മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍ കെ.ജെ യേശുദാസിന് ഇന്ന് 84-ാം പിറന്നാള്‍. ശതാഭിഷിക്തനാകുന്ന അദ്ദേഹം യു.എസിലെ ടെക്‌സസിലുള്ള ഡാലസിലെ സ്വവസതിയിലാണ് ഇക്കുറി ജന്മദിനമാഘോഷിക്കുന്നത്. സംഗീത പ്രതിഭയ്ക്ക് ആശംസകള്‍ നേരുകയാണ് സംഗീത ലോകം. നാല് വര്‍ഷമായി യേശുദാസ് കേരളത്തിലേക്ക് വന്നിട്ടില്ല. ഇക്കുറി സൂര്യമേളയില്‍ എത്തുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും വന്നിരുന്നില്ല. ജന്മദിനത്തിലെ പതിവ് മൂകാംബികാ യാത്രയും കുറച്ചുനാളായി ഇല്ല.
തലമുറകളുടെ വ്യത്യാസമില്ലാതെ നമ്മുടെ ശൈശവവും ബാല്യവും കൗമാരവും യൗവനവും വാര്‍ധക്യവുമെല്ലാം യേശുദാസ് സംഗീത സുരഭിലമാക്കി. പ്രായം കൂടും തോറും കൂടുതല്‍ ചെറുപ്പമാകുന്ന ശബ്ദത്തെ പ്രണയിക്കുന്നവരില്‍ മലയാളികള്‍ മാത്രമല്ല. ഏത് പ്രായത്തിലുളളവരെയും പിടിച്ചിരുത്തുന്ന ഒരേ ഒരു ശബ്ദം. അത് യേശുദാസിന്റേതാണ്.
കട്ടപ്പറമ്പില്‍ ജോസഫ് യേശുദാസ് എന്ന ഗായകന്‍ സംഗീതത്തിനും ശബ്ദത്തിനുമൊക്കെ അപ്പുറം കേരളത്തിന്റെയും ലോകമെമ്പാടുമുള്ള മലയാളികളുടെയും സ്വത്വത്തിന്റെ ഭാഗമായി മാറിയിട്ട് കാലമേറെയായി. പുതിയ ഗായകരേറെ പിറന്നിട്ടും യേശുദാസിന്റെ സ്ഥാനം മലയാളികളുടെ മനസില്‍ ഭദ്രമായിട്ടുണ്ട്.
1940 ജനുവരി 10 ന് ഫോര്‍ട്ട് കൊച്ചിയില്‍ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി ജനിച്ച യേശുദാസ് ആസാമീസ്, കശ്മീരി, കൊങ്കിണി എന്നിവയിലൊഴികെ എല്ലാ പ്രധാന ഇന്ത്യന്‍ ഭാഷകളിലും പാടിയിട്ടുണ്ട്. ചലച്ചിത്ര സംഗീത ലോകത്ത് മാത്രമല്ല, കര്‍ണാടക സംഗീത രംഗത്തും ഈ അതുല്യഗായകന്‍ സാന്നിധ്യം അറിയിച്ചു.
അച്ഛന്‍ പാടി തന്ന പാഠങ്ങള്‍ മനസില്‍ ധ്യാനിച്ച യേശുദാസ് 1949 ല്‍ ഒമ്പതാം വയസില്‍ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. അതോടെ നാട്ടുകാര്‍ ദാസപ്പന്‍ എന്ന ഓമനപ്പേരില്‍ ആ ബാലനെ വിളിച്ചു തുടങ്ങി. തിരുവനന്തപുരത്തെ മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആര്‍എല്‍വി സംഗീത കോളജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. പഠനകാലത്ത് ആദ്യത്തെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ലളിതഗാനാലാപനത്തിന് ഒന്നാം സ്ഥാനം നേടിയിരുന്നു. ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദ പരിശോധനയില്‍ പങ്കെടുത്ത യേശുദാസ് പരാജയപ്പെട്ടുവെന്നത് ഇന്ന് പലര്‍ക്കും അത്ഭുതമാണ്. എന്നാല്‍ പിന്നീടിങ്ങോട്ട് യേശുദാസിന്റെ ശബ്ദം ആകാശവാണിയിലൂടെ കേള്‍ക്കാത്ത ഒരുദിവസം പോലും മലയാളികള്‍ക്കില്ല.
1961 നവംബര്‍ 14 നാണ് യേശുദാസിന്റെ ആദ്യഗാനം റെക്കോര്‍ഡ് ചെയ്തത്. കെ.എസ് ആന്റണി എന്ന സംവിധായകന്‍ തന്റെ കാല്‍പാടുകള്‍ എന്ന സിനിമയില്‍ പാടാന്‍ അവസരം നല്‍കി. പിന്നീട് യേശുദാസ് മലയാള സിനിമയുടെ ഭാഗമായി. മികച്ച പിന്നണി ഗായകനുള്ള ദേശിയ പുരസ്‌കാരം എട്ട് തവണ യേശുദാസിനെ തേടിയെത്തി. കേരള, തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, ബംഗാള്‍ സംസ്ഥാനങ്ങളിലെ മികച്ച പിന്നണി ഗാനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1