ഈ 'കുള'മൊക്കെ വണ്ടി പിടിച്ചുവരുമോ? വരും. 'ആവേശം' സിനിമ കണ്ടില്ലേ? ഫഹദിന്റെ രങ്കണ്ണൻ കുളിക്കുന്നത് ലോറിയിൽ കെട്ടിയുയർത്തിയ സ്വിമ്മിംഗ് പൂളിലാണ്. വടകരയിൽ ഒരു വിധം 'ജനകീയ കാര്യങ്ങളിൽ' ഇടപെട്ടിരുന്ന കെ. മുരളീധരനെ തൃശൂരിലേക്ക് മൽസരിപ്പിക്കാൻ കൊണ്ടു പോയത് സിനിമയിലെ മൊബൈൽ നീന്തൽക്കുളത്തെ വെല്ലുന്ന രാഷ്ട്രീയ നീക്കമായി.
പി. ജയരാജനെ വടകരയിൽ കഴിഞ്ഞ തവണ മൽസരിക്കാൻ ഇറക്കുമ്പോൾ, സി.പി.എമ്മിലെ ചിലർ ഉദ്ദേശിച്ചത് അദ്ദേഹത്തിന്റെ വിജയമായിരുന്നില്ല. എന്നാൽ, കെ. മുരളീധരൻ എന്ന പാർട്ടിയിലെ 'ട്രബിൾ ഷൂട്ടർ' ജയരാജനെ മലർത്തിയടിച്ച്, കടത്തനാടൻ ശൈലിയിൽ വിജയക്കൊടി നാട്ടി. മുരളീധരനെ തൃശൂരിൽ മൽസരിപ്പിക്കാൻ ഇത്തവണ പാർട്ടി ഒരുങ്ങിയപ്പോൾ നിലവിലുള്ള എം.പി. ടി.എൻ. പ്രതാപൻ ലീഡറുടെ മകനെ ഒരു ചുടു ചുംബനം നൽകിയാണ് എതിരേറ്റത്.
എന്നാൽ തൃശൂർ ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂരും പ്രതാപനും ചേർന്ന് 'ആവേശം' സിനിമയിൽ സംവിധായകൻ ജിത്തു മാധവ് ഒരുക്കിയതുപോലെ ഒരു 'കുളം' തൃശൂരിൽ തീർത്തിരുന്നുവെന്ന മട്ടിലാണ് ഇപ്പോൾ രാഷ്ട്രീയ ചർച്ചകൾ നടക്കുന്നത്. ബുധനാഴ്ച രാവിലെ മുരളിയുടെ അച്ഛനായ കെ. കരുണാകരന്റെ സപ്തതി സ്മരണയ്ക്കുള്ള ഡി.സി.സി. മന്ദിരത്തിന്റെ ഗേറ്റിന്റെ രണ്ട് തൂണുകളിലും വള്ളൂരിനും പ്രതാപനുമെതിരെയുള്ള പോസ്റ്ററുകൾപതിച്ചിരുന്നതായി ചാനൽ വാർത്തകളിലുണ്ട്. പിന്നീട് ആ പോസ്റ്ററുകൾ പൊളിച്ചു കളയുകയായിരുന്നുവത്രെ.
അപ്പോഴും പറഞ്ഞില്ലേ, പോകണ്ടാ, പോകണ്ടാന്ന്...
കരുണാകരന്റെ മകൾ പത്മജാ വേണുഗോപാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, ബി.ജെ.പിയിൽ ചേർന്നത് മുരളീധരനെ ഞെട്ടിച്ചിരുന്നു. അന്ന് പത്മജ പറഞ്ഞു: ''ചേട്ടൻ വടകരയിൽ തന്നെ മൽസരിച്ചാൽ മതിയായിരുന്നു. തൃശ്ശൂരിലുള്ള ചിലർ ചേട്ടനെ കാല് വാരും'' ഏതായാലും ആ പ്രവചനം ഇപ്പോൾ ഫലിച്ചു. പത്മജ ഇന്ന് (ബുധൻ) തൃശൂരിലെത്തിയിട്ടുണ്ട്. സുരേഷ് ഗോപി ഇന്ന് തൃശൂരിൽ വന്നിറങ്ങുമ്പോൾ പത്മജ അവിടെ വേണമല്ലോ.
തൃശൂർ ജില്ലയിലെ മിക്ക നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫിന് വോട്ട് കുറഞ്ഞുവെന്ന് ബെന്നി ബെഹ്‌നാൻ ഇന്ന് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കരുവന്നൂർ ബാങ്ക് തട്ടിപ്പും സി.പി.എമ്മിന്റെ ജനദ്രോഹ നയങ്ങളും മുതലാക്കാൻ പറ്റിയ വിധത്തിൽ സുരേഷ് ഗോപി നടത്തിയ ജനസമ്പർക്ക പര്യടനങ്ങൾ അദ്ദേഹത്തെ ഈ വിജയം നേടാൻ സഹായിച്ചിതായി ചിലർ കരുതുന്നു. മണ്ഡലത്തിൽ ഉടനീളം 47 യോഗങ്ങൾ അദ്ദേഹം വിളിച്ചുകൂട്ടിയിരുന്നു.
യു.ഡി.എഫിന്റെ 1 ലക്ഷത്തിലേറെ വോട്ടുകളാണ് അവരുടെ കഴിഞ്ഞ തവണത്തെ വോട്ട് വിഹിതത്തിൽ നിന്ന് മാഞ്ഞുപോയത്. ആ വോട്ടുകളത്രയും സുരേഷ് ഗോപിക്ക് കിട്ടിയിരിക്കാം. അതല്ലെങ്കിൽ ആ വോട്ടുകൾ യു.ഡി.എഫിൽ പിടിച്ചു നിർത്താൻ പ്രതാപനും കൂട്ടരും ചെറുവിരലനക്കിയില്ലായിരിക്കാം.
മുരളീധരൻ ഇനിയെന്തു ചെയ്യും?
'എന്തും ചെയ്യാം !'തൽക്കാലം പൊതുപരിപാടികളിൽ നിന്ന് മുരളീധരൻ വിട്ടുനിൽക്കുമെന്നു പ്രഖ്യാപിച്ചിട്ടുï്. എന്തെല്ലാം പറഞ്ഞാലും തിരുവനന്തപുരത്ത് കോൺഗ്രസുകാർക്ക് ആസന്നമുറപ്പിച്ചിരിക്കാ ൻ ഒരു ആസ്ഥാന മന്ദിരമുണ്ടായത് മുരളീധരൻ കെ.പി.സി.സി. പ്രസിഡന്റായിരിക്കെയാണ്. കോൺഗ്രസിന്റെ 'ആദർശ നേതാവ്' എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെ സൗജന്യമായി സർക്കാർ വിട്ടുകൊടുത്ത സ്ഥലത്താണ് ഇന്നത്തെ സി.പി.എം. പാർട്ടി ആസ്ഥാനമുള്ളത് ! കോൺഗ്രസ് പാർട്ടിക്ക് ആന്റണി ചെയ്ത 'കൊണവതിയാര'ത്തെക്കുറിച്ച് കൂടുതൽ കേൾക്കേണ്ടന്ന് ചില കോൺഗ്രസുകാർ പറയുന്നതും അതുകൊണ്ടാവാം.
ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാൻ സാധ്യതയുണ്ട്. സുധാകരനെ ഇനിയും പ്രസിഡന്റായി 'ചുമക്കാൻ' സതീശനും കൂട്ടാളികൾക്കും വിഷമമുണ്ട്. പക്ഷെ സുധാകരൻ കണ്ണൂരിൽ നേടിയ മിന്നും വിജയം മൂലം, അദ്ദേഹത്തെ തൊടാൻ പാർട്ടി തൽക്കാലം മടിക്കും. പി.സി.സി. പ്രസിഡന്റ് പദം ഉന്നം വച്ചാണോ മുരളീധരൻ ഒരു പുതിയ സഹതാപ തരംഗത്തിന് തിരികൊളുത്തുന്നത്? ഒരു വർഷം കഴിഞ്ഞ് പഞ്ചായത്ത് തെരഞ്ഞെടുപ്പും രണ്ട് വർഷക്കാലം കഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പും നടക്കേണ്ടതുണ്ട്.
സി.പി.എം. മണ്ഡല വിഭജനം നടത്തി പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ കോൺഗ്രസ് പാർട്ടി പടലപ്പിണക്കങ്ങൾ നേരത്തെ തീർക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രാദേശികമായി ഒരു പാർട്ടി പ്രവർത്തകനെ സംബന്ധിച്ചിടത്തോളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾക്ക് ഏറെ പ്രാധാന്യമുണ്ട്. അതുകൊണ്ട് സുധാകരൻ നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിരുന്ന പാർട്ടിയിലെ 'സെമികേഡർ കെട്ടുറപ്പ്' ഇനിയെങ്കിലും സാധ്യമാക്കാൻ വൈകരുത്.
വയനാടിനെക്കുറിച്ചുള്ള വാ പൊളി നിർത്തണേ
രാഹുൽ ഗാന്ധി റായ്ബറേലിയിലും വയനാട്ടിലും വൻ ഭൂരിപക്ഷത്തിൽ ജയിച്ചു കഴിഞ്ഞു. വയനാട് സീറ്റായിരിക്കും രാഹുൽ ഉപേക്ഷിക്കുകയെന്ന കാര്യം തീർച്ചയായിട്ടുണ്ട്. അങ്ങനെ വന്നാൽ, കെ.മുരളീധരനെ അവിടെ മൽസരിപ്പിച്ചു കൂടേയെന്ന ചോദ്യം ചിലർ ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ അമ്മയായ സോണിയാ ഗാന്ധി മകനായി റായ് ബറേലി വിട്ടു നൽകിയതുപോലെ രാഹുൽ സഹോദരി പ്രിയങ്കാ ഗാന്ധിയെ വയനാട്ടിൽ മൽസരിപ്പിക്കാൻ തീരുമാനിക്കുമോ? മുസ്ലീംലീഗിന് വയനാട് കിട്ടിയാൽ കൊള്ളാമെന്നുണ്ട്.
സുധാകരൻ പി.സി.സി. പ്രസിഡന്റായി മടങ്ങിയെത്തിയതോടെ, 'കസേര പോയ' എം.എം. ഹസ്സനും ഈ സീറ്റിലൊരു കണ്ണുണ്ട്. എന്തായാലും വയനാട്ടുകാരിൽ 1 ലക്ഷത്തിലേറെ പേർ ബി.ജെ.പി. പ്രസിഡന്റ് കെ. സുരേന്ദ്രന് ഇത്തവണ വോട്ട് ചെയ്തുവെന്ന രാഷ്ട്രീയ യാഥാർത്ഥ്യം കോൺഗ്രസുകാർ കാണാതെ പോകരുത്. മൽസരിച്ച് മലയിറങ്ങി വരുന്ന കെ. സുരേന്ദ്രനെ ബി.ജെ.പിയിൽ കാത്തിരിക്കുന്നത് അത്ര നല്ല വാർത്തകളായിരിക്കില്ലെന്നും ജനസംസാരമുണ്ട്.
ആലത്തൂരും കുടിൽ മന്ത്രി രാധാകൃഷ്ണനും
എൽ.ഡി.എഫിന് തോൽവിയുടെ നാണം മറയ്ക്കാൻ ആകെ കിട്ടിയത് ആലത്തൂരിലെ മന്ത്രി കെ. രാധാകൃഷ്ണന്റെ വിജയമാണ്. അഴിമതിയുടെ കറപുരളാത്ത വ്യക്തിയെന്ന നിലയിൽ പിണറായി മന്ത്രിസഭയിലെ ഏക തിരുശേഷിപ്പാണ് മന്ത്രി രാധാകൃഷ്ണൻ. ദേവസ്വം പോലൊരു വകുപ്പ് കിട്ടിയിട്ടും പാർട്ടി നടത്തുന്ന 'അത്യാർത്തി' യുള്ള നടപടികൾക്കപ്പുറം സ്വന്തം വ്യക്തിപരമായ നേട്ടത്തിനായി ഒന്നും ചെയ്യാത്ത നേതാവാണ് രാധാകൃഷ്ണൻ. പക്ഷെ, ഇപ്പോൾ രണ്ടാം പിണറായി മന്ത്രിസഭയിലെ ആ 'നന്മത്തരിയും' അലിഞ്ഞില്ലാതാവുകയാണ്. ഈ മന്ത്രിക്കസേര സ്വപ്‌നം കണ്ടുനടക്കുകയാണ് എ.കെ. ബാലൻ എന്നൊരു കുശുകുശുപ്പ് പാർട്ടിയിലുണ്ട്.
അങ്ങനെ വന്നാൽ ചേലക്കര നിയമസഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബാലൻ വക്കീൽ മൽസരിക്കേണ്ടിവരും. അങ്ങനെ മറ്റൊരു പിണറായി ഭക്തൻ കൂടി മന്ത്രിസഭയിൽ എത്തുകയും ചെയ്യും.
സുരേഷ് ഗോപി 'മിനിസ്റ്റർ രാജാ'യാകുമോ?
സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകുമോ? നരേന്ദ്ര മോദി പ്രധാനമന്ത്രിയായാൽ സുരേഷണ്ണൻ മന്ത്രിയാകും. രാജ്യസഭാംഗമല്ലാത്ത, ജനങ്ങൾക്ക് നേരിട്ട് തെരഞ്ഞെടുത്ത ഒരു ലോകസഭാംഗമെന്ന നിലയിൽ സുരേഷ് ഗോപികേന്ദ്ര മന്ത്രിയാകാൻ എല്ലാ സാധ്യതയുമുണ്ട്. നല്ലപോലെ 'ഹോം വർക്ക്' ചെയ്യുന്ന, ജനങ്ങളെ നേരിട്ട് കാണാനും അവരുടെ സങ്കടങ്ങൾ കേൾക്കാനും മനസ്സ് കാണിക്കുന്ന സുരേഷ് ഗോപി വഴി ബി.ജെ.പി. കേരളത്തിനായുള്ള അവരുടെ 'ഭാവി പദ്ധതി' തയ്യാറാക്കുമെന്നുറപ്പ്.
സംസ്ഥാന നേതാക്കളോട് യാതൊരു പ്രതിബദ്ധതയും കാണിക്കേണ്ട കാര്യമില്ലാത്ത സുരേഷ് ഗോപികേന്ദ്ര മന്ത്രിയെന്ന നിലയിൽ തിളങ്ങുമെന്ന കാര്യം ഉറപ്പ്. കേരളത്തിൽ തമ്മിലടിച്ച് 'മരിക്കുന്ന' സി.പി.എമ്മും കോൺഗ്രസും മാനം നോക്കിനിൽക്കെ ബി.ജെ.പി. കേരളത്തിൽ പുതിയ വിജയ വഴികൾ തേടും.
അപ്പോഴും ചീള് കേസുകളുമായി പിണറായിയും കോൺഗ്രസ് നേതാക്കളുമെല്ലാം 'ചക്കളത്തി പോരാട്ടം' തുടരുകയും ചെയ്യും. സുരേഷ് ഗോപിയുടെ 'ഭാരത മാതാവും' 'ലൂർദ്ദ് മാതാവും' ഒടുക്കത്തെ ഗ്ലാമറുള്ള കോംബിനേഷനാണെന്ന കാര്യം തൃശൂരിലെ 'ഗഡികൾ' മാത്രമല്ല, എല്ലാവരും ഓർത്തിരിക്കുന്നത് നല്ലത്.
ആന്റണി ചടയംമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1