അച്ചടക്കമില്ലാതെ വളര്‍ന്ന ഒരു കുട്ടിയും അവനെ 'നന്നാക്കാന്‍' ശ്രമിച്ച മാതാപിതാക്കളും!

JANUARY 22, 2025, 12:55 AM

ഒറ്റ വാക്കില്‍ പറഞ്ഞാല്‍ നിലപാടുകളില്‍ ശരിതെറ്റുകളുടെ അപകര്‍ഷതാ ബോധം ഇല്ലാതെ വളര്‍ന്നു വന്ന നേതാവാണ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി സ്ഥാനമേറ്റതിന് പിന്നാലെ ട്രംപിന്റെ കര്‍ക്കശ നിലപാടുകള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. ആ കാര്‍ക്കശ്യത്തിനു കാരണം തിരഞ്ഞു പോകുമ്പോള്‍ അച്ചടക്കമില്ലാതെ വളര്‍ന്ന ഒരു കുട്ടിയെയും അവനെ 'നന്നാക്കാന്‍' ശ്രമിച്ച മാതാപിതാക്കളെയും കണ്ടെത്താന്‍ സാധിക്കും.

കുടിയേറ്റക്കാരുടെ മകന്‍

മേരി ട്രംപിന്റെയും ഫ്രെഡ് ട്രംപിന്റെയും അഞ്ച് മക്കളില്‍ നാലാമനായി 1946 ജൂണ്‍ 14 നാണ് ഡൊണാള്‍ഡ് ട്രംപ് ജനിച്ചത്. സ്‌കോട്ട്ലന്‍ഡില്‍ ജനിച്ച് 1930 ല്‍ അമേരിക്കയിലേക്ക് കുടിയേറിയതാണ് ട്രംപിന്റെ അമ്മ മേരി. ട്രംപിന്റെ പിതാവും റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുമായ ഫ്രെഡ് ട്രംപ് ജര്‍മ്മന്‍ കുടിയേറ്റക്കാരുടെ മകനായിരുന്നു.

1930 കളില്‍ ഒരു പാര്‍ട്ടിയില്‍ വച്ചാണ് ഫ്രെഡിനെ മേരി കണ്ടുമുട്ടുന്നത്. 1936 ല്‍ വിവാഹിതരായ ഈ ദമ്പതികള്‍ക്ക് ഡൊണാള്‍ഡ് ട്രംപിനെ കൂടാതെ മരിയാന്‍, ഫ്രെഡ് ജൂനിയര്‍, എലിസബത്ത്, റോബര്‍ട്ട് എന്നീ നാല് മക്കളുമുണ്ടായി. ന്യൂയോര്‍ക്ക് നഗരത്തിലെ ക്വീന്‍സ് ബറോയിലുള്ള ജമൈക്ക എസ്റ്റേറ്റ്സ് എന്നറിയപ്പെടുന്ന സാമ്പത്തികമായി വളരെ ഉയര്‍ന്ന സമൂഹത്തിലാണ് കുടുംബം താമസിച്ചിരുന്നത്.

റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തില്‍ കൊള്ളലാഭം നേടിയതിനും നികുതി തട്ടിപ്പ്, ഭവന നയങ്ങളിലെ വംശീയ വിവേചനം - ഫെയര്‍ ഹൗസിങ് ആക്ടിന്റെ ലംഘനം എന്നിവയ്ക്ക് ഫ്രെഡ് ട്രംപിനെതിരെ അക്കാലത്ത് കുറ്റം ചുമത്തപ്പെട്ടിട്ടുണ്ട്.

മകനെ അച്ചടക്കം പഠിപ്പിക്കാന്‍ പതിമൂന്നാം വയസില്‍ അവനെ ന്യൂയോര്‍ക്കിലെ സൈനിക ബോര്‍ഡിങ് സ്‌കൂളിലേക്ക് അയച്ചു. തെറ്റുകള്‍ തുറന്ന് സമ്മതിക്കാനുള്ള അദ്ദേഹത്തിന്റെ വിസമ്മതം അന്നേ കുട്ടികള്‍ക്കിടയില്‍ ചര്‍ച്ച ആയിരുന്നു. ഒടുവില്‍ പിതാവിന്റെ പാത പിന്തുടര്‍ന്ന് ട്രംപും റിയല്‍ എസ്റ്റേറ്റ് ബിസിനസിലേയ്ക്ക് എത്തപ്പെട്ടു.

സഹോദരങ്ങള്‍

2023 ല്‍ അന്തരിച്ച മൂത്ത സഹോദരി മരിയാന്‍ ട്രംപ് ബാരി അമേരിക്കന്‍ പ്രസിഡന്റുമാരായ റൊണാള്‍ഡ് റീഗന്റെയും ബില്‍ ക്ലിന്റണിന്റെയും കീഴില്‍ യുഎസ് ഫെഡറല്‍ ജഡ്ജിയായി പതിറ്റാണ്ടുകളോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഫ്രെഡ് ജൂനിയറിനെയാണ് കുടുംബ ബിസിനസ് നയിക്കാന്‍ പിതാവ് ഫ്രെഡ് ആദ്യം തിരഞ്ഞെടുത്തത്. എന്നാല്‍ അമിതമായ മദ്യപാനം അദ്ദേഹത്തിന്റെ ജീവിതം നശിപ്പിച്ചു. 42-ാം വയസില്‍ ഹൃദയാഘാതം മൂലമാണ് ഫ്രെഡ് ജൂനിയര്‍ മരിച്ചത്. ഫ്രെഡ് ജൂനിയറിന്റെ മകള്‍ മേരി കുടുംബത്തിന്റെ പ്രധാന വിമര്‍ശകയായി മാറുകയും ചെയ്തിരുന്നു.
എലിസബത്ത് എന്ന സഹോദരി മാത്രമാണ് ജീവിച്ചിരിക്കുന്നത്. ജെ.പി. മോര്‍ഗനിലായിരുന്നു അവര്‍ ജോലി ചെയ്തിരുന്നത്. ഡോക്യുമെന്ററി നിര്‍മ്മാതാവ് ജെയിംസ് ഗ്രൗവിനെ വിവാഹം കഴിച്ച അവര്‍ പാം ബീച്ചിലാണ് താമസിക്കുന്നത്. ഇളയ സഹോദരന്‍ റോബര്‍ട്ട് ട്രംപ് ഡൊണാള്‍ഡിന്റെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്നു. 2020 ല്‍ അദ്ദേഹം മരിച്ചു.

മൂന്ന് ഭാര്യമാരും മക്കളും

ഇവാന ട്രംപ്

ട്രംപിന്റെ ആദ്യ ഭാര്യയാണ് ഇവാന ട്രംപ്. ബിസിനസ്, ഫാഷന്‍ ഡിസൈനിങ്, മോഡല്‍ എന്നീ രംഗങ്ങളില്‍ സജീവമായിരുന്ന ഇവാനയെ 1977ലാണ് ട്രംപ് വിവാഹം കഴിച്ചത്. 1992 ല്‍ ഇരുവരും ഈ ബന്ധം അവസാനിപ്പിച്ചു. ചെക് റിപ്പബ്ലിക് വംശജയായ ഇവാന 2022-ലാണ് മരിച്ചത്. മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്.

ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍: ട്രംപ് ഓര്‍ഗനൈസേഷന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്.

ഇവാന്‍ക ട്രംപ്: പ്രസിഡന്റിന്റെ മുന്‍ ഉപദേശക

എറിക് ട്രംപ്: ട്രംപ് ഓര്‍ഗനൈസേഷന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്

മാര്‍ല മാപ്പിള്‍സ്

1993 ലാണ് ട്രംപ് അമേരിക്കന്‍ ടെലിവിഷന്‍ നടിയും മോഡലുമാല മാര്‍ലയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് ഒരു മകളുണ്ട്. ടിഫാനി ട്രംപ്. നിയമ ബിരുദധാരിയാണ്.

മെലാനിയ ട്രംപ്

ട്രംപിന്റെ ഇപ്പോഴത്തെ ഭാര്യയും പ്രഥമ വനിതയുമായ മെലാനിയ ട്രംപ് സ്ലൊവേനിയന്‍-അമേരിക്കന്‍ മുന്‍ മോഡലാണ്. അമേരിക്കന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ഫാഷണബിളായ അവര്‍ക്ക് ഒരു മകനുണ്ട് - ബാരണ്‍ ട്രംപ്. ട്രംപിലെ മക്കളില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ബാരണ്‍, മാതാപിതാക്കളോടൊപ്പം താമസിക്കുന്ന ബാരണ്‍ കോളജ് വിദ്യാര്‍ത്ഥിയാണ്. ഇതുകൂടാതെ ട്രംപിന് പത്ത് ചെറുമക്കളും ഉണ്ട്.

ആധുനിക രാഷ്ട്രീയത്തില്‍ കിരീടം വയ്ക്കാത്ത രാജാവിന്റെ എല്ലാ സവിശേഷതകളും ട്രംപിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഉണ്ട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam