എം.എ. ബേബി എഡിറ്റ് ചെയ്ത് ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധപ്പെടുത്തിയ അമർഷത്തിന്റെ ആവിഷ്‌കാരങ്ങൾ എന്ന അടിയന്തരാവസ്ഥപ്പുസ്തകത്തിൽ രക്തക്കറ മായാത്ത വസ്ത്രങ്ങൾ ഉയർത്തിപ്പിടിച്ച് പിണറായി വിജയൻ 1977 മാർച്ച് മുപ്പതിന് നിയമസഭയിൽ നടത്തിയ പ്രസംഗം ചേർത്തിട്ടുണ്ട്. അതിന് ആമുഖമായി ഇപ്പോൾ സി.പി.ഐ.എം ജനറൽ സെക്രട്ടറിയായ ബേബി എഴുതിയ കുറിപ്പ് ഈ ലേഖനത്തിന് ആമുഖമായി കുറിക്കുന്നു.
അടിയന്തരാവസ്ഥയുടെ ആരംഭത്തിൽത്തന്നെ ജയിലിലടയ്ക്കപ്പെട്ട പത്ത് പ്രതിപക്ഷ എം.എൽ.എമാരിലൊരാളായിരുന്നു പിണറായി വിജയൻ. ജയിലിൽ കൊടിയ പീഡനമാണ് അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നത്. അഞ്ച് പൊലീസുകാർ ദിവസം മുഴുവൻ അദ്ദേഹത്തെ മർദ്ദിച്ചു. കാലുകൾ മർദ്ദനത്തിൽ ഒടിഞ്ഞു തൂങ്ങി. പിന്നെ നിലത്തിട്ട് ബോധം മറയുന്നതുവരെ ചവിട്ടി.
പിണറായി വിജയൻ എന്ന യുവ എം.എൽ.എയുടെ വേദനയും നാടകീയതയും മുറ്റിനിന്ന ഈ പ്രസംഗം നിയമസഭയുടെ റിപ്പോർട്ടേഴ്‌സ് ഗാലറിയിലിരുന്ന് കേട്ടയാളാണ് ഞാൻ. ഇതിനൊക്കെ പ്രതികാരം ചെയ്യുന്ന കാലം വരുമെന്ന പ്രതീക്ഷയിലായിരുന്നു അന്നു ഞങ്ങൾ. അന്ന് എന്നു പറഞ്ഞാൽ അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള കാലം. പക്ഷേ കേട്ടതു സാങ്കല്പികമാണോ എന്നു സംശയിക്കത്തക്ക രീതിയിലാണ് മുഖ്യമന്ത്രിയായപ്പോൾ പിണറായി വിജയൻ പൊലീസിനോട് സ്വീകരിച്ച അലിവുള്ള നിലപാട്. നിയമത്തിന്റെ നിയന്ത്രണത്തിൽനിന്ന് പൊലീസിനെ മുക്തമാക്കി തേർവാഴ്ചയ്ക്ക് ലൈസൻസ് നൽകിയ അടിയന്തരാവസ്ഥയിലെ മുഖ്യമന്ത്രി അച്യുതമേനോനെയാണ് പൊലീസിനെ നിയന്ത്രിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള അധികാരം കിട്ടിയപ്പോൾ പിണറായി മാതൃകയാക്കിയത്.
അച്യുതമേനോന്റെ പൊലീസായിരുന്നു പിണറായിയെ ചവിട്ടിക്കൂട്ടിയത്. പൊലീസിന്റെ ശൗര്യം എപ്രകാരം നിലനിർത്താമെന്നതാണ് അച്യുതമേനോനെപ്പോലെ പിണറായിയെയും അലട്ടുന്ന പ്രശ്‌നം. അതിനായി ഉയോഗിക്കപ്പെടുന്ന ഇരയാണ് പൗരസമൂഹം. മർദ്ദിതൻ മർദ്ദകന്റെ ശിരസ് തകർക്കാൻ പ്രാപ്തനാകുമ്പോൾ മർദകന്റെ ആഞ്ഞുള്ള ചവിട്ടിലും നീട്ടിപ്പിടിച്ച കൃത്രിമമായ സല്യൂട്ടിലും അവർ എല്ലാം മറന്നുപോകുന്നു. പാവം മാനവൻ എന്നത് മർദ്ദിതനും അനുയോജ്യമായ വിശേഷണമാണ്. അതിൽ വിമർശം മാത്രമല്ല പരിഹാസവുമുണ്ട്. തടഞ്ഞുവയ്ക്കുന്നവരുമായി ബന്ദികൾ ഐക്യപ്പെടുന്ന അവസ്ഥയെ സ്റ്റോക്‌ഹോം സിൻഡ്രം എന്നാണ് മനഃശാസ്ത്രജ്ഞർ വിളിക്കുന്നത്. ഏതാണ്ട് സമാനമായ അവസ്ഥയാണ് മർദകരോട് മർദിതർക്കുണ്ടാകുന്നത്.
മർദകന്റെ ഔപചാരിവും അറപ്പുളവാക്കുന്നതുമായ സല്യൂട്ടിനേക്കാൾ അഭികാമ്യം മർദിതന്റെ രക്തഗന്ധമുള്ള അഭിവാദ്യമാണെന്ന് വിപ്‌ളവമെന്ന പ്രതീക്ഷയിൽ ജീവിക്കുന്ന നേതാക്കളെങ്കിലും മനസിലാക്കണം. മുന്നിൽ കാണുന്നവരെ നിഗ്രഹിക്കേണ്ടതായ ശത്രുവായി സൈന്യം കാണുമ്പോൾ മുന്നിൽ കാണുന്നവരെ സംരക്ഷിക്കേണ്ടതായ പൗരസമൂഹമായി പൊലീസ് കാണണം. പട്ടാളവും പൊലീസും തമ്മിലുള്ള പ്രധാനവ്യത്യാസം ഇതാണ്. ഉള്ളങ്കാലിൽ ബയണറ്റ്‌കൊണ്ട് പൊലീസ് വരഞ്ഞതിന്റെ പാടുകൾ ടി.കെ. രാമകൃഷ്ണൻ എന്നെ കാണിച്ചുതന്നിട്ടുണ്ട്. പൊലീസിനോട് കല്മഷമില്ലാതെയാണ് ആഭ്യന്തരമന്ത്രി സംസാരിച്ചത്. പുതിയ തലമുറയിലും പ്രതീക്ഷ വയ്‌ക്കേണ്ട കാര്യമില്ല.
പി. രാജീവ് എന്ന യുവനേതാവിന്റെ തല തല്ലിപ്പൊട്ടിച്ച് വിവസ്ത്രനാക്കി തെരുവിലൂടെ വലച്ചിഴച്ച മാർട്ടിൻ എന്ന പൊലീസ് ഉദ്യോഗസ്ഥൻ രാജീവ് മന്ത്രിയായപ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ആഭ്യന്തരമന്ത്രിയാകുന്നതിനുള്ള അവസരം കിട്ടിയിരുന്നെങ്കിൽ പൊലീസിന്റെ മുറകൾക്ക് വിധേയനായിട്ടില്ലാത്ത ആളാണെങ്കിലും ഞാൻ പൊലീസിനെ നിലയ്ക്കുനിർത്തുമായിരുന്നു. കാരണം ജനാധിപത്യത്തിന്റെ ഒന്നാം നമ്പർ ശത്രു പൊലീസാണ്. മമ്മൂട്ടി അഭിനയിക്കുന്ന വൺ സിനിമയിലെ മുഖ്യമന്ത്രിയെപ്പോലെ ഒരു പൊലീസ് സ്റ്റേഷനിൽ രാത്രി അപ്രതീക്ഷിതമായി കടന്നു ചെല്ലാനുള്ള മനസ്സ് മുഖ്യമന്ത്രിക്കുണ്ടായാൽ പൊലീസ് സ്റ്റേഷനുകളിലെ ഭീകരമായ ഡ്രാക്കോണിയൻ നിശാന്തരീക്ഷത്തിന് ഗുണപരമായ മാറ്റമുണ്ടാകും.
ജനാധിപത്യത്തിലെ പൊലീസ് എങ്ങനെയായിരിക്കണമെന്ന് നമുക്കറിയില്ല. ഭരണഘടനയിൽ മനുഷ്യാവകാശങ്ങളുടെ പ്രകാശം പരത്തിയപ്പോഴും നമ്മൾ പൊലീസിനെ പ്രാകൃതാവസ്ഥയിൽ നിലനിർത്തി. ജാലിയൻവാലാ ബാഗിലെ മരണക്കിണറിലെ ഇരുട്ടിലാണ് റിപ്പബ്‌ളിക്കിന്റെ പൊലീസ് കഴിയുന്നത്. അതുകൊണ്ടാണ് അടിയന്തരാവസ്ഥയുടെ ഹാലിളക്കത്തിൽ അവർക്ക് അനിയന്ത്രിതമായി അർമാദിക്കാൻ കഴിഞ്ഞത്. യൂണിഫോമിട്ട ഗുണ്ടാസംഘമെന്ന് അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മുള്ള പൊലീസിനു നൽകിയ പ്രസിദ്ധമായ വിശേഷണം അർത്ഥവ്യത്യാസമില്ലാതെ ഇന്നും അനുയോജ്യമായി നിൽക്കുന്നു.
നിരായുധരായ മനുഷ്യരെ സ്റ്റേഷന്റെ സുരക്ഷിതത്വത്തിൽ സംഘം ചേർന്ന് മർദിച്ച് കവർച്ച നടത്തുന്ന പൊലീസുകാർക്ക് മുഖ്യമന്ത്രി സംരക്ഷിക്കാൻ ശ്രമിക്കുന്നതുപോലെ എന്ത് ആത്മഗൗരവമാണുള്ളത്? ആത്മാഭിമാനമില്ലാത്ത ഗുണ്ടകൾ മാത്രമാണിവർ. അടിയന്തരാവസ്ഥയിലെ പടിക്കലും പുലിക്കോടനും പിന്നീടെന്തു സംഭവിച്ചുവെന്ന് പൊലീസിലെ പുതിയ തലമുറ അറിഞ്ഞിട്ടില്ലേ? അവരുടെ കൊച്ചുമക്കൾക്ക് പിതാമഹന്റെ പേരു പറഞ്ഞ് സ്വയം പരിചയപ്പെടുത്താൻ കഴിയുമോ? പരിചയപ്പെടുത്തിയാൽ ആരെങ്കിലും ഒരു കസേര നൽകുമോ?
അവധിദിവസം കാർ ബ്രേക്ഡൗണായപ്പോൾ പിന്നാലെ വന്ന സ്വകാര്യബസ് കൈകാണിച്ച് നിർത്തി കയറിയ ജസ്റ്റിസ് കെ.കെ. നരേന്ദ്രനുവേണ്ടി ഡ്രൈവർ ഒഴികെ എല്ലാവരും എഴുന്നേറ്റുനിന്ന് സീറ്റ് ഓഫർ ചെയ്തു. നീതിമാനായ ന്യായാധിപന് സമൂഹം നൽകിയ സ്‌നേഹത്തിൽ പൊതിഞ്ഞ അഭിവാദ്യമായിരുന്നു അത്. വെളിപ്പെടുത്തലുകൾ മി ടൂ പോലെയാണ്. ഒന്നിൽ തുടങ്ങിയാൽ എത്രയിൽ അവസാനിക്കുമെന്ന് പറയാനാവില്ല. സിസി ടിവിയുടെയും ടെലിവിഷന്റെയും കാലമായതിനാൽ ആർക്കും ഒന്നും ഒളിക്കാനാവില്ല. വെളിപ്പെടുത്തലിനു കാരണഭൂതമായി വിവരാവകാശനിയമം ഉറയൂരിയ ഖഡ്ഗവുമായി നിൽക്കുന്നു. സുതാര്യതയുടെയും പരസ്യപ്പെടുത്തലിന്റെയും കാലമാണെങ്കിലും അശ്രാവ്യമായ നിലവിളികൾ നിരന്തരം ഉയരുന്നുണ്ട്.
ഭരണകൂടത്തിന്റെ സായുധഹസ്തമെന്ന നിലയിൽ അനിവാര്യമായ വിപത്താണ് പൊലീസ്. ജനങ്ങൾക്കുവേണ്ടിയുള്ള പൊലീസ് ജനാധികാരത്താൽ നിയന്ത്രിതമായിരിക്കണം.
ശിക്ഷിക്കുന്നതിന് ശിക്ഷാനിയമമുണ്ട്. ഭാരതീയ ന്യായസംഹിത എന്നാണ് ഇപ്പോൾ അതിന്റെ പേര്. അതിൽ നിർദേശിച്ചിട്ടില്ലാത്ത ഒരു ശിക്ഷയും അപരാധം എത്ര കഠിനമായാലും ഏൽപിക്കാനാവില്ല. മൂന്നാം മുറ എന്നറിയപ്പെടുന്ന ലോക്കപ്പ് മർദനം ഏതു നിയമത്താലാണ് ന്യായീകരിക്കപ്പെടുന്നത്? കൈക്കരുത്തുകൊണ്ടല്ല, ബുദ്ധി ഉപയോഗിച്ചാണ് കേസ് തെളിയിക്കേണ്ടത്. ബുദ്ധി ഇല്ലാതെ കരുത്തു മാത്രമുള്ളവരെ സ്വാതന്ത്ര്യദിന പരേഡിൽ അണിനിരത്താൻ ഉപയോഗിക്കാം. ഉരുട്ടായാലും തൂക്കമായാലും മരണത്തോളമെത്തുന്ന മർദനം അനുവദിക്കാവുന്നതല്ല.
മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിനുവേണ്ടിയുള്ള ജുഡീഷ്യൽ സംവിധാനങ്ങളും ക്വാസി ജുഡീഷ്യൽ സംവിധാനങ്ങളും മോർച്വറിയിലെന്നപോലെ മരവിച്ചുകിടക്കുന്നതുകൊണ്ടാണ് ഭരണകൂടമെന്ന മർദകസ്ഥാപനത്തിലേക്കുതന്നെ നാം ദയാഹർജിയുമായി തിരിയുന്നത്. ജനാധിപത്യത്തിൽ നമ്മുടെ ഗവൺമെന്റാണല്ലോ നമുക്കുവേണ്ടി ഭരണം നടത്തിക്കൊണ്ടിരിക്കുന്നത്.
സത്യൻ അതുല്യനായ നടനാണ്. സത്യനേശൻ എന്നറിയപ്പെട്ടിരുന്ന കാലത്ത് അദ്ദേഹം പൊലീസിലെ ഭീകരനായിരുന്നു. അനുഭവങ്ങൾ പാളിച്ചകളിലെ ചെല്ലപ്പനായി വേഷമിടുന്നതിനുമുമ്പ് താൻ ഇൻസ്‌പെക്ടറായിരിക്കേ ചവിട്ടി നട്ടെല്ലൊടിച്ച വയലാറിലെ തൊഴിലാളിയെ കാണണമെന്ന് സത്യനു തോന്നി. ചലനമറ്റ് കിടക്കുന്ന സഖാവ് തന്റെ മുന്നിലെത്തിയ മർദ്ദകനെ തിരിച്ചറിഞ്ഞു. പ്രസിദ്ധമായ മുഖത്തേക്ക് ജീവച്ഛവമായി കിടക്കുന്ന തൊഴിലാളി കാർക്കിച്ചു തുപ്പി. തുപ്പൽ മുഖംവരെ എത്തിക്കുന്നതിനുള്ള കരുത്ത് അയാൾക്കില്ലാതിരുന്നതിനാൽ സത്യന് മുഖം കഴുകേണ്ടി വന്നില്ല. ആലുവയിലെ അജന്ത സ്റ്റുഡിയോയിൽ ഒരുമിച്ചിരിക്കുമ്പോൾ സത്യനോട് ആലപ്പി വിൻസെന്റ് ചോദിച്ചു.
അന്ന് നിങ്ങൾ എന്തൊക്കെയാണ് കാട്ടിക്കൂട്ടിയത്?
സത്യന്റെ മറുപടി: അന്നത്തെ പൊലീസ് മുറ അങ്ങനെയാണ്.
അത് സിപിയുടെ കാലത്തെ മുറ. ആ മുറ തെറ്റിച്ചുകൊണ്ടാണ് ജനാധിപത്യം ഉയിരെടുത്തത്. കാക്കിയിട്ട കവർച്ചക്കാരുടെ നാണംകെട്ട മുഖത്തേയ്ക്ക് കാർക്കിച്ചു തുപ്പുകയെങ്കിലും ചെയ്യുന്നതിനുള്ള ശേഷി തളർന്നു കിടക്കുമ്പോഴും ജനാധിപത്യത്തിനുണ്ട്. ഒരിക്കൽക്കൂടി ഭരണം കാംക്ഷിക്കുന്ന എൽ.ഡി.എഫിന് ദുർവഹമായ ചില ഭാണ്ഡങ്ങൾ ഉപേക്ഷിക്കേണ്ടതായുണ്ട്.
ഡോ. സെബാസ്റ്റ്യൻ പോൾ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1