വീണ്ടും പുടിന്‍ യുഗം; അധികാരത്തില്‍ എത്തുന്നത് അഞ്ചാം തവണ

MARCH 19, 2024, 10:22 PM

റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം തേരിലേറിയിരിക്കുകയാണ് വ്‌ളാഡിമിര്‍ പുടിന്‍. 87.97 ശതമാനം വോട്ടുകള്‍ നേടിയാണ് പുടിന്റെ കിരീട ധാരണം. ഇത് അഞ്ചാം തവണയാണ് പുടിന്‍ റഷ്യയുടെ ഭരണ സാരഥ്യത്തില്‍ എത്തുന്നത്. 2030 വരെയുള്ള ആറ് വര്‍ഷക്കാലം ഇനി പുടിന് റഷ്യയുടെ അധികാരം കയ്യാളാം എന്നതാണ് മറ്റൊരു പ്രത്യേകത. ഈ കാലാവധി പൂര്‍ത്തിയാക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ കാലം റഷ്യ ഭരിച്ച നേതാവ് എന്ന നേട്ടം ജോസഫ് സ്റ്റാലിനില്‍ നിന്ന് പുടിന്‍ സ്വന്തമാക്കും.

ജയത്തിന് പിന്നാലെ പാശ്ചാത്യ രാജ്യങ്ങളെ വിമര്‍ശിക്കാനും പുടിന്‍ മറന്നില്ല. കൂടാതെ തന്നോടുള്ള വിശ്വാസമാണ് ഇതില്‍ പ്രതിഫലിക്കുന്നതെന്ന് പറഞ്ഞ പുടിന്‍, റഷ്യയിലെ ജനാധിപത്യത്തിന്റെ സുതാര്യതയാണ് തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിക്കുന്നതെന്നും വ്യക്തമാക്കി. എന്നാല്‍ പ്രഖ്യാപനത്തിന് പിന്നാലെ യുഎസ്, ജര്‍മനി, യുകെ തുടങ്ങിയ രാജ്യങ്ങള്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് സ്വതന്ത്രമല്ലെന്നും രാഷ്ട്രീയ എതിരാളികളെ ജയിലില്‍ അടച്ചും, സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയുമാണ് ഇത് നടന്നതെന്നായിരുന്നു അവരുടെ ആരോപണം.

കൂടാതെ രാജ്യത്ത് പുടിന്‍ വീണ്ടും അധികാരത്തില്‍ വരുന്നതിനെതിരെ വലിയ രീതിയില്‍ പ്രതിഷേധവും അരങ്ങേറിയിരുന്നു. ആയിരക്കണക്കി പേരാണ് ഈ പ്രതിഷേധത്തിന്റെ ഭാഗമായത്. പുടിന്റെ എക്കാലത്തെയും വലിയ വിമര്‍ശകരില്‍ ഒരാളായ, അടുത്തിടെ മരണപ്പെട്ട പ്രതിപക്ഷ നേതാവ് അലക്സ് നവല്‍നിയുടെ അനുയായികള്‍ ഉള്‍പ്പെടെ പ്രതിഷേധം നടത്തിയിരുന്നു. കൂടാതെ നൂണ്‍ എഗൈനസ്റ്റ് പുടിന്‍ എന്ന പ്രചാരണവും സജീവമായിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന പോളിങ് സ്റ്റേഷനുകള്‍ക്ക് മുന്‍പില്‍ പ്രതിഷേധവുമായി നിരവധി പേര്‍ തടിച്ചു കൂടിയിരുന്നു.

അതേസമയം റഷ്യയുടെ സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മീഷന്‍ പറയുന്നതനുസരിച്ച് പുടിന് ഏകദേശം 87 ശതമാനത്തില്‍ അധികം വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ഏകദേശം 60 ശതമാനത്തോളം പ്രദേശങ്ങള്‍ എണ്ണിക്കഴിഞ്ഞു. 71 കാരനായ പുടിന്റെ ഏകപക്ഷീയമായ ജയത്തെ അടയാളപ്പെടുത്തുന്ന ഫലമാണ് കമ്മീഷന്‍ പുറത്തുവിട്ടത്. തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥി നിക്കോളായ് ഖാരിറ്റോനോവ് നാല് ശതമാനത്തില്‍ താഴെ വോട്ടുമായി രണ്ടാം സ്ഥാനത്തും പുതുമുഖം വ്‌ളാഡിസ്ലാവ് ദാവന്‍കോവ് മൂന്നാം സ്ഥാനത്തും ദേശീയ വാദികളില്‍ പ്രമുഖനായ ലിയോനിഡ് സ്ലട്ട്സ്‌കി നാലാം സ്ഥാനത്തുമെത്തി.

വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ രാജ്യവ്യാപകമായി പോളിംഗ് 74.22 ശതമാനമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് 2018ലെ 67.5 ശതമാനത്തെ മറികടക്കുന്ന കണക്കുകളാണ്. 1999ല്‍ റഷ്യയില്‍ അധികാരത്തിലെത്തിയ മുന്‍ കെജിബി ലെഫ്റ്റനന്റ് കേണല്‍ കൂടിയായ പുടിനെ സംബന്ധിച്ചിടത്തോളം, ഈ ഫലം പാശ്ചാത്യ രാജ്യങ്ങള്‍ക്ക് നല്‍കുന്ന ശക്തമായ മറുപടി കൂടിയാണ്. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ യുദ്ധത്തിലായാലും സമാധാനത്തിലായാലും, കൂടുതല്‍ കരുത്തുള്ള റഷ്യയെ നേരിടേണ്ടി വരുമെന്നാണ് പുടിന്‍ തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചത് തന്നെ.

രണ്ട് പതിറ്റാണ്ടിലേറെയായി റഷ്യയെ നയിക്കുന്നത് പുടിന്‍ ആണ്. 1999ല്‍ പ്രസിഡന്റ് ബോറിസ് യെല്‍റ്റ്സിന്‍ പുടിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചതോടെയാണ് രാജ്യത്തിന്റെ രണ്ടാമത്തെ പരമാധികാര കേന്ദ്രം ആദ്യമായി പുടിനെ തേടിയെത്തുന്നത്. 1999 ഡിസംബര്‍ 31 ന് യെല്‍റ്റ്സിന്‍ രാജിവച്ചതോടെ പുടിന്‍ ആക്ടിങ് പ്രസിഡന്റായി. മാസങ്ങള്‍ക്ക് ശേഷം 2000 മെയ് ഏഴിന് പുടിന്‍ റഷ്യന്‍ പ്രസിഡന്റായി. പിന്നീട് വീണ്ടും പ്രധാനമന്ത്രിയായും മൂന്ന് തവണ കൂടി പ്രസിഡന്റായും പുടിന്‍ ഭരണം തുടര്‍ന്നു. 2008 ല്‍ പുടിന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നിറങ്ങി ദിമിത്രി മെദ്ദേവ് പ്രസിഡന്റായി. പ്രധാനമന്ത്രിയായി പുടിന്‍ വീണ്ടുമെത്തി. 2012 ല്‍ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തി. പിന്നീട് പുടിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam