിയ വിമര്‍ശനമാണ് ഉയരുന്നത്. കാനഡയുമായി മസ്‌ക്കിന് അടുത്ത ബന്ധമുണ്ട്. കാനഡക്കാരിയായ അമ്മ വഴിയാണ് മസ്‌ക്കിന് കനേഡിയന്‍ പൗരത്വം ലഭിച്ചത്. എന്നാല്‍ മസ്‌ക്കിന്റെ അതിരു കടന്ന അഭിപ്രായ പ്രകടനങ്ങളില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ കനേഡിയന്‍ പൗരത്വം റദ്ദാക്കണമെന്ന ആവശ്യവുമായി ഒരു ലക്ഷത്തിലധികം കനേഡിയന്‍മാരാണ് രംഗത്തുവന്നിരിക്കുന്നത്. ഈ ആവശ്യവുമായി 1,50,000ത്തിലധികം പേരാണ് നിവേദനത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.
ബ്രിട്ടീഷ് കൊളംബിയയില്‍ നിന്നുള്ള എഴുത്തുകാരിയായ ക്വാലിയ റീഡാണ് നിവേദനത്തിന് പിന്നില്‍. അധികാരത്തിലേറിയ ഉടന്‍ ട്രംപ്, കാനഡയെ അമേരിക്കയില്‍ ലയിപ്പിക്കുകയും അമേരിക്കയുടെ 51 ാമത്തെ സംസ്ഥാനം ആക്കുമെന്നും പറഞ്ഞതാണ് കനേഡിക്കാരുടെ പ്രകോപനത്തിന് കാരണം. കനേഡിയന്‍ പൗരനായിട്ടും മസ്‌ക് ട്രംപിന്റെ നിലപാടിന് കൂട്ടുനില്‍ക്കുന്നുവെന്നാണ് ആരോപണം ഉയരുന്നത്.
കാനഡയുടെ ദേശീയ താത്പ്പര്യത്തിന് വിരുദ്ധമായാണ് മസ്‌ക്കും ട്രംപും പ്രവര്‍ത്തിക്കുന്നതെന്ന് ക്വാലിയ റീഡ് ആരോപിക്കുന്നു. മസ്‌കിന്റെ കടുത്ത വിമര്‍ശകനായ ന്യൂ ഡെമോക്രാറ്റ് എം.പി ചാര്‍ളി ആംഗസ് കനേഡിയന്‍ പാര്‍ലമെന്റില്‍ നിവേദനം അവതരിപ്പിക്കും. മസ്‌ക്കിന്റെ കനേഡിയന്‍ പാസ്‌പോര്‍ട്ട് എടുത്തുകളയാനും അദ്ദേഹത്തിന്റെ ഇരട്ട പൗരത്വം റദ്ദാക്കാനും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയോട് ആവശ്യപ്പെടുന്നതാണ് നിവേദനം.
ട്രംപിന്റെ ഉപദേഷ്ടാവ് എന്ന നിലയില്‍ കാനഡയുടെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുന്ന ശ്രമങ്ങളില്‍ മസ്‌ക് പങ്കാളിയാകുന്നു. മറ്റു രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാന്‍ തന്റെ സമ്പത്തും അധികാരവും മസ്‌ക് ഉപയോഗിക്കുന്നുവെന്നും നിവേദനത്തില്‍ പറയുന്നു.
ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ല, എയ്‌റോസ്‌പേസ് കമ്പനിയായ സ്‌പേസ് എക്‌സ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് എന്നിവയുള്‍പ്പെടെയുള്ള യു.എസ് കമ്പനികളുടെ തലവനായ ഇലോണ്‍ മസ്‌ക് ദക്ഷിണാഫ്രിക്കയിലാണ് ജനിച്ചത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1