മനുഷ്യരെ യന്ത്രങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നത് ചിന്തിക്കാനും പഠിക്കുവാനും തീരുമാനമെടുക്കാനുമുള്ള കഴിവാണ്. ഇത്തരം കഴിവുകൾ മനുഷ്യരേക്കാൾ മികച്ച രീതിയിൽ പ്രകടിപ്പിക്കാൻ കഴിയുന്ന യന്ത്രങ്ങൾ വന്നാൽ എന്തായിരിക്കും സംഭവിക്കുക...? അതേ, അതുതന്നെ സംഭവിക്കാൻ പോകുന്നു. സദൃശ്യത്തിലും പെരുമാറ്റത്തിലുമൊക്കെ തികച്ചും മനുഷ്യരെപ്പോലെതന്നെ തോന്നിപ്പിക്കുന്ന റോബട്ടുകളെ കമ്പോളത്തിലെത്തിക്കാൻ തയ്യാറെടുത്തു വരുകയണത്രെ..!
1956ൽ യന്ത്രബുദ്ധിയെ കുറിച്ച് അമേരിക്കൻ ശാസ്ത്രജ്ഞനായ ജോൺ മക്കാർത്തി തുടങ്ങിവച്ച പഠനം ഇന്ന് ലോകമെമ്പാടും അത്യാവേശത്തോടെ കത്തിപ്പടരുകയാണ്. ചിന്തിക്കാനും പഠിക്കുവാനും തീരുമാനമെടുക്കാനുമുള്ള കഴിവാണ് മനുഷ്യരെ യന്ത്രങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നത്. ഇത്തരം കഴിവുകൾ മനുഷ്യനെക്കാൾ മികച്ച രീതിയിൽ പ്രകടിപ്പിക്കാൻ കഴിയുന്ന യന്ത്രങ്ങൾ വന്നാൽ എന്തായിരിക്കും സംഭവിക്കുക?
അതേ, അതുതന്നെ സംഭവിക്കാൻ പോകുന്നു. സദൃശ്യത്തിലും പെരുമാറ്റത്തിലുമൊക്കെ തികച്ചും മനുഷ്യരെപ്പോലെ തന്നെ തോന്നിപ്പിക്കുന്ന റോബട്ടുകളെ കമ്പോളത്തിലെത്തിക്കാൻ തയ്യാറെടുത്തുവരുകയണത്രെ. മനുഷ്യൻ മാത്രമല്ല, മറ്റു ജീവികളേയും ഇങ്ങനെ സൃഷ്ടിക്കുന്നുണ്ട്.
സ്പർശം. ഗന്ധം, തണുപ്പ്, ചൂട് തുടങ്ങിയവ തിരിച്ചറിയാനും കഴിയുമത്രെ. മാത്രമല്ല, റോബട്ടുകൾക്ക് മനുഷ്യനെപ്പോലെ അനായസം ചലിപ്പിക്കുവാനും മനുഷ്യരെപ്പോലെ കാണുകയും അവയെക്കുറിച്ച് പ്രതികരിക്കുകയും ചെയ്യുക എന്നിങ്ങനെയുള്ള സവിശേഷതകളാണ് ഭാവിയിലെ ഇത്തരം സഹായി റോബട്ടുകൾക്കുണ്ടാകുക.
റബർ, സിലിക്കൺ, ജെൽ, ഇലാസ്റ്റമർ തുടങ്ങി വഴക്കമുള്ള പദാർത്ഥങ്ങൾ കൊണ്ടാകും അവ നിർമ്മിക്കുക. സോഫ്റ്റ് റോബട് എന്ന പേരിൽ അറിയപ്പെടുന്ന ഇവയുടെ ശേഷി വലിയതോതിൽ ഉയർത്തുന്ന ഒരു കണ്ടെത്തൽ നടന്നിരിക്കുന്നു. മനുഷ്യ നേത്രത്തേക്കാൾ മികച്ച കാഴ്ചയുള്ള റോബട് നേത്രങ്ങൾ നിർമ്മിക്കാനാകുമെന്ന് യുഎസിലെ ജോർജിയ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദഗ്ദ്ധരാണ് ഇവ സൃഷ്ടിച്ചെടുത്തത്.
എന്തിനേറെ, ഗർഭിണിയാകാൻ കഴിവുള്ള റോബട്ടിനെ 2026ൽ പുറത്തിറക്കുമെന്നാണ് കൈവ ടെക്‌നോളജിയുടെ സ്ഥാപകൻ ഡോ. ഷാങ് ക്യുഫെങ് ബെയ്ജിങ്ങിൽ നടത്തിയ ലോക റോബോട്ട് കോൺഫറൻസിൽ പ്രഖ്യാപിച്ചത്. എന്തുതന്നയായാലും യന്ത്രബുദ്ധി മനുഷ്യവംശത്തിനു കിട്ടിയ വിലമതിക്കാനാവാത്ത വരദാനങ്ങളിലൊന്നാണ് എന്ന് നിസംശയം പറയാം. പക്ഷേ, ധർമ്മാധർമ്മ വിവേചനത്തോടെ ആയിരിക്കുമോ അതിന്റെ പ്രയോഗമെന്ന കാര്യത്തിൽ മാത്രമാണ് ആശങ്ക.
നിരവധി ആളുകൾ ഇന്ന് എഐ ആപ്പുകൾ വിവിധ കാര്യങ്ങൾക്കായി ഉപയോഗിക്കുന്നു. ചാറ്റ്ജിപിടി പോലുള്ളവ പലരും വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്.
ശാസ്ത്രസാങ്കേതികവിദ്യകളുടെ അതിദ്രുതവികാസം മനുഷ്യർക്കു നന്മകൾ മാത്രമല്ല പ്രദാനം ചെയ്തിട്ടുള്ളതെന്ന മുൻകാലാനുഭവം നമ്മുടെ മുമ്പിലുണ്ട്. ശരാശരി മനുഷ്യർക്കപോലും മുൻകാലങ്ങളിൽ 'പയറ്റു മുക്കാൽ ഏഴര' എന്ന രീതിയിൽ കണക്കുകൂട്ടി ലക്ഷങ്ങളടെ കണക്ക് നിഷ്പ്രയാസം കണ്ടെത്താനാകുമായിരുന്നു. അതുപോലെ കുറെയേറെ ടെലിഫോൺ നമ്പർ ഓർത്തുവയ്ക്കുവാനും കഴിഞ്ഞിരുന്നു. കാൽക്കുലേറ്ററും മൊബൈൽ ഫോണും വന്നതോടെ കണക്കുകൂട്ടലുകൾ കാൽക്കുലേറ്ററിലായി. മൊബൈൽ ഫോണുകളിൽ കോൺടാക്റ്റുകൾ സേവ് ചെയ്യാൻ തുടങ്ങിയതോടെ ആ കഴിവിലും കുറവുവന്നു. എന്തിന് സ്വന്തം മക്കളുടേയോ ഭാര്യയുടേയോ മാതാപിതാക്കളുടേയോ ഫോൺ നമ്പർ കാണാതെ അറിയാവുന്നവർ ചുരുക്കമായി.
ഇതുപോലെ തന്നെ മനുഷ്യന്റെ ഗവേഷണബുദ്ധി, വലിയ അളവിലുള്ള വിവരശേഖരങ്ങളിൽ നിന്നു വേണ്ടത് വേർതിരിച്ചെടുക്കാനുള്ള കഴിവ്, തീരുമാനങ്ങളെടുക്കാനുള്ള ശേഷി സർഗശക്തി എന്നിവയിലൊക്കെ യന്ത്രബുദ്ധി ഇടിവുവരുത്തിക്കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ ഉദരത്തിലെ മനുഷ്യജീവൻ നേരിടുന്ന ഉപജാപങ്ങൾ മുതൽ, കൂട്ടനശീകരണശേഷിയുള്ള ആയുധങ്ങൾ വരെയുള്ള കെടുതികൾ ശാസ്ത്രം മനുഷ്യർക്കു സമ്മാനിച്ചതാണ്.
ഭ്രൂണഹത്യയും ഒരൊറ്റ ഭ്രൂണത്തിനുവേണ്ടി ഒരുകൂട്ടം ഭ്രൂണങ്ങളെ ജനിപ്പിച്ചു കൊല്ലുന്ന കൃത്രിമ ഗർഭധാരണ വിദ്യകളും മനുഷ്യശരീരത്തെ ക്രയവിക്രയ വസ്തുവാക്കുന്ന വാടകഗർഭവും ഡിസൈനർ ശിശുക്കളെ നിർമ്മിക്കുന്ന യൂജെനിക്‌സും കാരുണ്യവധത്തെ അധികമധികം സ്വീകാര്യമാക്കി മാറ്റുന്ന സംവാദങ്ങളുമെല്ലാം ശാസ്ത്രപുരോഗതിയുടെ ഉപോൽപന്നങ്ങളാണല്ലോ.
പൊതുഭവനത്തിന്റെ പാരിസ്ഥിതിക നിലനിൽപിനെ സംശയമുനമ്പിൽ ആക്കിയതും ശാസ്ത്ര സാങ്കേതികവികാസം സൃഷ്ടിച്ച വ്യവസായവിപ്ലവം ആണെന്നും നമുക്കറിയാം.
കണ്ണുതുറന്നു പിടിച്ചുകൊണ്ട് ലോകം ഒരു മഹാഗർത്തത്തിനു നേരെ കുതിച്ചുപായുമ്പോൾ, അതു വിളിച്ചു പറയുന്ന ലോകമനസ്സാക്ഷിയുടെ പങ്കു നിർവഹിക്കുക നാമോരോരുത്തരടേയും ഉത്തരവാദിത്വമാണ്.
നിർമ്മിത ബുദ്ധിയുടെ തീരുമാനങ്ങൾ മനുഷ്യരുടെ നിയന്ത്രണത്തിന് വിധേയമായിരിക്കേണ്ടതു മനുഷ്യാന്തസിന്റെ ആവശ്യമാണ്. സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന യന്ത്രങ്ങൾ ആവിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾ തങ്ങളെക്കുറിച്ച് തീരുമാനമെടുക്കാനുള്ള മനുഷ്യരുടെ കഴിവ് എടുത്തുമാറ്റി, അവരെ യന്ത്രങ്ങളുടെ തിരഞ്ഞെടുപ്പിനു വിട്ടുകൊടുത്താൽ മനുഷ്യവംശത്തിന്റെ ഭാവി പ്രത്യാശാരഹിതം ആകും. നിർമ്മിതബുദ്ധിയുടെ എല്ലാ തിരഞ്ഞെടുപ്പുകൾക്കും മേൽ മനുഷ്യരുടെ ശരിയായ നിയന്ത്രണത്തിനുള്ള ഇടം നാം ഉറപ്പിക്കേണ്ടിയിരിക്കുന്നു.
കലയും സാഹിത്യവും മുതൽ, ആയുധനിർമ്മാണവും വൈദ്യശാസ്ത്രവും വരെയുള്ള രംഗങ്ങളിലേക്കു നിർമ്മിതബുദ്ധി കടന്നു കയറിയിരിക്കുന്നു. സകലമേഖലകളെയും അത് സ്വാധീനം ചെലുത്താനും തുടങ്ങിയിരിക്കുന്നു. വെറുമൊരു സാങ്കേതികവിദ്യാ കണ്ടുപിടിത്തമല്ല നിർമ്മിതബുദ്ധി. അതു വൈദ്യുതി പോലെയും വിവരസാങ്കേതികവിദ്യ പോലെയും പുതിയ ഇന്ധനങ്ങളുടെ കണ്ടെത്തൽ പോലെയും പ്രപഞ്ച വ്യവഹാരങ്ങളെയാകെ നിശ്ചയമായും സ്വാധീനിക്കുന്ന ഒന്നാണ്.
തങ്ങളെക്കുറിച്ച് തീരുമാനമെടുക്കാനുള്ള മനുഷ്യരുടെ കഴിവ് എടുത്തുമാറ്റി, അവരെ യന്ത്രങ്ങളുടെ തിരഞ്ഞെടുപ്പിനു വിട്ടുകൊടുത്താൽ മനുഷ്യവംശത്തിന്റെ ഭാവി പ്രത്യാശാരഹിതമാകും. ഇപ്പോൾ തന്നെ ചൈനയുടെ തെരുവീഥിളിലൂടെ ഡ്രൈവർ ഇല്ലാ കാറുകൾ പായാൻ തുടങ്ങിയിരിക്കുന്നു.
ഇതൊക്കെ സൃഷ്ടിക്കുന്നവർ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലാത്ത സദ്ഫലങ്ങൾ മാത്രമല്ല, പ്രത്യാഘാതങ്ങളും നിർമ്മിതബുദ്ധി സൃഷ്ടിച്ചേക്കും. പല രംഗങ്ങളിൽ നിന്നും അതിനുള്ള സൂചനകൾ ഇതിനകം ലഭ്യമായിക്കഴിഞ്ഞു. പ്രശ്‌നങ്ങൾക്ക് അപ്രതീക്ഷിതവും അത്ഭുതാവഹവുമായ പരിഹാരങ്ങൾ അവതരിപ്പിക്കാൻ മാത്രമല്ല, പരിഹാരം അതിവിദൂരസ്ഥമായ പുതിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കാനും നിർമ്മിതബുദ്ധിക്കു കഴിയും.
മനുഷ്യന്റെ തലച്ചോറ് പോലെ കമ്പ്യൂട്ടറിന് ഓർമ്മിച്ചുവയ്ക്കാൻ പറ്റുന്ന മെമ്മറി വികസിപ്പിച്ചെടുത്തത് ജോൺ ഹോപ്ഫീൽഡ് ആയിരുന്നു. അസോസിയേറ്റഡ് മെമ്മറി എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ചിത്രങ്ങളിലെ തിരിച്ചറിയാവുന്ന വസ്തുക്കൾ ഡേറ്റയായി ഓർമ്മിച്ചുവയ്ക്കാൻ കമ്പ്യൂട്ടറിനെ സഹായിക്കുന്ന മാതൃകകൾ നിർമ്മിച്ചത് ജെഫ്രി ഹിന്റനായിരുന്നു. നിർമ്മിത ബുദ്ധിയുടെ തലതൊട്ടപ്പൻ എന്നാണ് പ്രൊഫ. ഹിന്റനെ വിശേഷിപ്പിക്കുന്നത്. നിർമ്മിത ബുദ്ധി അടുത്ത രണ്ടു പതിറ്റാണ്ടിനുള്ളിൽ മനുഷ്യരാശിയെ തുടച്ചുനീക്കുമെന്നും അപകടസാധ്യതയുണ്ടെന്നും മുന്നറിപ്പു നൽകിയ ആളാണ് 2023ൽ ഗൂഗിളിൽനിന്ന് രാജിവച്ചിറങ്ങിപ്പോയ ഹിന്റൺ.
അതുകൊണ്ടാണിപ്പോൾ ലോകമെങ്ങും ഉത്തരവാദിത്വമുള്ള മനുഷ്യർ നിർമ്മിതബുദ്ധിയുടെ നൈതികത രൂപപ്പെടുത്താനായി ആലോചനാപൂർവം പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.
സുതാര്യത, നിഷ്പക്ഷത, ഉത്തരവാദിത്വബോധം, വിശ്വാസ്യത, സുരക്ഷ, സ്വകാര്യതാ സംരക്ഷണം തുടങ്ങിയവ എഐ നൈതികതയുടെ അടിസ്ഥാന സ്തംഭങ്ങളായിരിക്കണമെന്ന് സന്മനസ്സുള്ളവരെല്ലാം ആഗ്രഹിക്കുന്നു. നമ്മേ സംബന്ധിച്ച് സകലതിന്റെയും അളവകോലായി എന്നും നിലനിൽക്കുന്നത് മനുഷ്യാന്തസ്സാണ്.
സമഗ്ര മനുഷ്യവികസനത്തിനു ചാലകശക്തികളാകുകയാണ് ശാസ്ത്ര സാങ്കേതികവിദ്യകളുടെയെല്ലാം ധർമ്മം. മനുഷ്യാന്തസ്സിനെ പ്രത്യക്ഷമായോ പരോക്ഷമായോ ഹനിക്കാവുന്ന യാതൊന്നും മനുഷ്യരുണ്ടാക്കരുത്. നിർമ്മിത ബുദ്ധിരംഗത്തു പ്രവർത്തിക്കുന്ന അനേകർ ഇതിനെ മനുഷ്യകേന്ദ്രീകൃതമായി നിറുത്താനും നന്മ ലക്ഷ്യമിടുന്നതാക്കാനും സവിശേഷമായ ശ്രദ്ധ കൊടുക്കുന്നവർ തന്നെയാണ്.
അതേസമയം തന്നെ, ഇതു കൂടുതൽ പ്രചരിക്കുകയും കൂടുതൽ പേരുടെ കൈകളിലെത്തുകയും ചെയ്യമ്പോൾ അപഭ്രംശങ്ങൾ സംഭവിക്കാനുള്ള സാധ്യതയും മുന്നിൽ കാണണം. ഐക്യരാഷ്ട്രസഭയും വിവിധ രാജ്യാന്തരസംഘടനകളും വൻ സാങ്കേതികവിദ്യാസ്ഥാപനങ്ങളും ഭരണകൂടങ്ങളും നിർമ്മിതബുദ്ധിയുടെ നൈതികത ശ്രദ്ധാവിഷയമായി എന്നും നിലനിറത്തേണ്ടതുണ്ട്.
എമ എൽസ എവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
