ട്രംപിന്റെ മൂന്നാം ലോക മഹായുദ്ധ മുന്നറിയിപ്പ് 

DECEMBER 17, 2025, 4:59 AM

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു മൂന്നാം ലോക മഹായുദ്ധത്തിന്റെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. റഷ്യ-ഉക്രെയ്ന്‍ യുദ്ധം തുടര്‍ന്നാല്‍ അത് മൂന്നാം ലോകമഹായുദ്ധത്തില്‍ കലാശിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ മാസം ഏകദേശം 25,000 സൈനികര്‍ കൊല്ലപ്പെട്ടുവെന്ന കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ മുന്നറിയിപ്പ്. 

വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവേ നിലവിലെ സ്ഥിതിയില്‍ നിരാശ പ്രകടിപ്പിച്ച അദ്ദേഹം, അക്രമം ഉടനടി അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ മാസം 25,000 സൈനികരാണ് മരിച്ചത്. ഈ കൂട്ടക്കൊലകള്‍ അവസാനിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു. അതിനായി കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ ഇനിയും തുടര്‍ന്നാല്‍ അതൊരു മൂന്നാം ലോകമഹായുദ്ധത്തില്‍ കലാശിക്കും. അത് സംഭവിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

മണിക്കൂറുകള്‍ക്കകം യുദ്ധം അവസാനിപ്പിക്കുമെന്ന് മുന്‍പ് അവകാശപ്പെട്ടിരുന്ന ട്രംപിന് റഷ്യയും ഉക്രെയ്‌നും വഴങ്ങാത്തതിനാല്‍ ഇപ്പോഴും വെറുമൊരു കാഴ്ചക്കാരനായി നോക്കിനില്‍ക്കേണ്ടി വരികയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹം അതീവ നിരാശനാണെന്നാണ് വാക്കുകളില്‍ നിന്ന് വ്യക്തമാവുന്നത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലെ മന്ദഗതിയില്‍ മോസ്‌കോയോടും കീവിനോടും ട്രംപ് അതൃപ്തി രേഖപ്പെടുത്തിയതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. നാല് വര്‍ഷം നീണ്ട യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് പ്രധാന മധ്യസ്ഥത വഹിക്കുന്നുണ്ട്. എന്നാല്‍ ഇരുകൂട്ടരും അമ്പിനും വില്ലിനും അടുക്കുന്നില്ലെന്നതാണ് നിലവിലെ സ്ഥിതി. 

ഈ യുദ്ധത്തിലെ ഇരുപക്ഷത്തോടും പ്രസിഡന്റ് അതീവ അമര്‍ഷത്തിലാണ്. വെറുതെ കൂടിക്കാഴ്ചകള്‍ നടത്തുന്നത് അദ്ദേഹത്തിന് മടുത്തു. സംസാരങ്ങളല്ല, നടപടികളാണ് വേണ്ടത്. ഈ യുദ്ധം അവസാനിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുവെന്നാണ് കരോലിന്‍ ലീവിറ്റ് പറയുന്നത്. നേരത്തെയും ഇക്കാര്യത്തില്‍ ട്രംപ് കടുംപിടിത്തം നടത്തിയെങ്കിലും അതൊന്നും വിലപോവുന്ന ലക്ഷണമല്ല കാണുന്നത്.

നേരത്തെ തന്നെ വിഷയത്തില്‍ ട്രംപ് ഭരണകൂടം സമാധാന ശ്രമങ്ങളില്‍ സജീവമാണ്. ബുധനാഴ്ച യൂറോപ്യന്‍ നേതാക്കളുമായി ഇക്കാര്യത്തില്‍ ട്രംപ് ചര്‍ച്ച നടത്തുകയും, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും സംഘവും ഇരുപക്ഷവുമായി നേരിട്ടുള്ള കൂടിയാലോചനകള്‍ തുടരുന്നുണ്ടെന്നും ലീവിറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിട്ടും ചര്‍ച്ചകള്‍ ഒന്നും ഫലവത്താവുന്നില്ല എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം.

റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിന്റെ ഭാഗമായി ഉക്രെയ്‌ന് സുരക്ഷാ സഹായം നല്‍കാന്‍ യുഎസ് തയ്യാറാണെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നു. എന്നാല്‍, അമേരിക്കന്‍ സമാധാന പദ്ധതി അംഗീകരിക്കാന്‍ സെലെന്‍സ്‌കി തയ്യാറാകാത്തതില്‍ അദ്ദേഹം നിരാശനാണ്. റഷ്യക്ക് പക്ഷപാതപരമായ മുന്‍തൂക്കം നല്‍കുന്നതാണ് ട്രംപിന്റെ സമാധാന പദ്ധതി എന്ന ആക്ഷേപത്തിന് പിന്നാലെ ഉക്രെയ്ന്‍ അത് നിരസിക്കുകയായിരുന്നു.

യുഎസ് ഉക്രെയ്‌നിന് നേരിട്ടുള്ള സൈനിക സഹായം കുത്തനെ കുറച്ചിരുന്നു. പകരം മറ്റ് നാറ്റോ സഖ്യകക്ഷികള്‍ക്ക് അവര്‍ക്ക് വേണ്ടി അമേരിക്കന്‍ ആയുധങ്ങള്‍ വാങ്ങാന്‍ കഴിയുന്ന ഒരു മാതൃകയിലേക്ക് മാറി. നിലവിലെ സാഹചര്യത്തില്‍ റഷ്യയും യുക്രൈനും ഒരുപോലെ പിടിവാശിയിലാണ്. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതെ മേഖലയില്‍ സമാധാനം പുലരില്ലെന്നതാണ് യാഥാര്‍ഥ്യം.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam