മധ്യേഷ്യയുടെ ചെറുത്തുനില്‍പ്പിന്റെയും പ്രതിരോധത്തിന്റെയും കടന്നാക്രമണങ്ങളുടെയുമെല്ലാം വീരേതിഹാസങ്ങള്‍ എഴുതിച്ചേര്‍ത്ത പോരാളിയാണ് ഹമാസിന് യഹിയ സിന്‍വാര്‍. ഇസ്രയേലിനും അമേരിക്കയ്ക്കും പക്ഷെ മധ്യേഷ്യയിലെ രാക്ഷസീയതയുടെ എഴുത്താണിയായിരുന്നു സിന്‍വാര്‍. ഇതിനു രണ്ടിനും ഇടയില്‍ ഒരു യഹിയ സിന്‍വാര്‍ ഉണ്ടായിരുന്നു. ആരും ചെവിയോര്‍ക്കാത്ത ആരോടും വിശദീകരിക്കപ്പെടാത്ത ചെകുത്താനും ദൈവത്തിനും ഇടയില്‍ നില്‍ക്കുന്ന പച്ചയായ മനുഷ്യന്‍.
ഒരുപക്ഷം പ്രകീര്‍ത്തിക്കുമ്പോള്‍ മറുപക്ഷം ശാപവചനങ്ങള്‍ കൊണ്ട് മൂടുമ്പോള്‍ ആരായിരുന്നു യഹിയ സിന്‍വാര്‍ എന്നത് പലപ്പോഴും വ്യക്തിനിഷ്ഠമായ ഒരു തിരഞ്ഞെടുപ്പായി മാറുന്നു. അധികം വായിക്കപ്പെടാതെ പോയ ഒരു യഹിയ സിന്‍വാറുണ്ട്. അക്ഷരങ്ങളെ സ്‌നേഹിച്ച, അതില്‍ ഉപരി അക്ഷരങ്ങളില്‍ പോരാട്ടത്തിന്റെ അഗ്‌നിനിറച്ച ഒരു പച്ചയായ എഴുത്തുകാരന്‍.
ആയുധങ്ങളുടെയും പോരാട്ടങ്ങളുടെയും ചോരപുരണ്ട ചിത്രങ്ങളിലൊന്നും പെടാത്ത ഇരുണ്ട കാലത്ത് അക്ഷരങ്ങളെ ആയുധമാക്കിയ സിന്‍വാര്‍. അക്ഷരങ്ങളെ സ്‌നേഹിച്ച സിന്‍വാറിനെയല്ല, മറിച്ച് ലോകം അറിഞ്ഞത് ഭീകരനായ സിന്‍വാറിനെയാണ്. ചിലപ്പോള്‍ സിന്‍വാര്‍ തന്നെ സ്വയം താനൊരു എഴുത്തുകാരനാണെന്നും അക്ഷരങ്ങളുടെ മാന്ത്രിക ലോകം കൂടി തനിക്ക് സ്വന്തമായി ഉണ്ടായിരുന്നെന്നും മറന്നു പോയിട്ടുണ്ടാവും.
2004 ല്‍ തന്നെ ആദ്യത്തെ നോവല്‍ പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ സിന്‍വാര്‍ ഇസ്രായേലില്‍ തടവിലായിരുന്നു. പിന്നീട് 2010 ല്‍ സിന്‍വാറിന്റെ അടുത്ത നോവലും പ്രകാശിപ്പെട്ടു. രണ്ട് നോവലുകള്‍ പുറത്തിറങ്ങുമ്പോഴും ഇസ്രയേലി ജയിലില്‍ നാല് ജീവപര്യന്ത ശിക്ഷകള്‍ ഒരുമിച്ച് അനുഭവിക്കുകയായിരുന്നു സിന്‍വാര്‍. ഒരുപക്ഷെ പുറംലോകം കാണില്ലെന്ന് ഉറപ്പിച്ച നീണ്ട 22വര്‍ഷത്തെ ജയില്‍ ജീവിതത്തിനിടയില്‍ സ്വയം അടയാളപ്പെടുത്തുക എന്ന ചിന്തയായിരിക്കണം നോവല്‍ എഴുതാമെന്ന തീരുമാനത്തിലേയ്ക്ക് സിന്‍വാറിനെ എത്തിച്ചത്.
എഴുതിയത് നോവലായിരുന്നെങ്കിലും സ്വന്തം ജീവചരിത്രത്തെ സിന്‍വാര്‍ ഫിക്ഷന്റെ ഒരുമൂടുപടം കൊണ്ട് പൊതിയുകയായിരുന്നുവെന്നാണ് ആ നോവല്‍ പിന്നീട് വിശകലനം ചെയ്യപ്പെട്ടത്. പലസ്തീനിലെ സായുധ പോരാട്ടങ്ങളെ തീവ്രമായി ഉള്‍ക്കൊണ്ടിരുന്ന അതിസാഹസികനായിരുന്നു സിന്‍വാര്‍. അക്രമങ്ങളുടേയും പോരാട്ടങ്ങളുടെയും നടുവില്‍ നിന്നും ഒറ്റപ്പെടലിന്റെ ഇരുളില്‍ ബന്ധിതനായപ്പോള്‍ സ്വയം പ്രചോദിപ്പിക്കാനുള്ള ശ്രമമായിരുന്നിരിക്കാം എഴുത്തിലൂടെ സിന്‍വാര്‍ നടത്തിയിട്ടുണ്ടാകുക. ഇസ്രയേലി ജയിലിലെ ഏകാന്ത തടവില്‍ തന്റെ ഉള്ളിലെ തീകെടാതിരിക്കാന്‍ അക്ഷരങ്ങളില്‍ സിന്‍വാര്‍ അഭയം തേടിയെന്നും വേണമെങ്കില്‍ വായിക്കാം. അപ്പോഴും സിന്‍വാര്‍ എഴുതിയത്രയും തീവ്ര അക്രമങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു. ഗാസയുടെ സംഘര്‍ഷങ്ങളുടെ ചരിത്ര ഗതിയെ വരച്ചിടുന്ന നോവലുകള്‍ എന്ന് തന്നെയാണ് അവ വിലയിരുത്തപ്പെട്ടത്.
2004-ല്‍ പ്രസിദ്ധീകരിച്ച 'ദി തോണ്‍ ആന്‍ഡ് ദി കാര്‍നേഷന്‍' പ്രസിദ്ധീകരിക്കപ്പെട്ടതിനും സാഹസികതയുടെ ഒരു തലമുണ്ട്. ഇസ്രായേലി ജയിലില്‍ വെച്ച് എഴുതി പൂര്‍ത്തീകരിച്ച ഈ നോവലിന്റെ കയ്യെഴുത്ത് പ്രതികള്‍ അതിസാഹസികമായാണ് പുറത്തെത്തിച്ചത്. ഇസ്രയേലി ജയിലുകളിലെ കര്‍ശനമായ നിരീക്ഷണ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് ജയിലിലെ പലസ്തീന്‍ തടവുകാരുടെ സഹായത്തോടെയാണ് ഒരു 'രഹസ്യദൗത്യം' പോലെ 'ദി തോണ്‍ ആന്‍ഡ് ദി കാര്‍നേഷന്റെ' കയ്യെഴുത്ത് പ്രതികള്‍ പുറത്തെത്തിയത്.
ഗാസയിലെ ഹമാസിന്റെ മേല്‍ ഉണ്ടായിരുന്ന അതേ സ്വാധീനം ഇസ്രയേലി ജയിലുകളില്‍ കഴിഞ്ഞിരുന്ന പലസ്തീന്‍ തടവുകാരുടെ മേലും സിന്‍വാറിനുണ്ടായിരുന്നുവെന്ന് ഈ സംഭവം ചൂണ്ടിക്കാണിച്ച് വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
ഗാസയിലെ ഖാന്‍ യൂനിസിലെ അഭയാര്‍ത്ഥി ക്യാമ്പിലായിരുന്നു സിന്‍വാറിന്റെ ജനനം. ഗാസയുടെ മണ്ണ് അതിജീവനത്തിന്റെ കനത്ത പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ച കാലത്തായിരുന്നു സിന്‍വാറിന്റെ ബാല്യവും കൗമാരവും. ഗാസയിലെ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി കാലമാണ് സിന്‍വാര്‍ എന്ന അതിസാഹസികനെ രൂപപ്പെടുത്തിയത്. വിദ്യാര്‍ത്ഥിയായിരിക്കെ പ്രക്ഷോഭകാരിയായി മാറിയ സിന്‍വാര്‍ പക്ഷെ പോരാട്ടത്തിന്റെ വഴി തിരഞ്ഞെടുക്കുന്നത് മജ്ദിന്റെ രൂപീകരണത്തോടെയാണ്. ഇതിനിടയില്‍ രണ്ട് വട്ടം ജയില്‍വാസം അനുഭവിക്കേണ്ടി വന്നത് സിന്‍വാറിന്റെ പലസ്തീന്‍ വിമോചന ആശയത്തെ കൂടുതല്‍ തീവ്രമാക്കിയിരുന്നു.
ഇസ്രയേലിന് വേണ്ടി ചാരപ്പണിയെടുക്കുന്ന പലസ്തീനികളെ കണ്ടെത്തി ശിക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിന്‍വാര്‍ മജ്ദ് രൂപീകരിച്ചത്. പിന്നീട് ഹമാസ് രൂപീകരണത്തോടെ സിന്‍വാര്‍ ഹമാസിന്റെ ഭാഗമായി മാറി. സിന്‍വാര്‍ രൂപീകരിച്ച് മജ്ദ് ഹമാസിന്റെ ന്യൂക്ലിയസായി മാറിയതും ചരിത്രം. പിന്നീട് 1989ലാണ് സിന്‍വാര്‍ ഇസ്രായേല്‍ സൈന്യത്തിന്റെ പിടിയിലാകുന്നത്. ഇസ്രയേലി ചാരന്മായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് നാല് പലസ്തീനികളെ കൊലപ്പെടുത്തിയതിന്റെ പേരില്‍ സിന്‍വാര്‍ നാല് ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടു. അന്ന് സിന്‍വാറിന്റെ പ്രായം 27 വയസ്സായിരുന്നു.
പിന്നീട് 2011ലാണ് സിന്‍വാര്‍ ജയില്‍ മോചിതനായത്. 2006 ല്‍ സിന്‍വാറിന്റെ സഹോദരന്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഹമാസ് പോരാളികള്‍ ഇസ്രയേലി സൈനികന്‍ ഗിലാദ് ഷാലിത്തിനെ തട്ടിക്കൊണ്ടു പോയിരുന്നു. ഷാലിത്തിന്റെ മോചനത്തിനായി തയ്യാറാക്കിയ ബന്ദികൈമാറ്റ കരാറില്‍ ആയിരത്തോളം വരുന്ന പലസ്തീന്‍ തടവുകാര്‍ക്കൊപ്പമാണ് 2011 ല്‍ സിന്‍വാര്‍ ജയില്‍ മോചിതനാകുന്നത്. അന്ന് സിന്‍വാറിന്റെ പ്രായം 49 വയസായിരുന്നു. അപ്പോഴേയ്ക്കും സിന്‍വാറിന്റെ രണ്ട് നോവലുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. സിന്‍വാര്‍ ജയില്‍ മോചിതനാകുന്നതിന് ഒരു വര്‍ഷം മുമ്പാണ് രണ്ടാമത്തെ നോവലായ ഗ്ലോറി പ്രസിദ്ധീകരിക്കപ്പെട്ടത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1