സിറിയന്‍ സുരക്ഷാ സേനയും പ്രസിഡന്റ് ബഷാര്‍ അസദിന്റെ വിശ്വസ്തരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആയിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് യുദ്ധ നിരീക്ഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. 745 സാധാരണക്കാരും 125 സര്‍ക്കാര്‍ സുരക്ഷാ സേനാംഗങ്ങളും അസദുമായി ബന്ധമുള്ള സായുധ ഗ്രൂപ്പുകളിലെ 148 പേരുമാണ് കൊല്ലപ്പെട്ടത്.
ലതാകിയ നഗരത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ വൈദ്യുതിയും കുടിവെള്ളവും വിച്ഛേദിക്കപ്പെട്ടുവെന്നും ബ്രിട്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പ്രതികാര കൊലപാതകങ്ങള്‍
അസദിനെ പിന്തുണയ്ക്കുന്ന ന്യൂനപക്ഷമായ അലവി വിഭാഗത്തിലെ അംഗങ്ങള്‍ക്കെതിരെ സര്‍ക്കാരിനോട് വിശ്വസ്തരായ സുന്നികളായ തോക്കുധാരികള്‍ വെള്ളിയാഴ്ച ആരംഭിച്ച പ്രതികാര കൊലപാതകങ്ങള്‍ മുന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയ ഹയാത്ത് തഹ്രീര്‍ അല്‍-ഷാമിനേറ്റ കനത്ത പ്രഹരമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നത്.
നഗരത്തിലെ അതിക്രമങ്ങള്‍
നിരവധി മൃതദേഹങ്ങള്‍ തെരുവുകളിലും, കെട്ടിടങ്ങളുടെ മേല്‍ക്കൂരകളിലും മറ്റും ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്ന് അക്രമണത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പട്ടണങ്ങളിലൊന്നായ ബനിയാസിലെ നിവാസികള്‍ പറയുന്നു. വെള്ളിയാഴ്ച കൊല്ലപ്പെട്ട അഞ്ച് അയല്‍ക്കാരുടെ മൃതദേഹങ്ങള്‍ നീക്കം ചെയ്യുന്നതില്‍ നിന്ന് തോക്കുധാരികള്‍ ഗ്രാമവാസികളെ തടഞ്ഞുവെന്നും ഒരാള്‍ പറഞ്ഞു.
മരണസംഖ്യയില്‍ വര്‍ധനവ്
ശനിയാഴ്ച പുലര്‍ച്ചെ തന്നെ കൊലപാതകങ്ങള്‍ അവസാനിച്ചതായി ഒബ്സര്‍വേറ്ററി മേധാവി റാമി അബ്ദു റഹ്മാന്‍ പറഞ്ഞു. 'സിറിയന്‍ സംഘര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ കൂട്ടക്കൊലകളില്‍ ഒന്നായിരുന്നു ഇത്.' അബ്ദു റഹ്മാന്‍ പറഞ്ഞു. സംഘം നല്‍കിയ മുന്‍ കണക്ക് 600 ലധികം ആളുകള്‍ മരിച്ചു എന്നായിരുന്നു. എന്നാല്‍ ഔദ്യോഗിക കണക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അതിനിടെ സിറിയയുടെ തീരപ്രദേശത്തെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് സിറിയന്‍ സുരക്ഷാ സേനാംഗങ്ങളുടെ ശവസംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം അല്‍ - ജനൂദിയയിലെ വടക്കുപടിഞ്ഞാറന്‍ ഗ്രാമത്തില്‍ നടന്നു. സംസ്‌കാര ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു.
സര്‍ക്കാര്‍ സൈന്യം അസദ് വിശ്വസ്തരില്‍ നിന്ന് പല പ്രദേശങ്ങളുടെയും നിയന്ത്രണം തിരിച്ചുപിടിച്ചതായി സിറിയയുടെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി പറഞ്ഞു. 'ലംഘനങ്ങള്‍ തടയുന്നതിനും ക്രമേണ സ്ഥിരത പുനഃസ്ഥാപിക്കുന്നതിനുമായി' തീരദേശ മേഖലയിലേക്കുള്ള എല്ലാ റോഡുകളും അധികൃതര്‍ അടച്ചിട്ടുണ്ടെന്നും അതില്‍ കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച രാവിലെ തുവൈമിലെ ഒരു ഗ്രാമത്തില്‍ നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട 31 പേരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിമാടത്തില്‍ സംസ്‌കരിച്ചെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സിറിയയില്‍ നിന്ന് ലെബനനിലേക്ക് ആളുകള്‍ പലായനം ചെയ്യുന്നുവെന്ന് ലെബനന്‍ നിയമസഭംഗമായ ഹൈദര്‍ നാസര്‍ പറഞ്ഞു. കൃത്യമായ എണ്ണം തന്റെ പക്കലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിറിയയില്‍ സുരക്ഷ സേനയും മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ പിന്തുണയ്ക്കുന്നവരും തമ്മിലുള്ള ആഭ്യന്തര യുദ്ധമാണ് ലഹളക്ക് വഴി മാറിയത്. സിറിയയിലെ സാഹചര്യം അങ്ങേയറ്റം ഭയാനകമാണെന്ന് ഐക്യരാഷ്ട്രസഭയും വ്യക്കമാക്കിയിരുന്നു. യു.കെ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ കണക്കനുസരിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇതുവരെ നടന്ന അക്രമങ്ങളില്‍ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
പ്രസിഡന്റിന്റെ പിന്തുണക്കാരായ ഭീകരര്‍ പുരുഷന്മാരെ മുട്ടുകുത്തിച്ച് വെടിവച്ച് കൊല്ലുന്നതിന്റെ വീഡിയോകള്‍ പുറത്ത് വന്നിരുന്നു. സിറിയയുടെ പടിഞ്ഞാറന്‍ തീരത്തുള്ള ബനിയാസിനില്‍ ഭീകരര്‍ ആളുകളെ തെരുവിലിറക്കി വെടിവച്ചു കൊല്ലുന്ന ഭീകര കാഴ്ചകളും പുറത്ത് വന്നിട്ടുണ്ട്. സ്ത്രീകളെ മര്‍ദിക്കുകയും നഗ്നരാക്കി തെരുവിലൂടെ നടത്തുകയും ചെയ്തായും അന്താരാഷ്ട്ര മാധ്യമത്തോട് ഒരു ദൃക്‌സാക്ഷി വെളിപ്പെടുത്തിയിരുന്നു.
അക്രമം ഏറ്റവും കൂടുതല്‍ ബാധിച്ചത് ബനിയാസിന്‍ പട്ടണത്തിലാണ്. എല്ലായിടത്തും മൃതദേഹങ്ങള്‍ കിടന്നിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വീടുകളില്‍, കെട്ടിടങ്ങള്‍ക്ക് മുകളില്‍, തെരുവുകളില്‍ എല്ലാം ശവശരീരങ്ങള്‍ കുന്നുകൂടിയിരുന്നു. പക്ഷെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആരും തയ്യാറല്ല.
ഡിസംബര്‍ ആദ്യം ഇസ്ലാമിക ഗ്രൂപ്പായ ഹയാത്ത് തഹ്രിര്‍ അല്‍-ഷാമിന്റെ നേതൃത്വത്തിലുള്ള വിമത ഗ്രൂപ്പുകള്‍ അസദിന്റെ സര്‍ക്കാരിനെ അട്ടിമറിച്ചതിന് ശേഷം ഉണ്ടായ ഏറ്റവും വലിയ അക്രമമാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന ഏറ്റുമുട്ടല്‍. 14 വര്‍ഷത്തെ ആഭ്യന്തരയുദ്ധത്തിന് ശേഷം സിറിയയെ ഒന്നിപ്പിക്കുമെന്നായിരുന്നു പുതിയ സര്‍ക്കാരിന്റെ വാഗ്ദാനം.
2011 മാര്‍ച്ച് മുതല്‍ സിറിയയില്‍ തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ അരലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകള്‍ കുടിയിറക്കപ്പെടുകയും ചെയ്തിരുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1