ഗാസയിലെ ആക്രമണത്തില്‍ നിന്ന് ഇസ്രായേല്‍ പിന്മാറിയേക്കുമെന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ സൂചനയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് ലോകം. അഞ്ച് മാസത്തോട് അടുക്കുന്ന ആക്രണ പരമ്പരയില്‍ ഇസ്രായേല്‍ തിങ്കളാഴ്ച പിന്‍മാറിയേക്കുമെന്നാണ് ബൈഡന്‍ സൂചന നല്‍കിയിരിക്കുന്നത്.
സുപ്രധാന ചര്‍ച്ച ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ വൈകാതെ ആരംഭിക്കും. അടുത്ത തിങ്കളാഴ്ച വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചത്. പാരിസില്‍ നടന്ന ചര്‍ച്ചയുടെ തുടര്‍ ചര്‍ച്ചയാണ് ദോഹയില്‍ ഇനി നടക്കാന്‍ പോകുന്നത്. ഇസ്രായേല്‍ ചാര സംഘടനകളായ മൊസാദിന്റെയും ഷിന്‍ബെത്തിന്റെയും നേതാക്കള്‍ ദോഹയിലെത്തുമെന്നാണ് ഇസ്രായേലിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാരിസില്‍ നടന്ന ചര്‍ച്ചയില്‍ ഹമാസ് പ്രതിനിധികള്‍ ഭാഗമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ദോഹയില്‍ നടക്കുന്ന ചര്‍ച്ച പ്രാധാന്യമേറുന്നത്.
ദോഹ ചര്‍ച്ചയില്‍ ഹമാസ് പ്രതിനിധികളും പങ്കെടുക്കുമെന്നാണ് വിവരം. ഈജിപ്ത്, ഖത്തര്‍, യു.എസ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും ദോഹയിലെ ചര്‍ച്ചയില്‍ ഭാഗമാകും. ഗാസയിലേക്ക് സഹായം എത്തിക്കാന്‍ നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്. ഐക്യരാഷ്ട്രസഭ ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിരുന്നു. കടുത്ത പ്രതിസന്ധിയിലൂടെയാണ് ഗാസയിലെ ജനങ്ങള്‍ മുന്നോട്ട് പോകുന്നതെന്ന് യുഎന്‍ അറിയിച്ചിരുന്നു.
ഓരോ ദിവസവും ഒരു ബന്ദിയെ ഹമാസ് വിട്ടയക്കുക, പകരം ഇസ്രായേലിലെ ജയിലിലുള്ള പാലസ്തീന്‍കാരെ വിട്ടയക്കുക എന്ന ധാരണയാണ് വരുന്നത്. ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്ന് ബൈഡന്‍ പ്രതികരിച്ചത് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. തെക്കന്‍ ഗാസയിലെ റഫാ നഗരത്തില്‍ ആക്രമണം നടത്തരുത് എന്ന് അമേരിക്ക ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല ബന്ദി മോചനം ആവശ്യപ്പെട്ട് ഇസ്രായേല്‍ സര്‍ക്കാരിനെതിരെ സ്വന്തം പൗരന്മാരുടെ പ്രതിഷേധവും ശക്തമായിട്ടുണ്ട്.
ഖത്തര്‍ അമീര്‍ ശൈഖ് തമീമും ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയും തിങ്കളാഴ്ച ദോഹയില്‍ ചര്‍ച്ച നടത്തിയിരുന്നു. അടിയന്തര വെടിനിര്‍ത്തല്‍ സംബന്ധിച്ചായിരുന്നു ചര്‍ച്ച. യുദ്ധം അവസാനിപ്പിക്കാന്‍ ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ ഹനിയ്യ സ്വാഗതം ചെയ്തു. എന്നാല്‍ എല്ലാ ബന്ദികളെയും വിട്ടയക്കണമെന്ന ഇസ്രായേലിന്റെ ആവശ്യം ഹമാസ് അംഗീകരിക്കുമോ എന്നതില്‍ വ്യക്തതയില്ല.
ഇസ്രായേല്‍ സൈന്യം ഗാസയില്‍ നിന്ന് പിന്മാറണം, ഉപരോധം അവസാനിപ്പിക്കണം, അവശ്യവസ്തുക്കള്‍ ഗാസയിലെത്തിക്കണം, ഇസ്രായേല്‍ ജയിലില്‍ കഴിയുന്ന പാലസ്തീകാരെ മോചിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹമാസ് മുന്നോട്ട് വച്ചിട്ടുള്ളത്. അടുത്ത മാസം 11 മുതല്‍ റമദാന്‍ വ്രതം ആരംഭിക്കുമെന്നാണ് കരുതുന്നത്. അതിന് മുന്നോടിയായി വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുമെന്നാണ് പ്രതീക്ഷ.
ഹമാസിനെ പൂര്‍ണമായി ഇല്ലാതാക്കും വരെ യുദ്ധം നിര്‍ത്തില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ആവര്‍ത്തിക്കുന്നുണ്ട്. അതേസമയം സാമ്പത്തിക പ്രതിസന്ധി, ബന്ദികളുടെ മോചനം ആവശ്യപ്പെട്ടുള്ള പ്രതിഷേധം എന്നിവ ഇസ്രായേല്‍ സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നു. ഇതിനിടെയാണ് തിങ്കളാഴ്ചയ്ക്കകം വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമാകുമെന്ന് യു.എസ് പ്രസിഡന്റ് പറഞ്ഞിരിക്കുന്നത്. അത് യാഥാര്‍ത്ഥ്യമാകട്ടെ എന്ന പ്രത്യാശയിലാണ് ലോക രാജ്യങ്ങള്‍. കുരുന്ന് ജീവനുകള്‍ ഇനിയും പൊലിയാതിരിക്കട്ടെ...
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1