പൂനെയിലെ 'ബര്‍ഗര്‍ കിംഗ്' അമേരിക്കന്‍ ഭീമനെ മുട്ടുകുത്തിച്ചതിങ്ങനെ...

AUGUST 21, 2024, 5:09 PM

അമേരിക്കന്‍ ഭക്ഷ്യ ശൃംഖലാ സ്ഥാപനമായ ബര്‍ഗര്‍ കിംഗിനെ ട്രേഡ് മാര്‍ക്ക് സംബന്ധിച്ച തര്‍ക്കത്തില്‍ മുട്ടുകുത്തിച്ച് മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റസ്റ്റൊറന്റ്. അമേരിക്കന്‍ കമ്പനിയായ ബര്‍ഗര്‍ കിംഗ് കോര്‍പ്പറേഷനുമായുള്ള തര്‍ക്കത്തിലാണ് പൂനെയിലെ റെസ്റ്റൊറന്റ് കോടതിയില്‍ വിജയം നേടിയത്. ട്രേഡ് മാര്‍ക്ക് ലംഘനം ആരോപിച്ച് അമേരിക്കന്‍ കമ്പനി നല്‍കിയ ഹര്‍ജി ഓഗസ്റ്റ് 16 ന് ജില്ലാ കോടതി തള്ളി.

'ബര്‍ഗര്‍ കിംഗ്' എന്ന പേര് ഉപയോഗിക്കുന്നതില്‍ നിന്ന് പൂനെയിലെ റെസ്റ്റൊറന്റിനെ തടയണം എന്നാവശ്യപ്പെട്ടായിരുന്നു അമേരിക്കന്‍ കമ്പനി കേസ് നല്‍കിയത്. ജില്ലാ ജഡ്ജി സുനില്‍ വേദ് പഥക് ആണ് കേസില്‍ വിധി പറഞ്ഞത്. 'ബര്‍ഗര്‍ കിംഗ്' എന്ന പേര് ഉപയോഗിക്കുന്നതില്‍ നിന്ന് സ്ഥിരമായി വിലക്കണമെന്നാവശ്യപ്പെട്ട് 2011 ലാണ് ബര്‍ഗര്‍ കിംഗ് കോര്‍പ്പറേഷന്‍ പൂനെയിലെ റെസ്റ്റൊറന്റിന്റെ ഉടമകളായ അനാഹിതയ്ക്കും ഷാപൂര്‍ ഇറാനിക്കുമെതിരേ കേസ് ഫയല്‍ ചെയ്തത്.

പൂനെയിലെ റെസ്റ്റൊറന്റ് 'ബര്‍ഗര്‍ കിംഗ്' എന്ന പേര് ഉപയോഗിക്കുന്നത് തങ്ങളുടെ ബ്രാന്‍ഡിന്റെ പ്രശസ്തിക്ക് പരിഹരിക്കാനാകാത്ത ദോഷം വരുത്തുന്നുണ്ടെന്നും അവര്‍ പരാതിയില്‍ ആരോപിച്ചിരുന്നു. നഷ്ടപരിഹാരമായി 20 ലക്ഷം രൂപ നല്‍കണമെന്നും ഹര്‍ജിയില്‍  ആവശ്യപ്പെട്ടിരുന്നു. 1992 മുതല്‍ പൂനെയില്‍ 'ബര്‍ഗര്‍ കിംഗ്' എന്ന പേരില്‍ റെസ്റ്റൊറന്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതേസമയം അമേരിക്കന്‍ സ്ഥാപനം 2014 ലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചേര്‍ന്നതെന്നും കോടതി നിരീക്ഷിച്ചു. മാത്രമല്ല റെസ്റ്റൊറന്റിന് ബര്‍ഗര്‍ കിംഗിന് എന്ന് പേരു നല്‍കുന്നതിലൂടെ ഉപഭോക്താക്കള്‍ എങ്ങനെ ആശയക്കുഴപ്പത്തിലാകുമെന്നത് സംബന്ധിച്ച് പരാതിക്കാര്‍ തങ്ങളുടെ ഹര്‍ജിയില്‍ വ്യക്തമാക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

പൂനെയിലെ റെസ്റ്റൊറന്റിന്റെ പേര് ഉപഭോക്താക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുകയോ ബ്രാന്‍ഡിന് ദോഷം ചെയ്യുകയോ ചെയ്തുവെന്നതിന് കാര്യമായ തെളിവുകളൊന്നും നല്‍കാന്‍ ബര്‍ഗര്‍ കിംഗ് കോര്‍പ്പറേഷന് കഴിഞ്ഞിട്ടില്ലെന്നും കോടതി കണ്ടെത്തി. അതിനാല്‍ നഷ്ടപരിഹാരത്തിന് ബര്‍ഗര്‍ കിംഗ് കോര്‍പ്പറേഷന് അര്‍ഹതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ റെസ്റ്റൊറന്റിന് ആ പേര് നല്‍കുന്നതില്‍ സ്ഥിരമായ വിലക്ക് ഏര്‍പ്പെടുത്തണമെന്ന വാദവും കോടതി നിരസിച്ചു.

1954 ലാണ് അമേരിക്കന്‍ ഭക്ഷ്യശൃംഖലാ സ്ഥാപനമായ ബര്‍ഗര്‍ കിംഗ് സ്ഥാപിതമായത്. ലോകമെമ്പാടുമായി 13,000 ഫാസ്റ്റ് ഫുഡ് റെസ്റ്റൊറന്റുകള്‍ ബര്‍ഗര്‍ കിംഗിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൂനെയിലെ സ്ഥാപനം ആ പേര് നല്‍കുന്നത് തങ്ങളുടെ ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുമെന്നും ആഗോള പ്രശസ്തി നശിപ്പിക്കുമെന്നും അവര്‍ കോടതിയില്‍ വാദിച്ചു. പതിറ്റാണ്ടുകള്‍ നീണ്ട ബിസിനസിലൂടെ തങ്ങളുടെ ബ്രാന്‍ഡ് സല്‍പേര് നേടിയെടുത്തുണ്ടെന്നും എന്നാല്‍ സമാനമായ ഈ ട്രേഡ് മാര്‍ക്ക് മറ്റൊരു സ്ഥാപനം ഉപയോഗിക്കുന്നത് ശരിയല്ലെന്നും തങ്ങള്‍ക്ക് ഹാനികരമാകുമെന്നും അമേരിക്കന്‍ കമ്പനി കോടതിയില്‍ അവകാശപ്പെട്ടു.

തങ്ങളെപ്പോലെ നിയമാനുസൃതമായി ബിസിനസ് നടത്തുന്നവരെ നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ കേസ് ഫയല്‍ ചെയ്തതെന്ന് പൂനെ റെസ്റ്റൊറന്റിന്റെ ഉടമകള്‍ കോടതിയില്‍ വാദിച്ചു. തങ്ങള്‍ പീഡനവും ഭീഷണിയും നേരിട്ടതായും നിയമനടപടികള്‍ മൂലമുണ്ടായ മാനസിക പീഡനത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി. തങ്ങളുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകള്‍ നല്‍കാന്‍ റെസ്റ്റോറന്റ് ഉടമകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam