കട്ടപ്പനയിലെ 'കട്ടപ്പ'മാർ മൂലം പൊറുതിമുട്ടിയ പൊതുജനം കട്ടക്കലിപ്പിൽ!

DECEMBER 25, 2024, 5:16 AM

ക്രൈസ്തവരുടെ ആഗമനകാലത്തിന് ക്രിസ്തുമസ് ദിനത്തിൽ സമാപനമായി. പക്ഷെ കേരളത്തിലെ രാഷ്ട്രീയക്കാർ 2025, 2026 എന്നീ വർഷങ്ങൾ ആഗമനകാലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. 2025ൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ്. 2026ൽ കേരളനിയമസഭാ തെരഞ്ഞെടുപ്പും നടക്കും. അതുകൊണ്ടാകാം, തദ്ദേശസ്ഥാപനങ്ങൾ പിടിച്ചെടുക്കാനുള്ള തന്ത്രങ്ങൾ ഒളിപ്പിച്ച വാർഡ് വിഭജനങ്ങൾ സർക്കാർ പൂർത്തിയാക്കിയിട്ടുള്ളത്. 'മൂന്നാം പിണറായി' എന്ന പദപ്രയോഗം ഇപ്പോൾ മന്ത്രിയും മരുമകനുമായ മുഹമ്മദ് റിയാസ് മാത്രമേ സി.പി.എമ്മിൽ തറപ്പിച്ചു പറയുന്നുള്ളൂ. ദേശീയ നേതാക്കൾ പോലും പിണറായിയെ വീണ്ടും മുഖ്യമന്ത്രിക്കസേരയിൽ അവരോധിക്കാൻ സന്നദ്ധരല്ലെന്നാണ് സൂചന.

രണ്ടാം പിണറായി വരുത്തിവെച്ച ദുരന്തങ്ങളത്രയും ഒന്നൊന്നായി പുറത്തുവരുന്നതാണ് ഇപ്പോഴും ഇരട്ടച്ചങ്കന്റെ അനുയായികളെ അലോസരപ്പെടുത്തുന്നത്. ഏറ്റവും ടീകോം കമ്പനിയുടെ കത്തുകൾക്ക് മറുപടി അയയ്ക്കുന്നതിൽ വരുത്തിയ കാലതാമസം തന്നെ പുതിയ ഉദാഹരണം. ടീകോമിന് നഷ്ടപരിഹാരം നൽകാൻ ഒരു കമ്മീഷൻ, തിരിച്ചെടുക്കുന്ന ഭൂമി വിറ്റു തുലയ്ക്കുന്നതിലെ ബഡാ കമ്മീഷൻ എന്നിങ്ങനെ പായസക്കലങ്ങൾ ഏറെ ഇടതു നേതാക്കൾ അടുപ്പത്തു കയറ്റിയെന്നത് രഹസ്യമേയല്ല. എന്നാൽ, രമേശ് ചെന്നിത്തല വഴി ഏതോ കുരുത്തംകെട്ട സർക്കാർ ഉദ്യോഗസ്ഥനോ, ഉദ്യോഗസ്ഥരോ സംഗതി പുറത്ത് വിട്ട് എല്ലാം കുളമാക്കുകയായിരുന്നു.

അരങ്ങ് വാഴുന്ന അദൃശ്യ മാഫിയ !

vachakam
vachakam
vachakam

സർക്കാരിൽ നിന്നും നേരെ കിട്ടേണ്ട ഗുണഫലങ്ങൾ കമ്മീഷൻ ഒപ്പിക്കാനായി അടിച്ചുമാറ്റുന്ന ഒരു 'അദൃശ്യ മാഫിയ' തലസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. അതല്ലെങ്കിൽ, കാലാവധി പൂർത്തിയായ വൈദ്യുതോൽപ്പാദന പദ്ധതിയുടെ കരാർ ഒരു സ്വകാര്യ കമ്പനിക്ക് നീട്ടി നൽകാൻ സർക്കാർ നീക്കം നടത്തുന്നതെങ്ങനെ? തമിഴ്‌നാട്ടിലെ മുരുഗപ്പാ ഗ്രൂപ്പിന്റെ വൈദ്യുതി പ്രോജക്ട് പ്രളയ കോവിഡ് കാലങ്ങളിലെ കമ്പനിയുടെ നഷ്ടം പരിഹരിക്കാൻ കാലാവധി കഴിഞ്ഞിട്ടും തിരിച്ചെടുക്കാതിരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിനാണത്രെ കൂടുതൽ താൽപ്പര്യം.

ക്യാപ്ടൻ പറയുന്നതു കേട്ട്, കിട്ടുന്ന കാശ് തരമാക്കാമെന്നേ  വ്യവസായ മന്ത്രി ചിന്തിച്ചിട്ടുള്ളൂ. എന്നാൽ, ഇത്തരത്തിൽ കരാർ അവസാനിക്കുന്ന ഒമ്പത് സ്വകാര്യ ഗ്രൂപ്പുകളും സർക്കാരിനെ സമീപിക്കുമെന്നും, അങ്ങനെ വന്നാൽ കെ.എസ്.ഇ.ബിക്ക് വൻനഷ്ടമുണ്ടാകുമെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി മാധ്യമങ്ങളെ അറിയിച്ചത്, 'കമ്മീഷൻ മാഫിയ' യുടെ നീക്കം തൽക്കാലത്തേയ്ക്ക് പൊളിച്ചിരിക്കുകയാണ്.

ഈ വർഷവും അടുത്ത വർഷവും വൈദ്യുതി നിരക്ക് കൂട്ടുവാൻ റഗുലേറ്ററി കമ്മീഷൻ കെ.എസ്.ഇ.ബി.ക്ക് അനുമതി നൽകിക്കഴിഞ്ഞു. പൊതുജനങ്ങളുമായുള്ള കമ്മീഷന്റെ തെളിവെടുപ്പിൽ ചെറുകിട വ്യവസായ സംരംഭകർ ഉയർത്തിയ പ്രശ്‌നങ്ങൾ പോലും കമ്മീഷൻ മുഖ വിലയ്‌ക്കെടുത്തില്ല. വൈദ്യുതി വില കുറച്ച് ലഭിക്കാൻ യു.ഡി.എഫ്. സർക്കാർ ഒപ്പുവച്ച ദീർഘകാല കരാർ ഇടതു സർക്കാർ റദ്ദാക്കിയതിനുള്ള ഔദ്യോഗിക വിശദീകരണം പോലും കെ.എസ്.ഇ.ബിയോട് കമ്മീഷൻ ആവശ്യപ്പെട്ടില്ല. പട്ടിണി കിടന്നുറങ്ങാൻ പോലും 'ഗുഡ്‌നൈറ്റ്' കറന്റിൽ കത്തിക്കാൻ അമിതമായ നിരക്ക് നൽകേണ്ട കേരളീയന്റെ കാര്യം പരമ സങ്കടമെന്നേ പറയാനാവൂ.

vachakam
vachakam
vachakam

ഇടുക്കിയിൽ പാർട്ടിയുടെ ഒരു 'ദിവ്യാവതാരം!'

അടിക്കാൻ പറ്റിയില്ലെങ്കിൽ എതിരാളികളെ കടിച്ചു പറിക്കണമെന്ന മണി സഖാവിന്റെ ഉപദേശം ഹൈറേഞ്ചിലെ നേതാക്കളും അണികളും അക്ഷരം പ്രതി നിറവേറ്റുകയാണിപ്പോൾ. പാർട്ടി രക്ഷസാക്ഷിയായ അഭിമന്യുവിന്റെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിട്ടും കഴിഞ്ഞ ആറ് വർഷമായി വിചാരണ തുടങ്ങാത്തതിലുള്ള അമർഷം രേഖപ്പെടുത്തിക്കൊണ്ട്, അഭിമന്യുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചു കഴിഞ്ഞു.

അഭിമന്യുവിനുവേണ്ടി പിരിച്ച ഫണ്ടും, പുതിയ സ്മാരക മന്ദിരവും കഴിഞ്ഞ ആഴ്ചക്കുറിപ്പിൽ പരാമർശിക്കപ്പെട്ടിരുന്നു. ഇപ്പോൾ പാർട്ടിതന്നെ രക്തസാക്ഷികളുടെ കുടുംബങ്ങളെ പോലും കടിച്ചു പറിക്കുന്ന നാളുകൾക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്.  പുഷ്പ2ൽ അല്ലു അർജ്ജുന്റെ നായക കഥാപാത്രം 35 മിനിട്ടോളം കൈയും കാലും കെട്ടിയിട്ട നിലയിൽ ഉഗ്രൻ സ്റ്റണ്ട് നടത്തുന്നുണ്ട്. ഈ രംഗങ്ങളിൽ അല്ലുവിന്റെ ആയുധം പല്ലുകളാണ്. മണി സഖാവ് പുഷ്പ 2ൽ നിന്ന് ആവേശം കൊണ്ടാവാം ഇത്തരമൊരു അലമ്പൻ ഡയലോഗ് കാച്ചിയത്.

vachakam
vachakam
vachakam

പണം ചോദിച്ചാൽ പണി ഹാപ്പിയല്ലേ?

പക്ഷെ, മണിയോട് തോളോട് തോൾ ചേർന്നു നിൽക്കാവുന്ന കുട്ടി മണികളോ 'കുട്ടി മണികളോ' അയ്യപ്പനും കോശിയും സിനിമയിലെ കഥാപാത്രമാണ് 'കുട്ടിമണി' പ്രാദേശിക നേതാക്കൾ കട്ടപ്പനയിലുമുണ്ടെന്ന് വാർത്തകൾ സൂചിപ്പിക്കുന്നു. 'കട്ടപ്പനയിലെ ഹൃത്വിക് റോഷനെ' പോലെ സിനിമാ സ്റ്റൈലിൽ കട്ടപ്പന റൂറൽ സഹകരണ ബാങ്കിന്റെ സെക്രട്ടറി ഒരു നിക്ഷേപകനെ 'കടിച്ചു പറിക്കുന്നത്' ചാനലുകൾ ആഘോഷമാക്കിക്കഴിഞ്ഞു.

'ഒന്നുവച്ചാൽ രണ്ടല്ല, മൂന്നും കിട്ടും' എന്ന മട്ടിൽ ബാങ്ക് സ്വീകരിച്ച നിക്ഷേപം തിരിച്ചു ചോദിച്ച ചെറുകിട വ്യാപാരിയെ വിരട്ടിയ പ്രാദേശിക സി.പി.എം. നേതാവ് മിക്കവാറും അടുത്ത സഹകരണ വകുപ്പ് മന്ത്രിയാകാനുള്ള സാധ്യതയേറെയാണ്. പണം നിക്ഷേപിച്ചവൻ, പണം ചോദിക്കുമ്പോൾ 'പണി' കൊടുക്കുന്ന ഈ 'ഡിസ്‌കൗണ്ട് പരിപാടി' കേരളമെങ്ങും വ്യാപിപ്പിക്കണം. അതോടെ, കേരളത്തിന്റെ 'കയർ' ഉൽപ്പന്നങ്ങളോ, തമിഴ്‌നാട്ടിലോ ചൈനയിലോ നിർമ്മിച്ച പ്ലാസ്റ്റിക് കയറുകളോ വൻതോതിൽ വിൽപ്പന നേടുമെന്ന കാര്യം ഉറപ്പ്.

ആത്മഹത്യാ പ്രേരണാകുറ്റമോ, നമ്മുടെ നാട്ടിലോ?

രണ്ട് മാസത്തെ ക്ഷേമ പെൻഷൻ ക്രിസ്തുമസിനു മുമ്പേ നൽകാനുള്ള തയ്യാറെടുപ്പിലായിരുന്നു സർക്കാർ. പക്ഷെ, പെട്ടെന്നു തന്നെ ഒരു ഗഡു പെൻഷൻ മാത്രമാക്കി സർക്കാർ ചുരുക്കി. പെൻഷൻ സർക്കാരിന്റെ ഔദാര്യമാണെന്നു സർക്കാർ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കേ, 'കിട്ടിയതു പോരട്ടെ' എന്ന മട്ടിൽ നിസ്സംഗരാണ് ജനം. 1 കിലോ ക്രിസ്തുമസ് കേക്ക് പോലും വാങ്ങാൻ 1400 രൂപയിൽ ഏറെ വേണം. തൽക്കാലം നഗരത്തിലെ വാടക വീട്ടിൽ നിന്ന് ഗ്രാമത്തിലുള്ള തറവാട്ട് വീട്ടിൽ പോകാൻ ഒരുങ്ങിയ ഗതികെട്ട കേരളീയൻ കേക്കിനു പകരം വാതിലിന്റെ കേടായ ലോക്ക് വാങ്ങാൻ കടയിൽ പോയപ്പോൾ വീണ്ടും ഞെട്ടി.

1800 രൂപയുടെ ലോക്കിന് കേന്ദ്രവും കേരളവും ചേർന്ന് വാങ്ങിയെടുക്കുന്ന ജി.എസ്.ടി. 324 രൂപ! ബ്ലേഡ് പലിശക്കാർ പോലും 'നൂറ്റുക്ക് പത്ത്' എന്ന നിരക്കിൽ വാങ്ങുമ്പോൾ, കാർ നന്നാക്കുമ്പോഴും, കാപ്പിപ്പൊടിയുടെ ബോട്ടിൽ വാങ്ങുമ്പോഴും ഇതുപോലെ തന്നെ 9 ശതമാനം നികുതി വീതം  നൽകേണ്ടിവരുന്നുണ്ടെന്നത് എത്ര പേർക്കറിയാം? അതായത്, സർക്കാർ വക ആനുകൂല്യങ്ങൾ 'തരാതിരിക്കാൻ' പല തന്ത്രങ്ങളും പയറ്റുന്ന ഒരു സർക്കാർ സംവിധാനമാണ് നിലവിലുള്ളത്. ജോലിയിൽ നിന്ന് വിരമിക്കുന്ന സർക്കാർ ജോലിക്കാരനും അർധസർക്കാർ ജീവനക്കാരും അവരുടെ ആനുകൂല്യങ്ങൾ വാങ്ങിയെടുക്കാൻ ഇനി പെടാപ്പാട് പെടും!

സഹകരണ മേഖല കെട്ടിപ്പടുക്കുന്നതിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എ.കെ.ജി. എന്ന എ.കെ. ഗോപാലൻ തുടക്കമിട്ട 'ഇന്ത്യൻ കോഫി ഹൗസ്' പോലെയുള്ള സംരംഭങ്ങൾ, സി.പി.എമ്മിന്റെ കണ്ണിലെ കരടായി മാറിയ എം.വി.രാഘവൻ സഹകരണ മേഖലയിൽ തുടക്കമിട്ട പരിയാരം മെഡിക്കൽ കോളജ് എന്നിങ്ങനെ സഹകരണ സ്ഥാപനങ്ങളെല്ലാം തന്നെ സി.പി.എം പിടിച്ചടക്കിക്കഴിഞ്ഞു. കെ. സുധാകരൻ ചേവായൂരിൽ നേരിട്ടു പോയി ഭയപ്പെടുത്തിയത് വാർത്തയായി. വോട്ട് ചെയ്യാനെത്തിയ സി.പി.എം. വിരുദ്ധരായ സഹകാരികളെ പോളിംഗ് സ്റ്റേഷനിൽ കയറ്റാതിരുന്ന 'അളിഞ്ഞ പരിപാടി'യാകട്ടെ വേണ്ടവിധം മാധ്യമങ്ങൾ വാർത്തയാക്കിയതേയില്ല.

അങ്ങനെ, കോൺഗ്രസ് ഭരിച്ചിരുന്ന 'ചേവായൂർ സഹകരണ ബാങ്ക്' കോൺഗ്രസിലെ യൂദാസുകളെ കൊണ്ട് സി.പി.എം. 'തട്ടിച്ചെടുത്ത' തന്ത്രം പൊതുവേദികളിലും ചർച്ചചെയ്യപ്പെട്ടില്ല. സഹകരണ ബാങ്കുകളിൽ പെൻഷനും മറ്റ് ആനുകൂല്യങ്ങളും നിക്ഷേപിച്ച നിരവധി പേരുണ്ട്. ഈ തട്ടിപ്പ് നടത്തിയ 'മിടുമിടുക്കന്മാരായ' ഇടതുപാർട്ടിക്കാരായ ചില നേതാക്കളെ ഇ.ഡി. പോലും ഇപ്പോൾ തൊടുന്നില്ല!

ആത്മഹത്യകളിൽ നൊന്തുപിടയുന്നവർ

കർഷക ആത്മഹത്യ, ഹോട്ടലുടമകളുടെ ആത്മഹത്യ, ചെറുകിട സംരംഭകരുടെ ആത്മഹത്യ, പി.എസ്.സി. നിയമനം കിട്ടാത്തതുകൊണ്ടുള്ള ആത്മഹത്യ, ബാങ്ക് ജപ്തി ഭീഷണി മൂലമുള്ള ആത്മഹത്യ, ഭർതൃഗൃഹങ്ങളിലെ പീഡനം മൂലമുള്ള ആത്മഹത്യ, സൈബർ തട്ടിപ്പിലും ഹണിട്രാപ്പിലും പെട്ടതു മൂലമുള്ള ആത്മഹത്യ എന്നിങ്ങനെ ആത്മഹത്യകളുടെ തരംതിരിച്ചുള്ള പട്ടിക തയ്യാറാക്കുന്നതിൽ മാധ്യമങ്ങൾ പോലും ആശയക്കുഴപ്പത്തിലാണ്. ഇത്തരമൊരു സാമൂഹിക, സാമ്പത്തികാവസ്ഥകളിൽ ആത്മഹത്യാ പ്രേരണയെന്ന കുറ്റത്തിന്റെ മൂർച്ച ഏറെ കുറഞ്ഞു കഴിഞ്ഞു.

കണ്ണൂർ എ.ഡി.എം. കേസിൽ സി.പി.എം.കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു പ്രതി. പ്രതിയുടെ അറസ്റ്റ് പോലും നാടകമാക്കിയതും, പോസ്റ്റമോർട്ടം ഇരു ചെവിയറിയാതെ നടത്തി തെളിവുകൾ നശിപ്പിച്ചതും ഇപ്പോഴും മാധ്യമങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. കട്ടപ്പനയിലെ, പാർട്ടിക്കാരനായ 'കട്ടപ്പ' ഒരു  ചെറുകിട വ്യാപാരിയോടു നടത്തിയ 'പുലഭ്യം പറച്ചിൽ' ജനകീയ കോടതി അംഗീകരിക്കാനിടയില്ല. എതിരാളികളെ വൺ ടൂ ത്രീ പറഞ്ഞ് തട്ടിക്കളയുന്ന മണിയാശാന്റെ ശൈലി ഇതിലെത്രയോ 'പൊളപ്പന'ല്ലേ?

ആന്റണിചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam