'റിവേഴ്‌സ് മൈഗ്രേഷനും' മലയാളിയും

SEPTEMBER 24, 2025, 10:59 AM

കേരളത്തിനു പുറത്തേക്കും വിദേശരാജ്യങ്ങളിലേക്കുമുള്ള മലയാളിയുടെ പലായനത്തിനു പഴക്കമേറെ ഉണ്ട്്്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മലയാളികളുടെ സാന്നിധ്യം പണ്ടേ സജീവമാണ്. അവരിൽ പലരും ഇപ്പോൾ അവിടെ സ്ഥിരതാമസക്കാരായി. ഗൾഫ് ഇന്നത്തെ ഗൾഫായി മാറുന്നതിനു മുമ്പും മലയാളി പത്തേമാരിയിലും മറ്റും കടൽ കടന്നിരുന്നു.

ഇന്നത്തെ തലമുറയ്ക്ക് അത് ചില സിനിമാ സന്ദർഭങ്ങളുടെ രസകരമായ ദൃശ്യങ്ങൾ മാത്രം. 'ഗൾഫ് ബൂം' വന്നതോടെ അവിടേക്കുള്ള ഒഴുക്ക്് തുടങ്ങി. ഗൾഫ് ഒഴുക്ക് നിലച്ചിട്ടില്ലെങ്കിലും ഇപ്പോഴത്തെ ആകർഷണം യു.കെയും കാനഡയും അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളുമൊക്കയാണ്. പഠനത്തിനും മറ്റുമായി ചൈന, റഷ്യ,സോവ്യറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുപോകുന്നവരും കുറവല്ല. 

മെച്ചപ്പെട്ട ജോലിക്കും വരുമാനത്തിനും വേണ്ടിയാണ് പണ്ടൊക്കെ പലരും പ്രവാസ ജീവിതം തെരഞ്ഞെടുത്തിരുന്നതെങ്കിൽ ഇന്നിപ്പോൾ കൂടുതൽ സുഖകരമായ ജീവിതം കൂടി ലക്ഷ്യമിടുന്നു. പല രാജ്യങ്ങളിലും പഴയ സ്ഥിതി മാറി വരുന്നുണ്ട്. ഇന്ത്യയിലെ സാഹചര്യങ്ങളും മാറി. അതുകൊണ്ടുതന്നെ നാട്ടിൽ തന്നെ തുടരാൻ പലരും ആഗ്രഹിക്കുന്നു. മെച്ചപ്പെട്ട വരുമാനവും ജീവിതസൗകര്യങ്ങളും നമ്മുടെ നാട്ടിലും ഇപ്പോൾ ലഭ്യമാണ്.

vachakam
vachakam
vachakam

'ഘർ വാപ്പസി' എന്ന പ്രയോഗം കുറെക്കാലമായി പ്രചാരത്തിലുണ്ട്. അതിൽനിന്നു തികച്ചും വ്യത്യസ്തമാണെങ്കിലും ഏതാണ്ട് അതേ അർത്ഥവ്യാപ്തിയുള്ള മറ്റൊരു പ്രയോഗം ഇപ്പോൾ ശ്രദ്ധനേടുന്നു- 'റിവേഴ്‌സ് മൈഗ്രേഷൻ' ആദ്യത്തേത് മതവിശ്വാസവുമായി ബന്ധപ്പെട്ടതും വിവാദവുമാണെങ്കിൽ രണ്ടാമത്തേത് സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളോടു ബന്ധപ്പെട്ടതും കൂടുതൽ ശ്രദ്ധിക്കപ്പെടേണ്ടതുമാണ്. സെപ്്റ്റംബർ 17 ബുധനാഴ്ച നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് റിവേഴ്‌സ് മൈഗ്രേഷൻ വിഷയം ചർച്ചയായത്.

വിദേശരാജ്യങ്ങളിൽനിന്നു ധാരാളം പ്രഫഷണലുകൾ നാട്ടിലേക്കു തിരിച്ചുവരുന്ന കാര്യം വ്യവസായ മന്ത്രി പി. രാജീവ് ആണ്്് നിയമസഭയിൽ ചൂണ്ടിക്കാട്ടിയത്. പണിപോയിട്ട് തിരിച്ചുവരുന്നവരല്ല ഇവർ. നാട്ടിൽവന്നു നല്ല പണി ചെയ്യാനായിട്ടു വിദേശത്തു നിന്നു പണി കളഞ്ഞു വരുന്നവരാണ്. കഴിഞ്ഞ സാമ്പത്തികവർഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നാല്പതിനായിരം പ്രഫഷണലുകൾ കേരളത്തിലേക്കു തിരിച്ചുവന്നു എന്നാണ് വ്യവസായ മന്ത്രി രാജീവ് നിയമസഭയിൽ പറഞ്ഞത്. ഇവരെല്ലാം ഇപ്പോൾ കേരളത്തിൽ ജോലി ചെയ്യുകയാണെന്നും മന്ത്രി അവകാശപ്പെട്ടു. ഇതിൽ കൂടുതൽ ഐടി പ്രഫഷണലുകളാണ്. ഇതിന് ഉപോദ്ബലകമായി പ്രഫഷണലുകളുടെ നെറ്റ്‌വർക്ക് സംവിധാനമായ 'ലിങ്ക്ഡിൻ' പുറത്തുവിട്ട കണക്കുകൾ മന്ത്രി നിരത്തുന്നു. 

ഏറ്റവും കൂടുതൽപേർ തിരിച്ചുവന്നത് യു.എ.ഇ യിൽ നിന്നാണ്. മലയാളികളുടെ പറുദീസയായി മാറിയ ദുബായും അബുദാബിയും ഷാർജയുമൊക്കെ ഉൾപ്പെടുന്ന യു.എ.ഇയിൽ നിന്ന് 9800 പേർ കേരളത്തിലേക്കു തിരിച്ചുവന്നു എന്നാണ് ലിങ്ക്ഡിന്റെ കണക്ക്. അമേരിക്കയിൽ നിന്നു മടങ്ങിയെത്തിയവർ 1200. കർണാടകത്തിൽ നിന്നു 7700 പേരാണ് കേരളത്തിലേക്കു മടങ്ങിവന്നിട്ടുള്ളത്. ഇങ്ങനെ തിരിച്ചു വന്നവരിൽ ചിലർ ഇവിടെ വന്നു പുതിയ സംരംഭങ്ങൾ തുടങ്ങുന്നതായും മന്ത്രി അവകാശപ്പെടുന്നു. ഐ.ബി.എമ്മിൽ ഇപ്പോഴുള്ള ജീവനക്കാരിൽ 30 ശതമാനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മടങ്ങി വന്നവരാണെന്നും മന്ത്രി പറഞ്ഞു. 

vachakam
vachakam
vachakam

വിദേശരാജ്യങ്ങളിലെ രാഷ്ടീയവും അല്ലാത്തതുമായ ചില സാഹചര്യങ്ങൾ മൂലം ആളുകൾ ജന്മനാട്ടിലേക്കു തിരിച്ചു വരുന്നതു നേട്ടമായി ചിത്രീകരിക്കുന്നതു ശരിയല്ലെന്നു മുൻ വ്യവസായ മന്ത്രി കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭയിൽ പറയുകയുണ്ടായി. ചില രാജ്യങ്ങളിലെ സംഘർഷാന്തരീക്ഷവും സാമൂഹ്യ സാമ്പത്തിക സുരക്ഷിതമില്ലായ്മയും തിരിച്ചുവരവിനു കാരണമാകുന്നുണ്ടെന്നു കുഞ്ഞാലിക്കുട്ടി ചോദ്യോത്തരവേളയിൽ ചൂണ്ടിക്കാട്ടി.
പ്രഫഷണലുകൾ തിരിച്ചെത്തുമ്പോൾ കേരളത്തിന്റെ 'ടാലന്റ് പൂൾ' വർധിക്കുമെന്നാണ് വ്യവസായ മന്ത്രിയുടെ വിലയിരുത്തൽ. പ്രഫഷണലുകളുടെ വളർച്ചാ നിരക്കിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്നു വ്യവസായ മന്ത്രി അവകാശപ്പെടുന്നു.

പ്രഫഷണൽ ടാലന്റ് പൂളിൽ കേരളം ഒമ്പതാമതാണ്. അതേസമയം ടാലന്റ് പൂളിന്റെ വളർച്ചാനിരക്കിൽ കേരളം ഒന്നാമതാണു താനും. ഇതുവഴി പുതിയ കമ്പനികളും മൂലധനവും കേരളത്തിലെത്തുമെന്നു മന്ത്രി രാജീവ് സ്വപ്‌നം കാണുന്നു. ഇത്തരം പല സ്വപ്‌നങ്ങളും സർക്കാരും ഭരണാധികാരികളും ജനങ്ങൾക്കു നന്നായി വിളമ്പുന്നുണ്ട്. വിദേശത്ത് നല്ല ജോലി ചെയ്തിരുന്നവരും പ്രഫഷണൽ യോഗ്യതയുള്ളവരും തങ്ങളുടെ അറിവും കഴിവും ജന്മനാട്ടിൽ പ്രയോജനപ്പെടുത്താൻ തയാറാകുന്നു എന്നതു നല്ല കാര്യം തന്നെ. പക്ഷേ അവർക്കു സർക്കാരും സമൂഹവും എന്തു പ്രോത്സാഹനമാണു നൽകുന്നത്. സംരംഭങ്ങൾ തുടങ്ങിയ എത്രയോപേരുടെ ദു:ഖ കഥകൾ നാം കേട്ടു കൊണ്ടിരിക്കുന്നു. ചെറിയ സംരംഭകരെപ്പോലും ബൂർഷ്വാകളായി കണക്കാക്കി അവരുടെ ഉദ്യമങ്ങൾക്ക് ഇടംകോലിടാൻ നടക്കുന്നവർ ഏറെയാണ്. 

കിറ്റെക്‌സ് ഗ്രൂപ്പ് അവരുടെ ഉത്പാദക യൂണിറ്റുകൾ തെലുങ്കാനയിലേക്കും മറ്റും കൊണ്ടുപോയത് അടുത്തകാലത്തു വലിയ വിവാദമായിരുന്നു. വിദേശ മലയാൡകൾ ഉൾപ്പെട്ട എത്രയോ സംരംഭങ്ങളാണ് നടത്തിക്കൊണ്ടുപോകാൻ നിവൃത്തിയില്ലാതെ അടച്ചുപൂട്ടപ്പെട്ടത്. എന്നിട്ടും പലരും വീണ്ടും തലവച്ചുകൊടുക്കുന്നു. അവർക്കു പ്രോത്സാഹനം പോയിട്ടു സംരക്ഷണം നൽകാൻ പോലും ആളില്ലാത്ത അവസ്ഥയാണ്. 

vachakam
vachakam
vachakam

വ്യവസായ മന്ത്രി നിയമസഭയിൽ പറഞ്ഞ റിവേഴ്‌സ് മൈഗ്രേഷൻ യാഥാർത്ഥ്യമാണെങ്കിൽ നാം കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. നാട്ടിൽവന്നു പുതിയ സംരംഭങ്ങൾ തുടങ്ങാൻ വിദേശത്തെ ജോലിയും കനത്ത ശമ്പളവും വേണ്ടെന്നു വയ്ക്കാൻ ആരെങ്കിലും തയ്യാറായാൽ അവരെ ഇവിടേക്കു സ്വീകരിക്കാനും അവർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാനും സർക്കാരിനു കഴിയണം. ഒറ്റപ്പെട്ടെ ചില പദ്ധതികളും പ്രോത്സാഹനങ്ങളും ഉണ്ട്. എന്നിരുന്നാലും കൂടുതൽ ശ്രദ്ധ ഇക്കാര്യത്തിൽവേണ്ടിയിരിക്കുന്നു. 

വിദേശത്തു ജോലി ചെയ്യുന്നവർ പലരും അവിടെത്തന്നെ സ്ഥിരതാമസമാക്കുന്ന സാഹചര്യമുണ്ട്. ഗൾഫ്‌മേഖലയിൽ അതിനുള്ള സൗകര്യം തുലോം കുറവാണെങ്കിലും യൂറോപ്പിലും അമേരിക്കയിലും കാനഡയിലും ഓസ്‌ട്രേലിയയിലുമൊക്കെ അതല്ല സ്ഥിതി. നാട്ടിൽ ഒഴിഞ്ഞു കിടക്കുന്ന വീടുകളും വൃദ്ധ മാതാപിതാക്കൾ മാത്രം താമസിക്കുന്ന കൂറ്റൻ വീടുകളും വർധിച്ചു വരികയാണ്. കുടിയേറ്റത്തിന്റെ റിവേഴ്‌സ് ഗിയർ യാഥാർത്ഥ്യമാണെങ്കിൽ സങ്കീർണമായൊരു സാമൂഹ്യ സാഹചര്യമാണ് അതു സൃഷ്ടിക്കുക. സാമ്പത്തിക രംഗത്തായിരിക്കും അതിന്റെ പ്രതിഫലനം കൂടുതൽ. അവകാശവാദങ്ങളല്ല അവസരത്തിനൊത്തുയരുകയാണു പ്രധാനം.

ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ കേരളം കൈവരിച്ച നേട്ടം നമ്മുടെ സമഗ്ര വികസനത്തിനു വഴിയൊരുക്കേണ്ടതാണ്്. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷര സംസ്ഥാനം എന്ന പദവി കേരളത്തിനു ലഭിച്ചിരിക്കുന്നു. ഡിജിറ്റൽ യുഗത്തിൽ ഇത്തരമൊരു നേട്ടം അഭിമാനകരം തന്നെ. പക്ഷേ അതിന്റെ സദ്ഫലങ്ങൾ എല്ലാവർക്കും അനുഭവവേദ്യമാകണം. എല്ലാ ഒന്നാം സ്ഥാനക്കാരും ജീവിതത്തിൽ ഒന്നാമതെത്തണമെന്നില്ല. പഠനത്തിൽ ഉടനീളം ഒന്നാം റാങ്ക്‌നേടിയിട്ടും ജീവിതാനുഭവങ്ങളിലും പ്രഫഷണൽ രംഗത്തുമെല്ലാം പാടേ പരാജയപ്പെട്ടവരുണ്ട്. കഷ്ടിച്ചു കടന്നു കൂടിയ പലരും വമ്പൻ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുമുണ്ട്. 

കേരളത്തിന്റെ ഡിജിറ്റൽ സാക്ഷരത ഒന്നാം സ്ഥാന പ്രഖ്യാപനം സെപ്്റ്റംബർ 21നു തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിർവ്വഹിച്ചു. മന്ത്രിമാരുൾപ്പെടെ നേതാക്കളുടെ നീണ്ട നിര അതിനു സാക്ഷ്യം വഹിക്കാൻ സന്നിഹിതരായിരുന്നു. കംപ്യൂട്ടറും മൊബൈൽ ഫോണും ഇന്റർനെറ്റുമൊക്കെ ഉപയോഗിക്കാനുള്ള അറിവും ഇന്റർനെറ്റിലൂടെ ആശയവിനിമയം നടത്താനുള്ള ശേഷിയുമാണ് ഡിജിറ്റൽ സാക്ഷരതയുടെ മാനദണ്ഡം. രാജ്യത്തെ ഡിജിറ്റൽ സാക്ഷരത 38 ശതമാനം ആയിരിക്കേയാണ് കേരളത്തിന്റെ ഈ മികച്ച പ്രകടനം. 
കേരളത്തിൽ ഡിജിറ്റൽ സാക്ഷരത കൈവരിച്ച 90 വയസിനു മുകളിലുള്ള 15,233 പേരുണ്ടെന്നാണ് സർക്കാർ കണക്ക്. 75നും 90നം ഇടയ്ക്കു പ്രായമുള്ള ഡിജിറ്റൽ സാക്ഷരർ ഒന്നര ലക്ഷത്തോളം വരും.

സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന സമ്മേളനത്തിൽ 105 വയസുള്ള എറണാകുളത്തെ അബ്ദുള്ള മൗലവിയുമായി വീഡിയോകോളിലൂടെ മുഖ്യമന്ത്രി സംസാരിച്ചു. നമ്മുടെ യുവതലമുറയും കൗമാരക്കാരും ഡിജിറ്റൽ സാക്ഷരതയുടെ മികച്ച നിലവാരം കൈവരിച്ചിട്ടണ്ട്. എന്തിന്, മൂന്നും നാലും വയസുളള കുട്ടികൾപോലും ഇന്ന് ഡിജിറ്റൽ ഉപകരണങ്ങൾ സമർത്ഥമായി ഉപയോഗിക്കുന്നു. ഇതിന്റെയൊക്കെ ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങൾ കൂടി മനസിലാക്കുന്നതും നന്നായിരിക്കും. സാമൂഹിക പ്രത്യാഘാതങ്ങളും ഏറെ. മൊബൈലിന്റെയും ഇന്റർനെറ്റിന്റെയുമൊക്കെ ദുരുപയോഗം സംബന്ധിച്ച് എത്രയോ സംഭവങ്ങളാണു നാം അനുദിനം കേൾക്കുന്നത്. കുട്ടികളുടെ പേരിൽ മൊബൈൽ സിം വാങ്ങി അതുപയോഗിച്ച് നിയമവിരുദ്ധ ഇടപാടുകൾ നടത്തുന്നതിനെക്കുറിച്ചു കഴിഞ്ഞ ദിവസം ഈയിടെ ചില റിപ്പോർട്ടുകൾ വന്നിരുന്നു. 

പണം നിക്ഷേപിച്ചുള്ള ഓൺലൈൻ ഗെയിമുകൾക്കു നിയന്ത്രണം ഏർപ്പെടുത്തുന്ന പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിംഗ് ബിൽ-2025 ലോക്‌സഭയും രാജ്യസഭയും കഴിഞ്ഞ മാസം പാസാക്കിയിരുന്നു. ഇത്തരം ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാനുള്ള അഥോറിറ്റി രൂപീകരിക്കും. പരാതികൾ ഇവർ പരിശോധിക്കും. ഡിജികേരളം എന്നറിയപ്പെടുന്ന പദ്ധതിയുടെ തുടർപദ്ധതികൾ വരാനിരിക്കുന്നതേയുള്ളൂ. വലിയ മാറ്റങ്ങളാണ് മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ പറയുന്നത്. രണ്ടാം ഘട്ടത്തിൽ എല്ലാ കുടുംബങ്ങൾക്കും ഐഡി നൽകും. ഓരോ കുടുംബവും മറ്റുള്ളവരുടെ സഹായമില്ലാതെ ഓൺലൈനായി ഇടപാടുകളെല്ലാം നടത്തുന്ന സാഹചര്യം സംജാതമാകും. ഓഫീസുകൾ കയറിയിറങ്ങാതെ ജനന സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് തുടങ്ങി നിരവധി സർട്ടിഫിക്കറ്റുകൾ എല്ലാവർക്കും ലഭ്യമാകും. പോലീസ് സ്‌റ്റേഷൻ കയറാതെ ഓൺലൈനായി പോലീസിൽ പരാതി നൽകാം.

ഇതെല്ലാം നാട്ടുകാരെ മാത്രമല്ല നാട്ടിലേക്കു മടങ്ങാൻ കാത്തിരിക്കുന്ന മറുനാട്ടുകാരെയും ആവേശഭരിതരാക്കും.  സർക്കാരിന്റെ നേട്ടങ്ങൾ നിരത്തുന്നതിനുള്ള വ്യഗ്രത വർധിച്ചു വരുന്ന കാലമാണിത്. ഭരണകാലാവധി തീരാറാവുന്നതും തദ്ദേശ, നിയമസഭാ പൊതു തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതുമാണ് ഈ വ്യഗ്രതയ്ക്കു പിന്നിലുള്ള പ്രധാന കാരണം. നിലവിലുള്ള തൊള്ളായിരത്തോളം സർക്കാർ സേവനങ്ങൾ ഓൺലൈൻ ആക്കും എന്നാണ് മറ്റൊരു വാഗ്ദാനം. വാഗ്ദാന പെരുമഴയും പ്രഖ്യാപനങ്ങളുമൊക്കെ ഇനിയും ഏറെ ഉണ്ടാകും. പക്ഷേ, ഇവയുടെയൊക്കെ പ്രയോജനം സാധാരണ ജനത്തിനു ലഭ്യമാകുമോ എന്നതാണു പ്രശ്‌നം. സർട്ടിഫിക്കറ്റുകൾക്കും രേഖകൾക്കുമായി ഇപ്പോഴും പലരും സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്നു. കൈക്കൂലി കൊടുത്ത കാര്യം സാധിക്കേണ്ടി വരുന്ന സംഭവങ്ങളും അപൂർവമല്ല. ഡിജിറ്റൽ സാക്ഷരത സർക്കാർ സേവനങ്ങളെ മാത്രമല്ല, സാധാരണ മനുഷ്യരുടെ ജീവിത സാഹചര്യങ്ങളെക്കൂടി മെച്ചപ്പെടുത്തണം. 

പ്രവാസികളുടെ തിരിച്ചുവരവിന് ചില അനുകൂല ഘടകങ്ങൾ രാജ്യത്തു വളർന്നുവരുന്നുണ്ട്്. പ്രത്യേകിച്ചും ഐടി മേഖലയിൽ. ഡിജിറ്റൽ യുഗത്തിൽ അതിന്റെ സാധ്യതകൾ കേരളം പരമാവധി പ്രയോജനപ്പെടുത്തണം. അതിനു ദീർഘവീക്ഷണത്തോടു കൂടിയ കർമപദ്ധതികൾ വേണം. നേതൃത്വം കൊടുക്കാൻ സമർത്ഥരായ ആളുകൾ ഉണ്ടാവണം. രാഷ്ട്രീയ ഇച്ഛാശക്തി പരമപ്രധാനമാണ്. ദേശീയ തലത്തിലായാലും സംസ്ഥാനങ്ങളിലായാലും ധിഷണാശാലികളായ ഭരണകർത്താക്കളാണ് പല പ്രധാന പദ്ധതികളുടെയും പിന്നിലെ പ്രധാന പ്രേരകശക്തി. 
കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തുടക്കവും വളർച്ചയും നല്ലൊരു പാഠമാണ്. പ്രവാസികളുടെ പണമായിരുന്നു അതിന്റെ മൂലധനം. സമർത്ഥമായ മാനേജ്‌മെന്റും ഭരണകൂടത്തിന്റെ പിന്തുണയും വളർച്ചയുടെ ആദ്യഘട്ടത്തിൽ അടിത്തറ ഉറപ്പാക്കി. പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. ഇതുപോലുള്ള പല പദ്ധതികൾക്കും കേരളത്തിൽ സാധ്യതയുണ്ട്. പലതും കടലാസിൽ മാത്രം അവശേഷിക്കുകയാണിപ്പോൾ. അതിനു ജീവൻ നൽകാൻ സാധിക്കും. 

പ്രവാസികൾക്കായി വലിയൊരു ആരോഗ്യ സുരക്ഷാ പദ്ധതി സെപ്റ്റംബർ 22നു തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഭർത്താവ്, ഭാര്യ, 25 വയസ് വരെ പ്രായമുള്ള രണ്ടു കുട്ടികൾ എന്നിവർക്ക് 13,411 രൂപ പ്രീമിയത്തിൽ അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസും പത്തു ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്‌സണൽ ആക്‌സിഡന്റ് പരിരക്ഷയുമാണ് വാഗ്ദാനം ചെയ്യുന്നത്. ലോകത്ത് എവിടെവച്ചും സംഭവിക്കുന്ന എല്ലാവിധ അപകട മരണങ്ങൾക്കും പത്തു ലക്ഷം രൂപയുടെ കവറേജ്, വിദേശത്തുനിന്ന് മൃതദേഹം എത്തിക്കുന്നതിന് അമ്പതിനായിരം രൂപ, ഇന്ത്യക്ക് അകത്തുനിന്ന് 25,000 രൂപ തുടങ്ങി നിരവധി ആനൂകൂല്യങ്ങൾ പ്രവാസി ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പത്രപ്പരസ്യത്തിൽ ഉണ്ട്്. 
വാഗ്ദാനങ്ങളുടെ പെരുമഴ പ്രവാസികൾക്കായി ഇതിനു മുമ്പും പലകുറി പെയ്തിട്ടുണ്ട്്. അത് ആരോഗ്യസുരക്ഷയിലും റിവേഴ്്‌സ് മൈഗ്രേഷൻ കൈകാര്യം ചെയ്യുന്നതിലുമെല്ലാം പ്രത്യാശയുടെ നവമുകുളങ്ങൾ തളിർക്കാൻ ഇടയാക്കട്ടെ. 

സെർജി ആന്റണി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam