സ്റ്റേഡിയത്തിൽ പന്ത് തട്ടുന്ന രാഷ്ട്രീയം

OCTOBER 29, 2025, 12:40 PM

കെ.കരുണാകരൻ എന്ന ദീർഘദർശിയായ രാഷ്ട്രീയ തന്ത്രജ്ഞന്റെ നിശ്ചയദാർഢ്യത്തിൽ പടുത്തുയർത്തപ്പെട്ടതാണ് കലൂർ സ്റ്റേഡിയം എന്ന് വിളിക്കപ്പെടുന്ന ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം. ജല അതോറിറ്റിയുടെ കേന്ദ്ര കലവറയായിരുന്ന പഴയ പുഞ്ചപ്പാടം നികത്തി, രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയം നിർമ്മിക്കണമെന്ന തീരുമാനം ആ ഭരണാധികാരിയുടെ മാത്രം ദൃഢ നിശ്ചയത്തിന്റെ തെളിവായിരുന്നു.

ജലസേചന വകുപ്പിന്റെ കൈവശമുള്ള കൊച്ചി നഗര മധ്യത്തിലെ ഏക്കർ കണക്കിന് സ്ഥലം കായിക വകുപ്പിലേക്ക് ഏറ്റെടുക്കാൻ കരുണാകരൻ ഒരുങ്ങുമ്പോൾ എതിർപ്പുകൾ ഉയർന്നിരുന്നു. വകുപ്പുകൾ തമ്മിലുള്ള യുദ്ധം. എന്നാൽ മുഖ്യമന്ത്രി തന്റെ തീരുമാനവുമായി മുന്നോട്ടുപോയി .കൊച്ചി നഗരത്തിന്റെ വികസന പദ്ധതികൾക്ക് ചുക്കാൻ പിടിക്കുന്ന വിശാല കൊച്ചി വികസന അതോറിറ്റിയെ സ്റ്റേഡിയം നടത്തിപ്പിനുള്ള ചുമതല ഏൽപ്പിച്ചു. സമയബന്ധിതമായി നിർമ്മിച്ചതിന് നിരവധി പുരസ്‌കാരങ്ങൾ നേടിയ ജെ.എൻ.എൽ. സ്റ്റേഡിയം തുറന്നു കൊടുത്തത് അന്നത്തെ രാഷ്ട്രപതി ശങ്കർദയാൽ ശർമയാണ്.

ആദ്യം ഒരു ക്രിക്കറ്റ് സ്റ്റേഡിയം എന്ന നിലയിലാണ് കലൂർ സ്റ്റേഡിയം വിഭാവനം ചെയ്തത്. എന്നാൽ ഫുട്‌ബോൾ പ്രേമികൾ ഏറെയുള്ള കേരളത്തിൽ ഫുട്‌ബോൾ മൈതാനം ഏറെ ആവശ്യമായിരുന്നു. ആദ്യകാലത്ത്, 1997ൽ നെഹ്‌റു ഇന്റർനാഷണൽ ടൂർണമെന്റിൽ ഇന്ത്യ ഇറാക്ക് മത്സരം നടത്തിക്കൊണ്ട് രാജ്യാന്തര ഫുട്‌ബോളിന് വേദിയാവാൻ കലൂർ സ്റ്റേഡിയത്തിന് കഴിഞ്ഞു.
പിന്നീട് നിരവധി മത്സരങ്ങൾ അരങ്ങേറിയെങ്കിലും നെഹ്‌റു സ്റ്റേഡിയം സാവകാശം കലാ മത്സരങ്ങളുടെയും ഷോകളുടെയും മറ്റും വേദിയായി മാറുകയായിരുന്നു. ചുരുക്കത്തിൽ വലിയ മത്സരങ്ങൾ കൊച്ചിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ഏറെയൊന്നും കണ്ടില്ല. സ്റ്റേഡിയത്തിന് ചുറ്റും നിർമ്മിക്കപ്പെട്ട കടമുറികളിൽ പലയിനം കച്ചവടക്കാർ വന്നുചേർന്നു.

vachakam
vachakam
vachakam

ഒന്നേകാൽ കിലോമീറ്ററോളമുള്ള ചുറ്റുവഴി പ്രഭാത സവാരിയ്ക്കും സായാഹ്ന സവാരിക്കുമുള്ള ഇടമായി മാറി. കാലപ്പഴക്കത്തിൽ സ്റ്റേഡിയത്തിന്റെ അടിസ്ഥാന അറ്റകുറ്റപ്പണികൾ നടത്താൻ പോലും ജി.സി.ഡി.എക്ക് താല്പര്യമില്ലാതായി .ഷട്ടറുകൾക്ക് കീഴെ പട്ടിയും പൂച്ചയും പെറ്റു കിടന്നു. വൈദ്യുതി കണക്ഷൻ പോലുമില്ലാതെ പലർക്കും ജനറേറ്ററിനെ ആശ്രയിക്കേണ്ടി വന്നു.
സ്റ്റേഡിയം ചോർന്നൊലിക്കുന്ന മേൽക്കൂരയുമായി നിലകൊണ്ടപ്പോഴും ആരും പരിതപിച്ചില്ല. ജനപ്രതിനിധികൾ അടങ്ങിയ ജി.സി.ഡി.എയുടെ ഭരണസമിതിയിൽ ആരും എഴുന്നേറ്റ് നിന്ന് നമ്മുടെ സ്റ്റേഡിയം നശിച്ചുകൊണ്ടിരിക്കുന്നു എന്ന് പറഞ്ഞില്ല.

രാഷ്ട്രീയ കക്ഷികൾക്ക് എന്നും താല്പര്യം മറ്റു പലതിനോടുമായിരുന്നു. സ്റ്റേഡിയത്തിന് ബലക്ഷയം ഉണ്ടെന്ന് മദ്രാസ് ഐഐടി റിപ്പോർട്ട് നൽകിയിട്ട് വർഷങ്ങളായി. അതിന്മേൽ ഒരു പരിഹാര നടപടിയും സ്വീകരിക്കാത്തത് എന്തെന്ന് ചോദിച്ച് ഒരു കായികപ്രേമിയും കോടതിയിൽ പോയില്ല.
തങ്ങൾക്ക് വ്യായാമം ചെയ്യാനുള്ള ഒരിടം മാത്രമായി കലൂർ സ്റ്റേഡിയത്തെ കണ്ടവർക്ക് കാര്യങ്ങൾ അങ്ങനെയൊന്നുമല്ലെന്ന് കണ്ണു തുറന്നു കാണാൻ സാക്ഷാൽ ലയണൽ മെസ്സി വേണ്ടിവന്നു

മെസ്സിയോളം ആവേശം

vachakam
vachakam
vachakam

ഫിഫ റാങ്കിന് സ്റ്റേഡിയം കിട്ടണമെങ്കിൽ എന്തെല്ലാം ക്രമീകരണങ്ങൾ ചെയ്യണമെന്ന ധാരണയില്ലാതെ മുന്നോട്ട് പോവുകയും മെസ്സിയെ പോലെ ഒരു താരം കൊച്ചിയിൽ കളിക്കാൻ വരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തത് തീരെ ബുദ്ധിയില്ലാത്തവരല്ല. മെസ്സി എന്ന ആശയം ആദ്യം തലയിൽ ഉദിച്ചത് കായിക മന്ത്രി അബ്ദുൽ റഹ്മാന് അല്ല. മുഖ്യമന്ത്രിക്കുമല്ല. പിന്നെ ആർക്കാണ്?
മെസ്സി പ്രഖ്യാപനത്തിന് ശേഷം കലൂർ ഇവന്റുമായി ബന്ധപ്പെട്ട് സജീവമായി രംഗത്ത് വന്ന ഏകവ്യക്തി ആന്റോ അഗസ്റ്റിൻ എന്ന ബിസിനസുകാരൻ മാത്രമാണ്. സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധികളോ ജി.സി.ഡി.എ ചെയർമാനോ തുടക്കത്തിലേ കാര്യങ്ങൾക്ക് വ്യക്തത വരുത്തിയിരുന്നെങ്കിൽ സംശയത്തിന്റെ ആനുകൂല്യമെങ്കിലും കിട്ടുമായിരുന്നു.

മെസ്സി എന്ന് കേട്ടപാടെ അർജന്റീന ആരാധകർ നിലംതൊടാത്ത ആഹ്ലാദത്തിലായി. നവംബറിൽ വരുമെന്ന പ്രഖ്യാപനം ആകാംക്ഷയ്ക്ക് വഴിമാറി. അപ്പോഴും രാജ്യാന്തര ടൂർണമെന്റിന് സജ്ജമാകാൻ സ്റ്റേഡിയത്തെ ഒരുക്കാൻ വേണ്ടിവരുന്ന സമയത്തെപ്പറ്റി അതിശയോക്തി കലർന്ന പ്രഖ്യാപനങ്ങളാണ് സ്‌പോൺസറുടെ ഭാഗത്തുനിന്നും വന്നത്. ഒരു എ.ആർ. റഹ്മാൻ ഷോ നടത്താൻ വേണ്ട ഒരുക്കം മതിയാകും മെസ്സിപ്പടയ്ക്ക് എന്ന് തോന്നുംവിധം 'സ്റ്റേഡിയം പണി' തുടങ്ങുകയും ചെയ്തു. അപ്പോഴും വക്താവായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത് സ്‌പോൺസർ മാത്രം.

പൊതുമുതലായ ജി.സി.ഡി.എ സ്റ്റേഡിയം പൊളിച്ച് അറ്റകുറ്റപ്പണി നടത്താൻ ഒരു സ്വകാര്യ വ്യക്തി താൻ 70 കോടി രൂപ അതിന്മേൽ മുടക്കുകയാണെന്ന് പ്രഖ്യാപിക്കുന്നു. പിറ്റേന്ന് മുതൽ വിവിധ ഏജൻസികൾക്ക് അദ്ദേഹം സ്വന്തം നിലയ്ക്ക് കരാർ കൊടുക്കുന്നു. സ്റ്റേഡിയം കവാടത്തിലെ തണൽ വൃക്ഷങ്ങൾ നവീകരണത്തിന്റെ പേരിൽ മുറിച്ച് മാറ്റുന്നു. സ്റ്റേഡിയത്തോട് ചേർന്ന് ചുറ്റുമതിൽ 9 അടി ഉയരത്തിൽ വേണമെന്ന് തീരുമാനിക്കുന്നു. കസേരകൾ എല്ലാം മാറ്റണമെന്ന് നിശ്ചയിക്കുന്നു. പെയിന്റിങ്ങിന്റെ നിറം മാറ്റുന്നു. പറഞ്ഞതുപോലെ കാര്യങ്ങൾ നീങ്ങുന്നു. ഇത്രയുമായിട്ടും സ്‌പോർട്‌സ് മന്ത്രിക്ക് അതേപ്പറ്റി ചോദിക്കുമ്പോൾ അസ്വസ്ഥത തോന്നുന്നത് എന്തുകൊണ്ടായിരിക്കാം?

vachakam
vachakam
vachakam

രേഖയിൽ ഇല്ലാത്ത കളികൾ

മാധ്യമങ്ങൾ, പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങൾ കലൂരിലെ കളിയും കളിക്കു പിന്നിലെ കളികളും പുറത്തുകൊണ്ടുവരാൻ മത്സരിച്ചു. കാരണം സ്‌പോൺസർ പ്രമുഖ ചാനലിന്റെ ഉടമയായി പോയി. സ്‌പോൺസറുടെ മുൻകാല ചെയ്തികളും കേസുകളും ഉൾപ്പെടുന്ന കരിമ്പട്ടിക എടുത്തുകൊണ്ടുവരാൻ അവർ മത്സരിച്ചു. അയാൾ പലവട്ടം മാധ്യമങ്ങൾക്ക് മുന്നിൽ ആണയിട്ടു. കളി നടന്നില്ലെങ്കിൽ എല്ലാവർക്കും കാണാൻ വേണ്ടി താൻ മെസ്സിയെ മാത്രം കൊണ്ടുവരാനും ഒരുക്കമാണെന്ന് പറയേണ്ടിവന്നു.

സംശയങ്ങൾ ബാക്കിയായത് പണത്തിന്റെ കാര്യത്തിലാണ്. ഇത്രയും മുടക്കുന്ന ഒരാൾക്ക് ഇതിൽനിന്ന് ഭാവിയിൽ ഉണ്ടാകുന്ന നേട്ടം എന്തായിരിക്കും! അത് സംബന്ധിച്ച് സർക്കാരും ജി.സി.ഡി.എയുമായി അയാൾ ഉണ്ടാക്കിയിട്ടുള്ള ധാരണ എന്തായിരിക്കും? ആ ധാരണയുടെ രേഖകൾ എന്തുകൊണ്ട് പൊതുജന സമക്ഷം അവതരിപ്പിക്കുന്നില്ല ! ജി.സി.ഡി.എ ചെയർമാൻ ശങ്കരാടിയെപ്പോലെ ആ രേഖ എന്റെ കൈയിലുണ്ട് എന്ന് മാത്രം പറഞ്ഞാൽ മതിയോ? സ്‌പോർട്‌സ് വകുപ്പുമായി ബന്ധപ്പെട്ട ഫെഡറേഷനുകളോ സംഘടനകളോ ആരും എന്തിന് ഫുട്‌ബോൾ അസോസിയേഷൻ പോലും ഇരുട്ടിൽ നിൽക്കുകയാണ് മെസ്സിയുടെ വരവിൽ. ഭാവിയിൽ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം പോലും നഷ്ടപ്പെടുമോ?

സ്വകാര്യ വ്യക്തി മണ്ണടിച്ച് വികസിപ്പിച്ച ബോൾഗാട്ടി പാലസിന്റെ നല്ല പങ്കും പഞ്ചനക്ഷത്ര ഹോട്ടലിനു വേണ്ടി നഷ്ടപ്പെടുത്തപ്പെട്ട ചരിത്രം കൊച്ചിയിലുണ്ട്. നാളെ സ്റ്റേഡിയത്തിൽ ഒരു കലാപരിപാടി നടന്നാൽ പോലും ആന്റോ അഗസ്റ്റിന് കപ്പം കൊടുക്കേണ്ടിവരുമോ എന്ന് ആശങ്കപ്പെടുന്നവരും ഉണ്ട്. ഇപ്പോൾതന്നെ കലൂർ സ്റ്റേഡിയത്തിന്റെ 36 ഏക്കറിൽ കുറെഭാഗം കയ്യേറി കഴിഞ്ഞു വന്ന വിവരവും ഇപ്പോൾ പുറത്തു വരുന്നുണ്ട്.

സ്വർണ്ണപ്പാളിയിൽ മുഖം നഷ്ടപ്പെട്ട സർക്കാരിന് ഒന്നിന് പിറകെ ഒന്നായി വിവാദങ്ങളുടെ അകമ്പടി. വിവാദങ്ങൾ ഉണ്ടാകുന്നതാണോ ഉണ്ടാക്കുന്നതാണോ എന്ന് തോന്നുംവിധം ജനത്തിന്റെ ചിന്തകളെ ചിതറിച്ചു കളയുന്ന രാഷ്ട്രീയ പോർവിളികൾ. രണ്ടാമനായ സി.പി.ഐയെ കേട്ടുകേൾവിയില്ലാത്ത തരത്തിൽ അവഗണിച്ച പിഎംശ്രീ പദ്ധതിയിലെ വല്യേട്ടൻ കളി. പല വിവാദങ്ങൾ ഒരേ മട്ടിൽ ഉയരുമ്പോൾ, അതിനിടയിലൂടെ കളിയും കച്ചവടവും നടക്കുമെന്ന വർത്തമാനകാല രാഷ്ട്രീയ പ്രയോഗം. എന്ത് കച്ചവടമായാലും മെസ്സി വന്നാൽ മതി എന്ന ആരാധകരുടെ മനസ്സിനൊപ്പം നിൽക്കാം തൽക്കാലം!

പ്രജിത്ത് രാജ്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam