ജപ്പാന്‍-ചൈന വാക്പോരിന് പിന്നിലെന്ത്?

NOVEMBER 26, 2025, 5:07 AM

ചൈനയും ജപ്പാനും തായ്‌വാന്റെ പേരില്‍ വീണ്ടും പോരിലേയ്ക്ക്. തായ്‌വാനെ ചൈന ആക്രമിച്ചാല്‍ സൈന്യത്തെ വിന്യസിക്കുമെന്നാണ് ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായ സനേ തകായിച്ചി നടത്തിയ ഭീഷണി. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

അധികാരമേറ്റതിന് ശേഷമുള്ള തന്റെ ആദ്യ പാര്‍ലമെന്റ് പ്രസംഗത്തിലായിരുന്നു ചൈനയും തായ്‌വാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ ജപ്പാന്‍ സൈനിക പങ്കാളിയാകുമെന്ന് സനേ തകായിച്ചി അഭിപ്രായപ്പെട്ടത്. സൈനിക ഇടപെടല്‍ നടത്തുമെന്ന സനേ തകായിച്ചിയുടെ ഭീഷണി ചൈനയെ പ്രകോപ്പിക്കുകയായിരുന്നു. ചൈന ഇതിനെ 'സൈനിക ഭീഷണി'യായി കണ്ട് യുഎന്‍ വരെ കാര്യം ധരിപ്പിക്കുകയും ചെയ്തു. പിന്നാലെ ജപ്പാനുമായി സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ജപ്പാനിലേക്ക് യാത്ര ചെയ്യരുതെന്നതടക്കമുള്ള മുന്നറിയിപ്പുകള്‍ ഷി ജിന്‍പിങ് ഭരണകൂടം ചൈനയിലെ പൗരന്മാര്‍ക്ക് നല്‍കുകയും ചെയ്തു.ഇതിന് പുറമെ ചൈന ജാപ്പനീസ് സമുദ്രോത്പന്ന ഇറക്കുമതിക്ക് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി. ജാപ്പനീസ് ഗായകരുടെ കോണ്‍സെര്‍ട്ടുകള്‍ റദ്ദാക്കുകയും ജാപ്പനീസ് സിനിമാ റിലീസുകള്‍ തടയുകയും ചെയ്തു. സെങ്കാകു ദ്വീപുകളിലൂടെ കോസ്റ്റ്ഗാര്‍ഡ് കപ്പല്‍ അയച്ചും യോനഗൂണി ദ്വീപിനടുത്ത് ഡ്രോണുകള്‍ പറത്തിയും ചൈന തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

തായ്‌വാനുമായി ബന്ധപ്പെട്ട് മുന്‍കാലനേതാക്കള്‍ ഇത്തരം വ്യക്തമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നില്ല. എന്നാല്‍ താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ നിന്ന് പിന്നോട്ട് പോകാന്‍ സനേ തകായിച്ചി തയ്യാറാകാത്തതാണ് പ്രശ്നങ്ങള്‍ വഷളാക്കുന്നത്.

തായ്‌വാനില്‍ കണ്ണുംനട്ട് ചൈന

തായ്‌വാനുമേല്‍ ചൈന നേരത്തെ അവകാശവാദം ഉന്നയിക്കുകയും സ്വന്തം ഭാഗമായി കണക്കാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെ തായ്വാന്‍ നേരത്തെ നിരസിക്കുകയും ചെയ്തിരുന്നു. സൈനിക ബലം ഉപയോഗിച്ച് ആവശ്യമെങ്കില്‍ തായ്വാനില്‍ അധിനിവേശം നടത്തുമെന്നും ചൈന വ്യക്തമാക്കിയിരുന്നു.

ജപ്പാന്റെ ഏറ്റവും അടുത്ത ദ്വീപില്‍ നിന്ന് വെറും 100 കിലോമീറ്റര്‍ ദൂരത്താണ് തായ്വാന്‍ സ്ഥിതി ചെയ്യുന്നത്. റിപ്പബ്ലിക് ഓഫ് ചൈന എന്നാണ് തായ്‌വാന്റെ ഔദ്യോഗിക നാമം. രണ്ടരക്കോടിയോളം മനുഷ്യര്‍ ഈ ദ്വീപില്‍ താമസിക്കുന്നുണ്ട്. ജനാധിപത്യപരമായ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും സ്വന്തമായ ഭരണഘടനയും തായ്‌വാനുണ്ട്. സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കാണ് തങ്ങളെന്ന് തായ്‌വാന്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.

1949-ലെ ആഭ്യന്തര യുദ്ധത്തില്‍ തായ്‌വാന്‍ ചൈനയില്‍ നിന്ന് വേര്‍പിരിഞ്ഞിരുന്നു. എന്നാല്‍ 20 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ദ്വീപിനെ ചൈന ഇന്നും അവരുടെ പ്രദേശമായാണ് കണക്കാക്കുന്നത്. സൈനിക ശക്തിയിലൂടെ ഇത് തന്റെ നിയന്ത്രണത്തിലാക്കുമെന്നാണ് ചൈന കണക്ക് കൂട്ടുന്നത്. എന്നാല്‍ ചൈനയുടെ അവകാശവാദം സ്വയംഭരണാവകാശ മേഖലയായ തായ്വാന്‍ അംഗീകരിക്കുന്നില്ല.

തായ്‌വാനെ ചേര്‍ത്തുകൊണ്ട് ഒറ്റചൈനയാക്കി മുന്നോട്ട് പോകണമെന്നും അതിന് ബലപ്രയോഗം നടത്താന്‍ പോലും മടിക്കില്ലെന്നാണ് ചൈനയുടെ വര്‍ഷങ്ങളായുള്ള നിലപാട്. ചൈനയുടെ മക്കള്‍ പുനരേകീകരണം ആഗ്രഹിക്കുന്നുണ്ടെന്നും സ്വാതന്ത്ര്യത്തിന് വേണ്ടി ശ്രമിച്ചാല്‍ ശക്തമായി അടിച്ചമര്‍ത്തുമെന്ന് 2021 ജൂലൈയില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷിക സമ്മേളനത്തില്‍ സംസാരിച്ചിരുന്ന ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് വ്യക്തമാക്കിയിരുന്നു. ഷീ ജിന്‍പിങ് അധികാരത്തിലെത്തിയതിന് പിന്നാലെ പലപ്പോഴായി ചൈന തായ്‌വാനെ പ്രകോപിച്ചിട്ടുണ്ട്. നിരവധി തവണ തായ്‌വാന്‍ പരിധിയില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെല്ലാം അമേരിക്കയും സര്‍വ പിന്തുണയും നല്‍കിയിരുന്നതാണ് റിപ്പോര്‍ട്ട്.

പ്രസ്താവന പിന്‍വലിക്കാതെ തകായിച്ചി

തായ്‌വാനുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി തകായിച്ചിയുടെ പരസ്യമായ പരാമര്‍ശങ്ങള്‍ ചൈന-ജപ്പാന്‍ ബന്ധങ്ങളുടെ രാഷ്ട്രീയ അടിത്തറയെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. ഉഭയകക്ഷി സാമ്പത്തിക, വ്യാപാര വിനിമയങ്ങളെ സാരമായി ബാധിച്ചെന്ന് മന്ത്രാലയ വക്താവ് ഹി യോങ്കിയാന്‍ കഴിഞ്ഞദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജപ്പാന്‍ തങ്ങളുടെ നടപടിയില്‍ ഉറച്ചുനില്‍ക്കുകയും തെറ്റായ പാത പിന്തുടരുകയും ചെയ്താല്‍, ചൈന ആവശ്യമായ നടപടികള്‍ സ്വീകരിക്കും, എല്ലാ അനന്തരഫലങ്ങളും ജപ്പാന്‍ നേരിടേണ്ടിവരുമെന്നും ചൈനീസ് വ്യക്താവ് പറഞ്ഞു. ചൈനയുടെ ആഭ്യന്തര വിഷയങ്ങളില്‍ തലയിട്ടാല്‍ ആ കഴുത്ത് മുറിച്ച് മാറ്റാന്‍ തയ്യാറാണെന്ന് ജപ്പാനിലെ ചൈനീസ് കോണ്‍സുല്‍ ജനറല്‍ ഷ്യൂ ജിയാന്‍ പറഞ്ഞതും ഏറെ വിവാദമായിരുന്നു. ഈ പരാമര്‍ശം നിരുത്തരവാദിത്തമാണെന്ന് ജപ്പാന്‍ ഉടനടി പ്രതികരിച്ചു.എന്നാല്‍ തകായിച്ചിയുടെ ഭീഷണിയോടുള്ള സ്വാഭാവിക മറുപടി മാത്രമാണെന്നാണ് ചൈന നല്‍കിയ വിശദീകരണം.
 
ടൂറിസം മേഖലയും കൂപ്പുകുത്തി

പരാമര്‍ശം പിന്‍വലിക്കില്ലെന്ന് തകായിച്ചി നിലപാടെടുത്തതോടെ ചൈനയും നിലപാട് കടുപ്പിച്ചു.ജപ്പാന്‍ സന്ദര്‍ശിക്കുന്നതിനെക്കുറിച്ച് യാത്രക്കാര്‍ക്കും വിദ്യാര്‍ഥകള്‍ക്കും ബീജിംഗ് ഔദ്യോഗിക മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ജപ്പാനിലേക്ക് പോകരുതെന്ന് ചൈന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതോടെ ജാപ്പനീസ് ഓഹരികളും കൂപ്പുകുത്തി. പ്രത്യേകിച്ച് ടൂറിസവുമായി ബന്ധപ്പെട്ട ഓഹരികളെയാണ് ഇത് ബാധിച്ചത്.ജപ്പാന്റെ വിനോദസഞ്ചാരത്തിന്റെ ഒരു പ്രധാന സ്രോതസ്സാണ് ചൈന

2024 മെയ് മാസത്തിലെ കണക്കനുസരിച്ച്, ജപ്പാനില്‍ 120,000-ത്തിലധികം ചൈനീസ് വിദ്യാര്‍ഥികളുണ്ടായിരുന്നു, ഈ വര്‍ഷത്തെ ആദ്യ എട്ട് മാസങ്ങളില്‍ 6.7 ദശലക്ഷത്തിലധികം ചൈനീസ് വിനോദസഞ്ചാരികള്‍ രാജ്യം സന്ദര്‍ശിച്ചു. ചൈനയുടെ ഏറ്റവും പുതിയ യാത്രാ മുന്നറിയിപ്പ് ജപ്പാന് 14 ബില്യണ്‍ സാമ്പത്തിക നാശനഷ്ടമുണ്ടാക്കുമെന്ന് നോമുറ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ എക്‌സിക്യൂട്ടീവ് ഇക്കണോമിസ്റ്റായ തകാഹിഡെ കിയുച്ചി പറയുന്നു.ടൂറിസത്തിന് പുറെ എയര്‍ലൈന്‍, റീട്ടെയില്‍ ഓഹരികളും കുത്തനെ ഇടിഞ്ഞിട്ടുണ്ട്.

ജാപ്പനീസ് സമുദ്രോത്പന്ന ഇറക്കുമതിക്ക് പൂര്‍ണ നിരോധനം

സംഘര്‍ഷങ്ങള്‍ക്കിടെ കഴിഞ്ഞദിവസമാണ് ജാപ്പനീസ് സമുദ്രോത്പന്ന ഇറക്കുമതിക്ക് ചൈന പൂര്‍ണ്ണമായ നിരോധനം ഏര്‍പ്പെടുത്തിയത്. ഫുകുഷിമ ആണവ നിലയത്തില്‍ നിന്ന് ശുദ്ധീകരിച്ച വെള്ളം പുറത്തുവിടുന്നതിന് ഏകദേശം രണ്ട് വര്‍ഷത്തെ നിരോധനത്തിന് ശേഷം, അടുത്തിടെയാണ് ചൈന ജാപ്പനീസ് സമുദ്രോത്പന്ന ഇറക്കുമതി പുനരാരംഭിച്ചത്.അതേസമയം, ജപ്പാനീസ് സമുദ്രോത്പന്ന ഇറക്കുമതിക്ക് ചൈന പൂര്‍ണ്ണമായ നിരോധനം ഏര്‍പ്പെടുത്തിയത് ഇന്ത്യക്ക് നേട്ടമായി. നിരോധനത്തിന് തൊട്ടുപിന്നാലെ ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതിക്കാരുടെ ഓഹരികള്‍ 11% വരെ ഉയരുകയും ചെയ്തു.

2023-ല്‍, ഫുകുഷിമ ആണവ നിലയത്തില്‍ നിന്ന് റേഡിയോ ആക്ടീവ് ജലം പസഫിക്കിലേക്ക് തുറന്നുവിടാന്‍ ടോക്കിയോ തീരുമാനിച്ചതിനെത്തുടര്‍ന്ന്, എല്ലാ ജാപ്പനീസ് സമുദ്രവിഭവങ്ങളുടെയും ഇറക്കുമതിക്ക് ചൈന പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 2010-ല്‍, ദിയാവു ദ്വീപുകള്‍ എന്ന് അവകാശപ്പെടുന്ന സെന്‍കാകു ദ്വീപുകള്‍ക്ക് സമീപം കോസ്റ്റ് ഗാര്‍ഡ് കപ്പലുകളുമായി കൂട്ടിയിടിച്ചതിന് ഒരു ചൈനീസ് മത്സ്യബന്ധന ക്യാപ്റ്റന്റെ കപ്പല്‍ ജാപ്പനീസ് അധികൃതര്‍ കസ്റ്റഡിയിലെടുത്തതിനെത്തുടര്‍ന്ന് ജപ്പാനിലേക്കുള്ള എര്‍ത്ത് മാഗ്നെറ്റ് കയറ്റുമതി ഏഴ് ആഴ്ചത്തേക്ക് ചൈന നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.

ജാപ്പനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മുന്നില്‍ ചൈന വാതിലടക്കുമോ?

യുഎന്‍ കോംട്രേഡ് ഡാറ്റ പ്രകാരം, 2024 ല്‍ ഏകദേശം 125 ബില്യണ്‍ ഡോളറിന്റെ ജാപ്പനീസ് ഉല്‍പ്പന്നങ്ങളാണ് ചൈന വാങ്ങിയത്. വ്യാവസായിക ഉപകരണങ്ങള്‍, ഓട്ടോമൊബൈലുകള്‍ തുടങ്ങിയവയാണ് പ്രധാനമാണ് ചൈന ഇറക്കുമതി ചെയ്യുന്നത്. അമേരിക്ക് ശേഷം ജപ്പാന്റെ രണ്ടാമത്തെ വലിയ കയറ്റുമതി വിപണിയാണ് ചൈന. ചൈന ജാപ്പനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് വാതിലുകള്‍ അടച്ചാല്‍ ചൈനക്ക് ബദല്‍ വിപണികള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടേണ്ടി വരും.ജപ്പാന്‍ അവരുടെ നടപടിയില്‍ ഉറച്ചുനില്‍ക്കുകയും തെറ്റായ പാത പിന്തുടരുകയും ചെയ്താല്‍, ചൈന ആവശ്യമായ നടപടികള്‍ ദൃഢനിശ്ചയത്തോടെ സ്വീകരിക്കും, എല്ലാ അനന്തരഫലങ്ങളും ജപ്പാന്‍ വഹിക്കേണ്ടി വരുമെന്നും ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജപ്പാന്റെ മൂന്നാമത്തെ കയറ്റുമതി രാജ്യം ദക്ഷിണ കൊറിയയാണ്.എന്നാല്‍ കഴിഞ്ഞവര്‍ഷം 46 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ മാത്രമേ ദക്ഷിണ കൊറിയ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തത്.

ജാപ്പനീസ് സിനിമാ റിലീസുകള്‍ റദ്ദാക്കി

തകായിച്ചിയുടെ പരാമര്‍ശത്തിന് പിന്നാലെ ചൈന ജാപ്പനീസ് കലാകാരന്മാര്‍ക്കെതിരെയും തിരിഞ്ഞിട്ടുണ്ട്. നിരവധി ജാപ്പനീസ് കലാകാരന്മാരുടെ സംഗീതപരിപാടികള്‍ ചൈന റദ്ദാക്കി. പ്രമുഖ ജാസ് കലാകാരന്‍ യോഷിയോ സുസുക്കിയുടെ കച്ചേരികള്‍ ചൈനീസ് ആരാധകര്‍ കൂട്ടത്തോടെ റദ്ദാക്കി.എന്നാല്‍ പൊലീസ് ഇടപെട്ടാണ് പരിപാടി നിര്‍ത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്.ഇതിന് പിന്നാലെ രണ്ട് ജാപ്പനീസ് ആനിമേഷന്‍ സിനിമയുടെ ചൈനയിലെ റിലീസ് മാറ്റിവെക്കുകയും ചെയ്തു.പ്രേക്ഷക വികാരം കണക്കിലെടുത്താണ് റിലീസുകള്‍ മാറ്റിവയ്ക്കാന്‍ വിതരണക്കാര്‍ തീരുമാനമെടുത്തതെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ പറയുന്നു. ക്രയോണ്‍ ഷിന്‍-ചാന്‍ ദി സൂപ്പര്‍ ഹോട്ട്, ദി സ്പൈസി കസുകബെ ഡാന്‍സേഴ്സ് തുടങ്ങിയ സിനിമയുടെ റിലീസാണ് റദ്ദാക്കിയത്.

നിലവില്‍ ചൈനയും ജപ്പാനും തമ്മില്‍ സാമ്പത്തിക,വ്യാപാര, സാംസ്‌കാരിക തര്‍ക്കങ്ങളാണ് നിലനില്‍ക്കുന്നത്. അത് സൈനിക സംഘര്‍ഷങ്ങളിലേക്ക് നീങ്ങുമോ എന്ന ആശങ്കയും ഇരു രാജ്യങ്ങളിലും ഉയരുന്നുണ്ട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam