അമരക്കാരനായി സണ്ണി ജോസഫ്: 21 വര്‍ഷത്തിന് ശേഷം അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്ന ക്രിസ്ത്യന്‍ പ്രതിനിധി

MAY 8, 2025, 10:08 AM

കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുതിയ നേതൃത്വം വന്നിരിക്കുകയാണ്. നിലവിലെ കെപിസിസി അധ്യക്ഷനായ കെ. സുധാകരനെ മാറ്റി പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിനെയാണ് പകരം നിയമിച്ചത്. കുറെ കാലമായുള്ള പടലപിണക്കങ്ങളും കോണ്‍ഗ്രസിന്റെ അടിത്തട്ടിലുണ്ടായിരിക്കുന്ന ശോഷണവും തന്നെയാണ് കേരളത്തില്‍ ചരിത്രത്തിലാദ്യമായി ഭരണത്തുടര്‍ച്ചയെന്ന രാഷ്ട്രീയ അധ്യായം എഴുതിച്ചേര്‍ക്കാന്‍ ഇടതുപക്ഷത്തിന് അവസരം നല്‍കിയത്.

പാര്‍ട്ടിയുടെ പരമ്പരാഗത ശക്തികളായ ക്രൈസ്തവ വിഭാഗങ്ങള്‍ പാര്‍ട്ടിയെ കൈവിട്ടതാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ ശക്തിക്ഷയത്തിന് കാരണമെന്ന വിലയിരുത്തല്‍ കുറച്ച് കാലമായി കേള്‍ക്കുന്നതാണ്. പക്ഷെ പാര്‍ട്ടിയെ കേഡര്‍ സ്വഭാവത്തിലേക്ക് മാറ്റുമെന്ന് പറഞ്ഞ് കെ.പി.സി.സി അധ്യക്ഷനായി കെ.സുധാകരനെത്തിയിട്ടും അടിത്തട്ടുറപ്പിക്കാന്‍ നേതൃത്വത്തിനായില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 18 സീറ്റില്‍ വിജയിച്ച് പാര്‍ട്ടി കരുത്ത് കാട്ടിയിട്ടും ഒരിക്കല്‍ കൂടെ ഭരണം കിട്ടിയില്ലെങ്കില്‍ പാര്‍ട്ടിയുടെ തകര്‍ച്ച പൂര്‍ണമാകുമെന്ന കണക്കുകൂട്ടല്‍ ഹൈക്കമാന്‍ഡിനും ഉണ്ടായിരുന്നു.

ഒടുവില്‍ നേതൃ മാറ്റത്തിലേയ്ക്ക് പാര്‍ട്ടി കടക്കുകയായിരുന്നു. അങ്ങനെ പാര്‍ട്ടി ശിബിരം സംഘടിപ്പിച്ചു, അഹമ്മദാബാദില്‍ എ.ഐ.സി.സി സമ്മേളനം നടത്തി, ഡി.സി.സി പ്രസിഡന്റുമാരുടെ അധികാരപരിധി വര്‍ധിപ്പിച്ചു. ഏറ്റവും ഒടുവില്‍ ഒരു ക്രിസ്ത്യന്‍ പ്രതിനിധിയായി പേരാവൂര്‍ എം.എല്‍.എ അഡ്വ.സണ്ണി ജോസഫിനെ തന്നെ ഹൈക്കമാന്‍ഡ് പാര്‍ട്ടിയെ നയിക്കാന്‍ ഏല്‍പ്പിക്കുമ്പോള്‍ നേതൃത്വം പുതിയ പ്രതീക്ഷയിലാണ്.

2004 ല്‍ പി.പി തങ്കച്ചന്‍ കെ.പി.സി.സിയുടെ മുപ്പത്തിയൊന്നാമത് അധ്യക്ഷനായി എത്തിയതിന് ശേഷം ഇതുവരെ ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ പെടുന്ന ആരും അധ്യക്ഷ സ്ഥാനത്തേക്കെത്തിയിരുന്നില്ല. ഈ ആവശ്യം നേതാക്കള്‍ പലതവണ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല ക്രിസ്ത്യന്‍ സമൂഹം, പ്രത്യേകിച്ച് കത്തോലിക്കാ സഭ, സംസ്ഥാനത്തെ കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണെന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകളും വന്നിരുന്നു. എ.കെ ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും കാലഘട്ടത്തിന് ശേഷം, കോണ്‍ഗ്രസ് നേതൃത്വത്തില്‍ ക്രൈസ്തവ നേതാക്കള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ല എന്ന് സഭാ നേതൃത്വം പലതവണ നേതൃത്വത്തെ അറിയിച്ചിരുന്നതുമാണ്. ഇതുകൂടി പരിഗണിച്ചുകൊണ്ടാണ് സണ്ണി ജോസഫിനെ തിരഞ്ഞെടുക്കാന്‍ നേതൃത്വം തീരുമാനിച്ചത്.

സഭാ അധികാരികളുമായി നല്ല അടുപ്പം പുലര്‍ത്തുന്ന സണ്ണി ജോസഫ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഗുഡ് ബുക്കിലും ഇടംനേടിയ നേതാവാണ്. നിലവില്‍ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയാണ്. സാമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപെടുക കൂടി ചെയ്യുന്ന നേതാവാണ്. ഇതെല്ലാം തന്നെയാണ് അധ്യക്ഷ പദവി സണ്ണിയിലേക്കെത്താന്‍ കാരണമായത്.

1970 മുതല്‍ കെ.എസ്.യുവിന്റെ സജീവ പ്രവര്‍ത്തകനായിട്ടാണ് സണ്ണി ജോസഫ് രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്. കോഴിക്കോട്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ഥി പ്രതിനിധിയായ സിന്‍ഡിക്കേറ്റ് മെമ്പറായിരുന്നു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, ഉളിക്കല്‍ സഹകരണ ബാങ്ക് പ്രസിഡന്റ്, തലശേരി കാര്‍ഷിക വികസന സഹകരണ സൊസൈറ്റി പ്രസിഡന്റ്, മട്ടന്നൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്, കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് എന്നി നിലകളിലെല്ലാം പ്രവര്‍ത്തിച്ചുണ്ട്. കഴിഞ്ഞ മൂന്ന് തവണയായി പേരാവൂരില്‍ നിന്നുള്ള നിയമസഭാഗവും നിലവില്‍ യു.ഡി.എഫ് കണ്ണൂര്‍ ജില്ലാ ചെയര്‍മാനുമാണ്.

2011 ല്‍ ആണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. തന്റെ കന്നി മത്സരത്തില്‍ തന്നെ അന്നത്തെ സിറ്റിങ് എം.എല്‍.എയായിരുന്ന കെ.കെ ഷൈലജയെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. കെ.കെ ഷൈലജയ്‌ക്കെതിരേ 3440 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് സണ്ണി ജോസഫിന്റെ വിജയത്തുടക്കം. പിന്നീടങ്ങോട്ട് പേരാവൂര്‍ സണ്ണിജോസഫിനെ ചേര്‍ത്ത് നിര്‍ത്തുകയായിരുന്നു.

കേരളത്തില്‍ ഇടത് തരംഗം ആഞ്ഞടിച്ചപ്പോഴും സണ്ണിജോസഫിനെ പേരാവൂരുകാര്‍ ചേര്‍ത്തുനിര്‍ത്തിയിരുന്നു. 2016 ല്‍ 7989 ഭൂരിപക്ഷം ഉണ്ടായിരുന്നിടത്ത് 2021 എത്തിയപ്പോള്‍ 3172 ആയി കുറഞ്ഞെങ്കിലും സണ്ണി ജോസഫ് പിടിച്ചു നിന്നു. 2021 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ കെ.വി സക്കീര്‍ ഹുസൈനിനെതിരേയായിരുന്നു വിജയം. മികച്ച സംഘാടകനെന്ന പേരും സഭാ നേതൃത്വങ്ങളുമായുള്ള നല്ല ബന്ധവുമാണ് സണ്ണി ജോസഫിലേക്ക് ഇത്തവണ കെ.പി.സി.സി അധ്യക്ഷ പദവിയെത്തിയതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

കണ്ണൂര്‍ ഉളിക്കല്‍ പുറവയലിലെ പരേതനായ വടക്കേക്കുന്നേല്‍ ജോസഫ് റോസക്കുട്ടി ദമ്പതികളുടെ മൂത്ത മകനാണ് സണ്ണി ജോസഫ്. തൊടുപുഴ ന്യൂമാന്‍ കോളജില്‍ ബിരുദ വിദ്യാര്‍ഥിയായിരിക്കെ കേരള സര്‍വകലാശാല വിദ്യാര്‍ഥി യൂണിയനിലും പിന്നീട് കാലിക്കറ്റ് സര്‍വകലാശാല യൂണിയനിലും അംഗമായി.

ഭാര്യ: എല്‍സി ജോസഫ്, മക്കള്‍:അഷ റോസ്, ഡോ: അഞ്ജു റോസ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam