രാജ്യ തലസ്ഥാനത്തിനൊപ്പം ഇന്ത്യയുടെ വാണിജ്യ കേന്ദ്രമായ മുംബൈ ഉൾപ്പെടെ മഹാരാഷ്ട്രയിലും താമര വിരിയിക്കുക എന്നതിനപ്പുറം ബി.ജെ.പിക്ക് മോഹിക്കാൻ മറ്റൊന്നുമുണ്ടായിരുന്നില്ല ഇത്തവണ. മഹാരാഷ്ടയുടെ ഹൃദയമിടിപ്പിന് ഒപ്പമായിരുന്നു പത്തു ദിവസത്തോളം രാഷ്ട്രീയ ഭാരതത്തിന്റെ മനസ്. ഉടനീളം സസ്പൻസ് പുലർത്തിയ അധികാര വടം വലി. മഹാഭൂരിപക്ഷം കിട്ടിയിട്ടും കൊള്ളാവുന്ന വകുപ്പുകൾ കൈവശം വയ്ക്കാൻ കഴിയാതെ പോകുന്ന നിസ്സഹായത തിരിച്ചറിഞ്ഞ ബി.ജെ.പി. ഒരു വശത്ത്. രാഷ്ട്രീയ വില പേശൽ ശക്തി ചോർന്നു പോയത് തിരിച്ചറിഞ്ഞ ഏക്‌നാഥ് ഷിൻഡെയുടെ ശിവസേന മറുവശത്ത്. അധികാരത്തിന്റെ പുറത്തു നിന്ന് വിലപേശാൻ കരുത്തുകാട്ടിയ അജിത് പവാറിന്റെ എൻ.സി.പി.അതിനിടയിൽ.
288 എന്ന മഹാരാഷ്ട്ര നിയമസഭയുടെ അംഗബലത്തിന് 145 എന്ന മാന്ത്രിക സംഖ്യ നൽകിയ കരുത്തുണ്ടായിട്ടും രാഷ്ട്രീയ പ്രതിസന്ധി തീർത്ത് അധികാര കസേരയിലെത്താൻ മഹായുദി സഖ്യത്തിന് 11 ദിവസം കാത്തിരിക്കേണ്ടി വന്നു. ബി.ജെ.പിക്ക് തനിച്ച് 125 ലേറെ സീറ്റ്. ബി.ജെ.പി സഖ്യത്തിനാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും വിജയം പ്രവചിച്ചതെങ്കിലും, പ്രവചനങ്ങളെയെല്ലാം മറികടക്കുന്ന മിന്നും ജയമാണ് ലഭിച്ചത്. ഒടുവിൽ മാരത്തൺ ചർച്ചകൾക്കും പോരാട്ടങ്ങൾക്കുമൊടുവിൽ ഏക്‌നാഥ് ഷിൻഡെ മുഖ്യമന്ത്രിപദത്തിലേറി.
രാഷ്ട്രീയത്തിനകത്തെ രാഷ്ട്രീയം, അധികാരത്തിനകത്തെ അധികാരം. സഖ്യകക്ഷികളുടെ പിന്തുണയോടെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് മഹാരാഷ്ട്രയിലെ വിജയം അനിവാര്യമായിരുന്നു; അതവർ നേടുകയും ചെയ്തു. മുഖ്യമന്ത്രി പദം മോഹിച്ച ശിവസേനയെ പിണക്കാതെയുള്ള ഒരു ഓപ്പറേഷനാണ് അവർ ശ്രമിച്ചത്. കാരണം, മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പു വിജയം സത്യസന്ധമായ വിജയമായിരുന്നോ എന്ന സംശയം തെരഞ്ഞെടുപ്പ് കഴിഞ്ഞ നിമിഷം മുതൽ വിവാദമായി കത്തിപ്പടർന്ന സാഹചര്യം ബി.ജെ.പിയെ വീർപ്പുമുട്ടിച്ചിരുന്നു. സംസ്ഥാനം നേരിടുന്ന നിരവധി പ്രശ്‌നങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ടത്, ചർച്ചയ്ക്കു പോലും വിഷയമാകാത്തത് ആരും ഇതിനിടെ ശ്രദ്ധിച്ചില്ല. അധികാര കൈമാറ്റം ഏക വിഷയമായി ഭവിച്ചു. വ്യാജവോട്ട് വിവാദം അകമ്പടിയായി.
ബി.ജെ.പിയുമായുള്ള ചർച്ചകളിൽ നിന്നു വിട്ടുനിന്ന് സമ്മർദം ചെലുത്തിയ കാവൽ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ഔദ്യോഗിക വസതിയിൽ തിരിച്ചെത്തിയതിനു പിന്നാലെ ദേവേന്ദ്ര ഫഡ്‌നാവിസ് നേരിട്ടു കണ്ട് ചർച്ച നടത്തിയിരുന്നു. ആഭ്യന്തരത്തിനൊപ്പം ഉപമുഖ്യമന്ത്രി പദം ലഭിച്ചില്ലെങ്കിൽ പദവികൾ ഏറ്റെടുക്കില്ലെന്ന നിലപാടിലായിരുന്നു ഷിൻഡെ. ബി.ജെ.പി ആവശ്യങ്ങൾ അവഗണിച്ചതോടെയാണ് അദ്ദേഹം സത്താറയിലെ ജൻമഗ്രാമത്തിലേക്കു പോയത്. മടങ്ങിയെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹിയിൽ നിർണായക തീരുമാനങ്ങളെടുക്കുന്ന ചർച്ചയിൽ പങ്കാളിയാവാതെ വസതിയിൽ വിശ്രമത്തിലായിരുന്നു. തിരിച്ചടി നേരത്തെ തിരിച്ചറിഞ്ഞുളള പിൻവാങ്ങൽ.
മഹാരാഷ്ട്രയിൽ സമാജ് വാദി പാർട്ടി കൂടുതൽ സീറ്റ് ചോദിച്ചതോടെ വിഭജന ചർച്ചകൾ വഴിമുട്ടി മഹാരാഷ്ട്രയിലെ ഇന്ത്യസഖ്യമായ മഹാവികാസ് അഗാഡി നേരത്തെ തന്നെ തിരിച്ചടിയറിഞ്ഞിരുന്നു. രണ്ട് എംഎൽഎമാരുള്ള സമാജ് വാദി പാർട്ടിക്ക് 12 സീറ്റുകൾ വേണമെന്നായിരുന്നു ആവശ്യം. മൂന്നു സീറ്റുകൾ തരാമെന്ന് മുന്നണിയിൽ ധാരണയായി. എന്നാൽ അഞ്ചു സീറ്റെങ്കിലും നൽകിയില്ലെങ്കിൽ 25 സീറ്റുകളിൽ ഒറ്റക്ക് മൽസരിക്കുമെന്നായിരുന്നു വെല്ലുവിളി.
ഏതായാലും, ബി.ജെ.പി നിയമസഭാംഗങ്ങളുടെ യോഗത്തിൽ, നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്നും ബി.ജെ.പിയുടെ 132 എംഎൽഎമാരുടെ പിന്തുണയില്ലാതെ താൻ സ്ഥാനത്ത് ഉണ്ടാകില്ലെന്നും ഫഡ്‌നാവിസ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയ്ക്ക് നന്ദിയെന്നും ബി.ജെ.പിയുടെ 'ഇരട്ട എഞ്ചിൻ' സർക്കാർ മഹാരാഷ്ട്രയിൽ വികസനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ 'ഏക് ഹെയ് ടു സേഫ് ഹെയ്' മുദ്രാവാക്യമാണ് മഹായുതിയുടെ വിജയത്തിന് കാരണം അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ കോർ കമ്മിറ്റിയാണ് ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പിൽ സഖ്യത്തെ നയിച്ചത് ഷിൻഡെയാണെന്നും മുഖ്യമന്ത്രിയായി അദ്ദേഹം തുടരണമെന്നും ശിവസേന നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മത്സരിച്ച 148 സീറ്റിൽ 132ലും വിജയിച്ച ബി.ജെ.പിക്കാണ് മുഖ്യമന്ത്രി സ്ഥാനത്തിനർഹതയെന്നും ബി.ജെ.പി നേതാക്കൾ വ്യക്തമാക്കിക്കൊണ്ടാണ് അധികാരമാറ്റം സംഭവിച്ചത്.
മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും അടങ്ങുന്നതാവും അടുത്ത സർക്കാർ എന്നാണ് സൂചന. ആറ് എം.എൽ.എമാർക്ക് ഒരു മന്ത്രി എന്ന ഫോർമുലയിലായിരിക്കും മന്ത്രിസഭാ രൂപവത്കരണം. അങ്ങനെയെങ്കിൽ 132 സീറ്റിൽ വിജയിച്ച ബി.ജെ.പിക്ക് 22 മന്ത്രിമാരെ ലഭിക്കും. ഷിന്ദേയുടെ പാർട്ടിയിൽനിന്ന് 12 പേരും അജിത് പവാർ പക്ഷത്തുനിന്ന് 10 പേരും മന്ത്രിമാരാവുമെന്നാണ് സൂചന. അതേസമയം, മറ്റു വകുപ്പുകളുടെ കാര്യത്തിൽ ഇനിയും തീരുമാനമാവേണ്ടതുണ്ട്. ആഭ്യന്തരവകുപ്പ് വേണമെന്ന നിലപാടിലാണ് ഷിന്ദേ.
'ഞാൻ ആധുനിക കാലത്തെ അഭിമന്യുവാണ്. ചക്രവ്യൂഹം തകർക്കാൻ എനിക്ക് അറിയാം.' ലോക്‌സഭ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലേറ്റ തിരിച്ചടിയിലും അണികളെ കൂടെ നിർത്തിയ നേതാവ് ദേവേന്ദ്ര ഗംഗാധർ ഫഡ്‌നാവിസിന്റെ വാക്കുകൾ പൊന്നായി മാറി. നന്നായി നേതാവിന്റെ ഈ പ്രഖ്യാപനം. ചാണക്യനെന്നും സർജിക്കൽ സ്‌ട്രൈക്കുകളിൽ അഗ്രഗണ്യനെന്നും പേരു കേട്ട ഫഡ്‌നാവിസ്.
ചന്ദ്രകാന്ത് പാട്ടീലും സുധീർ മുൻഗന്തിവറുമാണ് മുഖ്യമന്ത്രിയായി ഫഡ്‌നവിസിന്റെ പേര് നിർദേശിച്ചത്. ഫഡ്‌നവിസിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ട് ചരിത്രപരമായ ജനവിധി പാർട്ടി നേടിയെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ യോഗത്തിൽ പറഞ്ഞു. ബി.ജെ.പി. (132), ശിവസേന (57), എൻ.സി.പി. (41) എം.എൽ.എമാർക്ക് പുറമേ ഏഴ് സ്വതന്ത്രരുടെ പിന്തുണയും സർക്കാരിനുണ്ടാവുമെന്നും ബവൻകുലെ അറിയിച്ചു.
ബി.ജെ.പി. മുംബൈ മേഖല അധ്യക്ഷൻ ആശിഷ് ഷേലാർ ചീഫ് വിപ്പാവും. ബി.ജെ.പി. ദേശീയ നിരീക്ഷകരായ കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ, മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവരും യോഗത്തിൽ പങ്കെടുത്തു. മുംബൈ ആസാദ് മൈതാനിയിലാണ് സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ പങ്കെടുക്കും. അടിയന്തരാവസ്ഥക്കാലത്ത് അച്ഛനെ ജയിലിലിട്ട ഇന്ദിരാഗാന്ധിയുടെ പേരിലുള്ള സ്‌കൂളിൽ പഠിക്കില്ലെന്നു ശഠിച്ച് സ്‌കൂൾ മാറിയ ചരിത്രമുള്ള ഫഡ്‌നാവിസിന് ഇനി മഹാരാജയോഗം.
പ്രിജിത് രാജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1