അമേരിക്കയുടെ ഉപരോധം റഷ്യന്‍ ക്രൂഡ് ഓയില്‍ വ്യാപാരത്തിന് തടസം സൃഷ്ടിച്ചിരിക്കുകയാണ്. അമേരിക്ക നിലപാട് കര്‍ശനമാക്കിയതോടെ 10 ദശലക്ഷം ബാരല്‍ റഷ്യയുടെ സോക്കോള്‍ ഗ്രേഡ് ക്രൂഡ് ഓയില്‍ നിറച്ച നിരവധി ടാങ്കറുകള്‍ ദക്ഷിണ കൊറിയയുടെ തീരത്ത് കുടുങ്ങിക്കിടക്കുകയാണ്. 11 അഫ്രാമാക്സ് കപ്പലുകളും മൂന്ന് വലിയ ക്രൂഡ് കാരിയറുകളും (വിഎല്‍സിസി) ഉള്‍പ്പെടെ ഒരു ഡസനിലധികം കപ്പലുകള്‍ നിലവില്‍ ദക്ഷിണ കൊറിയയിലെ യോസു തുറമുഖത്തിന് ചുറ്റും കുടുങ്ങിക്കിടക്കുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പുതിയ പ്രതിസന്ധി റഷ്യയുടെ എണ്ണ വ്യാപാരത്തെ കാര്യമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്നും പണമിടപാടില്‍ നേരിടുന്ന തടസ്സങ്ങളും കാരണമാണ് ക്രൂഡോയില്‍ വില്‍പ്പനയില്‍ റഷ്യ തടസ്സം നേരിട്ടുകൊണ്ടിരിക്കുന്നത്. റഷ്യയുടെ സഖ്‌ലൈയ്ന്‍ എണ്ണപ്പാടത്തുനിന്നുള്ള സോകോള്‍ ഗ്രേഡിലുള്ള ക്രൂഡോയിലാണ് വില്‍ക്കാന്‍ കഴിയാതെ ആഴ്ചകളായി കടലില്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
സഖ്‌ലൈയിന്‍ എണ്ണപ്പാടത്തു നിന്നും ഒരു മാസം ഉത്പാദിപ്പിക്കുന്നതിന് തുല്യമായ അളവില്‍ എണ്ണയാണ് കൊറിയന്‍ തീരത്തിന് സമീപത്ത് കുടുങ്ങിക്കിടക്കുന്നത്. നേരത്തെ അമേരിക്കയുടെ എക്‌സോണ്‍ മൊബീലിന്റെ വമ്പന്‍ സംരംഭങ്ങളിലൊന്നായിരുന്നു റഷ്യയിലെ സഖ്‌ലൈയ്ന്‍-1 പദ്ധതി. എന്നാല്‍ യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ 2022ല്‍ എക്‌സോണ്‍ മൊബീല്‍, റഷ്യയുമായുള്ള സഹകരണം അവസാനിപ്പിക്കുകയായിരുന്നു. വില്‍പ്പനയില്‍ പ്രതിസന്ധി നേരിട്ടതോടെ സഖ്‌ലൈയ്ന്‍ എണ്ണപ്പാടത്തുനിന്നുള്ള ഉത്പാദനം വലിയ തോതില്‍ കുറയുകയും ചെയ്തിട്ടുണ്ട്. അമേരിക്ക നിലപാട് കടുപ്പിച്ചതോടെ നേരത്തേത് പോലുള്ള ഉത്പാദനം പുനസ്ഥാപിക്കാന്‍ റഷ്യയ്ക്ക് സാധിച്ചിട്ടില്ല. പണം ഇടപാട് സംബന്ധിച്ച പ്രതിസന്ധി കാരണം ഇന്ത്യയുടെ പൊതുമേഖല സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ റഷ്യയുമായുള്ള ഇടപാടിലും തടസം നേരിട്ടിരുന്നു.
ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ക്ക് കൂടുതല്‍ ക്രൂഡ് ഓയില്‍ വില്‍ക്കുന്നതിനായി പണമിടപാടുകള്‍ ലളിതമാക്കാന്‍ റഷ്യ നടപടികളെടുക്കുന്നത്. പേയ്‌മെന്റ് പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇന്ത്യയിലെ എണ്ണ കമ്പനികള്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്നും വന്‍തോതില്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ തുടങ്ങിയതാണ് ബദല്‍ മാര്‍ഗങ്ങള്‍ തേടാന്‍ റഷ്യയെ പ്രേരിപ്പച്ചത്.
രാജ്യാന്തര വിപണിയിലെ വിലയില്‍ റഷ്യ ക്രൂഡ് വില്‍ക്കാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ കമ്പനികള്‍ അവിടെ നിന്നും എണ്ണ വാങ്ങുന്നതില്‍ കുറവ് വരുത്തിയിരുന്നു. ഇതോടെ ഡിസംബറില്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഇറക്കുമതിയില്‍ വന്‍ ഇടിവാണുണ്ടായത്. ഇതിനിടെ സൗദി അറേബ്യ ക്രൂഡ് ഓയില്‍ വില കുത്തനെ കുറച്ചതോടെ അവിടെ നിന്ന് കൂടുതല്‍ എണ്ണ വാങ്ങുന്നതിന് രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികള്‍ തയാറെടുക്കുകയാണ്.
ഫെബ്രുവരിയില്‍ ഡെലിവറി ചെയ്യുന്ന ക്രൂഡിന് 27 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് സൗദി അറേബ്യ ഓഫര്‍ ചെയ്യുന്നത്. ഇതോടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും സൗദിയിലെ ആരാംകോയില്‍ നിന്ന് അധികമായി പത്ത് ലക്ഷം ബാരല്‍ എണ്ണ വാങ്ങുന്നതിന് കരാര്‍ നല്‍കി.
അതേസമയം റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ (ക്രൂഡോയില്‍) ഇറക്കുമതി കുറഞ്ഞത്, ആകര്‍ഷകമല്ലാത്ത വില നിര്‍ണയം കാരണമാണ്, അല്ലാതെ പേയ്‌മെന്റ് (പണമിടപാട്) പ്രതിസന്ധി കൊണ്ടല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നമ്മുടെ എണ്ണ ശുദ്ധീകരണ ശാലകള്‍ തികച്ചും വിലയെ അടിസ്ഥാനപ്പെടുത്തി മാത്രമാണ് ക്രൂഡോയില്‍ വാങ്ങുന്നത്. അവിടെ പേയ്‌മെന്റ് പ്രശ്‌നമൊന്നുമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞിരുന്നു.
കറന്‍സിയെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസവും റഷ്യയും ഇന്ത്യയും തമ്മിലുള്ള എണ്ണ വ്യാപാരത്തില്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും രണ്ട് ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. അമേരിക്കയുടെ ഉപരോധം കാരണം ദക്ഷിണ കൊറിയയ്ക്ക് സമീപം കുടുങ്ങിക്കിടക്കുന്ന കപ്പലുകളിലെ ക്രൂഡ് ഓയില്‍ വാങ്ങുന്നവരെ കണ്ടെത്താന്‍ റഷ്യക്ക് ഇതുവരെ സാധിച്ചിട്ടില്ല. ആഗോള ഊര്‍ജ വിപണിയെ തടസ്സപ്പെടുത്താതെ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ഉക്രെയ്നിലെ റഷ്യന്‍ സൈന്യത്തിനും വരുമാനം കുറയ്ക്കുകയാണ് തങ്ങളുടെ ഉപരോധം ലക്ഷ്യമിടുന്നതെന്ന് മേരിക്ക തുറന്നടിക്കുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1