യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റും നിലവിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡോണാള്‍ഡ് ട്രംപ് വിജയമുറപ്പിച്ചിരിക്കുകയാണ്. വിജയത്തിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം നിയുക്ത വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനെയും അദ്ദേഹത്തിന്റെ ഭാര്യയും ഇന്ത്യന്‍ വംശജയുമായ ഉഷ വാന്‍സിനേയും വാനോളം പുകഴ്ത്തിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇരുവരും നടത്തിയ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജെഡി വാന്‍സ് വൈസ് പ്രസിഡന്റ് ആകുന്നതോടെ അമേരിക്കയുടെ സെക്കന്റ് ലേഡിയായി ഉഷ വാന്‍സ് മാറും. ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജ കൂടിയാണിവര്‍. ഇതോടെ ആരാണ് ഉഷ വാന്‍സ് എന്ന ചോദ്യങ്ങളുയരുകയാണ്.
ആരാണ് ഉഷ വാന്‍സ് ?
നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ ഭാര്യയായ ഉഷ ചിലുകുറി വാന്‍സിന്റെ മാതാപിതാക്കള്‍ യുഎസിലേക്ക് കുടിയേറിയവരാണ്. സാന്‍ഫ്രാന്‍സിസ്‌കോയിലാണ് ഉഷ തന്റെ കുട്ടിക്കാലം ചെലവഴിച്ചത്. യേല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടിയ ഉഷ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ബിരുദാനന്തരബിരുദം സ്വന്തമാക്കിയത്. നിയമമേഖലയില്‍ തന്റേതായ കരിയര്‍ പടുത്തുയര്‍ത്തിയ ഉഷ സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സ്, ബ്രെറ്റ് കാവനോ, എന്നിവരുടെ ക്ലര്‍ക്കായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജെ.ഡി വാന്‍സുമായുള്ള കണ്ടുമുട്ടല്‍
യേല്‍ ലോ സ്‌കൂളിലെ പഠനകാലത്താണ് ജെ.ഡി വാന്‍സും ഉഷയും പരിചയപ്പെടുന്നത്. പഠനത്തോടൊപ്പം അവരുടെ പ്രണയവും വളര്‍ന്നു. പഠനത്തിന് ശേഷം 2014ല്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തു. ഇവര്‍ക്ക് മൂന്ന് കുട്ടികളാണുള്ളത്. ഇവാന്‍, വിവേക്, മിറാബേല്‍ എന്നാണ് കുട്ടികളുടെ പേരുകള്‍. പൊതുവേദികളില്‍ അപൂര്‍വ്വമായി മാത്രമെത്തുന്ന ഉഷ ജെ.ഡി വാന്‍സിന്റെ രാഷ്ട്രീയയാത്രയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കിവരുന്നു.
വാന്‍സിന്റെ ഓര്‍മ്മക്കുറിപ്പായ 'ഹില്ലിബില്ലി എലെജി' എന്ന പുസ്തകത്തിന് വേണ്ട എല്ലാ പിന്തുണയും നല്‍കിയ വ്യക്തി കൂടിയാണ് ഉഷ വാന്‍സ്. അമേരിക്കയിലെ ഗ്രാമീണ ജനതയുടെ സാമൂഹിക സംഘര്‍ഷങ്ങളെക്കുറിച്ചുള്ള പുസ്‌കതമാണിത്. അതേസമയം ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചും പൈതൃകത്തെക്കുറിച്ചും വ്യക്തമായ ധാരണയുള്ളയാളാണ് ഉഷ വാന്‍സ്. ഉഷയുടെ സാന്നിദ്ധ്യം ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യ-അമേരിക്ക ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ഉഷ വാന്‍സിന് നിര്‍ണായക പങ്കുവഹിക്കാനാകുമെന്ന് ട്രംപിന്റെ കുടുംബ സുഹൃത്തായ എഐ മേസണും സൂചിപ്പിച്ചിരുന്നു. 'നിയമവിദ്ഗധയായ ഉഷയുടെ മാതാപിതാക്കള്‍ ഇന്ത്യന്‍ വംശജരാണ്. ഇന്ത്യന്‍ സംസ്‌കാരത്തെപ്പറ്റിയും സവിശേഷതകളെപ്പറ്റിയും ഉഷയ്ക്ക് കൃത്യമായ ധാരണയുണ്ട്. ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്താനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ തന്റെ ഭര്‍ത്താവിന് നല്‍കാന്‍ ഉഷയ്ക്ക് സാധിക്കും,' അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1