പ്രതിപക്ഷത്ത് ആയിരിക്കുമ്പോൾ സമരപരമ്പരകൾ ഊർജ്ജ സ്രോതസാക്കുന്ന പ്രസ്ഥാനമാണ് സി.പി.എം. പണ്ട് ഒരു പറച്ചിൽ ഉണ്ടായിരുന്നു, കാര്യങ്ങൾ നേരെ ചെവ്വേ നടക്കണമെങ്കിൽ കമ്മ്യൂണിസ്റ്റ്കാര് പ്രതിപക്ഷത്ത് വരണം എന്ന്. ഒരുകാലത്ത് അത് സത്യവുമായിരുന്നു. മുന്നണി ഭരണങ്ങൾ ഒരോ അഞ്ചാണ്ട് കൂടുമ്പോഴും വെച്ച് മാറുന്ന രാഷ്ട്രീയ വഴിപാട്. അതിനു അന്ത്യം വന്ന 2021 ലെ ചരിത്ര സംഭവത്തിന് അടുത്തവർഷം ആണ്ട് തികയുമ്പോൾ കേരളം എങ്ങോട്ട് തിരിയും?
നിലമ്പൂർ ഒരു സൂചകമാണെങ്കിൽ യു.ഡി.എഫിന് പ്രതീക്ഷ വയ്ക്കാമെന്ന പൊതുധാരണ രാഷ്ട്രീയ അന്തരീക്ഷത്തിൽ ഉണ്ട്.
എന്നാൽ, നിലമ്പൂരിനെ വെച്ച് വരുംകാല തെരഞ്ഞെടുപ്പുകൾ പ്രവചിക്കരുതെന്ന് മറുപക്ഷം. മുന്നണി സംവിധാനത്തിൽ ഇനി കൂറുമാറ്റങ്ങളുടെയും വിലപേശലുകളുടെയും സമയമാണ്. പത്തുവർഷം ഒപ്പം നിന്നവർ കാലിളക്കിക്കൊണ്ടു പോകുമോ എന്ന ആശങ്ക ഇരുവശത്തും പരക്കുന്നുണ്ട്. അത്തരം വാർത്തകൾ പടച്ചു വിടാനുള്ള സമയവും ഇതാണ്. എങ്കിലേ വിലപേശൽ നടക്കൂ. പതിവുപോലെ കേരള കോൺഗ്രസ് വിഭാഗങ്ങളിലാണ് ചാഞ്ചാട്ടം. അഭ്യൂഹങ്ങളുടെ പുകമറ പരത്തി മുന്നണി നേതൃത്വങ്ങളെ തങ്ങളുടെ വഴിക്ക് കൊണ്ടുവരാൻ കേരള കോൺഗ്രസുകളോളം മെയ് വഴക്കമുള്ള മറ്റൊരു കക്ഷിയും ഇല്ല. തെരഞ്ഞെടുപ്പ് പടിവാതുക്കൽ എത്തുമ്പോൾ ഘടകകക്ഷികൾ എല്ലാം സ്വന്തം പക്ഷത്ത് തന്നെ ഉണ്ടെന്ന് ആദ്യം ഉറപ്പുവരുത്തണം.
ആഭ്യന്തര കലഹങ്ങൾ ഒന്നൊന്നായി പരിഹരിക്കണം. പറഞ്ഞും പറയാതെയും മുഖ്യമന്ത്രി ആരായിരിക്കും എന്ന സന്ദേശം വോട്ടർമാർക്ക് നൽകണം. വകുപ്പുകളുടെ പങ്കുവെപ്പിൽ കക്ഷിതിരിച്ചുള്ള ധാരണ അതാത് ഗുണഭോക്താക്കൾക്ക് കൈമാറണം. വിഭാഗീയതയുടെ അടിവേരുകൾ കണ്ടെത്തുകയും സജീവമായ അന്തർധാരകൾ തിരിച്ചറിയുകയും വേണം. നേതൃനിരയിൽ വളർന്നു വരുന്നവർക്ക് അർഹമായ സ്ഥാനങ്ങൾ കരുതി വെക്കണം. അതിനിടെ, സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വ്യാപനം ചെയ്യുന്ന ബി.ജെ.പി പോലുള്ള ശക്തികളെ ഏതൊക്കെ തരത്തിൽ പ്രതിരോധിക്കും, ഏതെല്ലാം വിധത്തിൽ അനുനയിപ്പിക്കും എന്നതിനും ഉത്തരം കണ്ടെത്തണം.
പാശ്ചാത്യ രാജ്യങ്ങളിൽ പൊതു തെരഞ്ഞെടുപ്പ് സമീപിക്കുമ്പോൾ പ്രബലകക്ഷികളുടെ സമുന്നതരായ നേതാക്കൾ പരസ്യമായ ആശയ സംവാദത്തിന് വേദിയൊരുക്കാറുണ്ട്. നിലനിൽക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അവയ്ക്കുള്ള പരിഹാരങ്ങളെപറ്റിയും വോട്ടർമാർക്ക് വകതിരിവോടെ തീരുമാനം എടുക്കാൻ ഇത് അവസരം ഒരുക്കുന്നു. സംവാദത്തിൽ മേൽക്കൈ നേടുന്നത് പലപ്പോഴും ജനവിധിയെ കൂടി സ്വാധീനിക്കാറുണ്ട്. അടുത്തിടെ ഓസ്‌ട്രേലിയയിലെ പ്രധാന രാഷ്ട്രീയ പാർട്ടികളിലെ മലയാളി നേതാക്കൾ തമ്മിൽ നടത്തിയ ആശയ സംവാദം ഇത്തരത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
രാജ്യത്തിന്റെ പൊതു താൽപര്യങ്ങളും അതിന്മേലുള്ള നയസമീപനങ്ങളും ആണ് ചർച്ച ചെയ്യപ്പെട്ടത്. ഇതേ മാതൃകയിൽ ഗൗരവം അർഹിക്കുന്ന ചർച്ചവേദി നമ്മുടെ കൊച്ചു കേരളത്തിലും തുറക്കപ്പെടേണ്ടതാണ്. വിശേഷിച്ച് രാഷ്ട്രീയ അവബോധം വളരെ കൂടുതലുള്ള ഒരു ജനത എന്ന നിലയിൽ.നിർഭാഗ്യവശാൽ നമ്മുടെ മുന്നണി സംവിധാനങ്ങൾക്ക് താല്പര്യം വിവാദങ്ങളും അതിന്റെ ചുവടുപിടിച്ചുള്ള ഇകഴ്ത്തലുകളുമാണ്.
മുഖംമിനുക്കാൻ ഓട്ടം
തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് മുഖം മിനുക്കാനുള്ള തിരക്കിട്ട നടപടികളിലാണ് കെ.പി.സി.സി നേതൃത്വം. അത്യാവശ്യം വേണ്ട പുനഃസംഘടന നടത്തിയേ തീരു. സമ്പൂർണ്ണ അഴിച്ചു പണിക്കുള്ള സമയമില്ല. മൊത്തത്തിൽ അഴിച്ചു പണിയാൻ തുനിഞ്ഞാൽ അത് സംഘടനാ കെട്ടുറപ്പിനെ ബാധിക്കുമെന്ന ആശങ്ക മുതിർന്ന നേതാക്കൾക്ക് ഉണ്ട്. നേതൃനിരയിൽ ദുർബലരായവരെ മാറ്റി തെരഞ്ഞെടുപ്പ് കളം സജീവമാക്കാനാണ് നീക്കം.
പി.വി. അൻവറും കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് അജണ്ടയിൽ ഒരു വിഷയമാണ്. മൂന്നു മുന്നണികളോട് പൊരുതി ഇരുപതിനായിരത്തിനടുത്ത് വോട്ടുകൾ സമാഹരിച്ച അൻവറിനെ അവഗണിച്ചു കൂടാ എന്നാണ്. അൻവർ ഉണ്ടെങ്കിൽ കുറഞ്ഞപക്ഷം മലപ്പുറത്തെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ ഗുണമുണ്ടാക്കാമത്രെ! അതിനിടെ, അമിതമായ വിജയപ്രതീക്ഷ കോൺഗ്രസ് നേതാക്കൾ വച്ചുപുലർത്തുന്നതിന്റെ അലയൊലികൾ കേട്ട് തുടങ്ങി. ഒരു സർവ്വേ ഫലപ്രകാരം മുഖ്യമന്ത്രിയാകാൻ കോൺഗ്രസിൽ ഏറ്റവും യോഗ്യൻ താൻ തന്നെയാണെന്ന് ശശി തരൂർ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു.
തരൂരിന്റെ മോഹം എന്തുമാവട്ടെ, പുതു വോട്ടർമാരെ സ്വാധീനിക്കാൻ അദ്ദേഹത്തോളം പോന്ന മറ്റൊരാൾ തൽക്കാലം കോൺഗ്രസിൽ ഇല്ല. പുതുമ തോന്നുന്ന ഒരു പരീക്ഷണം എന്ന നിലയിൽ തരൂരിന്റെ മോഹത്തിന് ഒരു അവസരം നൽകേണ്ടതാണ്. പിണറായി വിജയനെ സംവാദത്തിന് ക്ഷണിക്കുന്ന വി.ഡി. സതീശനും കോൺഗ്രസിന് തെരഞ്ഞെടുപ്പ് കാല ഊർജ്ജം പകരാൻ രംഗത്തുണ്ട്. അതിനിടെ, സി.പി.എം അവരുടെ സമ്മേളനക്കാലം കഴിഞ്ഞതോടെ സംഘടനാതലത്തിൽ കെട്ടുറപ്പിൽ തന്നെയാണ് നിലകൊള്ളുന്നത്. ഉൾപ്പാർട്ടി പ്രശ്‌നങ്ങൾ അത്ര പ്രകടമല്ല.
എന്നാൽ മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്താൻ പാർട്ടി നേരിടുന്ന പരാധീനത കീറാമുട്ടിയാണ്. പാർട്ടി ചിഹ്നം ഏശാത്ത ഇടങ്ങളിൽ സ്വതന്ത്രന്മാരെ തിരയുമ്പോൾ ജാഗ്രത പോരെന്ന ആക്ഷേപം പാർട്ടി കുറച്ചുകാലമായി നേരിടുന്ന പ്രതിസന്ധിയാണ്. പ്രത്യയശാസ്ത്ര മസിലുപിടുത്തങ്ങൾ ഇല്ലെന്ന് ജനത്തിന് തോന്നുന്ന ജനകീയ മുഖങ്ങൾ അവതരിപ്പിക്കുക മാത്രമാണ് ഇനി സി.പി.എമ്മിന് രക്ഷാമാർഗ്ഗം.
ഇനിയൊരു സമരകാലം
വാസ്തവത്തിൽ കേരളം ഇന്നൊരു സമരഭൂമിയാണ്. കിടപ്പാടത്തിന് വേണ്ടി, കാടിറങ്ങിവരുന്ന ജീവികളിൽ നിന്നുള്ള രക്ഷയ്ക്ക് വേണ്ടി, കയറിവരുന്ന തിരമാലകളിൽ നിന്ന് ജീവൻ കാക്കാൻ വേണ്ടി, ജീവൻ രക്ഷാ പെൻഷനുകൾക്ക് വേണ്ടി, പൊലിഞ്ഞുപോയ ജീവിതാവസ്ഥകൾക്ക് ആവശ്യമായ നഷ്ടപരിഹാരത്തിനു വേണ്ടി, മയക്കുമരുന്ന് സംഘങ്ങളുടെ വിളയാട്ടങ്ങളിൽ നിന്നുള്ള മോചനത്തിനുവേണ്ടി... സമരങ്ങൾ അവസാനിക്കുന്നില്ല.
സമരം ചെയ്യാതെ കഴിഞ്ഞുപോയ ഒരു പതിറ്റാണ്ടിന്റെ ആലസ്യം സഖാക്കളിൽ ഉറഞ്ഞു കൂടിയിട്ടുണ്ട് എന്നത് വാസ്തവമാണ്. പണ്ടുവിളിച്ച മുദ്രാവാക്യങ്ങളുടെ വീറും വീര്യവും വീണ്ടും സിരകളിൽ നുരഞ്ഞ് പൊന്തണമെങ്കിൽ ഒരു ഭരണനഷ്ടം കൂടിയേ തീരു. വിളിച്ചാൽ പത്താള് കൂടുന്ന ഒരു പരിപാടി വയ്ക്കണമെങ്കിൽ യു.ഡി.എഫിന് ആളു മാത്രം പോരാ അർത്ഥവും വേണം. പത്തുകൊല്ലം പ്രതിപക്ഷ ബെഞ്ചിൽ ഇരുന്ന് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കണമെങ്കിൽ അതിനും വേണം മറുപുറത്ത് ഒരു ഭരണ നഷ്ടം.
ഏതായാലും 2026 ന്റെ വിധി രാഷ്ട്രീയ പ്രവചനങ്ങൾക്ക് അപ്പുറം ഇരുമുന്നണികൾക്കും ഒന്നുപോലെ സുപ്രധാനമാണ്.
പ്രിജിത് രാജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1