തിരഞ്ഞെടുപ്പ് കഴിഞ്ഞതോടുകൂടി കേരളത്തിൽ കെ. കരുണാകരന്റെ ഗ്രൂപ്പ് ഏറെ ശക്തി പ്രാപിച്ചു. ആന്റണി ഗ്രൂപ്പ് ഉന്നയിച്ച സംഘടന പ്രശ്‌നങ്ങൾക്ക് ഒരു പരിഹാരവും ഉണ്ടായില്ല. ഏപ്രിൽ അവസാനം ചേർന്ന കെ.പി.സി.സി യോഗത്തിൽ ഉമ്മൻചാണ്ടിയും കെ.പി. വിശ്വനാഥനും പങ്കെടുത്തില്ല. മലപ്പുറം പത്തനംതിട്ട എന്നീ ജില്ലകളിലെ ഡി.സി.സി പ്രസിഡന്റുമാരും പങ്കെടുത്തില്ല. സത്യത്തിൽ ആന്റണി ഗ്രൂപ്പിന് ഇപ്പോൾ സംസാരിക്കാൻ ഒരു വേദി പോലും ഇല്ല എന്നായി.
വ്യത്യസ്ത പേരുകളിൽ പല ഫോറങ്ങളും രൂപംകൊണ്ടത് ഇക്കാലത്താണ്. ഇത് സമാന്തര സംഘടനയായി പ്രവർത്തിച്ചു എന്ന് വേണമെങ്കിൽ പറയാം. കെ.പി.സി.സി അങ്ങനെ ഉന്നയിക്കുകയും ചെയ്തിരുന്നു. ചെറിയാൻ ഫിലിപ്പ് ആണ് ഫോറം രൂപീകരിക്കാൻ ആദ്യം മുന്നിട്ടിറങ്ങിയത്.അദ്ദേഹത്തിന്റെ കേരള ദേശീയ വേദി എന്ന ഫോറം രൂപം കൊണ്ടതിനെ തുടർന്ന് ഇന്ദിരാ ദർശന വേദി രാജീവ് വിചാരവേദി ഇങ്ങനെ പല പേരുകളിൽ പല ജില്ലകളിലും സമാന്തര ഫോറങ്ങൾ രൂപം കൊണ്ടു. കെ.പി.സി.സിയും വെറുതെയിരുന്നില്ല. ചർച്ച വേദികളുടെ പേരിൽ താക്കീത് കൊടുത്തു.
പിന്നെ വയലാർ രവി ശക്തമായ എതിർപ്പുമായി മുന്നിട്ടിറങ്ങി. ഉമ്മൻചാണ്ടിയും വെറുതെയിരുന്നില്ല. കോൺഗ്രസിൽ സജീവമായിരുന്ന കോൺഗ്രസ് സോഷ്യലിസ്റ്റ് ഫോറത്തിന്റെ നേതാവായിരുന്നു ദീർഘകാലം വയലാർ രവി എന്ന് പല വേദികളിലും ഓർമിപ്പിക്കാനും ഉമ്മൻചാണ്ടിയും ചെറിയാൻ ഫിലിപ്പും മറന്നില്ല. വി.എം. സുധീരൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആയിരുന്നപ്പോൾ രൂപവൽക്കരിച്ചതാണ് യുവഭാവന. കെ. കരുണാകരന്റെ രക്ഷാകർതൃത്വത്തിൽ ആയിരുന്നു അത്. എന്തിനു പറയുന്നു തിരൂരിൽ കുഞ്ചൻപറമ്പിൽ യുവഭാവന ഉദ്ഘാടനം ചെയ്തത് തന്നെ കരുണാകരനാണ് എന്ന് ആര്യാടൻ മുഹമ്മദ് ഓർമിപ്പിച്ചു.
ചുരുക്കി പറഞ്ഞാൽ ഏപ്രിൽ മാസത്തിൽ തന്നെ എല്ലാ ജില്ലകളിലും ഫോറം വളരെ സജീവമായി. പ്രശ്‌നം രൂക്ഷമാവും എന്ന് കണ്ടപ്പോൾ കേരള കോൺഗ്രസിലെ ചില നേതാക്കൾ മുസ്ലിം ലീഗുമായി ചർച്ച നടത്തി. അവർ തെന്നല ബാലകൃഷ്ണപിള്ളയും ആയി സംസാരിച്ചു. തെന്നല കമ്മിറ്റി ഇതിൽ എന്തുചെയ്യാനാണ് എന്ന് പറഞ്ഞ് അദ്ദേഹം കൈമലർത്തി. ഉമ്മൻചാണ്ടിയും കൂട്ടരും ഫോറങ്ങൾ ഉണ്ടാക്കി. സർക്കാരിനെയും കെ.പി.സി.സി പ്രസിഡന്റിനെയും താറടിക്കുകയാണെന്ന് ഐ ഭാഗം നേതാക്കൾ അഭിപ്രായപ്പെട്ടു. തെന്നലെ കമ്മിറ്റിക്ക് വിട്ട് വിഷയം എ.ഐ.സി.സി.യുടെ പരിഗണനയ്ക്ക് വിട്ടത് ഒട്ടും ശരിയായില്ല എന്ന് പരസ്യമായി ഉമ്മൻചാണ്ടി പല വേദികളിലും പറഞ്ഞു. അവസാനം മേയ് അഞ്ചാം തീയതി ഘടകകക്ഷി നേതാക്കളായ കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, എം.പി. രാഘവൻ എന്നിവർ മുഖ്യമന്ത്രിയുമായി സംസാരിക്കാൻ ഒരുമ്പെട്ടു. അതിൽനിന്ന് വയലാർ രവി വിട്ടുനിന്നു.
എ.ഐ.സി.സി പരിഗണനയ്ക്ക് വിടുന്ന വിഷയങ്ങൾ ഘടകകക്ഷികളുമായി എന്തിന് ചർച്ച ചെയ്യണം എന്നായിരുന്നു രവിയുടെ ചോദ്യം. എം.ഐ. ഷാനവാസും ജി. കാർത്തികയനും അതിൽ പങ്കെടുത്തു. നീണ്ട ചർച്ച തന്നെ നടന്നു. വൈകിട്ട് ഏതാണ്ട് ഏഴു മണി കഴിഞ്ഞു കാണും. ചർച്ച അവസാനിച്ചപ്പോൾ ജി. കാർത്തികേയനും ഷാനവാസമാണ് പുറത്തറങ്ങിനിന്ന് തീരുമാനങ്ങൾ പത്ര ലേഖകരെ അറിയിച്ചത്. കമ്മിറ്റിക്ക് പ്രവർത്തിക്കാൻ വേണ്ടുന്ന കാര്യങ്ങൾ ഒരുക്കി കൊടുക്കുമെന്നും കോട്ടയം തൃശ്ശൂർ ജില്ലകളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനും കെ.പി.സി.സി തീരുമാനമായി. തെന്നല കമ്മിറ്റി പ്രവർത്തിക്കാൻ വേണ്ടുന്ന എല്ലാ സഹായവും ചെയ്തു തരാമെന്ന് പറഞ്ഞുകൊണ്ട് വയലാർ രവി തെന്നിലക്ക് കത്ത് നൽകി.
എന്നാൽ പഠന വേദികളും ഫോറങ്ങളും കോൺഗ്രസ് പ്രസ്ഥാനത്തെ നശിപ്പിക്കാൻ ആണെന്നും തെന്നല കമ്മിറ്റി തന്നെ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ വേണ്ടി ഉള്ളതാണെന്ന് ഉള്ള ഒരു പ്രചരണം എങ്ങനെയോ പലഭാഗത്തുനിന്നും ഉയർന്നു. ഇതിന് മറുപടിയായി തൃശ്ശൂരിൽ ഇന്ദിരാദർശൻ വേദിയുടെ ഉദ്ഘാടന ചടങ്ങിൽ ഉമ്മൻചാണ്ടി ശക്തമായ ഭാഷയിൽ വിശദീകരണം
നൽകി. ഒരാൾക്കുമെതിരെ നടപടിയെടുക്കാൻ വേണ്ടി ഉള്ളതല്ല തെന്നല സമിതി എന്ന് കൂടി ഉമ്മൻചാണ്ടി ഓർമ്മപ്പെടുത്തി. എന്നാൽ പാർട്ടിക്ക് ഉള്ളിലെ ജനാധിപത്യവിരുദ്ധ നീക്കങ്ങൾ പ്രവർത്തകരുടെയും ജനങ്ങളുടെയും മുന്നിൽ തുറന്നു കാണിക്കാൻ ഞങ്ങൾ മടിക്കില്ല. ഇത്തരം ഹീന പ്രവർത്തികൾ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്താനാണ് ജില്ലാ അടിസ്ഥാനത്തിൽ പല സമിതികളും ഫോറങ്ങളും രൂപം കൊണ്ടത്. ആകെ അന്തരീക്ഷത്തിൽ കാർമേഘപടലങ്ങൾ ഉരുണ്ടുകൂടി കോൺഗ്രസിനെ ഇത് വിനാശകാലം എന്ന് ചില ബുദ്ധിജീവികൾ പ്രവചിക്കുകയും ചെയ്തു.
കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഘടകകക്ഷികൾ ഇടപെടുന്നു എന്നായിരുന്നു പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ പ്രധാന പരാതി. ഘടകകക്ഷികൾ ആന്റണി ഗ്രൂപ്പിനെ പിന്തുണയ്ക്കുന്നു എന്ന് ഐ ഗ്രൂപ്പിൽ നിന്ന് ശക്തമായ പരാതി ഉയർന്നു. ഘടകകക്ഷികളുടെ ഇടപെടലിന് എന്തായാലും ഒരു പരിധി ഉണ്ടായേ പറ്റൂ എന്ന നിലപാടിൽ വയലാർ രവി ഉറച്ചുനിന്നു.
അറിഞ്ഞോ, അറിയാതെയോ ഒരു കോൺഗ്രസിന്റെ കാര്യത്തിനും ഘടകകക്ഷികൾ ഇടപെടില്ലെന്ന് കുഞ്ഞാലിക്കുട്ടി അതിന് മറുപടിയും കൊടുത്തു. സത്യത്തിൽ ഘടകകക്ഷികളെ ആന്റണി ഗ്രൂപ്പ് സമീപിച്ചു ഒന്നുമല്ല. എന്നാൽ ഐ ഗ്രൂപ്പിന്റെ വേലത്തരങ്ങൾ അവർക്കും മനസ്സിലായി തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊക്കെ പറയാൻ തുടങ്ങിയത്.
കോൺഗ്രസിന്റെ ഗ്രൂപ്പുകളിൽ ഭരണിയുടെ കെട്ടുറപ്പിനെയും ഭരണത്തെയും കാര്യമായി ബാധിക്കും എന്ന് ഉറപ്പായപ്പോഴാണ് ഘടകകക്ഷികൾ സടകുടഞ്ഞ് ഉണർന്നത്.
ഇതിനിടെ രണ്ടു ഉപതിരഞ്ഞെടുപ്പുകൾ കൂടി വന്നു. ഒന്ന് ഞാറക്കൽ മറ്റൊന്ന് താനൂരും. കെ. കുഞ്ഞമ്മുവിന്റെ മരണത്തെ തുടർന്നാണ് ഞാറക്കൽ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ആന്റണി ഗ്രൂപ്പ് അവിടെ ഏകകണ്ഠമായി പി.കെ. വേലായുധന്റെ പേര് നിർദ്ദേശിച്ചു. എന്നാൽ അതൊന്നും മുഖവിലക്കെടുക്കാൻ ഐ ഗ്രൂപ്പ് തയ്യാറായിരുന്നില്ല. പകരം തികച്ചും പുതുമുഖമായ അനന്തകുമാർ എന്ന ഒരാളെ രംഗത്തിറക്കാൻ അവർ തീരുമാനിച്ചു.
ആന്റണിഗ്രൂപ്പിന് ഒട്ടും താല്പര്യമുള്ള സ്ഥാനാർത്ഥി ആയിരുന്നില്ല എന്നിട്ടു പോലും ആന്റണി പക്ഷത്തുള്ളവർ ഉമ്മൻചാണ്ടിയേയും കൂട്ടി കയ്യും മെയ്യും മറന്ന് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി അഹോരാത്രം പണിയെടുത്തു. ഉപതെരഞ്ഞെടുപ്പ് നടന്നത് ജൂൺ 9 ആയിരുന്നു. ഗതികേടിന് അനന്തകുമാർ കോൺഗ്ര്‌സ് എസിലെ വി.കെ. ബാബുവിനോട് തോറ്റു. താനൂർ സീറ്റ് ലീഗിനാണ് കൊടുത്തത്. അവിടെ കെ. കുട്ടി അഹമ്മദ് കുട്ടി ജയിച്ചു കയറി.
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1