താരലേലം കേരള രാഷ്ട്രീയത്തിലും

NOVEMBER 21, 2024, 11:31 AM

വിളിച്ചു വരുത്തിയ ദുരന്തം പോലെ മൂന്ന് ഉപതെരഞ്ഞെടുപ്പുകൾ കടന്നു പോകവേ, ദുഷിപ്പിന്റെ ചേരുവകൾ ലോഭമില്ലാതെ കലർന്നുള്ള വിഭവ സമൃദ്ധി കൈവരിക്കുന്നു കേരള രാഷ്ട്രീയം. ഖജനാവു ചോർത്തിയും പൊതുജീവിതത്തെ താറുമാറാക്കിയുമുള്ള വോട്ടെടുപ്പുകൾ വയനാട് ലോക്‌സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും വരുത്തിവച്ചതിനു പിന്നിൽ രണ്ടു മുന്നണികളുടെയും സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങൾ മാത്രം. ഐ.പി.എൽ ക്രിക്കറ്റിലെ താരലേലത്തെ ലജ്ജിപ്പിക്കുന്ന തരത്തിൽ ഇതിനിടെ നടന്ന ചേരിമാറ്റ അശ്‌ളീലതയാകട്ടെ അതിലേറെ ജനങ്ങൾക്ക് മനംപിരട്ടലുമുണ്ടാക്കി.

കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ ആയി വിളങ്ങി ശോഭിച്ചുനിന്ന ഡോ.പി.സരിൻ പൊടുന്നനേ ഇടതു ചേരിയിലേക്കു മാറി പാലക്കാട്ട് സി.പി.എമ്മിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി. ഈ നാടകീയതയ്ക്ക് അദ്ദേഹവും സി.പി.എമ്മും വിളമ്പിയ ന്യായങ്ങൾ അവിടത്തെ വോട്ടർമാർക്ക് എത്രത്തോളം സ്വീകാര്യമായെന്ന കാര്യം അറിയാനിരിക്കുന്നു. പക്ഷേ, ആഴ്ചകൾക്കു മുമ്പുവരെ ഡോ. സരിൻ ഇടതു പക്ഷത്തിനെതിരെ സോഷ്യൽ മീഡിയ വഴി നടത്തിപ്പോന്ന നിശിതാക്രമണം കേരളം മറക്കുവതെങ്ങനെ? മൂന്നു മാസം മുമ്പ് വിഴിഞ്ഞം ട്രയൽ റൺ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച ദിവ്യ എസ്.അയ്യർക്കെതിരെ നടത്തിയ രൂക്ഷവിമർശനം ഉദാഹരണം.

'വൻകിട പദ്ധതികൾ കടലാസിൽ ഒതുങ്ങുന്ന കാലം മറന്നു...' എന്നാണ് വിഴിഞ്ഞം തുറമുഖ ഡയറക്ടർ ആയ ദിവ്യ ഉദ്ഘാടന വേദിയിൽ പറഞ്ഞത്. ഇതാണ് മുൻ കോൺഗ്രസ് എം.എൽ.എ ശബരിനാഥന്റെ ഭാര്യയായ ദിവ്യക്കെതിരെ കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ തിരിയാൻ കാരണം. 'കടലാസിൽ ഒതുങ്ങാതെ പുറം ലോകം കണ്ട ഒട്ടനവധി പദ്ധതികൾ ഈ കേരളത്തിൽ മുൻപും നടപ്പിലാക്കിയിട്ടുണ്ട്. ലിസ്റ്റ് ഞാനായിട്ട് പറയുന്നില്ല. ഒന്ന് മാത്രം പറയാം, മുൻപും മിടുക്കരായ ഐ.എ.എസ് ഉദ്യോഗസ്ഥർ കേരളത്തിൽ പണിയെടുത്തിട്ടുണ്ട്. അവരോട് ചോദിച്ച് നോക്കിയാൽ മതി പറഞ്ഞു തരും. കേരളത്തെ നയിച്ച ദീർഘവീക്ഷണമുള്ള മുഖ്യമന്ത്രിമാരുടെ പേരുകൾ.' മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കൂടിയായ സരിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.

vachakam
vachakam
vachakam

വിഴിഞ്ഞം പദ്ധതി പ്രവൃത്തി പഥത്തിൽ കൊണ്ടുവന്ന മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കുറിച്ച് ഒരക്ഷരം സംസാരിക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ സംസാരം പൂർത്തിയാക്കിയത്. ഇത് വിവാദമായി മാറുന്നതിനിടെയാണ് ദിവ്യ എസ്.അയ്യർ ചടങ്ങിൽ പിണറായിയെ പുകഴ്ത്തി രംഗത്ത് വന്നതും തുടർന്ന് സരിന്റെ വിമർശനമുണ്ടായതും. പക്ഷേ, ഇത്തരത്തിൽ ഇടതുപക്ഷത്തെ മുഖ്യശത്രുവാക്കി ആക്രമിച്ചിരുന്ന ചരിത്രം മണിക്കൂറുകൾക്കുള്ളിലാണ് അദ്ദേഹം പഴങ്കഥയാക്കിയത്. ഇടതു പാളയത്തിലെത്തിയ സരിൻ ഇപ്പോൾ രക്തപതാകയേന്തിയ പ്രിയ സഖാവാണ്. 'വളരെ മിടുക്കൻ' എന്നാണ് പാലക്കാട്ടെ പൊതുയോഗത്തിൽ സരിനെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.

ഡോ. സരിനെ വയ്യാവേലിയെന്നും, ഇരുട്ടി വെളുക്കും മുമ്പ് സീറ്റിനായി മറുകണ്ടം ചാടിയവനെന്നും അധിക്ഷേപിച്ച സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ ഇരുപത്തിനാലു മണിക്കൂറിനകം വിദഗ്ധനിരീക്ഷണം തിരുത്തിയത് ഉത്തമ യുവാവ്, ഊതിക്കാച്ചിയ പൊന്ന്, ജനസേവകർക്കു മാതൃക, പാലക്കാടിന്റെ മഹാഭാഗ്യം എന്നിങ്ങനെ. സരിനെ നിറുത്തി പുകഴ്ത്താൻ വാക്കുകൾ കിട്ടാതെ ഇ.പി വീർപ്പുമുട്ടി. ഇ.പി എഴുതുകയോ ഉച്ചരിക്കുകയോ ചെയ്യാത്ത കാര്യങ്ങളാണത്രേ സരിനെതിരെ ഉൾപ്പെടെ ആത്മകഥയിലെ ഭാഗങ്ങളെന്ന പേരിൽ പുറത്തു വന്നത്.എന്നാൽ, സരിനെ വയ്യാവേലിയെന്ന് ഇ.പി ആദ്യം പറഞ്ഞ വാക്ക് അറം പറ്റുമെന്നാണ് വി.ഡി. സതീശന്റെ വാദം.

കോൺഗ്രസും ബി.ജെ.പിയും തമ്മിൽ നേരിട്ട് പോരാട്ടം നടത്തുന്നതായി മാധ്യമങ്ങൾ നിരീക്ഷിക്കുന്ന പാലക്കാട്ട് സി.പി.എം 2016 മുതൽ മൂന്നാം സ്ഥാനത്താണ്. ഇത്തവണ സ്വന്തം ചിഹ്നം പോലും സി.പി.എമ്മിന് ഇല്ല. അതു കൊണ്ട് തന്നെ കഴിഞ്ഞ തവണ സി.പി.എം സ്ഥാനാർത്ഥി ആയിരുന്ന സി.പി പ്രമോദിന് കിട്ടിയ 36,433 വോട്ട് പോലും പി. സരിന് ലഭിക്കുമെന്ന ഉറപ്പു പോലും പാർട്ടിക്കില്ല. എങ്കിലും സരിന് ഭേദപ്പെട്ട ഒരു കസേര ഉറപ്പായിട്ടുണ്ടത്രേ. കോൺഗ്രസിൽ നിന്ന് പുറത്ത് ചാടിയ കെ.പി. അനിൽകുമാർ, കെ.വി. തോമസ്, രതികുമാർ, ലതിക സുഭാഷ്, പി.എസ് പ്രശാന്ത് എന്നിവർക്ക് കസേര കൊടുത്തത് പോലെ സരിനും കസേര കിട്ടും. കെ.റ്റി.ഡി.സി ചെയർമാൻ പി.കെ. ശശിയുടെ കസേര സരിന് ലഭിക്കും എന്നാണ് സൂചന. പാർട്ടി നടപടികൾ നേരിട്ട പി.കെ. ശശിയുടെ കസേര ഏത് നിമിഷവും തെറിക്കും.

vachakam
vachakam
vachakam

താരതമ്യേന ഭേദപ്പെട്ട പശ്ചാത്തലമുള്ള ഡോ. സരിന് കെ.വി. തോമസിനെപ്പോലെ തരംതാഴാൻ എങ്ങനെ കഴിഞ്ഞുവെന്ന ചോദ്യം തീവ്രമാകവേ തന്നെ സ്ഥാനാർത്ഥിത്വത്തിനുമപ്പുറമുള്ള കാരണങ്ങളാൽ ബി.ജെ.പിയിൽ നിന്ന് സന്ദീപ് നായർ കോൺഗ്രസിലേക്കു ചാടിയതും സമാന ചോദ്യങ്ങളുയർത്തിയതു സ്വാഭാവികം. അരിയെത്രയെന്നു ചോദിക്കുമ്പോൾ പയറഞ്ഞാഴിയെന്നതുപോലുള്ള മറുപടികളുമുണ്ടാകുന്നു. ബി.ജെ.പിയുടെ ഈ ചാനൽപ്പുലി പാർട്ടിയുമായി ഇടഞ്ഞു തുടങ്ങിയത് പാർട്ടി കൺവെൻഷനിൽ നേതാക്കൾക്കൊപ്പം ഇരിക്കാൻ ഒരു കസേര കിട്ടാത്തതിന്റെ പേരിലായിരുന്നു. അന്നു മുതൽ ചൂണ്ടയിട്ട് വെള്ളമിറക്കി കാത്തിരിപ്പിലായിരുന്നു ഇടതു നേതാക്കൾ. 'അറയ്ക്കൽ ബീവിയെ കെട്ടാൻ അരസമ്മതം; വേണ്ടിവന്നാൽ മുഴു സമ്മതം' എന്ന മട്ടിലായിരുന്നു എം.വി. ഗോവിന്ദനും എ.കെ. ബാലനുമൊക്ക. വാര്യർ നല്ല വ്യക്തിയാണ്, തെറ്റു തിരുത്തി വന്നാൽ സ്വീകരിക്കുമെന്നു വരെ പറഞ്ഞു.

പക്ഷേ, മാമ്പഴം കാക്ക കൊത്തിപ്പോയി. വാര്യർ കൊത്തിയത് കോൺഗ്രസിന്റെ ചൂണ്ടയിൽ.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഫാക്ടറിയിൽ നിന്ന് സ്‌നേഹത്തിന്റെ കടയിൽ എത്തിയെന്നാണ് ആർ.എസ്.എസിൽ നിന്ന് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ പറഞ്ഞത്. ബി.ജെ.പിയിൽ നിന്ന് പുറത്തുചാടുമെന്ന സൂചന ലഭിച്ചിട്ടും വാര്യരെ തടയാതിരുന്ന സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആശംസിക്കുന്നത് 'കോൺഗ്രസിൽ വാര്യർക്ക് വലിയ കസേരകൾ കിട്ടട്ടെ' എന്നാണ്. കൂടാതെ സന്ദീപ് വാര്യരെ ശിഖണ്ഡിയോട് സുരേന്ദ്രൻ ഉപമിക്കുകയും ചെയ്തു. കുരുക്ഷേത്ര യുദ്ധത്തിൽ ഭീഷ്മ പിതാമഹന്റെ അന്ത്യത്തിനു ഹേതുവായത് ശിഖണ്ഡിയാണെന്നതു സുരേന്ദ്രൻ ഓർത്തിരിക്കില്ല. ശിഖണ്ഡിയുടെ ജന്മലക്ഷ്യം തന്നെ അതായിരുന്നു.

പകൽ വാണ പെരുമാൾ

vachakam
vachakam
vachakam

അതേസമയം, ബി.ജെ.പി വിട്ടെത്തിയെ സന്ദീപ് വാര്യരെ സതീശനും കെ.സുധാകരനും മാലയിട്ടു വരവേറ്റ് ഘോഷയാത്രയായി കൊണ്ടു നടന്ന ദിവസം, കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ഫേസ്ബുക്ക് കുറുപ്പിൽ ചേർത്തത് 'പകൽ വാണ പെരുമാളിൻ രാജ്യഭാരം വെറും പതിനഞ്ചു നാഴിക മാത്രം. ഞാൻ ഞാൻ ഞാനെന്ന ഭാവങ്ങളേ....!' എന്നാണ്. പഴയ മലയാള സിനിമയിൽ പ്രേംനസീർ പാടി അഭിനയിച്ച ഗാനത്തിന്റെ വരികൾ. രാഹുൽ ഗാന്ധിയെ കുതിരവട്ടത്ത് അഡിമിറ്റ് ചെയ്യണമെന്നും, ഗാന്ധിജിയെ കൊന്നതല്ല, വെടിയേറ്റു മരിച്ചതാണെന്നും നേരത്തേ പറഞ്ഞ കക്ഷിയാണ് സന്ദീപെന്ന് മുരളീധരന്റെ ഓർമ്മപ്പെടുത്തൽ. കോൺഗ്രസിലെ സ്‌നേഹത്തിന്റെ കടയിൽ ഇനിയെന്നും ഉണ്ടാവണമെന്നും, വെറുപ്പിന്റെ ഫാക്ടറിയിലേക്ക് മടങ്ങരുതെന്നുമുള്ള ഉപദേശവും.

നമ്മുടെ ജനാധിപത്യ പ്രക്രിയ വെറും കെട്ടുകാഴ്ച മാത്രമായി മാറുകയാണെന്ന നിരീക്ഷണത്തിനു ബലമേകുന്നു തെരഞ്ഞെടുപ്പുകാലത്തെ ഇത്തരം സംഭവ വികാസങ്ങൾ. ജനവിധി എന്നത് വെറുമൊരു മിഥ്യയായി പരിണമിക്കുന്നു. രാഷ്ട്രീയ പ്രവർത്തനവും തെരഞ്ഞെടുപ്പു പ്രചാരണവും മാന്യതയുടെ സീമകൾ പലതും ലംഘിക്കുന്നതു നാം കാണുന്നു. ഉത്തരേന്ത്യയിൽ മുമ്പൊക്കെ തെരഞ്ഞെടുപ്പുകാലത്ത് അരങ്ങേറിയിരുന്ന ചില സംഭവങ്ങൾ നമുക്ക് പരിഹാസ്യമായി തോന്നിയിരുന്നു. കൊള്ളക്കാരും ഗുണ്ടാസംഘങ്ങളുമൊക്കെ വോട്ടെടുപ്പ് അട്ടിമറിക്കുന്നതും ഗുണ്ടാനേതാക്കൾ ജയിലിൽ കിടന്നു കൊണ്ടു തെരഞ്ഞെടുപ്പു ജയിക്കുന്നതുമൊക്കെ രാജ്യം കണ്ടിട്ടുണ്ട്.

എന്നാൽ ഇപ്പോൾ കേരളത്തിൽ അതിലേറെ നാണംകെട്ട ചില കാര്യങ്ങൾക്കാണ് തെരഞ്ഞടുപ്പുരംഗം സാക്ഷ്യം വഹിക്കുന്നത്. വടകര ഉപതെരഞ്ഞെടുപ്പിലും ചില വീര്യം കുറഞ്ഞ വെർഷനുകൾ അവതരിപ്പിച്ചിരുന്നു. പക്ഷേ ജനം അതു കാര്യമാക്കിയില്ല. പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് ഏതാനും ദിവസത്തേക്കു മാറ്റിവച്ചതുകൊണ്ട് അതിനിടയിലും ചില അപഹാസ്യ നാടകങ്ങൾ അരങ്ങേറി. അതിൽ മാധ്യമങ്ങളും പങ്കുചേർന്നുവെന്നത്് ഉത്ക്കണ്ഠ അധികരിപ്പിക്കുന്നു. അല്ലെങ്കിൽതന്നെ മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തരുടെയും അതിരുവിട്ട പക്ഷപാതിത്വം ഇപ്പോൾ പരക്കേ വിമർശിക്കപ്പെടുന്നുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന മഹാരാഷ്ട്രയിലും ജനാധിപത്യത്തെ പണാധിപത്യമാക്കി മാറ്റുന്ന ചില സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശമൊക്കെ കഴിഞ്ഞിട്ടും കേരളത്തിലും മഹാരാഷ്ട്രയിലും വോട്ടിംഗിനെ അട്ടിമറിക്കാനും വോട്ടർമാർക്കു പണം നൽകി സ്വാധീനിക്കാനുമൊക്കെ ചില ശ്രമങ്ങൾ നടന്നു. കേരളത്തിൽ അത് ചില പത്രങ്ങളിൽ നൽകിയ പരസ്യത്തിന്റെ രൂപത്തിലായിരുന്നുവെങ്കിൽ മഹാരാഷ്ട്രയിൽ പണപ്പെട്ടിയുമായെത്തിയ പാർട്ടി നേതാവിനെ പ്രതിയാക്കുന്നതായി.

ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ മുബൈയിലെ ഒരു ഹോട്ടലിൽ വോട്ടർമാർക്കു വിതരണംചെയ്യാനുള്ള അഞ്ചുകോടി രൂപയുമായി എത്തിയെന്നായിരുന്നു ആരോപണം. താവ്‌ഡെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിലെത്തി ബഹുജൻ വികാസ് അഘാഡി പ്രവർത്തകരും നേതാക്കളും അദ്ദേഹത്തെ തടഞ്ഞുവച്ചു. വോട്ടർമാർക്കു വിതരണം ചെയ്യാൻ കൊണ്ടുവന്ന പണം അവർ മാധ്യമങ്ങളുടെ മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പു കമ്മീഷന്റെ പരാതിയിൽ മഹാരാഷ്ട്ര പോലീസ് വിനോദ് താവഡെയ്‌ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഹോട്ടലിൽനിന്നു കണക്കിൽപെടാത്ത പത്തുലക്ഷം രൂപ പോലീസ് കണ്ടെടുക്കുകയും ചെയ്തു. പണമിടപാടുകൾ ഡിജിറ്റൽ ആയിട്ടും കറൻസി ഇടപാടുകൾക്കു കർശന നിയന്ത്രണമുള്ള രാജ്യത്ത് രാഷ്ട്രീയക്കാരുടെയോ അവരുടെ സിൽബന്ധികളുടേെയാ ബാഗിൽ എത്ര പണവും കറൻസിയായിത്തന്നെ സൂക്ഷിക്കാൻ കഴിയുന്നു.

പാലക്കാട്ടും ഇത്തരമൊരു പണമിടപാടു വിവാദം ഉയർന്നിരുന്നു. യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തെ ഈ കെണിയിൽപ്പെടുത്താനുള്ള ശ്രമം എന്തുകൊണ്ടോ വിജയിച്ചില്ല. വനിതാ നേതാക്കൾ താമസിച്ചിരുന്ന മുറികളിൽ പാതിരാത്രി പോലീസ് എത്തി പരിശോധന നടത്തിയതും അവസാനം ഒന്നും കണ്ടില്ലെന്നു രേഖാമൂലം എഴുതിക്കൊടുത്തു പിന്തിരിയേണ്ടിവന്നതും ഈ നാടകം സംവിധാനം ചെയ്തവരെ നിരാശരാക്കി. ഇനി എന്ത് എന്നു കാത്തിരിക്കുമ്പോഴാണ് പാലക്കാട്ട് അടുത്ത വിവാദം പത്രപ്പരസ്യത്തിലൂടെ പുറത്തുവരുന്നത്. നാലു പത്രങ്ങൾക്ക് പരസ്യം കൊടുത്തു എന്നാണ് ഇടതു മുന്നണി കേന്ദ്രങ്ങൾ തന്നെ പറയുന്നത്. പക്ഷേ രണ്ട് പത്രങ്ങളിലേ അതുവന്നുള്ളൂ. പാർട്ടി നൽകിയ പത്രപ്പരസ്യം പത്രത്തിനും നല്ല പരസ്യമായി. പാർട്ടി പത്രത്തിൽ ഈ പരസ്യം കൊടുത്തില്ല എന്നതും ശ്രദ്ധേയം.

പരസ്യങ്ങൾ വാർത്തയാകുന്നതു വിരളമാണെങ്കിലും ചില പരസ്യങ്ങൾക്കു വാർത്തകളേക്കാളേറെ പ്രചാരം ലഭിക്കാറുണ്ട്. അതു പരസ്യത്തിന്റെയോ അതിലെ വാക്കുകളുടെയോ ഭംഗിയോ ആകർഷണീയതയോ കൊണ്ടു മാത്രമാകണമെന്നില്ല. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ടു ദിനപത്രങ്ങളിൽ വന്ന പരസ്യം എത്ര വോട്ടർമാരെ സ്വാധീനിച്ചാലും ഇല്ലെങ്കിലും അതിന്റെ ഉള്ളടക്കവും ലക്ഷ്യവും സംശയാസ്പദം തന്നെ. തെരഞ്ഞെടുപ്പു പരസ്യം പ്രസിദ്ധീകരിക്കുന്നതിന് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി തേടണമെന്നുണ്ട്. എന്നാൽ വിവാദ പത്രപ്പരസ്യത്തിന് ആ അനുമതി ലഭിച്ചിട്ടില്ലെന്നാണ് നോഡൽ ഓഫീസർ പറഞ്ഞത്. ഇക്കാര്യത്തെക്കുറിച്ചു ജില്ലാ കളക്ടർ മോണിറ്ററിംഗ് കമ്മിറ്റിയോടു വിശദീകരണം തേടിയിട്ടുമുണ്ട്. ഇതോടെ പരസ്യം തെരഞ്ഞെടുപ്പു ചട്ടലംഘനമാണെന്ന് ആരോപണവും ഉയരുന്നു.

നമ്മുടെ തെരഞ്ഞെുപ്പു രംഗവും രാഷ്ട്രീയപ്രവർത്തനവും എത്രയോ തരംതാണ നിലവാരത്തിലേക്കു പോകുന്നു എന്നതിന്റെ സൂചനകളാണ് ഇതൊക്കെ. കഴിവും വിദ്യാഭ്യാസവുമുള്ളൊരു തലമുറ രാഷ്ട്രീയത്തിലേക്കു കടന്നുവരുന്ന കാലത്തും ഇത്തരം പേക്കൂത്തുകൾ ആവർത്തിക്കപ്പെടുന്നു. ആശയപരമായ പോരാട്ടങ്ങൾ അവസാനിക്കുന്നു. അധികാരവും പണവും രാഷ്ട്രീയത്തെ മാത്രമല്ല തെരഞ്ഞെടുപ്പു പ്രക്രിയയെപ്പോലും സ്വാധീനിക്കുന്ന സാഹചര്യം ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ല. എന്നു മാത്രമല്ല, വലിയ ഭീഷണിയുമാണ്. യുവതലമുറ അരാഷ്ട്രീയ ഇടങ്ങളെയാണു പ്രണയിക്കുന്നതെന്ന രാഷ്ട്രീയ നേതാക്കളുടെ വിലാപം ഉച്ചസ്ഥായിലാകുന്ന സാഹചര്യം തുടർച്ചയായി സൃഷ്ടിക്കപ്പെടുന്നു. ഇതിനു കോർപ്പറേറ്റുകളുടെ മണി പവറും മസിൽ പവറും സുലഭമാണെല്ലായിടത്തും. 2026 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി താരലേലത്തിനു ശക്തിയേറുമെന്നാണ് നിരീക്ഷണം.

ബാബു കദളിക്കാട്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam