വിമാനങ്ങൾക്ക് 'വ്യാജ' ബോംബ് ഭീഷണി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ രക്ഷിക്കാനും ആത്മഹത്യ ചെയ്ത കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിനെ അഴിമതിക്കാരനാക്കാനും, 'വ്യാജ' പരാതി പാലക്കാട് യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിനെതിരെ ഡോ.പി. സരിന്റെ വക 'വ്യാജ' ആരോപണങ്ങളുടെ കുത്തൊഴുക്ക്. തിരുവനന്തപുരം മേയർ ആര്യയെയും ഭർത്താവ് സച്ചിൻ ദേവിനെയും വെള്ളയടിക്കാൻ കോടതിയിൽ നൽകിയ പൊലീസ് ഭാഷ്യം വ്യാജമാണോ അല്ലയോ എന്ന് ഇതുവരെ അറിയില്ല.
ഏതായാലും വയനാട് മണ്ണിടിച്ചിലിനെ തുടർന്ന് ഇന്ത്യൻ പ്രധാനമന്ത്രിയും കേരള സർക്കാരും നൽകിയ 'പുന്നാര വാഗ്ദാനങ്ങൾ' വ്യാജമാണെന്ന് ഇതിനകം പരാതികളുയർന്നു കഴിഞ്ഞു. ചൊവ്വാഴ്ച ദുരിതബാധിതരെ വിളിച്ചു കൂട്ടി ബാങ്കുകാർ നടത്തിയ അദാലത്തിനെ 'ചെറ്റത്തര'മെന്നാണ് നാട്ടുകാർ വിശേഷിപ്പിച്ചത്. കാരണം, വായ്പ പുനഃക്രമീകരിക്കാനാണ് ഇപ്പോൾ ആർ.ബി.ഐ. നിർദ്ദേശിച്ചിട്ടുള്ളതെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. വായ്പ എഴുതിത്തള്ളേണ്ട തീരുമാനമെടുക്കേണ്ടത് അതാതു ബാങ്കുകാരാണത്രെ. ഇനി തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നാൽ വായ്പയെടുത്ത ദുരിത ബാധിതർ നക്ഷത്രമെണ്ണേണ്ടിവരും. വിവിധ സർക്കാർ ഓഫീസുകളിൽ നക്ഷത്രമെണ്ണേണ്ടിവരും. വിവിധ സർക്കാർ ഓഫീസുകളിൽ പോകാൻ ദുരിതബാധിതരുടെ കൈയിൽ ഇപ്പോൾ ചില്ലിക്കാശില്ല. റവന്യൂ വകുപ്പ് ഭരിക്കുന്ന സി.പി.ഐയുടെ സ്ഥാനാർത്ഥിയായ സത്യൻ മൊകേരിക്കും ഒരു പാവം കുരുന്നിനെ ലാളിച്ച് നാടകം കളിച്ച പ്രധാന മന്ത്രിയുടെ പാർട്ടി സ്ഥാനാർത്ഥിക്കും വയനാട്ടിൽ എന്തു സംഭവിക്കുമെന്ന് ഇപ്പോൾ തന്നെ ഊഹിക്കാവുന്നതേയുള്ളൂ.
ദുരന്തബാധിതർക്കായി നിർമ്മിക്കാൻ
പോകുന്ന ടൗൺഷിപ്പ് പ്രൊജക്ടിനേക്കാൾ, ഇപ്പോൾ സംസ്ഥാന സർക്കാരിന് 'റൊമ്പ
ഇഷ്ടം' തുരങ്കപ്പാത നിർമ്മാണ പദ്ധതിയോടാണ്. വയനാട്ടിലെ റിസോർട്ട്, റിയൽ
എസ്റ്റേറ്റ് മാഫിയകളെ നിയന്ത്രിക്കുന്ന വമ്പന്മാരുടെ പ്രിയ പദ്ധതിയാണ്
തുരങ്കപ്പാത നിർമ്മാണം.
വയനാട്ടിൽ ദുരിതമുണ്ടായപ്പോൾ കണ്ണുനീർ
വീഴ്ത്താനായി ഓടിയെത്തിയ മുതലകളെ ഇപ്പോൾ കാണാനേയില്ല. ദിവസേന 300 രൂപ, മാസം
പതിനായിരം രൂപ, വീട്ടു വാടകയായി പ്രതിമാസം 6000 രൂപ തുടങ്ങിയ മോഹന
വാഗ്ദാനങ്ങളിൽ സൗജന്യ റേഷൻ മാത്രമാണ് ഇതേവരെ മുടങ്ങാത്തത്. മന്ത്രി
കെ.രാജനും, മന്ത്രി മുഹമ്മദ് റിയാസുമായിരുന്നു ഏറ്റവും ഒടുവിൽ ദുരിതബാധിത
പ്രദേശത്തുണ്ടായിരുന്നത്. ഇപ്പോൾ അഴിമതിക്കാരനല്ലാത്ത മന്ത്രി കെ.രാജനു
പോലും നാട്ടുകാർ ചാർത്തിക്കൊടുത്തിട്ടുള്ള പേര് 'കിംഗ് ലയർ' അഥവാ
നുണയന്മാരുടെ രാജനെന്നാണ്!
ചട്ടപ്പടിയെന്ന തോന്ന്യവാസം
പഴയ എ.ഡി.ജി.പിയുടെ കാര്യത്തിലും, പൂരം കലക്കൽ പ്രശ്‌നത്തിലുമെല്ലാം മുഖ്യമന്ത്രിയുടെ സ്ഥിരം മറുപടി അന്വേഷണം 'ചട്ടപ്പടി' നടന്നുവരികയാണെന്നാണ്. നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ചും അടച്ചിട്ട മുന്നണി യോഗത്തിൽ മുഖ്യമന്ത്രി ഇതേ വാദം തന്നെ ഉന്നയിച്ചുവത്രെ. വരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പുകളിൽ രണ്ട് സീറ്റിലും സി.പി.എം ഉം കോൺഗ്രസും നേരിട്ടുള്ള പോരാട്ടത്തിലായിട്ടും, ജനഹിതമറിഞ്ഞ് നടപടിയെടുക്കാൻ പൊലീസിനെ അനുവദിക്കാത്തത് പാലക്കാട്ടും ചേലക്കരയിലും ഇടതിന് കോട്ടമുണ്ടാക്കും.
സ്വതന്ത്രൻ വരുന്ന ഊടുവഴികൾ
അൻവറിനെ പോലെ ഒരു സ്വതന്ത്രനെ തോളത്തു കയറ്റിയതിന്റെ ആഘാതം സി.പി.എം. ഇന്ന് നേരിടുമ്പോൾ, പാലക്കാട്ട് മറ്റൊരു സ്വതന്ത്രനെ മൽസരത്തിനിറക്കിയത് 'വേലിയിരുന്നതിനെ' എടുത്ത് എവിടെയോ വച്ചതുപോലെയാകുമോയെന്ന ഭയം പാലക്കാട്ടെ പാർട്ടിയംഗങ്ങൾക്കുണ്ട്. പി.കെ. ശശിക്കെതിരെ കർശന നടപടിയെടുത്ത് ജില്ലയിലെ 'അതൃപ്തിയുള്ളവരെ' കൂടെ നിർത്തിയ ഗോവിന്ദൻ മാസ്റ്റർ സരിന്റെ സ്ഥാനാർത്ഥിത്വത്തിന് സർവ പിന്തുണയും നൽകിയിട്ടുണ്ട്. ഇന്നലെ വരെ മുഖ്യമന്ത്രിയെ നിശിതമായ ഭാഷയിൽ വിമർശിച്ചതിന് ഡോ.സരിൻ മാപ്പ് പറഞ്ഞു കഴിഞ്ഞു. ഒരു പ്രിയദർശൻ ചിത്രത്തിൽ ജഗതിയുടെ കഥാപാത്രം പറയുന്നതുപോലെ ''എന്റെ അച്ഛൻ തെണ്ടി, പട്ടി'' എന്നിങ്ങനെയുള്ള ഡയലോഗ് കൂടി ഇനി സരിന്റെ വായിൽ നിന്ന് വീഴുമോ ആവോ?''എന്നെ ഇനി സഖാവേ'' എന്ന് വിളിക്കണം, ആ വിളി കേട്ട് എന്റെ മനസ്സ് കുളിർക്കണം'' എന്നെല്ലാം പറയാൻ, സരിൻ പണ്ട് ''പൈങ്കിളി നോവലുകൾ'' വല്ലതുമെഴുതിയിട്ടുണ്ടോയെന്ന ഗവേഷണത്തിലാണ് പാലക്കാട്ടെ 'രാഹുൽ ബ്രിഗേഡ്' എന്നോ 'ബ്രോ' എന്നോ വിളിച്ചാൽ മതിയെന്നു പറഞ്ഞാൽ അത് സഖാക്കൾക്ക് പിടിച്ചില്ലങ്കിലോ എന്ന സരിന്റെ ഉള്ളിലെ ഉഡായിപ്പിന് സ്തുതി.
ഇന്നലെ വരെ തള്ളിപ്പറഞ്ഞവർ, ഇന്ന് മാമനും മച്ചമ്പിയും
സരിന്റെ കുറ്റപത്രം ഇങ്ങനെയാണ്: 1. രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർത്ഥിയായതിനു പിന്നിൽ ഷാഫി പറമ്പിലിന്റെ ഗൂഡാലോചനയാണ്. 2. വി.ഡി. സതീശൻ ബി.ജെ.പി.യുമായി ചേർന്ന് അടുത്ത മുഖ്യമന്ത്രിയാകാൻ നോക്കുന്നു. 3 എനിക്ക് എതിരെ കളിച്ചവരെ എനിക്ക് അറിയാം. ഞാൻ അവരോട് പകരം ചോദിക്കും. ബി.ജെ.പി.ഇടതു ബാന്ധവവത്തിന്റെ തെളിവുകൾ ഹാജരാക്കി പിണറായിയെ പ്രതിക്കൂട്ടിലാക്കിയ സതീശനെതിരെയുള്ള സരിന്റെ ഒന്നാമത്തെ ആരോപണം തന്നെ ഉണ്ടയില്ലാ വെടിയല്ലേ? ഷാഫി പറമ്പിൽ എന്ന യുവജന നേതാവിന് സരിനോട് ഇത്രയേറെ വിരോധമുണ്ടാകാൻ കാരണം വല്ലതുമുണ്ടോ? പകരം ചോദിക്കുമെന്ന സരിന്റെ മൂന്നാമത്തെ ഡയലോഗ് കറക്ട്.
പക്ഷെ തള്ളയ്ക്കും മുത്തിക്കുമെല്ലാം പറഞ്ഞ് സി.പി.എമ്മിനെതിരെ 'പുലയാട്ട്' പറഞ്ഞ സരിൻ ഒറ്റ രാത്രികൊണ്ട് പാലക്കാട്ടെ സഖാക്കളുടെ ''മാമനും മച്ചമ്പി''യുമെല്ലാമായത് ജനത്തിന് ദഹിക്കാനിടയില്ല. എന്തായാലും പാലക്കാട്ട് ഇത്തവണ ബി.ജെ.പിക്ക് പഴയതുപോലെ രണ്ടാം സ്ഥാനത്തെത്താൻ കഴിയില്ല. കാരണം, അവിടെ എതിർക്കുന്നവരുടെ 'പല്ലുകളുടെ എണ്ണം കുറയ്ക്കുന്ന എല്ലുകളുടെ എണ്ണം കൂട്ടുന്ന' ശോഭാ സുരേന്ദ്രന്റെ ഗ്രൂപ്പുകാർ തന്നെ പാർട്ടി സ്ഥാനാർത്ഥിയുടെ കാല് വാരിയിരിക്കും. അങ്ങനെ വരുമ്പോൾ, ഒരു റണ്ണർ അപ്പ്' സ്ഥാനം സരിന് ഉറപ്പിക്കാം. കൽപ്പാത്തി രഥോത്സവ നാളിൽ കൃത്യമായി തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ച ബി.ജെ.പി. ഇവിടെ തേര് തെളിക്കില്ല; വലിക്കും, അത്ര തന്നെ.
മലിനീകരണം, ട്രാഫിക് ബ്ലോക്ക്..... ഹഹഹ!
എറണാകുളം പട്ടണത്തിലെ വായു മലിനീകരണത്തോത് കൃത്യമായി എല്ലാ ദിവസവും അടയാളപ്പെടുത്താൻ. ഔദ്യോഗികമായി തന്നെ ഒരു നിരീക്ഷണ സംവിധാനമുണ്ടായിരുന്നു. കാറ്റത്ത് മറിഞ്ഞു വീണു നശിച്ചുപോയ ആ സംവിധാനത്തിൽ ഉൾപ്പെട്ട ഉപകരണങ്ങൾ ഇന്ന് ഉപയോഗശൂന്യമാണ്. ഇപ്പോൾ കാറ്റും മഴയും ലൈവായി അളക്കാൻ കൊച്ചി നഗരത്തിൽ മൂന്നിടത്ത് (കടവന്ത്ര, മറൈൻ ഡ്രൈവ്, ഹൈക്കോടതി പരിസരം) അത്യാധുനിക കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കുകയാണത്രെ. എന്നാൽ, ഈ വാർത്തകൾ പ്രത്യക്ഷപ്പെട്ട ദിവസങ്ങളിൽ തന്നെ ഏലൂർ പാതാളം പാലത്തിനു സമീപം മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥാപിച്ച ജല, വായു നിരീക്ഷണ സംവിധാന മുടങ്ങിയ സ്റ്റേഷൻ പെരിയാറിൽ ഒഴുകി നടക്കുന്നതായി പത്രങ്ങളിൽ കണ്ടു. സ്റ്റേഷന്റെ അറ്റകുറ്റപ്പണികൾക്കുള്ള വാർഷിക കരാർ പുതുക്കാത്തതാണ് സ്റ്റേഷൻ പ്രവർത്തന രഹിതമാകാൻ കാരണമത്രെ.
സർക്കാർ ഏതെങ്കിലും ഒരു യന്ത്ര സംവിധാനമോ മറ്റോ വാങ്ങുമ്പോൾ തന്നെ അതിന്റെ കമ്മീഷനും നോക്കു കൂലിയുമെല്ലാം ബന്ധപ്പെട്ടവർക്കു ലഭിക്കും. പിന്നീട് ആ യന്ത്രസംവിധാനങ്ങൾ പ്രവർത്തിച്ചാലും ഇല്ലെങ്കിലും കീശ നിറഞ്ഞവർ ഡബിൾ ഹാപ്പിയല്ലേ ? കൊച്ചി കോർപ്പറേഷൻ മാലിന്യം ശേഖരിക്കാൻ വാങ്ങിയ പഴയ കോംപാക്ട് വാഹനങ്ങൾ എറണാകുളം ലോ കോളജിനു സമീപത്ത് തുരുമ്പെടുത്ത നശിക്കുന്നുണ്ട്. ഇപ്പോൾ പുതിയ കോംപാക്ട് വാഹനങ്ങൾ കോർപ്പറേഷൻ വാങ്ങിക്കഴിഞ്ഞു. എത്രനാൾ ഇവയെല്ലാം ഓടുമോ എന്തോ?! കുണ്ടന്നൂർ പാലത്തിന്റെ അറ്റകുറ്റപ്പണികളുടെ പേരിൽ വൈറ്റില-അരൂർ ഭാഗത്ത് വാഹന ഗതാഗതം മണിക്കുറുകളായി തടസ്സപ്പെടുകയാണ്. മാത്രമല്ല, ഗതാഗതം വഴിതിരിച്ചു വിടുന്നതിന്റെ പേരിൽ മരട് നിവാസികൾ പോലും ടോൾ കൊടുക്കണമെന്ന് ദേശീയപാതാ അതോറിറ്റി ശഠിക്കുകയാണ്. എന്തൊരു നാടല്ലേ ഇത് ?
കിട്ടാക്കടങ്ങൾക്കുമുണ്ട് കൽക്കണ്ട രുചി!
കടുത്ത സാമ്പത്തിക വറുതിയിലാണ് കേരളം. ഇതുമൂലം നിർദ്ദിഷ്ട പദ്ധതികൾ പലതും ഉപേക്ഷിച്ചു കഴിഞ്ഞു. എറണാകുളം ജില്ലയാണ് സംസ്ഥാന സർക്കാരിലേക്കുള്ള സാമ്പത്തിക വരുമാനത്തിന്റെ വലിയൊരു പങ്ക് ഖജനാവിലേക്ക് നൽകാറുള്ളത്. എന്നാൽ പദ്ധതി വിഹിതത്തിന്റെ 18 ശതമാനം മാത്രമാണ് ഇതുവരെ എറണാകുളം ജില്ലയ്ക്ക് ചെലവഴിക്കാൻ കഴിഞ്ഞിട്ടുള്ളു.
ഒരു വാർത്തയിൽ കേരളത്തിൽ പിരിഞ്ഞു കിട്ടാനുള്ള നികുതി കുടിശ്ശിക 27,902 കോടി രൂപയാണെന്ന് പറഞ്ഞിരുന്നു. 2023 മാർച്ച് 31 വരെയുള്ള 'വരവ്കാ, ചെലവ് കാ' യുടെ കണക്ക് നോക്കിയ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി) റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. ഈ തുകയിൽ ജി.എസ്.ടി. വകുപ്പ് പിരിച്ചെടുക്കാനുള്ള കുടിശ്ശിക തുകയിൽ 1205 കോടി രൂപ അഞ്ച് വർഷത്തിലേറെയായി 'കിട്ടാത്തുക'യാണ്. വൈദ്യുതി നിരക്ക് കൂട്ടണമെന്ന് ശഠിക്കുന്ന കെ.എസ്.ഇ.ബി.യുടെ നികുതി/തീരുവ കണക്കിൽ 3800 കോടി, പലിശയിനത്തിൽ 6855 കോടി, മോട്ടർ വാഹന നികുതി വകയിൽ 1109 കോടി, പൊലീസ് വകുപ്പിൽ 454 കോടി, എക്‌സൈസ് വകുപ്പിൽ 285 കോടി, ഓഡിറ്റ് വകയിൽ 105 കോടി, രജിസ്‌ട്രേഷൻ വകുപ്പിൽ 719 കോടി, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ 198.96 കോടി, വനംവകുപ്പിൽ 398 കോടി എന്നിങ്ങനെ പോകുന്നു കുടിശ്ശികക്കണക്ക്. 2022-23 കാലഘട്ടത്തിൽ ആരംഭിച്ച 27 പദ്ധതികളിൽ 13 എണ്ണവും പൂർത്തിയാക്കിയിട്ടില്ല.
14 പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ടെങ്കിലും പദ്ധതി നിർവഹണം സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാർ ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് സി.എ.ജി. നിർദ്ദേശിച്ചിട്ടുണ്ട്. സർക്കാരിന്റെ നികുതിയിൽ നിന്നുള്ള വരുമാനം മൊത്തം വരവിന്റെ 43 ശതമാനമേയുള്ളൂ. ഇതിൽ ശമ്പളമായി 23 ശതമാനം, സർവീസ്, ക്ഷേമ പെൻഷനായി 22 ശതമാനം, വായ്പയുടെ പലിശ 36 ശതമാനം എന്നിങ്ങനെയാണ് ചെലവ് പട്ടിക. കേന്ദ്ര സഹായമായി 16 ശതമാനവും കേന്ദ്ര നികുതി വിഹിതമായി 11 ശതമാനവും ലഭിക്കുന്നുണ്ട്. എന്തായാലും കിട്ടാക്കുടിശ്ശികകളുടെ 'കൽക്കണ്ട രുചി' നുണയുന്നത് ആരെന്ന ചോദ്യത്തിനാണ് ജനം ഉത്തരം കണ്ടെത്തേണ്ടത്.
ആന്റണി ചടയംമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1