കെ. മുരളീധരനെ കോൺഗ്രസിൽ നിന്നും പുറത്താക്കുമോ..? ഐ വിഭാഗം പുതിയ പാർട്ടി ഉണ്ടാക്കമോ..? ഈ ചോദ്യങ്ങൾ ഇന്ത്യ മുഴുവൻ ചർച്ച ചെയ്യുന്നിടത്തോളം കാര്യങ്ങൾ വളർന്നിരിക്കുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയശേഷം ഐ ഗ്രൂപ്പിനെ നാമാവശേഷം ആക്കാനുള്ള തന്ത്രങ്ങളാണ് ആവിഷ്‌ക്കരിച്ചുകൊണ്ടിരിക്കുന്നതെന്നാണ് കരുണാകരൻ വിശ്വസിക്കുന്നത്. ഒരുപരിധിവരെ അത് ശരിയുമായിരുന്നു.
ഇതിനിടെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കാസർഗോഡ് സന്ദർശിക്കുകയുണ്ടായി. അവിടെ എൻഡോസൾഫാൻ വിതച്ച ദുരന്ത ഭൂമിയിൽ ജീവിക്കുന്നവരെ കണ്ട് മുഖ്യമന്ത്രി ഞെട്ടിപ്പോയി. അദ്ദേഹം നിർണായകമായ മറ്റൊരു തീരുമാനം 2004 ഡിസംബർ എട്ടിന് എടുത്തു. മാരക കീടനാശിനി കേരളത്തിൽ നിരോധിക്കാൻ ഉത്തരവിടുകയായിരുന്നു. ശബരിമലയുടെ വികസനാവശ്യങ്ങൾ മനസ്സിലാക്കാൻ ഉമ്മൻചാണ്ടി ശബരിമലയിൽ എത്തി. പ്രശ്‌നങ്ങൾ പഠിക്കാൻ ഒരു മൂന്നംഗ സമിതിയെ തെരഞ്ഞെടുക്കുകയും ചെയ്തു. യുഎഇ ലേബർ ക്യാമ്പിലെത്തി പ്രവാസികളുടെ ദുരിതവും കഷ്ടപ്പാടുകളും കണ്ടറിഞ്ഞ്, അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ കാര്യങ്ങൾക്ക് അവിടുത്തെ ഭരണാധികാരികളോട് ആത്മാർത്ഥമായി സംസാരിച്ചു. അതിന് ഫലം ഉണ്ടാവുകയും ചെയ്തു.
നിസ്സാര കുറ്റങ്ങൾക്കും തട്ടിപ്പിന് ഇരയായും ജയിലുകളിൽ കഴിയുന്നവരുടെ അവസ്ഥ പരിതാപകരമായിരുന്നു. ഒരു ദുബായ് സന്ദർശനത്തിലൂടെ ജയിലിൽ അത്തരക്കാരെ സന്ദർശിക്കാൻ പരിപാടി ഇട്ടതിനും ഫലം കണ്ടു. ഇങ്ങനെ വളരെ ജനകീയനായി ഉമ്മൻചാണ്ടി മുന്നേറുന്നത് കണ്ടിട്ട് എങ്ങിനെയും ഇയാളെ മുഖ്യമന്ത്രിപദത്തിൽ നിന്നും വലിച്ചു താഴെ ഇടണമെന്ന് കോൺഗ്രസിൽ തന്നെ ഒരു വിഭാഗം തീരുമാനമെടുത്തു. ഉമ്മൻചാണ്ടിയെ താഴെയിറക്കാൻ ആരുമായും കൂട്ടുകൂടാം എന്ന പ്രഖ്യാപനത്തോടെയാണ് കരുണാകരപക്ഷം മുന്നോട്ടു വന്നത്.
കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ച രാഷ്ട്രീയ കുടുംബത്തിലെ അംഗങ്ങൾ വീണ്ടും കോൺഗ്രസിൽ തുറന്ന പോരിന് പുറപ്പെടുകയാണ്. കെ. മുരളീധരനെ കോൺഗ്രസിൽ നിന്നും പുറത്താക്കുമോ..? ഐ വിഭാഗം പുതിയ പാർട്ടി ഉണ്ടാക്കുമോ..? ഈ ചോദ്യങ്ങൾ ഇന്ത്യ മുഴുവൻ ചർച്ച ചെയ്യുന്നിടത്തോളം കാര്യങ്ങൾ വളർന്നിരിക്കുന്നു. ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയശേഷം ഐ ഗ്രൂപ്പിനെ നാമാവശേഷം ആക്കാനുള്ള തന്ത്രങ്ങളാണ് ആവിഷ്‌ക്കരിച്ചുകൊണ്ടിരിക്കുന്നതെന്നാണ് കരുണാകരൻ വിശ്വസിക്കുന്നത്.
കെ. കരുണാകരൻ മൂന്ന് മേഖല റാലികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും. റാലിയിൽ പങ്കെടുക്കാത്തവരെ കരുണാകര ഗ്രൂപ്പിൽ നിന്നും പുറന്തള്ളുമെന്ന് മുരളധരൻ പ്രഖ്യാപിച്ചു. സമ്മേളനങ്ങളിലാകട്ടെ വമ്പിച്ച ജനപ്രവാഹം ഉണ്ടായി. ആളെ കൂട്ടാൻ കരുണാകരനോളം മികച്ച മറ്റൊരു സംഘാടകനും അക്കാലത്ത് കേരളത്തിൽ ഉണ്ടായിരുന്നില്ല.
അഖിലേന്ത്യാതലത്തിൽ പോലും ഇത് സംസാരവിഷയമായി. അഹമ്മദ് പട്ടേലും ഡൽഹിയിൽ കരുണാകരനുമായി ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചു. കരുണാകരൻ തെല്ലും വഴങ്ങിയില്ല. റാലി നിരോധിക്കാത്തിടത്തോളം കാലം റാലി ഉണ്ടാവുക തന്നെ ചെയ്യും. ഇനി നിങ്ങൾ നിരോധിച്ചാൽ അത് ലംഘിക്കാൻ വേണ്ടി റാലി ഉണ്ടാകും. ഇതായിരുന്നു കരുണാകരന്റെ പ്രഖ്യാപനം. ഇതിനിടെ യു.ഡി.എഫ് ഏകോപന സമിതിയിൽ നിന്നും മുരളീധരൻ രാജി വെച്ചിരുന്നു. പാർട്ടി പുറത്താക്കുമെന്നേതാണ്ട് ഉറപ്പായ ഘട്ടത്തിലായിരുന്നു രാജി.
കോഴിക്കോട് നടത്തിയ റാലിയിൽ 16 കോൺഗ്രസ് എം.എൽ.എമാർ പങ്കെടുത്തു. ആന്റണിയാകട്ടെ ഈ അച്ചടക്ക നടപടികൾക്കെതിരായിരുന്നു. കരുണാകരനോട് സംസാരിക്കാൻ സോണിയ ഗാന്ധിയോട് വിനീതമായി ആന്റണി അഭ്യർത്ഥിച്ചു. വിമത നേതാവായ എം.പി. ഗംഗാധരനെ നിയമസഭാ കക്ഷി ഉപ നേതാവായി നിലനിർത്തിക്കൊണ്ടുപോകുന്നത് ബുദ്ധിമുട്ടായപ്പോൾ അദ്ദേഹത്തെ ആസ്ഥാനത്തുനിന്ന് ഉമ്മൻചാണ്ടിക്ക് നീക്കേണ്ടി വന്നു. കരുണാകരപക്ഷം രണ്ടാമത്തെ റാലിയുമായി മുന്നോട്ടപോയി 13 എം.എൽ.എമാരെ അണിനിരത്തി മാർച്ച് 21ന് കൊച്ചിയിലും റാലി നടത്തി.
ഏപ്രിൽ പത്തിന് മുരളിധരനെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കി. അതൊന്നും കരുണാകര പക്ഷം വകവച്ചേയില്ല..! അപ്പോഴേക്കും കരുണാകരനോടുള്ള വിധേയത്വം പ്രകടിപ്പിക്കുന്നവരായി ഒമ്പത് എം.എൽ.എമാർ മാത്രമായി. കോൺഗ്രസ് കേരളത്തിൽ രണ്ടു പാർട്ടി ആകാൻ പോവുകയാണ്. പാർട്ടി പിളർത്തുന്നതിനോട് ഒട്ടും യോജിപ്പില്ലാത്ത കരുണാകരന്റെ ഏറ്റവും അടുത്ത അനുയായിയായ പി.പി. ജോർജ് അടക്കമുള്ളവർ കരുണാകര പക്ഷത്തുനിന്നും പുറത്തുചാടി.
എങ്ങിനെയെങ്കിലും ധൈര്യം നടിച്ചുനിന്ന ഐ നേതാക്കളുടെ വയറ്റത്തടിച്ചു കളഞ്ഞത് മുരളിയുടെ രണ്ട് സാഹസിക പ്രയോഗങ്ങൾ ആയിരുന്നു. ഒന്ന്, വേണ്ടിവന്നാൽ പാർട്ടി പിളർത്താനും മടിക്കുകയില്ല എന്ന സൂചന, രണ്ടാമത്തേത് അതിലും കട്ടിയായി. കോഴിക്കോട് റാലിയിൽ ആവേശതള്ളിച്ചെയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി അഹമ്മദ് പട്ടേലിനെതിരെയുള്ള 'അലൂമിനിയം പട്ടേൽ' എന്ന മുരളിധരന്റെ പ്രയോഗമായിരുന്നു അത്. അതോടെ പേടിച്ചരണ്ടു പോയ ഐ നേതാക്കൾക്ക് ഒരു കാര്യം ബോധ്യമായി. ഇനി എ.ഐ.സി.സി ഒട്ടും വഴങ്ങില്ല. ശിക്ഷാ നടപടികളും ഉറപ്പ്. വാസ്തവത്തിൽ ഐ ഗ്രൂപ്പിൽ പൊട്ടിപ്പുറപ്പെട്ട ഈ വലിയ പ്രതിസന്ധി അൽപ്പമൊന്നു തണുത്തത് കരുണാകരന്റെ ഇടപെടൽ മൂലമാണ്.
പാർട്ടി പിളർക്കുകയല്ല, കെ.പി.സി.സി പിടിച്ചെടുക്കുകയാണ് ഉദ്ദേശമെന്ന് അദ്ദേഹം പറഞ്ഞത് ഭയവിഹ്വലരായ ഐ നേതാക്കൾക്ക് അല്പം ആശ്വാസം നൽകി. സംസ്ഥാന കോൺഗ്രസിന്റെയും ഹൈക്കമാന്റിന്റെയും ഈ വക പ്രതിദിനമുള്ള ഭിന്നവും പരസ്പര വിരുദ്ധവും അഴകൊഴമ്പനുമായ നിലപാടുകളാണ് കാര്യങ്ങൾ ഇത്രയും കൊണ്ടെത്തിച്ചതെന്ന് സംശയമില്ല. അതേസമയം ഐ ഗ്രൂപ്പിനെതിരെ ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയതിനുശേഷം കൈകൊണ്ട് പല തീവ്ര നിലപാടുകളും പ്രശ്‌നങ്ങൾ ആയി എന്ന് പറയാതെ വയ്യ. ഏതാണ്ട് മൂന്ന് ദശാബ്ദങ്ങൾ ആയെങ്കിലും കോൺഗ്രസിൽ രണ്ടു മുഖ്യവിഭാഗങ്ങളായി നിലനിൽക്കുന്നു എന്നത് അവഗണിക്കാനാവാത്ത യാഥാർത്ഥ്യമാണ്.
ഗ്രൂപ്പിസം പാടില്ലെന്ന് ഒക്കെ ആദർശ സുരഭിലമായി പറയാമെങ്കിലും നിലനിൽക്കുന്ന യാഥാർത്ഥ്യത്തെ കണ്ടില്ലെന്ന് മട്ടിലുള്ള സ്വപ്‌നാടനം അതുപോലെ തന്നെ വിഡ്ഢിത്തം ആയിരിക്കും. ഗ്രൂപ്പിസത്തെ ഒറ്റയ്ക്ക് അടിച്ചമർത്താമെന്നാണ് ഉമ്മൻചാണ്ടിയുടെ മോഹചിന്ത. എന്നാൽ ഉമ്മൻചാണ്ടി അധികാരത്തിൽ വന്നശേഷം ചെയ്തത് ഇത് രണ്ടുമായിരുന്നില്ല. മറിച്ച് ഐ ഗ്രൂപ്പിനെ നാമാവശേഷമാക്കാനുള്ള നീക്കങ്ങളാണ്. അതോടെ ഗ്രൂപ്പിസം അവസാനിപ്പിക്കാൻ ചെയ്യുന്നത് എന്ന ഉദ്ദേശശുദ്ധിയും ഈ നീക്കങ്ങൾ ഇല്ലാതായി.
ഐ ഗ്രൂപ്പിന് മന്ത്രിമാരായി മൂന്നുപേരുണ്ടായിരുന്ന സ്ഥാനത്ത് ഉമ്മൻചാണ്ടി വന്നപ്പോൾ ഒരു മന്ത്രി മാത്രമായി. അങ്ങിനെ തുടക്കത്തിലെ ഉമ്മൻചാണ്ടി താനും ആന്റണിയും തമ്മിലുള്ള വ്യത്യാസം ബോധ്യപ്പെടുത്തി കൊടുത്തു. കരുണാകരന്റെ ആവശ്യങ്ങൾക്കും അനാവശ്യങ്ങൾക്കും മുമ്പിൽ തലകുനിച്ച് പാർട്ടിക്കും മുന്നണിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വലിയ വിനാശം വരുത്തിവെച്ച ആന്റണിയിൽ നിന്ന് തികച്ചും വ്യത്യസ്തനായി ഇക്കാര്യത്തിൽ ഉറച്ച നിലപാട് സ്വീകരിക്കുന്ന ആളാണ് ഉമ്മൻചാണ്ടി എന്ന സൂചന പൊതുവേ സ്വാഗതം ചെയ്യപ്പെടുകയും ചെയ്തു.
എന്നാൽ കാര്യങ്ങൾ അവിടം കൊണ്ടും തീർന്നില്ല. കരുണാകരന്റെ അധികാരത്തോടുള്ള ആർത്തിയും മക്കൾ പ്രേമവും വരുത്തി വച്ച ദുരന്തവും കൊണ്ടു പൊതുവേ സമൂഹത്തിൽ ആ കുടുംബത്തിനെതിരെ വളർന്നിരുന്ന അവമതിപ്പും മറ്റും ചെറുതല്ലായിരുന്നു. ഇതിനൊക്കെപ്പുറമേ കോൺഗ്രസിനേറ്റ കനത്ത തെരഞ്ഞെടുപ്പ് പരാജയം, മുരളിയിലും പത്മജയിലും സൃഷ്ടിച്ച സ്തംഭനാവസ്ഥയും മുതലെടുത്ത് ഐ ഗ്രൂപ്പിനെ കുഴിച്ചുമൂടാനുള്ള നീക്കമാണ് ഉമ്മൻ ചാണ്ടിയുയും കൂട്ടരും എടുത്തത്.
ഇതിനുപുറമേ
ഭരണം സംബന്ധിച്ച ഒരൊറ്റ കാര്യങ്ങളിലും കരുണാകര വിഭാഗത്തോട് ഒരിക്കലും
ചർച്ച ചെയ്തിരുന്നുമില്ല ഉമ്മൻചാണ്ടി. സത്യത്തിൽ ഐ വിഭാഗം രൂപം കൊണ്ട്
അന്നുമുതൽ ഇക്കണ്ട കാലമത്രയും കോൺഗ്രസ് ഭരിക്കുമ്പോൾ അനുഭവിച്ചിട്ടില്ലാത്ത
തരം കടുത്ത അവഗണനയാണ് കരുണാകര വിഭാഗത്തിന് ഉമ്മൻചാണ്ടിയുടെ ഏഴുമാസത്തെ
ഭരണം കൊണ്ട് സംഭവിച്ചത്.
ഇത് കോൺഗ്രസിൽ ആത്മാഭിമാനം ഉള്ള പ്രവർത്തകരെ
സന്തോഷിപ്പിച്ചു. ഭരണം ഉള്ളപ്പോൾ മേൽപ്പറഞ്ഞ തരത്തിലുള്ള സ്വാധീനവും
സ്ഥാനമാനങ്ങളും ഏതൊരു നേതാവിന്റെയും ഗ്രൂപ്പിന്റെയും നിലനിൽപ്പിനും
വളർച്ചയ്ക്കും അത്യന്താപേക്ഷിതമാണ്. ഇവയൊന്നും ഇല്ലെങ്കിൽ അവരുടെ രാഷ്ട്രീയ
മരണം ഉറപ്പ്. ഐ വിഭാഗത്തെ അങ്ങനെ ഒരു മരണത്തിലേക്ക് ആയിരുന്നു
എതിരാളികൾ
തള്ളിവിട്ടത്. അതേസമയം അഴിമതി സ്വജനപക്ഷപാദം എന്നിങ്ങനെ ഭരണമുള്ളപ്പോൾ
ഒക്കെ ഐ ഗ്രൂപ്പ് ഉദാരമായി നടപ്പിലാക്കിയിരുന്ന കലാപരിപാടികൾക്ക് ഒക്കെ
തന്നെയും ഉമ്മൻചാണ്ടി കൂച്ചുവിലങ്ങിട്ടു എന്ന പ്രതീതി ജനിപ്പിക്കാൻ
കഴിഞ്ഞു.
സത്യത്തിൽ അങ്ങനെ അല്ലെങ്കിൽ പോലും...! പിഎസ്സി ദേവസ്വം ബോർഡ്
നിയമനങ്ങൾ, പോലീസ് സ്ഥലംമാറ്റം എന്നിവയൊക്കെ നടക്കുമ്പോൾ അഴിമതിയും
സ്വജനപക്ഷപാതവും മറ്റും നടന്നിരുന്നു. എന്നാൽ ക്രമേണ രാഷ്ട്രീയ ചിത്രം
മാറിമറിയാൻ ആരംഭിച്ചു. മുഖ്യമന്ത്രിപദം നഷ്ടപ്പെട്ട ആന്റണി
പരോക്ഷമായെങ്കിലും തന്റെ നിരാശപ്രകടിപ്പിച്ചു കൊണ്ടിരുന്നു. അതാണ്
മൃതാവസ്ഥയിൽ ആയിരുന്ന ഐ ഗ്രൂപ്പിന്റെ പ്രാണവായുമായി മാറിയത്. അതോടൊപ്പം
ഉമ്മൻചാണ്ടിയുടെ ചുറ്റും ഒരു സംഘം അമിതശക്തി ആർജ്ജിച്ചു
തുടങ്ങിയിരിക്കുന്നു എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കുന്ന ഈ സംഘത്തിൽ
ഉമ്മൻചാണ്ടിയുടെ വിശ്വസ്തരായ ആര്യാടൻ മുഹമ്മദ്, കെ.പി. വിശ്വനാഥൻ, പി.ടി.
തോമസ്, എം.ഐ. ഷാനവാസ്, ബെന്നി ബഹനാൻ എന്നിവരാണ് ഉൾപ്പെടുന്നത്.
ഇവരിൽ ഏറെയും മുഖ്യമന്ത്രിയായിരുന്ന ആന്റണിയുടെ പല രീതികളിലും ശക്തമായ എതിർപ്പുണ്ടായിരുന്നവരായിരുന്നവരാണ്. ഈ സംഘത്തിന്റെ ആധിപത്യം ക്രമേണ ഏറി വരുന്നതിൽ അതിനകം രാഷ്ട്രീയത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെട്ടു കഴിഞ്ഞിരുന്ന ആന്റണി അതീവ ഹിന്നനായി. ആന്റണിക്കൊപ്പം മന്ത്രി പദം നഷ്ടമായ മറ്റു മന്ത്രിമാരും ഗ്രൂപ്പ് കക്ഷി ഭേദമില്ലാതെ ആന്റണിയുടെ പരിഭാവ സംഘത്തിൽ ചേർന്നു. ഉമ്മൻചാണ്ടി ഭരണമേറിയപ്പോൾ മുതൽ പിണങ്ങിയിരുന്ന ബാലകൃഷ്ണപിള്ള, ജേക്കബ് വിഭാഗങ്ങളും പാർട്ടിയിൽ തങ്ങളുടെ എതിർ വിഭാഗത്തെയാണ് ഉമ്മൻചാണ്ടി സഹായിക്കുന്നത് എന്ന് വിശ്വസിച്ച ആർഎസ്പി യിലെ താമരാക്ഷനും ഷിബു ബേബി ജോണും ഉമ്മൻചാണ്ടി വിരുദ്ധ സംഘത്തിന്റെ സഖ്യശക്തികളായി മാറി.
എന്നാൽ ഇവയ്ക്ക് പുറമേ ഉമ്മൻചാണ്ടിയുടെ സംഘത്തിന്റെ വാഴ്ചക്കെതിരെ യു.ഡി.എഫിൽ അതിനിടെ പുതിയ ചില എതിരാളികൾ കൂടി ഉണ്ടായി. എം.വി രാഘവനും കെ.ആർ. ഗൗരിയും മാത്രമല്ല കെ.എം. മാണിയും ആ പക്ഷത്തു ചേർന്നു. ഇതിനിടെ നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിനെ ചൊല്ലി മന്ത്രിസ്ഥാനം ഇല്ലാത്ത എല്ലാ ലീഗ് നേതാക്കൾക്കും പതിവാക്കിക്കഴിഞ്ഞ രോഷപ്രകടനങ്ങളുമായി കുഞ്ഞാലിക്കുട്ടിയും രാഷ്ട്രീയ സമവാക്യങ്ങൾ മാറുമെന്ന് പ്രഖ്യാപിച്ചപ്പോൾ ഉമ്മൻചാണ്ടിയും സംഘവും ഒന്ന് പതറി. ഈയൊരു അവസ്ഥ ഐ ഗ്രൂപ്പിന് ഗുണമായി മാറി. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ഉള്ളിൽ നിന്നുള്ള നീക്കങ്ങളിലൂടെ മുഖ്യമന്ത്രിപദങ്ങളിൽ നിന്ന് ആദ്യം കരുണാകരനെയും കഴിഞ്ഞവർഷം ആന്റണിയും മാറ്റിയ പഴയ നാടകങ്ങൾ പോലെ ഒന്ന് വീണ്ടും അരങ്ങേറാൻ വഴി ഒരുങ്ങുകയാണെന്ന് ഐ വിഭാഗം സ്വപ്‌നം കണ്ടു.
ഇപ്പോൾ തീ കൊളുത്തി വിട്ടാൽ ക്രമേണയായി അത് ആളിപ്പടർന്നോളും. അങ്ങനെ വന്നാൽ ഉമ്മൻചാണ്ടി അതിൽ വീണ് ഉടഞ്ഞുകൊള്ളും എന്നവർ കണക്കുകൂട്ടി. അങ്ങനെ വരുമ്പോൾ ആന്റണിയെ തന്നെ വീണ്ടും പുതിയ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിക്കൊണ്ട് ഒരു കൊട്ടാര വിപ്ലവം ആസൂത്രണം ചെയ്തു. അതുവഴി ഹൈകമാന്റിനെ വരുതിയിൽ കൊണ്ടുവരാൻ കഴിയുമെന്നും അവർ കണക്കുകൂട്ടി..! പുതിയ കലാപത്തിന് അങ്ങനെ ഐ ഗ്രൂപ്പ് ഊർജ്ജം കൈവരിച്ചത് ഈ വസ്തുനിഷ്ഠ സാഹചര്യങ്ങളിൽ നിന്നുമായിരുന്നു. ഒരുപക്ഷേ വീണ്ടും ഒരു നേതൃമാറ്റം നടക്കണമെന്നില്ല പ്രത്യേകിച്ച് കാര്യങ്ങൾ അത്ര വരെ കൊണ്ടപോകാൻ ആഗ്രഹമുള്ള ആളുമല്ല, അതിനുള്ള ചങ്കൂറ്റവും ആന്റണിക്കില്ല. എന്നാൽ ആന്റണിയെ മുന്നിൽ നിർത്തിയില്ലെങ്കിൽ ആ നീക്കം നടക്കുകയുമില്ല.
കളി എല്ലാം മറ്റുള്ളവർ കളിച്ച ശേഷം അവസാന രംഗത്ത് രാജഹംസത്തിൽ വന്നിറങ്ങി മുഖ്യമന്ത്രി കസേരയിൽ ആസനസ്ഥനായ പഴയ കാലമല്ല ഇത്. പണ്ട് ആന്റണിക്ക് വേണ്ടി പടന്നയിച്ച ഉമ്മൻചാണ്ടിയുടെ റോൾ എടുക്കുന്ന മുരളിയാകട്ടെ ഉമ്മൻചാണ്ടിയും അല്ലല്ലോ...! എന്തുതന്നെയായാലും ഇപ്പോഴുള്ള പ്രതിസന്ധി നിയമസഭാ തിരഞ്ഞെടുപ്പ് വരെ കൊണ്ടപോകണം. അങ്ങനെ വന്നാൽ യു.ഡി.എഫും കോൺഗ്രസും കൂടുതൽ കൂടുതൽ ആഭ്യന്തരഭിനതയിലേക്ക് നീങ്ങും എന്ന് സംശയമില്ല. പുതിയ കലാപത്തോടെ തിരഞ്ഞെടുപ്പ് പരാജയം ഒന്നുകൂടി ഉറപ്പായാൽ യു.ഡി.എഫ് എന്ന മുങ്ങുന്ന കപ്പലിൽ നിന്ന് രക്ഷപ്പെടാനുള്ള നേതാക്കളുടെ തിരക്ക് വർധിക്കുകയുള്ളൂ. എൻ.എസ്.എസും എസ്.എൻ.ഡി.പിയും നായാടി മുതൽ നമ്പൂതിരി വരെയുള്ളവരുടെ ഐക്യത്തിലൂടെ സ്വന്തം തടി രക്ഷിക്കാൻ മാർഗം തേടിയതാണ്.
ഇതിന്റെ ആദ്യ സൂചന ഇനി ഉടൻ സാധ്യതയുള്ളത് നരേന്ദ്ര കമ്മീഷൻ റിപ്പോർട്ടിനെ ചൊല്ലി മുസ്ലിംലീഗിന്റെ രോഷപ്രകടനങ്ങൾ ആയിരിക്കും. യു.ഡി.എഫ് കപ്പലിൽ നിന്ന് രക്ഷപ്പെടാനുള്ള തിരക്കിലേറെ ഇത് ലീഗിന് അത്യന്താപേക്ഷിതം ആയിരിക്കുന്നത് മുസ്ലിം സമുദായത്തിനുള്ളിൽ പാർട്ടി നേരിടുന്ന വിശ്വാസ തകർച്ചയാണ്. തൽക്കാലം പാർട്ടിക്കുള്ളിൽ വളർന്നുവന്ന വിമതശല്യം ഒതുക്കിയെങ്കിലും മുസ്ലിം മത സംഘടനകളിൽ നിന്നു തന്നെയുള്ള എതിർപ്പുകൾ ലീഗിന്റെ അടിത്തറ ഇളക്കാൻ കഴിയുന്നതാണ ഇതിനെയൊക്കെ മറികടന്ന് സമുദായിക വികാരം തങ്ങൾക്ക് അനുകൂലമാക്കാൻ അവസാന മാർഗമായി നരേന്ദ്രൻ റിപ്പോർട്ട് ഉപയോഗിക്കാമെന്ന് ലീഗ് കരുതുന്നുണ്ട്. എന്നാൽ ഇത് യു.ഡി.എഫിന്റെ അന്ത്യത്തിലേക്ക് വഴിവയ്ക്കും എന്ന് ഉറപ്പ്.
എൻ.എസ്.എസ്., എസ്.എൻ.ഡി.പി സഖ്യവും മുസ്ലീം ലീഗും തമ്മിൽ ഇത് നേരിട്ട് യുദ്ധത്തിന് ഇടയാക്കും. ഹിന്ദുത്വ ശക്തികളും അവസരം ഉപയോഗിക്കാതിരിക്കില്ല. ഒരുപക്ഷേ ഇത് വർഗീയ സംഘർഷങ്ങൾക്ക് പോലും കാരണമായേക്കാം. അതുകൊണ്ട് മുരളീധരൻ പറയുന്ന ഒരു കാര്യം ശരിയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്നത്തെ നിലയിൽ യു.ഡി.എഫ് നിലനിൽക്കാൻ ഇടയില്ല എന്ന് വിശ്വസിക്കുന്നവരും ഏറെയുണ്ട്.
എന്തുതന്നെ ആയാലും ഐ ഗ്രൂപ്പ് അടുത്തുതന്നെ തൃശൂരിൽ വമ്പനൊരു പൊതയോഗം സംഘടിപ്പിക്കാൻ വേണ്ട ക്രിമീകരണങ്ങളുമായാണ് നീങ്ങുന്നത്. ആ യോഗത്തിൽ എന്തചും സംഭവിക്കാം.
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1