വേലിയിൽ കിടന്ന പാമ്പിനെ തോളിലിട്ട് തരൂർ

FEBRUARY 19, 2025, 8:56 AM

'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' എന്നത് കിനാവിലൊതുക്കാതെ ഇടതു സർക്കാർ കേരളത്തിൽ 'സ്റ്റാർട്ടപ്പ് സ്വർഗ'മൊരുക്കുന്നുവത്രേ. ഈ അവകാശവാദത്തിന് അടിവരയിട്ട് ശശി തരൂർ എഴുതിയ ലേഖനത്തെ ചൊല്ലി സംസ്ഥാന കോൺഗ്രസ്സിൽ ഉടലെടുത്ത കോളിളക്കം രാഹുൽ ഗാന്ധിയുടെ ഇടപെടലോടെ ഏറെക്കുറെ കെട്ടടങ്ങി. തരൂരിനു താൻ നല്ല ഉപദേശങ്ങൾ നൽകിയതായി ഇതേക്കുറിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞതിനു പിന്നാലെ രാഹുൽ ഗാന്ധിയുമായും ഡൽഹിയിൽ തരൂർ ചർച്ച നടത്തി. 

'ഈ വിഷയത്തിൽ ഇനി വിവാദം വേണ്ട. അതൊരു അടഞ്ഞ അധ്യായമായി കാണാനാണ് കോൺഗ്രസ്സ് ആഗ്രഹിക്കുന്നത്' എന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കുകയും ചെയ്തു. നിയമസഭയ്ക്കകത്തും പുറത്തും യു.ഡി.എഫ് നേതാക്കൾ ഇടതു ഭരണത്തെ അതിരൂക്ഷമായി എതിർത്തുകൊണ്ടിരിക്കേ തരൂർ ഇംഗ്ലീഷ് ദിനപത്രത്തിൽ എഴുതിയ ലേഖനം സംസ്ഥാനത്ത് പാർട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. കോൺഗ്രസിലെ വ്യത്യസ്ത നേതാവാണു താൻ എന്നു തെളിയിക്കുകയായിരുന്നു ശശി തരൂർ എന്ന നിരീക്ഷണം വ്യാപകം.

അതേസമയം, 15 വർഷത്തോളം കോൺഗ്രസുമായി ചേർന്നു നിന്ന് നാലു തവണ എം.പിയും ഒരു തവണ കേന്ദ്രമന്ത്രിയുമൊക്കെയായിട്ടും പാർട്ടി ലൈനിലേക്ക് വരാൻ തരൂരിന് കഴിയാത്തതെന്തെന്ന ചോദ്യവുമുയർന്നു. യു.ഡി.എഫിലെ രണ്ടാം കക്ഷിയായ മുസ്ലീം ലീഗിലും തരൂരിനോടു കടുത്ത പ്രതിഷേധമുണ്ടായതു സ്വാഭാവികം. രാഷ്ട്രീയ എതിരാളികളെ പുകഴ്ത്തിക്കൊണ്ട് പാർട്ടിയുടെ മണ്ടയ്ക്കു പ്രഹരിക്കുന്ന തരൂരിനെതിരെ കോൺഗ്രസ് നേതാക്കളുയർത്തിയത് മുനവച്ച ചോദ്യങ്ങളാണ്.

vachakam
vachakam
vachakam

കേരളത്തിൽ പിണറായി സർക്കാർ നടപ്പാക്കി വരുന്നതു വ്യവസായ വിപ്ലവമാണ് എന്ന ധ്വനിയോടെയായിരുന്നു തരൂരിന്റെ ലേഖനം. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിൽ ഇരുപത്തിയെട്ടാം സ്ഥാനത്തായിരുന്ന കേരളം ഇപ്പോൾ ഒന്നാം സ്ഥാനത്ത്. വ്യവസായ സംരംഭക വർഷം പദ്ധതി വഴി മൂന്നു ലക്ഷത്തോളം സംരംഭങ്ങൾ തുടങ്ങി. സാമ്പത്തിക നവീകരണത്തിലും സുസ്ഥിരവളർച്ചയിലും മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായിട്ടുണ്ട് കേരളം. വ്യവസായ രംഗത്ത് ചെകുത്താന്റെ മൈതാനമായിരുന്നു കേരളം, ആ രംഗത്തും ദൈവത്തിന്റെ സ്വന്തം നാടാക്കി. അതും വെറും 18 മാസം കൊണ്ട്. ഈ മാറ്റങ്ങൾ ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിനു കീഴിലാണെന്നതാണ് തരൂരിനെ അതിലേറെ വിസ്മയിപ്പിച്ചത്.

വളർച്ചയിലേക്കും സമൃദ്ധിയിലേക്കുമുള്ള വഴി മുതലാളിത്തവും സംരംഭകത്വവുമാണന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ നേരത്തേ തിരിച്ചറിഞ്ഞതായുള്ള അഭിപ്രായ പ്രകടനവുമുണ്ട് തരൂരിന്റെ ലേഖനത്തിൽ. ഒപ്പം, വികസനത്തെ രാഷ്ട്രീയത്തിന്റെ മഞ്ഞ കണ്ണടയിലൂടെ മാത്രം കാണരുതെന്നും നല്ലത് ആരു ചെയ്താലും അംഗീകരിക്കണമെന്നുമുള്ള ഉപദേശവും. അതേസമയം, തങ്ങളോട് കൊടുംചതിയാണ് തരൂർ ചെയ്തതെന്ന്് കെ.സി. വേണുഗോപാലും വി.ഡി.സതീശനും രമേശ് ചെന്നിത്തലയും കെ. മുരളീധരനുമൊക്കെ വിളിച്ചുപറഞ്ഞു. പിണറായി സർക്കാർ സർവതും മുടിപ്പിച്ചെന്നും, വ്യവസായ രംഗത്തെ ശവപ്പറമ്പാക്കിയെന്നുമൊക്കെയാണ് തങ്ങൾ അധിക്ഷേപിച്ചു വരുന്നത്.

കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചുരുട്ടിക്കൂട്ടിയ എൽ.ഡി.എഫിനെ തരിപ്പണമാക്കി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം പിടിക്കാനുള്ള തയ്യാറെടുപ്പ് കോൺഗ്രസിൽ എന്നേ തുടങ്ങിക്കഴിഞ്ഞു. കോൺഗ്രസിന്റെ അടുത്ത മുഖ്യമന്ത്രി ആരാവണമെന്ന കാര്യത്തിലും മുൻകൂട്ടി തർക്കമാരംഭിച്ചു. തരൂരിനെ ആ മത്സരത്തിൽ നേരത്തെ തന്നെ പുറത്താക്കിയെന്ന ഭാവത്തിലാണു പ്രമുഖ നേതാക്കൾ. വ്യവസായ രംഗത്ത് പിണറായി സർക്കാർ ഇത്രയൊക്കെ വലിയ കാര്യങ്ങൾ ചെയ്തതായി സി.പി.എം സഖാക്കൾ പോലും അറിയുന്നത് ശശി തരൂർ പറഞ്ഞപ്പോഴാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷം നടത്തുന്ന കള്ള പ്രചാരണങ്ങൾക്കുള്ള മറുപടി. 

vachakam
vachakam
vachakam

തരൂർ എഴുതിയപ്പോൾ ജനങ്ങൾക്ക് സത്യം ബോദ്ധ്യമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നു. 2024 ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോർട്ടിനെയും ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ് സർവേയെയും അവലംബിച്ചാണ് ശശി തരൂർ സമീപ കാലത്ത് കേരളം കൈവരിച്ച നേട്ടങ്ങളെ പ്രശംസിച്ചത്. ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോർട്ടിൽ കേരളം ആഗോള ശരാശരിയുടെ അഞ്ച് മടങ്ങ് മൂല്യം രേഖപ്പെടുത്തിയതായി കാണിക്കുന്നു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് സർവേയിൽ കേരളം ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ സെപ്തംബറിൽ ഡൽഹിയിൽ കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത സംസ്ഥാന വ്യവസായ മന്ത്രിമാരുടെ യോഗത്തിൽ കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രി പിയൂഷ് ഗോയലാണ് വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ ചരിത്രത്തിലാദ്യമായി കേരളം ഒന്നാമതെത്തിയ കാര്യം പ്രഖ്യാപിച്ചത്.

വ്യവസായത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിന് സംസ്ഥാനങ്ങൾ സ്വീകരിച്ച പരിഷ്‌കാരങ്ങളും നടപടികളുമായിരുന്നു റാങ്കിംഗ് മാനദണ്ഡം. 2019ൽ കേരളം 28 ാം സ്ഥാനത്തും 2020ൽ 15-ാം സ്ഥാനത്തുമായിരുന്നു. അതേസമയം ഈ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ മാത്രം കൈവന്നതല്ല സംസ്ഥാനത്തെ നിലവിലെ വ്യാവസായിക പുരോഗതിയും വ്യവസായ സൗഹൃദ അന്തരീക്ഷവുമെന്ന് കോൺഗ്രസ്സ്, മുസ്ലിംലീഗ് നേതാക്കൾ പ്രതികരിച്ചു. നേരത്തേ സംസ്ഥാനം ഭരിച്ച സർക്കാരുകൾക്കുമുണ്ട് ഈ നേട്ടത്തിൽ ചെറുതല്ലാത്ത പങ്ക്. മുൻ യു.ഡി.എഫ് സർക്കാരുകളും ഈ രംഗത്ത് സംഭാവനകൾ നൽകി. ആന്റണി സർക്കാരും ഉമ്മൻചാണ്ടി സർക്കാരും നൽകിയ സംഭാവനകൾ കുറച്ച് കാണാനിടയാക്കുന്നു തരൂരിന്റെ നിരീക്ഷണങ്ങൾ.

മഞ്ഞുരുക്കി രാഹുൽ

vachakam
vachakam
vachakam

ലേഖന വിവാദത്തിൽ മഞ്ഞുരുക്കാൻ ലക്ഷ്യമിട്ടാണ് 29 മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം രാഹുൽ ഗാന്ധി തന്നെ അകൽച്ച മറന്ന് ശശി തരൂരിനെ വിളിപ്പിച്ചത്. 10 ജൻപഥിൽ നടന്ന നിർണായക കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധിക്കൊപ്പം സോണിയ ഗാന്ധിയും പങ്കെടുത്തതായാണ് വിവരം. കോൺഗ്രസ് ദേശീയ നേതൃത്വവുമായി ഉൾപ്പടെ നിലനിന്നിരുന്ന ശശി തരൂരിന്റെ അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിൽ ഇടംപിടിച്ചതായാണ് സൂചന. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ശശി തരൂർ തനിച്ച് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

2022 ഒക്ടോബർ 17ന് ശേഷം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് പലതവണ തരൂർ അവസരം തേടിയെങ്കിലും നിഷേധിക്കപ്പെടുകയായിരുന്നു. തരൂർ പാർട്ടി വിട്ടേക്കുമെന്ന് പ്രചാരണം നടത്തിയ രാഷ്ട്രീയ എതിരാളികളെയും പ്രവർത്തകസമിതി അംഗത്വം രാജിവെക്കണമെന്നു പരസ്യ നിലപാടെടുത്ത നേതാക്കളെയും ഞെട്ടിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത നീക്കം. കോൺഗ്രസ് പാർട്ടി നയത്തോട് ചേർന്നു നിൽക്കണമെന്ന് ശശി തരൂരിനോട് രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചതായാണ് വിവരം. 

മോദിയുടെ അമേരിക്കൻ സന്ദർശനത്തിന്മേൽ പാർട്ടി സ്വീകരിച്ച നയവും രാഹുൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ മോദിക്ക് ആഹ്‌ളാദമേകുന്ന നിരീക്ഷണമായിരുന്നു തരൂരിൽ നിന്നുണ്ടായത്. തരൂരിനെതിരെ തുടക്കത്തിൽ മൃദു നിലപാടായിരുന്നു ദേശീയ നേതൃത്വം സ്വീകരിച്ചിരുന്നത്. എന്നാൽ നിലപാട് തിരുത്താതെ ഉറച്ച് നിന്ന തരൂരിനോട് സംസ്ഥാന നേതൃത്വം കടുപ്പിച്ചതോടെയാണ് ഹൈക്കമാൻഡ് ഇടപെടലുണ്ടായത്. സർക്കാർ നൽകിയ വ്യാജ കണക്കുകൾ ഉദ്ധരിച്ച് ലേഖനം തയ്യാറാക്കിയെന്ന കുറ്റപത്രവും  ചാർത്തി.

താൻ പാർട്ടി നയത്തെ എതിർത്തിട്ടില്ലെന്നും തെറ്റായ ഉദ്ദേശ്യം തനിക്കില്ലായിരുന്നുവെന്നുമാണ് തരൂർ വിശദീകരിച്ചത്. വ്യാഖ്യാനിച്ച് കാര്യങ്ങൾ വഷളാക്കി, ചില വിഷയങ്ങളിൽ എക്കാലവും വ്യക്തിപരമായ വിലയിരുത്തൽ നടത്തിയിട്ടുണ്ട്. പാർട്ടിയിൽ കുറെക്കാലമായി തന്നോട് അവഗണനയുണ്ടെന്നും കൂടിയലോചന കുറയുന്നെന്നും തരൂർ പരാതിപ്പെട്ടതായാണ് വിവരം. വളഞ്ഞിട്ടാക്രമിച്ചാൽ കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരും. സംസ്ഥാന കോൺഗ്രസിലും തനിക്കെതിരെ പടയൊരുക്കമാണ്. 

അന്ന് ആന്റണി

തരൂരിന്റെ ലേഖനം പാർട്ടിയിൽ സൃഷ്ടിച്ച ചേരിപ്പോര് കെട്ടടങ്ങുമ്പോഴും ഈ വിവാദം രാഷ്ട്രീയസാമൂഹിക തലങ്ങളിൽ ഉയർത്തുന്ന ഒരു ചോദ്യമുണ്ട്, എന്താണ് ഒരു ജനാധിപത്യ വ്യവസ്ഥയിൽ പ്രതിപക്ഷത്തിന്റെ ധർമം? ഭരണപക്ഷത്തെ കണ്ണടച്ച് എതിർക്കലണോ? സർക്കാരിന്റെ നയപരമായ വൈകല്യങ്ങളെയും തെറ്റുകളെയും ആരോഗ്യപരമായി വിമർശിക്കുകയും ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നതിനപ്പുറം, സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ പ്രശംസിക്കുന്നത് പ്രതിപക്ഷ ധർമത്തിന് നിരക്കാത്തതണോ? പലപ്പോഴും രണ്ടോ മൂന്നോ ശതമാനം വോട്ടിന്റെ വ്യത്യാസത്തിനാണ് പ്രതിപക്ഷം ഭരണരംഗത്ത് നിന്ന് മാറിനിൽക്കേണ്ടി വരുന്നത്.
ഈ സാഹചര്യത്തിൽ നാടിന്റെ വളർച്ചയിലും വികസനത്തിലും പുരോഗതിയിലും പ്രതിപക്ഷത്തിന്റെ പങ്കാളിത്തം കൂടി അനിവാര്യം. 

സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം നല്ല കാര്യങ്ങളെ അംഗീകരിക്കുക, പിന്തുണക്കുക എന്നതും പ്രധാനം. പാശ്ചാത്യ രാജ്യങ്ങളിൽ സാധാരണമായ ഈ മാതൃക അവിടെ മാത്രമായൊതുങ്ങാനുള്ളതല്ല. സംസ്ഥാനത്തിന്റെ വികസന കാര്യത്തിൽ രാഷ്ട്രീയം മറന്ന് യോജിച്ച പ്രവർത്തനമാണ് വേണ്ടതെന്ന് 2011 ജനുവരിയിൽ അന്നത്തെ പ്രതിരോധമന്ത്രി എ.കെ.ആന്റണി കോഴിക്കോട്ടു പറഞ്ഞത് സംസ്ഥാന വ്യവസായ മന്ത്രി എളമരം കരീമാനെ വനോളം പുകഴ്ത്തിയായിരുന്നില്ലേയെന്ന ചോദ്യവും ഇതിനിടെ ഉയരുന്നു. 'സംസ്ഥാന സർക്കാരിന്റെ സഹകരണമുണ്ടെങ്കിൽ പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഉൾപ്പെടെ കേരളത്തിൽ കൂടുതൽ സ്ഥാപനങ്ങൾ ആരംഭിക്കാനാവും.' ഏഷ്യയിലെ ആദ്യ പ്രതിരോധ കപ്പൽ രൂപകല്പാ കേന്ദ്രത്തിന് ബേപ്പൂരിലെ ചാലിയത്ത് തറക്കില്ലിട്ട ശേഷം സംസാരിക്കവേ ആന്റണി അന്നു നിർദ്ദേശിച്ചു.

'ഭരണപക്ഷത്തോട് എന്തൊക്കെ എതിർപ്പുണ്ടെങ്കിലും വികസനകാര്യത്തിൽ ഭരണപക്ഷത്തിനൊപ്പം നിൽക്കാൻ പ്രതിപക്ഷം ശ്രമിക്കണം. അതുപോലെ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം'. കേരളത്തിൽ പ്രതിരോധവകുപ്പ് തുടങ്ങിയ അഞ്ച് സംരംഭ പദ്ധതികൾ യാഥാർഥ്യമാകാൻ മന്ത്രി എളമരം കരീം കാണിച്ച പ്രത്യേക താത്പര്യത്തെ ആന്റണി പ്രശംസിക്കുകയും ചെയ്തിരുന്നു. ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണകൂടമെന്നാണ് ജനാധിപത്യത്തെ എബ്രഹാം ലിങ്കൺ നിർവചിച്ചത്. ഇതനുസരിച്ച് ജനാധിപത്യത്തിൽ സർവാധികാരിയാണു ജനങ്ങൾ. സർക്കാർ എന്നത് തിരഞ്ഞെടുക്കപ്പെുന്ന പ്രാതിനിധ്യ ഭരണസംവിധാനം മാത്രം. തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ലഭിക്കുന്ന പാർട്ടിക്കോ മുന്നണിക്കോ ഭരണനിർവഹണം ഏൽപ്പിച്ചു കൊടുക്കുന്നത് പൂർണമയോ ശാശ്വതമയോ അല്ല. 

ഭരണകക്ഷിയോളം സീറ്റുകൾ ലഭിച്ചില്ലെന്നതു കൊണ്ട് പ്രതിപക്ഷത്തിന് ഭരണ തലത്തിൽ പങ്കാളിത്തം ലഭിക്കുന്നില്ലെങ്കിലും അവരും ജനഹിതത്തിന്റെ കാവലാളുകൾ തന്നെ. പ്രതിപക്ഷമില്ലെങ്കിൽ ജനാധിപത്യമില്ലെന്നു ചൂണ്ടിക്കാട്ടി ഫ്രാൻസിസ് ജെന്നിംഗ്‌സ്.
ജനാധിപത്യ വ്യവസ്ഥയിൽ പലപ്പോഴും പ്രതിപക്ഷത്തിന് ഭരണപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കേണ്ടി വരും. വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനും പുനർനിർമാണത്തിനും സഹായം നൽകാതെ വായ്പ മാത്രം അനുവദിച്ച കേന്ദ്രനടപടിക്കെതിരെ പ്രതിപക്ഷ നേതാവ് സതീശനും കോൺഗ്രസ്സ്  ടി.സിദ്ദീഖ് എം.എൽ.എയും ശക്തമായ പ്രതിഷേധമാണു രേഖപ്പെടുത്തിയത്. 

കേന്ദ്ര അവഗണനയ്‌ക്കെതിരെ പിണറായി സർക്കാരുമായി ചേർന്ന് സമരം നടത്താൻ പാർട്ടി സന്നദ്ധമാണെന്നും പ്രഖ്യാപിച്ചു. സംസ്ഥാന താത്പര്യം കണക്കിലെടുത്തു കൊണ്ടുള്ള ശ്രദ്ധേയവും സ്വാഗതാർഹവുമായ ഒരു പ്രഖ്യാപനമായിരുന്നു അത്. അരുതായ്മകൾ കണ്ടാൽ രൂക്ഷമായി പ്രതികരിക്കണം. യോജിക്കാവുന്ന മേഖലകളിൽ സർക്കാരുമായി സഹകരിക്കാനുള്ള വിശാല മനസ്‌കതയും ജനാധിപത്യത്തിൽ അനിവാര്യമാണെന്നതു തരൂർ ചൂണ്ടിക്കാട്ടിയാൽ അത് ആ അർത്ഥത്തിൽ ഉൾക്കൊള്ളാൻ ആരുണ്ടാകും കോൺഗ്രസിലെന്ന ചോദ്യം ബാക്കി.

ബാബു കദളിക്കാട്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam