വെറും എട്ട് ദിവസത്തെ ദൗത്യത്തിനായിരുന്നു സുനിത വില്ല്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയത്. ഇപ്പോള്‍ എട്ടുമാസം പിന്നിട്ടപ്പോള്‍, സുനിതാ വില്യംസും വില്‍മോറും തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. സാങ്കേതിക തകരാറുകളെ തുടര്‍ന്ന് തിരിച്ചുവരവ് അനിശ്ചിതത്വത്തിലാവുകയായിരുന്നു.
ഇപ്പോള്‍ ഇരുവരുടേയും തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ലോകം. മാര്‍ച്ച് 19 ന് ഇരുവരും ഭൂമിയിലെത്തുമെന്നാണ് വിവരം. ഇവര്‍ ഭൂമിയിലെത്തിക്കാന്‍ ഇത്രയും താമസമുണ്ടായത് എന്താണ്? ബഹിരാകാശ ദൗത്യത്തിന് എന്താണ് സംഭവിച്ചത് ? ഒഴിവാക്കാനാകുമായിരുന്നോ ഇതുപോലൊരു പ്രതിസന്ധി ? ഇത്തരത്തില്‍ നിരവധി ചോദ്യങ്ങളാണ് സാധാരണക്കാരുടെ ഉള്ളില്‍ ഉള്ളത്.
മാത്രമല്ല ഗുരുത്വാകര്‍ഷണമില്ലാത്ത ബഹിരാകാശത്ത് ഇത്രയും കാലം കഴിഞ്ഞ ശേഷം അവര്‍ ഭൂമിയിലേക്ക് തിരിച്ചെത്തുമ്പോള്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളും, ഇടക്ക് പുറത്തുവന്ന ചിത്രങ്ങളും ആഗോളതലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ബഹിരാകാശ ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിക്കുന്നതിനും തിരികെ കൊണ്ടുവരുന്നതിനും നാസ തിരഞ്ഞെടുത്തത് രണ്ടു സ്വകാര്യ കമ്പനികളെ ആയിരുന്നു. ഒന്ന് ബോയിങ്. മറ്റൊന്ന് സ്‌പേസ് എക്‌സ്. ഇതില്‍ ബോയിങ് ഐഎസ്എസിലേക്ക് യാത്ര ചെയ്യുന്നതിനായി നിര്‍മിച്ച ബഹിരാകാശ പേടകമാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ അഥവാ സിഎസ്ടി-100. ഇതിലാണ് ഇന്ത്യന്‍ വംശജകൂടിയായ സുനിതാ വില്യംസും ബുച്ച് വില്‍മോറും യാത്ര തിരിച്ചത്.
ബോയിംഗ് ക്രൂ ഫ്‌ലൈറ്റ് ടെസ്റ്റ് അഥവാ ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന്റെ ഭാഗമായി നാസയുമായിച്ചേര്‍ന്ന് നടത്തിയ എട്ട് ദിവസത്തെ പരീക്ഷണം. വിക്ഷേപണം, ഡോക്കിംഗ്, റീ-എന്‍ട്രി ഘട്ടങ്ങളില്‍ ബഹിരാകാശ പേടകത്തിന്റെ സംവിധാനങ്ങള്‍ വിലയിരുത്തുക, ദൗത്യങ്ങള്‍ക്ക് ഇത് അനുയോജ്യമാണെന്ന് സാക്ഷ്യപ്പെടുത്തുക എന്നിവയായിരുന്നു പ്രാഥമിക ലക്ഷ്യങ്ങള്‍.
15 അടി വ്യാസമുള്ള സ്റ്റാര്‍ലൈനര്‍ പേടകം, അപ്പോളോ കമാന്റ് മോഡ്യൂളിനേക്കാളും സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ കാപ്‌സ്യൂളിനേക്കാളും അല്‍പം വലുതാണ്. എന്നാല്‍ ആര്‍ട്ടെമിസ് ദൗത്യത്തിനായി തയ്യാറാക്കിയ ഓറിയോണ്‍ കാപ്‌സ്യൂളിനേക്കാള്‍ അല്‍പം ചെറുതുമാണ്. സ്റ്റാര്‍ലൈനറിന് ഏഴ് യാത്രികരെ ഒരേ സമയം വഹിക്കാന്‍ ശേഷിയുണ്ട്. ഏഴ് മാസക്കാലം ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്ത് നിര്‍ത്താനുമാവും. പത്ത് ദൗത്യങ്ങള്‍ക്ക് വരെ പുനരുപയോഗിക്കാന്‍ സാധിക്കും വിധമാണ് പേടകത്തിന്റെ രൂപകല്‍പന.
2010 ലാണ് കൊമേര്‍ഷ്യല്‍ ക്രൂ പ്രോഗ്രാമിന് വേണ്ടി നാസ സ്റ്റാര്‍ലൈന്‍ പേടകത്തെ തിരഞ്ഞെടുത്തത്. 2017 ല്‍ മനുഷ്യരെ വഹിച്ചുള്ള ആദ്യ യാത്ര നടത്താന്‍ പദ്ധതിയിട്ടെങ്കിലും 2019 ഡിസംബര്‍ 20നാണ് ആദ്യ ആളില്ലാ വിക്ഷേപണ ദൗത്യം നടത്തിയത്. എന്നാല്‍ ഈ ദൗത്യം വിജയകരമായില്ല. പിന്നീട് 2022 മേയ് 19 നാണ് പേടകത്തിന്റെ രണ്ടാം ആളില്ലാ പരീക്ഷണ വിക്ഷേപണം നടത്തിയത്. ഇത് വിജയകരമായി പൂര്‍ത്തിയാക്കി. അടുത്തത് ബഹിരാകാശ യാത്രികരുമായുള്ള പരീക്ഷണമായിരുന്നു. അതായിരുന്നു കഴിഞ്ഞ ജൂണ്‍മാസത്തില്‍ നടന്നത്.
അന്ന്, വിക്ഷേപിക്കുന്നതിന് മുന്‍പേ വെല്ലുവിളികള്‍ നേരിട്ടിരുന്നു. ഒരുമാസത്തിനിടെ മൂന്നുതവണയാണ് ദൗത്യം മുടങ്ങിയത്. അവസാനഘട്ടത്തില്‍ ഹീലിയം വാതകചോര്‍ച്ച ദൗത്യത്തെ ദുഷ്‌കരമാക്കിയിരുന്നെങ്കിലും വിക്ഷേപണവുമായി മുന്നോട്ട് പോവാനായിരുന്നു തീരുമാനം. ചോര്‍ച്ച ഗൗരവമുള്ളതല്ലെന്നും ദൗത്യത്തെ ബാധിക്കില്ലെന്നുമായിരുന്നു എഞ്ചിനീയര്‍മാരുടെ നിഗമനം. ഒടുവില്‍ ജൂണ്‍ 9ന് ഫ്‌ളോറിഡയിലെ കേപ്പ് കാനവെറല്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് സ്റ്റാര്‍ലൈനര്‍ വിജയകരമായി വിക്ഷേപിച്ചു.
25 മണിക്കൂര്‍ യാത്രയ്ക്ക് ശേഷം സുനിതയും വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ശേഷം ഇതേ പേടകത്തില്‍ ജൂണ്‍ 14 ന് യു.എസിലെ മരുഭൂമിയില്‍ തിരിച്ചിറങ്ങാനായിരുന്നു പദ്ധതി. ആ പദ്ധതിയാണ് പാളിപ്പോയത്. അതിനിടെ സ്റ്റാര്‍ലൈനര്‍ പേടകത്തിലെ ഹീലിയം ഗ്യാസ് സിസ്റ്റത്തില്‍ ചോര്‍ച്ച കണ്ടെത്തിയിരുന്നു. നാലുവട്ടമാണ് ഹീലിയം ചോര്‍ച്ചയുണ്ടായത്. അതിലുപരി റോക്കറ്റിനെ മുന്നിലേക്ക് തള്ളാനും ദിശ മാറ്റാനും ഉപയോഗിക്കുന്ന ത്രസ്റ്റുകളില്‍ ചിലത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നും കണ്ടെത്തി. 28 മനൂവറിംഗ് ത്രസ്റ്ററുകളില്‍ അഞ്ചെണ്ണത്തിന് തകര്‍ കണ്ടെത്തി. ഇതോടെ റിസ്‌കെടുത്ത് ഇതേ ബഹിരാകാശപേടകത്തില്‍ ഇരുവരെയും തിരിച്ചുകൊണ്ടുവരണോ എന്ന കാര്യത്തില്‍ സംശയമുണ്ടായി. ഒടുക്കം സുനിതയെയും വില്‍മോറിനെയും അവിടെ നിര്‍ത്തി പേടകം മാത്രം തിരിച്ചുകൊണ്ടുവരാന്‍ നാസയുടെ സുരക്ഷാ ടീം തീരുമാനിക്കുകയായിരുന്നു. 2024 സെപ്റ്റംബര്‍ ആറിന് ആളില്ലാതെ പേടകത്തെ മാത്രം തിരിച്ച് ഭൂമിയിലേക്ക് അയച്ചു.
ആശങ്ക നിറഞ്ഞ ദിനങ്ങള്‍
ബഹിരാകാശത്ത് 109 മീറ്റര്‍ നീളമുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയം. നാസയുടെ അഭിപ്രായത്തില്‍, ആറ് കിടപ്പുമുറികളുള്ള ഒരു വീടിനേക്കാള്‍ വലുതാണ് ഇവിടത്തെ താമസസ്ഥലവും ജോലി സ്ഥലവും. ആറ് സ്ലീപ്പിംഗ് ക്വാര്‍ട്ടേഴ്‌സുകള്‍, രണ്ട് കുളിമുറികള്‍, ഒരു ജിം, 360 ഡിഗ്രി വ്യൂ ബേ വിന്‍ഡോ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണിത്. ഇവിടെ വില്യംസും വില്‍മോറും ഒറ്റയ്ക്കല്ല. വ്യത്യസ്ത ദൗത്യങ്ങളില്‍ നിന്നുള്ള മറ്റ് ഏഴ് ബഹിരാകാശയാത്രികരും ഇവര്‍ക്കൊപ്പമുണ്ട്. നാല് അമേരിക്കക്കാരും മൂന്ന് റഷ്യക്കാരും.
ഇവര്‍ക്ക് ആവശ്യമുള്ള ഭക്ഷണങ്ങളും മറ്റ് വസ്തുക്കളും ഭൂമിയില്‍ നിന്നും എത്തിച്ചുനല്‍കും. സ്വന്തമായി ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കുന്ന സംവിധാനങ്ങളും ബഹിരാകാശ നിലയത്തിലുണ്ട്. പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡില്‍ നിന്ന് തന്നെ ഏകദേശം 50% ഓക്‌സിജന്‍ വീണ്ടെടുക്കും. മൂത്രത്തെ കുടിവെള്ളമാക്കി മാറ്റുന്ന ഒരു പുനരുപയോഗ സംവിധാനമാണ് വെള്ളത്തിനായി ഉപയോഗിക്കുന്നത്. ക്രൂവിന്റെ ശ്വാസത്തില്‍ നിന്നും വിയര്‍പ്പില്‍ നിന്നുമുള്ള ഈര്‍പ്പവും വെള്ളമാക്കുന്ന മറ്റൊരു സംവിധാനവും ഉണ്ട്.
അതേസമയം ഐ.എസ്.എസില്‍ നിന്നും വന്ന സുനിതയുടെ ക്ഷീണിച്ച ചിത്രങ്ങള്‍ ഈ ആശങ്ക വര്‍ധിപ്പിച്ചു. ആഗോളതലത്തില്‍ ചര്‍ച്ചയായി. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും ബഹിരാകാശവാസത്തിന്റെ ഭാഗമായുള്ള നിരന്തര വ്യായാമം കാരണമാണ് മെലിഞ്ഞുപോയതെന്നും സുനിത തന്നെ വ്യക്തമാക്കി. എങ്കിലും മൈക്രോഗ്രാവിറ്റി കാരണം അസ്ഥിക്ഷയം ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരുന്നു. അതൊഴിവാക്കാന്‍ ഭാരോദ്വഹനമുള്‍പ്പെടെയുള്ള വ്യായാമങ്ങള്‍ ഇരുവരും പതിവായി ചെയ്യാറുണ്ടെന്ന് അറിയിച്ചു. മൈക്രോഗ്രാവിറ്റി മൂലമുണ്ടാകുന്ന ഫ്‌ലൂയിഡ് റീഡിസ്ട്രിബ്യൂഷനാണ് മറ്റൊരു പ്രശ്‌നം. ഇത് മുഖത്തെയും തലയോട്ടിയിലെയും വീക്കം വര്‍ധിപ്പിക്കും. ചിന്തിക്കാനും ഓര്‍മിക്കാനും തീരുമാനമെടുക്കാനുമുള്ള കഴിവുകളേയും ബാധിക്കും.
എന്നാല്‍ പുറത്ത് ആശങ്കകളുയരുമ്പോള്‍ ബഹിരാകാശത്തെ തങ്ങളുടെ ജോലിയില്‍ മുഴുകുകയായിരുന്നു സുനിതയും വില്‍മോറും. ദൈനംദിന ജോലികള്‍ക്ക് പുറമെ നിരവധി പരീക്ഷണങ്ങളും ടാസ്‌കുകളും ഈ കാലയളവില്‍ ചെയ്തു. ബഹിരാകാശത്ത് വെച്ച് കുടുംബമായും വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തിയും ഭൂമിയിലുള്ളവര്‍ക്ക് ദീപാവലി, ക്രിസ്മസ് ആശംസകള്‍ നേര്‍ന്നും സജീവമായിരുന്നു അവര്‍.
ബഹിരാകാശത്തേക്ക് പോയ പേടകത്തിന് പ്രശ്‌നമുണ്ടെങ്കില്‍ മറ്റൊരു പേടകത്തില്‍ സഞ്ചാരികളെ ഭൂമിയിലെത്തിക്കാനാകില്ലേ എന്നാണ് പലരുടെയും സംശയം. എന്തിനാണ് ഈ കാലതാമസമെന്ന് ചോദിക്കുന്നവരുമുണ്ട്. എന്നാല്‍ അതത്ര എളുപ്പമല്ല. ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം മുതല്‍ സുനിതയും വില്‍മോറും ഭാഗമായിരുന്നു. ആ പേടകത്തിലാണ് അവര്‍ക്ക് പരിശീലനം ലഭിച്ചത്. പേടകത്തിലെ സൗകര്യങ്ങളും സ്‌പേസ്സ്യൂട്ടുമെല്ലാം തയ്യാറാക്കിയത് ഇവര്‍ക്ക് അനുസരിച്ചാണ്. അതുകൊണ്ടുതന്നെ മറ്റൊരു പേടകത്തില്‍ തിരിച്ചുവരുന്നത് ബുദ്ധിമുട്ടാണ്.
എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇരുവരെയും തിരിച്ചെത്തിക്കാന്‍ സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ പേടകം ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രണ്ട് വ്യത്യസ്ത കമ്പനികളുടെ പേടകങ്ങള്‍ ആയതിനാല്‍ മാറ്റങ്ങളും വെല്ലുവിളികളും നിരവധിയാണ്. ബോയിങ് സ്റ്റാര്‍ലൈനറിനും സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണിനും രൂപകല്‍പ്പന, ഉള്‍ക്കാഴ്ച, നിയന്ത്രണങ്ങള്‍ എന്നിവയില്‍ വ്യത്യാസങ്ങളുണ്ട്. യാത്രികര്‍ക്ക് പുതിയ പേടകത്തിന്റെ സംവിധാനങ്ങളും പ്രവര്‍ത്തന രീതികളും പഠിച്ച് പരിചയപ്പെടണം. ഓരോ പേടകത്തിനും പ്രത്യേക സുരക്ഷാ പ്രോട്ടോക്കോളുകളും അടിയന്തിര നടപടികളും ഉണ്ട്.
യാത്രികര്‍ക്ക് ക്രൂ ഡ്രാഗണ്‍ പേടകത്തിലെ സുരക്ഷാ നടപടികള്‍ പഠിച്ച് അവയില്‍ പരിശീലനം നേടണം. സ്‌പേസ് സ്യൂട്ടിലും വ്യത്യാസങ്ങളുണ്ട്. യാത്രികര്‍ക്ക് പുതിയ സ്‌പേസ്സ്യൂട്ട് ധരിച്ച് അതില്‍ സുഖകരമായി പ്രവര്‍ത്തിക്കാന്‍ പരിശീലനം നേടണം. അതിന് ഇരുവരുടെയും അളവുകള്‍ക്ക് അനുസരിച്ച് പുതിയ സ്‌പേസ്സ്യൂട്ട് തയ്യാറാക്കുകയും അത് ഭൂമിയില്‍ നിന്നെത്തിക്കുകയും വേണം. ഇതൊക്കതന്നെയാണ് കാലതാമസം ഉണ്ടാകാനുള്ള പ്രധാന കാരണവും.
ബോയിങ് പേടകത്തില്‍ പോയവരെ സ്‌പേസ് എക്‌സിന്റെ ക്രൂ ട്രാവലറില്‍ തിരിച്ചുകൊണ്ടുവരുമ്പോള്‍ ഈ രണ്ട് കമ്പനികള്‍ക്കിടയില്‍ ഒരു ബിസിനസ് ഡീലും ഉണ്ടാക്കണം. എതിരാളികള്‍ തമ്മിലുള്ള വാണിജ്യസംബന്ധമായ ഈ വിഷയം കൂടി കാലതാമസത്തിന് കാരണമാകാന്‍ സാധ്യതയുണ്ട്.
എന്തായാലും സുനിതയെയും വില്‍മോറിനെയും ഭൂമിയിലേക്ക് കൊണ്ടുവരാനായി മാര്‍ച്ച് 12-ന് ക്രൂ-10 ദൗത്യം ഐ.എസ്.എസിലേക്ക് പുറപ്പെടും. നാസ ബഹിരാകാശയാത്രികരായ ആന്‍ മക്ലെയ്ന്‍, നിക്കോള്‍ അയേഴ്‌സ്, ജപ്പാന്‍ എയ്റോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സി ബഹിരാകാശ യാത്രികന്‍ തകുയ ഒനിഷി, റോസ്‌കോസ്മോസ് യാത്രികന്‍ കിറില്‍ പെസ്‌കോവ് എന്നിവരാണ് ക്രൂ-10 ദൗത്യത്തിലുണ്ടാവുക. ആറ് മാസത്തെ ദൗത്യത്തിനായാണ് ഇവരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിക്കുന്നത്. ക്രൂ-10 എത്തിയാല്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കൈമാറ്റ പ്രക്രിയ നടക്കും. തുടര്‍ന്ന് നിലവില്‍ ബഹിരാകാശ നിലയ കമാന്‍ഡറായ സുനിതാ വില്യംസ് കമാന്‍ഡ് കൈമാറും. പിന്നീട് മാര്‍ച്ച് 19-ന് ഇരുവരും ഭൂമിയിലെത്തും.
അതേസമയം സാധാരണ പോലെയല്ല ബഹിരാകാശ സഞ്ചാരം കഴിഞ്ഞ് ഭൂമിയിലെത്തിയാലുള്ള അവസ്ഥ. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. നീല്‍ ആംസ്ട്രോങ്ങും ടീമും ചന്ദ്രനില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ വീല്‍ച്ചെയറിലായിരുന്നു തിരിച്ചു ഭൂമിയിലേക്കിറക്കിയത്. സ്പെയ്സ് സ്റ്റേഷനില്‍ നിന്ന് തിരിച്ചെത്തുന്ന ബഹിരാകാശ സഞ്ചാരികളെയും വീല്‍ച്ചെയര്‍ ഉപയോഗിച്ച് തന്നെയാണ് തിരിച്ച് താഴെ ഇറക്കുന്നത്. സീറോ ഗ്രാവിറ്റിയില്‍(0G)നിന്ന് പെട്ടെന്ന് ഭൂമിയിലേക്ക് എത്തുമ്പോള്‍ ശരീരത്തിന്റെ ഭാരം വഴങ്ങാന്‍ പറ്റാതെ ബാലന്‍സ് തെറ്റി വീഴുന്നത് കൊണ്ടാണിത്.
സീറോ ഗ്രാവിറ്റി, മൈക്രോ ഗ്രാവിറ്റി എന്നീ പ്രതിഭാസങ്ങള്‍ നമ്മുടെ ശരീരത്തിലെ എല്ലുകളുടെ സാന്ദ്രത, രക്തയോട്ടത്തിന്റെ വേഗം, മെറ്റബോളിസം റേറ്റ്, റേഡിയേഷന്‍ റിസ്‌ക് എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ മാറ്റിമറിക്കും. തങ്ങള്‍ക്ക് ഒരു പെന്‍സില്‍ ഉയര്‍ത്താന്‍ പോലും പ്രയാസമായിരിക്കുമെന്നാണ് ബുച്ച് പറയുന്നത്. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഇവര്‍ക്കുണ്ടാകാനും സാധ്യതയുണ്ട്. പേശി ദുര്‍ബലതയും ക്ഷയവുമാണ് അതിലൊന്ന്. ഗുരുത്വാകര്‍ഷണം ഇല്ലാത്തതിനാല്‍ ബഹിരാകാശത്ത് ശരീരത്തെ താങ്ങിപ്പിടിക്കേണ്ട ആവശ്യമില്ല, അതിനാല്‍ പേശികള്‍ക്ക് ബലം നഷ്ടപ്പെടും. പ്രധാനമായും കാലുകള്‍, മുതുക് തുടങ്ങിയ ഭാഗങ്ങളിലെ പേശികള്‍ക്കാണ് ശക്തി നഷ്ടപ്പെടുക. അസ്ഥികള്‍ക്ക് സ്‌ട്രെസ് കൊടുക്കാത്തതിനാല്‍ Bone Density Loss നും ഇത് കാരണമാകും. ഇത് വീഴ്ചയ്ക്കും അസ്ഥി പൊട്ടലിനുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
ഹൃദയം ശക്തമായ പ്രവര്‍ത്തനം ചെയ്യേണ്ടതില്ലാത്തതിനാല്‍ ഹൃദയപേശികളും ദുര്‍ബലമാവും. ഭാവിയില്‍ ഇത് orthostatic hypotension ന് കാരണമാകാം. കണ്ണിനും പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്. കണ്ണില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനും ചിലര്‍ക്ക് കണ്ണിന്റെ ആകൃതി മാറുന്നതിനും കാഴ്ച മങ്ങുന്നതിനും കാരണമായേക്കാം. രോഗപ്രതിരോധശേഷി കുറയുന്നതിനാല്‍ ബഹിരാകാശത്ത് നിന്ന് മടങ്ങിയവര്‍ക്ക് രോഗങ്ങള്‍ എളുപ്പത്തില്‍ പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്. ശാരീരികമായ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പുറമെ സമയക്രമത്തിലെ വ്യത്യാസവും ഒറ്റപ്പെടലും മാനസിക സമ്മര്‍ദ്ദത്തിനും മനോവിഷമത്തിനും കാരണമായേക്കാം.
ഭൂമിയിലെത്തിയാല്‍ ശാരീരികമായി പഴയ സ്ഥിതിയിലെത്താനായി 2-3 മാസം വേണ്ടിവരുമെന്നാണ് വിവരം. കാഴ്ചയുടെ പ്രശ്‌നങ്ങള്‍ മാറാന്‍ 6 മാസം വരെയും അസ്ഥി ദുര്‍ബലത വീണ്ടെടുക്കാന്‍ ഒരു വര്‍ഷം വരെയും വേണ്ടി വരാം. മാനസികാരോഗ്യം പൂര്‍ണ്ണമായി സാധാരണാവാന്‍ മാസങ്ങള്‍ എടുക്കും. വ്യായാമം, ഫിസിയോതെറാപ്പി, ചികിത്സ, കൃത്യമായ ഭക്ഷണം എന്നിവയിലൂടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താമെന്നാണ് വിലയിരുത്തല്‍.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1