ഒരു ദശലക്ഷത്തിലേറെ മാമ്പഴം, ലിച്ചി, തേക്ക്, തെങ്ങ്, മറ്റു മരങ്ങൾ എന്നിവയാൽ നിറഞ്ഞ 1,050 ഏക്കർ സമൃദ്ധവും ഫലഭൂയിഷ്ഠവുമായ ഭൂമി ഏക്കറിന് പ്രതിവർഷം ഒരു രൂപ എന്ന നിരക്കിൽ 33 വർഷത്തേക്ക് അദാനിക്ക് പാട്ടത്തിന് നൽകി എന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.
എന്തുകൊണ്ടും ബീഹാറുകാർക്ക് വമ്പൻ കോളുകളാണ് വരാനിരിക്കുന്നത്. അവിടെ പ്ലസ് ടു കഴിഞ്ഞവർക്ക് സർക്കാർ നൽകുന്ന വിദ്യാഭ്യാസ വായ്പ പലിശരഹിതമാക്കിക്കൊണ്ടുള്ള ഉത്തരവ് വന്നുകഴിഞ്ഞു. നേരത്തെ ഈടാക്കിയിരുന്ന നാലുശതമാനം പലിശയാണ് ഒഴിവാക്കിയത്. തിരിച്ചടവ് കാലാവധിയും കൂട്ടിയിട്ടുണ്ട് ബീഹാർ മുഖ്യമന്ത്രി നീതിഷ്‌കുമാർ. ഇതിനൊക്കെപ്പുറമേ, ബീഹാറികൾക്ക് തൊഴിൽ കൊടുക്കുന്നതിനായി അദാനിയെക്കൊണ്ട് ഒരു വമ്പൻ പദ്ധതി കൂടി തുടങ്ങിക്കുകയാണെന്നു കേൾക്കുന്നു.
ബീഹാറിലെ ഫലഭൂയിഷ്ഠമായ സമതലങ്ങളുടെ ഹൃദയഭാഗത്ത്, ഒരു വൻ വൈദ്യുത പദ്ധതി ദശലക്ഷക്കണക്കിന് ആളുകൾക്കിനി വൈദ്യുതിവെളിച്ചം യഥേഷ്ടം ലഭിക്കുമത്രെ..! തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, 1,050 ഏക്കർ പ്രധാന കൃഷിഭൂമി ഏക്കറിന് ഒരു രൂപയ്ക്ക് അദാനി പവറിന് കൈമാറിയെന്നാണ് കോൺഗ്രസ്സിന്റെ ആരോപണം. ഇത് വികസനമോ പകൽ കൊള്ളയോ എന്നൊക്കെ വിവരദോഷികൾ വിലപിക്കുന്നുണ്ട്.
ഭഗൽപൂർ ജില്ലയിലെ പിർപൈന്തിയിലുള്ള ഒരു പുതിയ അൾട്രാസൂപ്പർക്രിട്ടിക്കൽ തെർമൽ പ്ലാന്റിൽ നിന്ന് 2,400 മെഗാവാട്ട് വൈദ്യുതി വിതരണം ചെയ്യുന്നതിനുള്ള 25 വർഷത്തെ കരാറിൽ അദാനി പവർ ലിമിറ്റഡ് ഒപ്പുവച്ചിരിക്കുന്നുവെന്നാണ് കേൾക്കുന്നത്. 3 ബില്യൺ ഡോളർ അതായത് 26,000 കോടി രൂപയിലധികം വിലമതിക്കുന്ന ഈ പദ്ധതി, ബീഹാറിലെ ദീർഘകാല വൈദ്യുതി ക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിടുന്നതാണെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.
ഒരു ദശലക്ഷത്തിലേറെ മാമ്പഴം, ലിച്ചി, തേക്ക്, തെങ്ങ്, മറ്റു മരങ്ങൾ എന്നിവയാൽ നിറഞ്ഞ 1,050 ഏക്കർ സമൃദ്ധവും ഫലഭൂയിഷ്ഠവുമായ ഭൂമി ഏക്കറിന് പ്രതിവർഷം ഒരു രൂപ എന്ന നിരക്കിൽ 33 വർഷത്തേക്ക് അദാനിക്ക് പാട്ടത്തിന് നൽകി. അത് ശരിയാണ് തരിശുഭൂമിയല്ല, ഫലഭൂയിഷ്ഠമായ ഭൂമി, ഇപ്പോൾ വ്യാവസായിക പരിവർത്തനത്തിനായി സജ്ജമാക്കിയിരിക്കുന്നു. ആർ.ടി.ഐ വെളിപ്പെടുത്തലുകൾ വിപണി മൂല്യം ഏക്കറിന് 19 ലക്ഷം രൂപയാണെന്ന് ഉറപ്പിക്കുന്നു, കർഷകർക്ക് ന്യായമായ കരാർ ലഭിച്ചോ എന്ന കാര്യത്തിൽ സംശയം ജനിപ്പിക്കുന്നു.
പെൻസിൽകൊണ്ടാണ് ഭൂമിയുടെ അവകാശികളെപിടിച്ചുനിർത്തി ഒപ്പുകൾ ഇടീപ്പിച്ചത്്. ഒപ്പിടാനറിയാത്തവർക്കു വേണ്ടി വ്യാജ ഒപ്പും ഇട്ടെന്നു കേൾക്കുന്നു. ജീവിച്ചിരിക്കുന്നവരുടെ പേരുകൾ വെട്ടിമാറ്റിയ സർവേകൾ...ഇങ്ങനെ പോകുന്നു അതിന്റെ കഥകൾ.
ഭഗൽപൂരിൽ പ്രധാനമന്ത്രി മോദിയുടെ സമീപകാല സന്ദർശനത്തിനിടെ അദ്ദേഹത്തെ കാണാൻ ശ്രമിച്ചവരെ തടങ്കലിലാക്കി. അതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഫലഭൂയിഷ്ഠമായ തോട്ടങ്ങളെ കൽക്കരി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു സാമ്രാജ്യമാക്കി മാറ്റാനാണ് ശ്രമം.
അതേസമയം ഗ്രാമീണർക്ക് നഷ്ടപരിഹാരം കൂടാതെ വീടുകളും ഉപജീവനമാർഗ്ഗങ്ങളും നഷ്ടപ്പെടുന്നു. അദാനി ജോലികളും കൂടുതൽ ശുദ്ധമായ സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്യുന്നു, പക്ഷേ ബീഹാറിന് യഥാർത്ഥത്തിൽ വിലകുറഞ്ഞ വൈദ്യുതി ലഭിക്കുമോ എന്ന് വിമർശകർ ചോദ്യം ചെയ്യുന്നു. താരിഫ് യൂണിറ്റിന് 6.075 രൂപ മത്സരാധിഷ്ഠിതം പക്ഷേ അത് ഉപഭോക്താക്കളിലേക്ക് ഒഴുകിയെത്തുമോ, അതോ കോർപ്പറേറ്റ് പോക്കറ്റുകൾ മാത്രം നിറയ്ക്കുമോ? ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ല.
ആ പ്രദേശത്ത് സർക്കാർ നടപ്പാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച പദ്ധതി അദാനിക്കായി റദ്ദാക്കിയെന്നാണ് കോൺഗ്രസ് വക്താവ് പവൻ ഖേര ആരോപിക്കുന്നത്. കോൺഗ്രസിന്റെ കടുത്ത ആരോപണത്തോട് കേന്ദ്ര സർക്കാരോ, ബി.ജെ.പിയോ, അദാനിയോ പ്രതികരിച്ചിട്ടില്ല.
ഇത് ബീഹാറിൽ മാത്രമാണ് നടക്കുന്നതെന്നു കരുതിയെങ്കിൽ തെറ്റി. സിമന്റ് ഫാക്ടറി നിർമാണത്തിന് അസം ബി.ജെ.പി സർക്കാർ അദാനിക്ക് നൽകിയത് 3,000 ബിഗ (ഏകദേശം 81 മില്യൺ ചതുരശ്ര അടി) ഭൂമിയാണ്. അവിടേയും ആ സംഭവത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉണ്ടാവുക മാത്രമല്ല, അസമിലെ ഹൈക്കോടതി ജഡ്ജി അസം സർക്കാറിനെ പരിഹസിക്കുന്ന വീഡിയോ ഏറെ വയറലാവുകയും ചെയ്തിരുന്നു.
ഇതൊരു തമാശയാണോയെന്നും നിങ്ങൾ ഒരു ജില്ല മുഴുവൻ നൽകുകയാണോയെന്നും ജസ്റ്റിസ് സഞ്ജയ് കുമാർ മേധി അന്ന് ചോദിച്ചു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ കീഴിലുള്ള അസമിലെ ബി.ജെ.പി സർക്കാർ വികസനമെന്ന പേരിൽ പൊതുവിഭവങ്ങൾ മെഗാ കോർപ്പറേറ്റുകൾക്ക് സമ്മാനമായി നൽകുകയാണെന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് സിമന്റ് ഫാക്ടറി നിർമാണത്തിനായി 3,000 ബിഗ ഭൂമി വിട്ടുകൊടുത്തത്.
2023 ൽ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിനടുത്തുള്ള സർക്കാരിന്റെ സംഭരണശാല നിലനിൽക്കുന്ന 34 ഏക്കർ ഭൂമി തട്ടിയെടുക്കാൻ അദാനി ഗ്രൂപ്പ് ശ്രമം നടത്തിയിരുന്നതായി ഒരാരോപണം ഉയർന്നിരുന്നു. അദാനിവാച്ച് വെബ്‌സൈറ്റ് ആണത് പുറത്തുവിട്ടത്. ഇന്ത്യയിൽ നടന്ന, അധികം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത സംഭവപരമ്പരകളെക്കുറിച്ചാണ് അദാനിവാച്ചിൽ രവി നായരുടെ റിപ്പോർട്ട്. ഗൗതം അദാനിയുടെ ബിസിനസ് നീക്കങ്ങളെക്കുറിച്ച് ആഴത്തിൽ വിവരണാത്മക റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റാണ് അദാനി വാച്ച്.
ഗുജറാത്തിലെ മുന്ദ്ര തുറമുഖം അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക കലവറകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. മുന്ദ്രാ തുറമുഖം വഴി കടത്താൻ ശ്രമിച്ച കിലോകണക്കിന് മയക്കുമരുന്ന് പിടികൂടിയത് 2021ൽ വാർത്താ പ്രാധാന്യം നേടിയിരുന്നു. തൊട്ടടുത്ത വർഷം മുന്ദ്രാ തുറമുഖം വീണ്ടും വിവാദങ്ങളിൽ ഇടംപിടിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള സെൻട്രൽ വെയർഹൗസിങ് കോർപ്പറേഷന്റെ (സി.ഡബ്ല്യു.സി) സംഭരണശാലകൾ ഉൾപ്പെടുന്ന 34 ഏക്കർ സ്ഥലം കൈവശം വെക്കാൻ അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോണിനെ അനുവദിച്ചുകൊണ്ടുള്ള ഗുജറാത്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.
അദാനിയുടെ പ്രത്യേക സാമ്പത്തിക മേഖലയായ മുന്ദ്ര തുറമുഖത്തിന്റെ ഭാഗമായിരുന്ന സംഭരണശാലകൾ 2022 ഒക്ടോബർ 13ലെ സുപ്രീം കോടതി ഉത്തരവോടെ അദാനിയുടെ കൈയിൽ നിന്ന് നഷ്ടമായി. ഗുജറാത്ത് ഹൈക്കോടതി 2021 ജൂൺ 30ന് പുറപ്പെടുവിച്ച ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്. ഇന്ത്യയിലെ കോടതികളിൽ അദാനി ഗ്രൂപ്പ് പരാജയത്തിന്റെ കൈപ്പറിഞ്ഞ ചുരുക്കം ചില സംഭവങ്ങളിലൊന്നായിരുന്നു അത്.
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1